ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യ ആലിയക്കെതിരെ അദ്ദേഹത്തിന്റെ മാതാവ് പൊലീസില്‍ പരാതി നല്‍കിയത്. ഉപദ്രവിക്കണം എന്ന ഉദ്ദേശത്തില്‍ മകന്റെ മുൻഭാര്യ വീട്ടിലെത്തുകയും മര്‍ദിക്കുകയും ചെയ്തുവെന്ന മെഹ്‌റുനിസയുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആലിയയുടെ അഭിഭാഷകര്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. തന്റെ കക്ഷിക്ക് ഭക്ഷണമോ ശുചിമുറി ഉപയോഗിക്കാനുള്ള അനുമതിയോ നല്‍കുന്നില്ലെന്നാണ് ആലിയയുടെ അഭിഭാഷകന്‍ ആരോപിക്കുന്നത്.
നവാസുദ്ദീന്‍ സിദ്ദീഖിയുടെ അമ്മയും ഭാര്യയും തമ്മില്‍ നേരത്തെ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ നിലവിലുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മാതാവായ മെഹ്‌റുന്നിസ മരുമകളായ ആലിയക്കെതിരെ പൊലീസില്‍ പരാതിപ്പെടുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 452, 323, 504, 506 വകുപ്പുകള്‍ ചുമത്തിയായിരുന്നു പൊലീസ് കേസെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് ആലിയയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ ആരോപണവുമായി ആലിയയുടെ അഭിഭാഷകന്‍ റിസ്വാന്‍ സിദ്ദീഖ് രംഗത്തെത്തിയിരിക്കുന്നത്.
'എന്റെ കക്ഷി ആലിയയെ വീട്ടില്‍ നിന്നും പുറത്താക്കാനായി നവാസുദ്ദീന്‍ സിദ്ദീഖിയും കുടുംബാംഗങ്ങളും ആവുന്നതെല്ലാം ചെയ്തു. ഇതിന്റെ ഭാഗമായാണ് വീട്ടില്‍ അതിക്രമിച്ചു കയറിയെന്ന് കാണിച്ച് ആലിയക്കെതിരെ അവര്‍ പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് അറസ്റ്റു ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. രാത്രി വൈകി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്യുന്നു' ആലിയയുടെ അഭിഭാഷകന്‍ പറയുന്നു.
'പൊലീസിന്റെ ഭാഗത്തു നിന്നു വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. ആലിയ സിദ്ദിഖി നല്‍കിയ പരാതിയില്‍ ഐപിസി 509 പ്രകാരം കേസെടുക്കാന്‍ പൊലീസ് തയാറായില്ല. ഏഴ് ദിവസത്തോളമായി ആലിയക്ക് ഭക്ഷണമോ കിടക്കയോ ശുചിമുറി ഉപയോഗിക്കാനുള്ള അനുമതിയോ നവാസുദ്ദീന്‍ സിദ്ദിഖിയും വീട്ടുകാരും നല്‍കിയില്ല. ആലിയയെ നിരീക്ഷിക്കാന്‍ ബോഡിഗാര്‍ഡുകളെ വയ്ക്കുകയും ആലിയയും കുട്ടികളും കഴിയുന്ന വീട്ടിലെ ഹോളില്‍ സിസിടിവി സ്ഥാപിക്കുകയും ചെയ്തു' എന്നാണ് ആലിയയുടെ അഭിഭാഷകനായ റിസ്വാന്‍ സിദ്ദീഖ് ആരോപിക്കുന്നത്.
2010ലാണ് ആലിയയെ നവാസുദ്ദീന്‍ സിദ്ദിഖി വിവാഹം കഴിക്കുന്നത്. ആലിയ - നവാസുദ്ദീന്‍ ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. 2020ല്‍ നവാസുദീന്‍ സിദ്ദീഖിയില്‍ നിന്നും ആലിയ വിവാഹ മോചനം തേടിയിരുന്നു. നവാസുദ്ദീന്‍ സിദ്ദിഖിക്കിക്കും നാല് കുടുംബാംഗങ്ങള്‍ക്കുമെതിരെ ആലിയ ഗാര്‍ഹിക പീഢന പരാതിയും നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് വിവാഹ മോചന ഹര്‍ജിയില്‍ നിന്നും ആലിയ പിന്മാറുകയായിരുന്നു. 2021ല്‍ കോവിഡ് ബാധിച്ചപ്പോള്‍ നവാസുദ്ദീന്‍ സിദ്ദിഖി ആലിയയെ പരിചരിക്കാനെത്തിയിരുന്നു. അന്നത്തെ പെരുമാറ്റത്തിലാണ് തന്റെ മനസു മാറിയതെന്നാണ് ആലിയ പിന്നീട് പറഞ്ഞത്.
English Summary: Nawazuddin Siddiqui, his family 'ensured no food, bathroom is given to my client', claims actor's wife Aaliya's advocate