പ്രണയദിനത്തിനു രണ്ടു ദിവസം മുൻപ് മനോഹരമായ ഒരു പ്രണയവിവാഹത്തിനു സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഉത്തർപ്രദേശിലെ ഭെല്ല ഗ്രാമം. പ്രതാപ്ഘർ സ്വദേശിയായ അമിത് സിങ്ങാണ് ഈ പ്രണയകഥയിലെ നായകൻ. നായികയാകട്ടെ റഷ്യന്‍ പെൺകൊടി വെറോണിക്കയും. ഇരുവരുടെ വിവാഹം ഞായറാഴ്ച ഹിന്ദു ആചാരപ്രകാരം ഗ്രാമത്തിൽ വച്ചു നടന്നു.
ഡൽഹിയിലെ സ്ഥാപനത്തിൽ ഒരുമിച്ചു ജോലി ചെയ്യുമ്പോഴാണ് അമിത്തും വെറോണിക്കയും പ്രണയത്തിലായത്. വധുവിന്റെയും വരന്റെയും വീട്ടുകാരുടെ നേതൃത്വത്തിൽ ഹൽദിയും മെഹന്തിയും നടന്നു. ഇന്ത്യൻ വിവാഹ ആചാരങ്ങളെ കുറിച്ച് വധുവിനും ബന്ധുക്കള്‍ക്കും കാര്യമായ അറിവൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അദ്ഭുതത്തോടെയും ആവേശത്തോടെയുമാണ് വധുവിന്റെ ബന്ധുക്കൾ ചടങ്ങുകളില്‍ പങ്കെടുത്തത്.
ഭെല്ലയിലെ സിയറാം കോളനിയിലാണ് വരൻ അമിത്തിന്റെ വീട്. ഡൽഹിയിലെ മൾട്ടി നാഷ്നൽ കമ്പനിയിലാണ് അമിത് സിങ് ജോലിചെയ്യുന്നത്. അമിത് ജോലി ചെയ്യുന്ന കമ്പനിയുടെ റഷ്യൻ ബ്രാഞ്ചിലാണ് വെറോണിക്ക ജോലി ചെയ്തിരുന്നത്. 2021ൽ വെറോണിക്ക ഡൽഹിയിൽ എത്തുകയും അമിത്തുമായി പ്രണയത്തിലാകുകയും ചെയ്തു. തുടര്‍ന്ന് ഇരുവരുടെയും കുടുംബങ്ങൾ വിവാഹത്തിനു സമ്മതം നൽകി. വ്യാഴാഴ്ച വെറോണിക്കയും 13പേരും ഭെല്ലയിൽ എത്തി. വെറോണിക്കയുടെ റഷ്യൻ സുഹൃത്തുക്കളും ബന്ധുക്കളും ബോളിവുഡ് ഗാനങ്ങൾക്കു നൃത്തംവച്ചു. തുടർന്ന് ഇന്ത്യൻ ഭക്ഷണം കഴിച്ചു. പുരോഹിതന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. വെറോണിക്കയുടെ റഷ്യൻ കുടുംബത്തിനു മനസ്സിലാകുന്നതിനായി ആചാരങ്ങൾ ഇംഗ്ലീഷിലേക്കു തർജമചെയ്തു വിവരിച്ചു. ഏതായാലും അമിത്തിന്റെയും വെറോണിക്കയുടെ വിവാഹം നാട്ടുകാരും ആഘോഷമാക്കി.
English Summary: Vedic mantras, Pratapgarh boy ties knot with Russian girl