കാത്തിരിപ്പുകൾക്കു വിരാമം. ഒടുവിൽ ആ കുഞ്ഞ് പിറന്നു. ആദ്യത്തെ ട്രാൻസ് മാൻ പ്രഗ്നൻസിയിൽ സിയ–സഹദ് ദമ്പതികൾക്കു കുഞ്ഞു പിറന്നു. ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥി എന്ന കുറിപ്പോടെയാണ് ട്രാൻസ് ആക്ടിവിസ്റ്റുകൾ സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിച്ചപ്പോഴുള്ള വിഡിയോ കഴിഞ്ഞ ദിവസം സിയ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.
ജന്മം കൊണ്ടോ ശരീരം കൊണ്ടോ തനിക്ക് അമ്മയാകാൻ കഴിയില്ല. തനിക്കു വേണ്ടി പങ്കാളി ഗർഭം ധരിച്ചിരിക്കുന്നു എന്നു വ്യക്തമാക്കി സിയ പങ്കുവച്ച കുറിപ്പിലൂടെയാണ് ട്രാൻസ് മാൻ പ്രഗ്നൻസിയെ കുറിച്ച് പുറം ലോകം അറിഞ്ഞത്. സിയയ്ക്കു വേണ്ടി പങ്കാളി സഹദാണ് ഗർഭം ധരിച്ചത്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ മാറിടം നീക്കം ചെയ്തിരുന്നു എങ്കിലും ഗർഭപാത്രം നീക്കം ചെയ്തിരുന്നില്ല. അങ്ങനെയാണ് വിപ്ലവകരമായ തീരുമാനത്തിലേക്കു ദമ്പതികൾ എത്തിയത്.
മലപ്പുറം സ്വദേശിയാണ് സിയ. സഹദ് തിരുവനന്തപുരം സ്വദേശിയും. ജന്മം അടിസ്ഥാനമാക്കി ലിംഗം നിർവചിച്ച ഒരു പോയകാലം ഉണ്ട്. അക്കാലത്തെ തങ്ങളുടെ പേരുകൾ പരാമർശിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സിയ–സഹദ് ദമ്പതികൾ പറഞ്ഞു. പരിഹാസങ്ങളും അവഗണനകളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴും അതിനു വലിയയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. എല്ലാ മുറിവുകളും ഉണക്കുന്നതിനായാണ് കൺമണി എത്തിയിരിക്കുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു
English Summary: Transman Baby Born