ADVERTISEMENT

വീട്ടുജോലികൾ മാത്രം ചെയ്ത് കഴിയുന്ന സ്ത്രീകൾക്ക് പുറത്തു ജോലിക്ക് പോകുന്ന സ്ത്രീകളുടെ ഒപ്പം തന്നെ മതിപ്പു നൽകണമെന്നത് കാലങ്ങളായി സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്ന കാര്യമാണ്. എന്നാൽ പുറത്ത് ജോലിക്ക് പോകുന്നവർക്ക് നൽകുന്ന ശമ്പളത്തിന് തുല്യമായ വേതനം വീട്ടമ്മമാരും അർഹിക്കുന്നുണ്ടെന്ന് വിധിപ്രസ്താവത്തിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് സ്പെയിനിലെ കോടതി. 25 വർഷങ്ങൾ ശമ്പളമില്ലാതെ വീട്ടുജോലി ചെയ്തതിനുള്ള നഷ്ടപരിഹാരമെന്നോണം ഇവാന മോറൽ എന്ന വനിതയുടെ മുൻ ഭർത്താവ് ഒന്നേമുക്കാൽ കോടി രൂപ നൽകണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.

 

ലോറ റൂയിസ് അലാമിനോസ് എന്ന ജഡ്ജിയാണ് വിവാഹമോചനത്തിനുള്ള സെറ്റിൽമെന്റ് തുകയായി 1,80,000 പൗണ്ട് (1.79 കോടി രൂപ) നൽകണമെന്ന് ഇവാനയുടെ മുൻ ഭർത്താവിനോട് ആവശ്യപ്പെട്ടത്. ജോലിക്കുള്ള ഏറ്റവും കുറഞ്ഞ വേതനം അടിസ്ഥാനമാക്കിയാണ് 25 വർഷത്തെ ജോലിക്ക് ഇത്രയും വലിയ തുക കണക്കാക്കിയിരിക്കുന്നത്. രണ്ടു മക്കളുടെ അമ്മയായ ഇവാന തനിച്ചാണ് രണ്ടര പതിറ്റാണ്ട് കാലമായി വീട്ടുജോലികൾ എല്ലാം ചെയ്തിരുന്നത്. വീട്ടിലെയും കുടുംബാംഗങ്ങളുടെയും കാര്യങ്ങൾ നോക്കാനാണ് അത്രയും വർഷങ്ങളിൽ കൂടുതൽ സമയവും ഇവാന ചെലവിട്ടത് എന്ന് വിവാഹമോചനത്തിനുള്ള രേഖകളിൽ എടുത്തുപറയുന്നു.

 

വീട്ടുജോലികൾ താൻ തന്നെ നോക്കണം എന്നത് ഭർത്താവിന് നിർബന്ധമായിരുന്നു എന്നും ഇടയ്ക്ക് ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള ജിമ്മുകളിലെ ജോലികളും നോക്കിയിരുന്നതായും ഒരു പ്രാദേശിക മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഇവാന പറഞ്ഞിരുന്നു. വീട്ടുകാര്യങ്ങൾ തനിച്ച് നോക്കി നടത്തിയതിനാലാണ് മറ്റൊരു ജോലിക്ക് പോകാൻ ഇവാനയ്ക്ക് സാധിക്കാതിരുന്നതെന്ന് കോടതി വിധിയിൽ എടുത്തു പറയുന്നു. ഇതിന് പുറമേ മറ്റൊരു ജോലിക്ക് പോകാൻ ഭർത്താവ് ഇവാനയെ അനുവദിച്ചിരുന്നതുമില്ല. വീട്ടുകാര്യങ്ങൾക്കായി സമയം ചെലവഴിക്കേണ്ടി വരാത്തത് മൂലമാണ് ഭർത്താവിന് ബിസിനസ് സംരംഭങ്ങൾ വിജയത്തിലേക്ക് എത്തിക്കാനായതും പണം സമ്പാദിക്കാനായതുമെന്നും കോടതി ചൂണ്ടിക്കാട്ടി. 

 

അതേസമയം, ഭാര്യാഭർത്താക്കന്മാരായി കഴിഞ്ഞ കാലമാത്രയും ഭർത്താവിന്റെ സാമ്പത്തിക കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്നും ഇവാനയെ ഒഴിവാക്കി നിർത്തുകയും ചെയ്തിരുന്നു. വിവാഹമോചന സമയത്ത് ഇരു കക്ഷികളും സമ്പാദിച്ചതെല്ലാം അവർക്ക് മാത്രം അവകാശപ്പെട്ടതാണ് എന്നതായിരുന്നു തീർപ്പ്. എന്നാൽ മറ്റൊരു ജോലിക്ക് പോകാതിരുന്നത് കൊണ്ട് ഇവാനയ്ക്ക് സ്വന്തമായി സമ്പാദ്യമൊന്നും ഉണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് വലിയ തുക ഇവാനയുടെ ജോലിക്കുള്ള നഷ്ടപരിഹാരമായി നൽകാൻ കോടതി വിധിച്ചത്.

 

ജിം ബിസിനസിൽ നിന്നും സമ്പാദിച്ച പണംകൊണ്ട് പോർഷെ, റെയിഞ്ച് റോവർ, ബിഎംഡബ്ല്യു തുടങ്ങിയ വൻകിട കമ്പനികളുടെ വാഹനങ്ങളും 70 ഹെക്ടർ ഒലിവോയിൽ ഫാമും ഇവാനയുടെ മുൻ ഭർത്താവ് സ്വന്തമാക്കിയിരുന്നു. ഇവയുടെ വില മതിപ്പ് 4.2 മില്യൻ ഡോളറാണെന്നാണ് (34.71 കോടി രൂപ) കണക്കാക്കിയിരിക്കുന്നത്.

 

English Summary: Man ordered by court to pay ex-wife Rs 1.75 crore over 25 years of unpaid housework

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com