' മാജിക് ചെയ്യുമ്പോൾ എന്റെ മോൻ എല്ലാം മറക്കും, അവനെങ്ങനെ ജീവിക്കുമെന്ന് ഇനിയെനിക്ക് പേടിയില്ല '

amma-manass1
ദീപയും മകൻ വിഷ്ണുവും
SHARE

മോൻ സാധാരണ കുട്ടികളെപ്പോലെ അല്ല എന്ന ഒറ്റക്കാരണത്താലാണ് എന്നെയും എന്റെ മകനെയും അവന്റെ അച്ഛൻ ഉപേക്ഷിച്ചു പോയത്. ഒന്നിനും കൊള്ളില്ല എന്ന് അച്ഛൻ എഴുതിത്തള്ളിയ ആ മോൻ ഇന്ന് ഇന്ദ്രജാലം കൊണ്ട് സ്വന്തമായി ഒരു മേൽവിലാസം നേടി. ഒട്ടേറെ പുരസ്കാരങ്ങള്‍ നേടി. മാസശമ്പളമുള്ള ഒരു ജോലിക്കാരനായി. കുടുംബത്തിന് ഒന്നടങ്കം അഭിമാനമായി മാറി. 

ഇപ്പോഴും എന്റെ ഓർമയിലുണ്ട്, ഏഴാം മാസത്തിൽ പ്രസവ വേദന വന്ന് ആശുപത്രിയിലേക്ക് ഓടിയ ആ ദിവസം. ഇരട്ടക്കുട്ടികളായിരുന്നു വയറ്റിൽ. ഏഴാം മാസം സിസേറിയൻ ചെയ്ത് കുട്ടികളെ പുറത്തെടുക്കുമ്പോൾ ജീവനു വേണ്ടി പൊരുതുകയായിരുന്നു രണ്ടു പേരും. ഒരാൾ ഒൻപതാമത്തെ ദിവസം മരണത്തിനു കീഴടങ്ങി. ആ മോനെ ഞാനൊന്നു കാണുക പോലും ചെയ്തില്ല. രണ്ടാമൻ ഒരു മാസത്തോളം നവജാതശിശുക്കൾക്കുള്ള ഐസിയുവിലായിരുന്നു. ദൈവാനുഗ്രഹത്താല്‍ അവനെ തിരിച്ചു കിട്ടി. ഭഗവാന്റെ പേരായ വിഷ്ണു എന്നു പേരിട്ടു ഞാനവനെ വിളിച്ചു. എല്ലാ കാര്യത്തിലും മറ്റു കുട്ടികളിൽ നിന്ന് അവൻ പിറകിലായിരുന്നു. അവന്റെ ചികിത്സയ്ക്കും മറ്റുമായി ഒരുപാടു പണം ചെലവാക്കേണ്ടി വന്നു. അതിന്റെ േപരിൽ ഭർത്താവ് നിരന്തരം വഴക്കിടുമായിരുന്നു.എന്നാൽ കൂലിപ്പണിക്കാരനായിരുന്ന അയാൾക്ക് മദ്യപിക്കാൻ പണം ഉണ്ടായിരുന്നു. ഒടുവിൽ  അയാള്‍ ഞങ്ങളെ ഉപേക്ഷിച്ചു പോവുകയും ചെയ്തു. എന്നെയും മോനെയും നോക്കിയത് എന്റെ അനിയനും അമ്മയുമാണ്. മോൻ കുറച്ചു വലുതായപ്പോൾ ഞാൻ വീടുകളിൽ പണിക്കു പോകാൻ തുടങ്ങി. ആ വരുമാനവും വലിയൊരു ആശ്വാസമായിരുന്നു. 

Read also: കുട്ടികളുടെ കഷ്ടപ്പാടു കാണുമ്പോഴാണ് സങ്കടം: ഭിന്നശേഷിയുള്ള നാലു മക്കളുടെ അമ്മ

വിഷ്ണുവിനെ വീടിനടുത്തുള്ള സർക്കാർ സ്കൂളിൽ നഴ്സറിയിൽ ചേർത്തപ്പോൾ അവിടത്തെ സ്പെഷൽ എജ്യുക്കേഷൻ ടീച്ചറാണ് അവൻ സാധാരണ കുട്ടികളിൽ നിന്ന് അൽപം പിറകിലാണ്, ഡോക്ടറെ കാണിക്കണം എന്നു പറയുന്നത്. പിന്നീട് അവനെ സ്പെഷൽ സ്കൂളിൽ ചേർത്തു. ജീവിതം മാറിമറിയുന്നത്, കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരള സാമൂഹിക സുരക്ഷാ മിഷൻ നടപ്പാക്കിയ അനുയാത്രാ ക്യാംപെയ്നിൽ വിഷ്ണുവിനു സിലക്ഷൻ കിട്ടിയതോടെയാണ്. അന്നു തിരഞ്ഞെടുക്കപ്പെട്ട ഏതാനും ഭിന്നശേഷി കുട്ടികൾക്കു ഗോപിനാഥ് മുതുകാട് സാറിന്റെ അക്കാദമി ഓഫ് മാജിക്കൽ സയൻസസിൽ പരിശീലനം ലഭിച്ചു. സെറിബ്രൽ പാൾസിയും ഇന്റലക്ച്വൽ ഡിസെബിലിറ്റിയുമുള്ള വിഷ്ണു ഇന്ദ്രജാലം പഠിക്കാൻ തുടങ്ങുന്ന സമയത്ത് ശരിയായ രീതിയിലുള്ള കൈ–മെയ് ചലനങ്ങളുണ്ടായിരുന്നില്ല. മാത്രവുമല്ല, സംസാരിക്കാൻ പോലും നന്നേ ബുദ്ധിമുട്ടിയിരുന്നു. പക്ഷേ, ഗോപിനാഥ് മുതുകാട് സാറിന്റെ നേതൃത്വത്തിൽ നടത്തിയ നിരന്തര പരിശീലനം വിഷ്ണുവിന്റെ ജീവിതത്തെ മാറ്റിമറിച്ചു. 

ഒട്ടും സംസാരിക്കാതിരുന്ന വിഷ്ണു സംസാരിച്ചുകൊണ്ട് ഇന്ദ്രജാലാവതരണം തുടങ്ങി. വിറയൽ കാരണം കൈ നേരെ പിടിക്കാൻ പോലും പറ്റില്ലായിരുന്നു മോന്. പക്ഷേ, മാജിക് അവതരിപ്പിക്കുമ്പോൾ അതെല്ലാം അവൻ മറന്നു. മാജിക് മാത്രമായി അവന്റെ ലോകം. ഇന്ത്യാ ബുക് ഓഫ് റെക്കോർഡ്സിലും ഐൻസ്റ്റൈൻ വേൾഡ് റെക്കോർഡ്സിലും വിഷ്ണു ഇടം നേടി. സിംഗപ്പൂർ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മോൻ മാജിക് അവതരിപ്പിച്ചു. അവനോടൊപ്പം വിദേശത്തു പോകാനുള്ള ഭാഗ്യവും എനിക്കുണ്ടായി. കഴിഞ്ഞ 4 വർഷമായി നാലായിരത്തിലധികം ഷോകൾ വിഷ്ണു പൂർത്തിയാക്കിയിട്ടുണ്ട്. മാജിക് അക്കാദമിയിലെ സ്ഥിരം ആർട്ടിസ്റ്റാണ് വിഷ്ണു ഇപ്പോൾ. മാസം തോറും ശമ്പളവും അവനു ലഭിക്കുന്നുണ്ട്. മോൻ കാരണം മാജിക് അക്കാദമിയിലെ കാന്റീനിൽ എനിക്കും ഒരു ജോലി കിട്ടി. ഞങ്ങൾക്കു സ്വന്തമായി ഒരു വീടില്ല. പൂജപ്പുരയിലെ വാടകവീട്ടിലായിരുന്നു അമ്മയുടെയും അനിയന്റെയും ഒപ്പം ഞങ്ങളും താമസിച്ചിരുന്നത്. വിഷ്ണുവിനെ എന്നും ചേർത്തു പിടിച്ചിട്ടുള്ള മുതുകാട് സാർ മോന്റെ പേരിൽ ഒരു വീട് വാങ്ങിത്തന്നു. ഇപ്പോൾ അവിടെയാണു ഞാനും വിഷ്ണുവും താമസം. ഞാൻ ഇല്ലാതായാൽ എന്റെ മോൻ എങ്ങനെ ജീവിക്കും എന്ന് ആദ്യമൊക്കെ എനിക്ക് ആശങ്കയുണ്ടായിരുന്നു. വിഷ്ണുവിന് ഇപ്പോൾ 22 വയസ്സായി. സ്വന്തമായി ജോലി ചെയ്ത് സ്വന്തം കാലിൽ അവൻ നിൽക്കുന്നതു കാണുമ്പോള്‍, ദൈവത്തിന്റെ ഒരു ഇന്ദ്രജാലമായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്. 

Content Summary: Mother of a Differently abled child, who became a magician

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS