ADVERTISEMENT

പ്രണയം സത്യമാണെങ്കില്‍ അത് അതിന്റെ വഴി കണ്ടെത്തുമെന്ന് സാധാരണ പറഞ്ഞു കേള്‍ക്കാം. ചിലരെങ്കിലും അത് അനുഭവിച്ചറിഞ്ഞിരിക്കും. അതെ, പ്രണയം ആത്മാര്‍ത്ഥമാണെങ്കില്‍ അത് സഫലമാകാനുളള കാത്തിരിപ്പ് ഒരിക്കലും വെറുതെയാവില്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുകയാണ് ലെന്‍ ഓള്‍ബ്രൈറ്റണും ജെന്നറ്റ് സ്റ്റീറും. നീണ്ട അറുപതു വര്‍ഷമാണ് പ്രണയ സാഫല്യത്തിനായി ഇവര്‍ കാത്തിരുന്നത്. ഇപ്പോള്‍ ജീവിതം പൂര്‍ണമായെന്ന സന്തോഷത്തിലാണ് ഇരുവരും. 

 

1963ലാണ് ലെന്‍ ഓള്‍ബ്രൈറ്റണും ജെന്നറ്റ് സ്റ്റീറും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് അവര്‍ ഇംഗ്ലണ്ടിലെ ഇംഗ്ലീഷ് ചാനലിനടുത്തുളള വിറ്റ് എന്ന ദ്വീപില്‍ നഴ്‌സിങ് ട്രെയിനികളായി ജോലി ചെയ്യുന്ന സമയമായിരുന്നു. ജെന്നറ്റിന് അന്ന് വെറും 17 വയസായിരുന്നു പ്രായം. ജെന്നറ്റിന് ലെന്നിനോട് പ്രണയം പൂവിട്ടു തുടങ്ങിയപ്പോള്‍ തന്നെ വീട്ടുകാര്‍ ഇടപെട്ട് അവരെ വേര്‍പിരിച്ചു. ജെന്നറ്റിന്റെ മാതാപിതാക്കള്‍ക്ക് ലെന്നിനെ ഉള്‍ക്കൊളളാനായിരുന്നില്ല. 

 

ജെന്നറ്റും ലെന്നും വിവാഹിതരായി ഓസ്‌ട്രേലിയയിലേക്ക് താമസം മാറാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ വിചാരിച്ച പോലെ കാര്യങ്ങള്‍ മുന്നോട്ടു പോയില്ല. 1961 കാലത്ത് ഇംഗ്ലണ്ടിലെ വിവാഹപ്രായം 21 വയസായിരുന്നു. അതുകാരണം വീട്ടുകാരുടെ സമ്മതമില്ലാതെ ജെന്നറ്റിന് വിവാഹം കഴിക്കാനാവില്ലെന്ന അവസ്ഥയായി. അതോടെ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം ജെന്നറ്റിന് ലെന്നുമായി വേര്‍പിരിയേണ്ടിവന്നു. 

 

ജെന്നറ്റിനൊപ്പം നല്ലൊരു കുടുംബ ജീവിതം പ്രതീക്ഷിച്ച് ഓസ്‌ട്രേലിയയില്‍ വീടുവെക്കാനൊരു ഭൂമി പോലും ലെന്‍ വാങ്ങിയിരുന്നു. ജെന്നറ്റിന് തനിക്കൊപ്പം വരാനാവില്ലെന്ന് മനസിലായപ്പോള്‍ ലെന്‍ ഒറ്റയ്ക്ക് ഓസ്‌ട്രേലിയയിലേക്ക് പോയി. വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ ലെന്നിന് ജെന്നറ്റിനെ കാണാനോ ഏതെങ്കിലും തരത്തില്‍ ഒരു ബന്ധം സ്ഥാപിക്കാനോ കഴിഞ്ഞുമില്ല. ഒരിക്കല്‍ പോലും ജെന്നറ്റിനെ കാണാന്‍ ലെന്നിന് തിരികെ ഇംഗ്ലണ്ടിലേക്ക് എത്താനായില്ല. മാത്രമല്ല അവിടെ മറ്റൊരു വിവാഹം കഴിച്ച് മൂന്നു കുഞ്ഞുങ്ങളുമായി ലെന്‍ മറ്റൊരു ജീവിതം നയിച്ചു. ജെന്നറ്റും വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം മറ്റൊരു വിവാഹജീവിതത്തിലേക്ക് കടന്നു.

 

2015ല്‍ ലെന്‍ തന്റെ വര്‍ഷങ്ങള്‍ നീണ്ട വിവാഹജീവിതത്തിന് വിരാമമിട്ടു. അപ്പോഴെല്ലാം ലെന്നിന്റെ മനസില്‍ ജെന്നറ്റായിരുന്നു. ഇനിയെങ്കിലും ജെന്നറ്റിനെ കണ്ടെത്തണമെന്നായിരുന്നു ലെന്നിന്റെ ആഗ്രഹം. എന്നാല്‍ ജെന്നറ്റ് തന്നെ തിരിച്ചറിയുമോ എന്ന ഭയവും ലെന്നിനെ അലട്ടിയിരുന്നു. പിന്നീട് ജെന്നറ്റിനായുളള അന്വേഷണങ്ങളായിരുന്നു. ജെന്നറ്റ് ന്യൂപോര്‍ട്ട് എന്ന സ്ഥലത്താണെന്ന സൂചനയെ തുടര്‍ന്ന് അവിടെ ചെന്ന് വോട്ടര്‍ പട്ടിക പരിശോധിച്ചു. ഒടുവില്‍ അതില്‍ ലഭിച്ച വിലാസത്തില്‍ ചെന്ന് അന്വേഷിച്ച് ലെന്‍ ജെന്നറ്റിനെ കണ്ടെത്തുകയും ചെയ്തു.

 

വര്‍ഷങ്ങള്‍ക്കുശേഷം 2015ല്‍ ജെന്നറ്റിനെ കണ്ടപ്പോള്‍ ലെന്നിനെ അവര്‍ക്ക് തിരിച്ചറിയാനായില്ല. താനാരാണെന്ന് പറഞ്ഞാണ് മനസിലായതെന്ന് ലെന്‍ പറയുന്നു. അന്ന് ജെന്നറ്റിന്റെ ഭര്‍ത്താവ് ലെന്നിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഏതോ അപരിചിതനാണെന്നായിരുന്നു ജെന്നറ്റ് പറഞ്ഞത്. കാന്‍സര്‍ രോഗിയായിരുന്നു ജെന്നറ്റിന്റെ ഭര്‍ത്താവ്. ലെന്നിനെ കണ്ട് രണ്ടു വര്‍ഷത്തിനുളളില്‍ അസുഖം മൂര്‍ച്ഛിച്ച് അദ്ദേഹം മരിച്ചു. അതോടെ ജെന്നറ്റ് ജീവിതത്തില്‍ ഒറ്റപ്പെട്ടു. ആ ഒറ്റപ്പെടലിനിടയില്‍ തനിക്കെപ്പോഴോ ലെന്‍ അയച്ച ഒരു ക്രിസ്മസ് കാര്‍ഡില്‍ നിന്നുളള വിലാസം തപ്പി പിടിച്ച് ജെന്നറ്റ് ലെന്നിന് കത്തെഴുതി. തുടര്‍ന്ന് ലെന്‍ ജെന്നറ്റിനരികിലേക്കെത്തി. വേര്‍പിരിഞ്ഞ് 60 വര്‍ഷമായെങ്കിലും ഇരുവരും മനസില്‍ പ്രണയം കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ 2023ല്‍ അവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രണയം സത്യമാണെങ്കില്‍ എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും അത് തേടിയെത്തുമെന്ന് ഇരുവരും സ്വന്തം ജീവിതം കൊണ്ട് പറയുന്നു.

 

English Summary: Lovers forbidden to marry by parents as teenagers reunite, tie the knot after six decades apart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com