ADVERTISEMENT

പ്രായമായ അമ്മച്ചിയെ തോളത്തെടുത്ത് കാറിൽ കയറ്റുന്ന മകന്റെയും അമ്മച്ചിയുടെയും വിഡിയോ സമൂഹമാധ്യമത്തിൽ വൈറൽ. റോജൻ പറമ്പിൽ എന്ന മകന്റെയും അമ്മയുടെയും വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ ജനശ്രദ്ധയാകർഷിച്ചത്. നടക്കാന്‍ ബുദ്ധിമുട്ടുള്ള അമ്മച്ചിയെ നാട് കാണിച്ച് സന്തോഷിപ്പിച്ച റോജന്റെ അമ്മയോടുള്ള സ്നേഹം സോഷ്യൽമീഡിയയിൽ ആദ്യമായല്ല വൈറലാകുന്നത്.

വർഷങ്ങൾക്ക് മുൻപ് മകനായ റോജൻ അമ്മച്ചിയെ സ്വിറ്റ്സർലന്‍ഡിലേക്ക് കൊണ്ടുപോയിരുന്നു. പുതിയ നാടും സ്ഥലങ്ങളും കണ്ടതില്‍ അമ്മച്ചി അന്ന് ഒരുപാട് സന്തോഷിച്ചു, പിന്നീട് കോവിഡ് കാരണം റോജന് 5 വർഷത്തോളം ഇന്ത്യയിലേക്ക് മടങ്ങാനായില്ല. ' തിരികെ നാട്ടിലെത്തി അമ്മച്ചിയെ കണ്ടപ്പോൾ തകർന്നുപോയി. മുൻപത്തെക്കാളും ക്ഷീണിതയായിരുന്നു, കൂടുതൽ പ്രായം തോന്നിക്കുകയും നരച്ച മുടികളുടെ എണ്ണം കൂടുകയും ചെയ്തു.  നേരെ നിൽക്കാനോ നടക്കാനോ പോലും ബുദ്ധിമുട്ട്. ഒന്നു പള്ളിയിൽ പോയിട്ട് പോലും കാലങ്ങളായി എന്ന് അമ്മച്ചി പറഞ്ഞപ്പോഴാണ് പുറത്തേക്കു കൊണ്ടുപോകാൻ തീരുമാനിച്ചത്. സ്വിറ്റ്സർലൽഡിലെ ഒരു വൃദ്ധസദനത്തിലാണ് ഞാൻ ജോലി ചെയ്യുന്നത്. ആ അനുഭവത്തിൽ സഹോദരിമാരുടെ സഹായത്തോട അമ്മയെ കുളിപ്പിച്ച് ഒരുക്കി, എവിടെയെങ്കിലും കൊണ്ടുപോകാൻ തീരുമാനിച്ചു.'

' നല്ല തീരുമാനമല്ലെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷേ മുന്നോട്ട് പോകാൻ തന്നെയായിരുന്നു എന്റെ തീരുമാനം. അമ്മച്ചിയെ എടുത്തു കാറിലിരുത്തി 20 കിലോമീറ്റർ അപ്പുറമുള്ള അമ്മയുടെ നാട്ടിൽ കൊണ്ടുപോയി. അവിടുത്തെ പല സ്ഥലങ്ങളും അമ്മച്ചിക്ക് ഓർമയില്ല, പക്ഷേ സന്തോഷമായി. ലോകത്തിന്റെ പല ഭാഗത്തായി താമസിക്കുന്ന എന്റെ സഹോദരങ്ങൾക്ക് കാണാനായി ആണ് വിഡിയോ എടുത്തത്. അവർക്ക് അമ്മച്ചിയുടെ കാര്യത്തിൽ പേടിയുണ്ടായിരുന്നെങ്കിലും ഇപ്പോൾ സന്തോഷമാണ്.' റോജൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വിഡിയോ കണ്ട് കണ്ണ് നിറഞ്ഞെന്നും അമ്മയ്ക്കു കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് മകനെന്നുമാണ് കമന്റുകൾ. മുൻപൊരിക്കൽ നീലക്കുറിഞ്ഞി കാണാൻ‌ അമ്മച്ചിയെ റോജൻ എടുത്തുകൊണ്ട് പോകുന്ന വിഡിയോയും വൈറലായിരുന്നു. 

Content Summary: Son Carries the old Mother in his hands -viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com