'ഓട്ടിസം എന്റെ മോളെ പുറകോട്ട് വലിച്ചില്ല'; നിറങ്ങളുടെ ലോകത്ത് വരച്ചുവച്ച സ്വപ്നങ്ങൾ

nisreen-painting
സീന മുഹമ്മദ്, നിസ്റീൻ
SHARE

മൂത്തമകൾ നാഹിദയ്ക്ക് ഒൻപതും രണ്ടാമത്തെ മകൾ നാദിയയ്ക്ക് ഏഴും വയസ്സുള്ളപ്പോഴാണ് നന്നു എന്നു ഞങ്ങൾ വിളിക്കുന്ന നിസ്റീൻ ജനിക്കുന്നത്. അന്ന് ഞാൻ ഭർത്താവിനൊപ്പം (കെ.എസ്. മുഹമ്മദ്) ഗൾഫിലായിരുന്നു. ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം ഗർഭം ധരിച്ചപ്പോൾ ഏറെ ആശങ്കകൾ ഉണ്ടായിരുന്നു. പോരാത്തതിന് പൂർണ ഗർഭിണിയായ എനിക്കു ചിക്കൻ പോക്സും പിടിപെട്ടു. രോഗത്തിന്റെ മൂർധന്യത്തിൽ ഷാർജയിലെ അല്‍ കാസിയ ആശുപത്രിയിൽ നിന്നുവിനെ ഞാൻ പ്രസവിച്ചു. മോൾക്കും രോഗം പകർന്നിരുന്നു. ഏറെ ദുരിതപൂർണമായ ഒരു കാലമായിരുന്നു അത്. ഡോക്ടർമാരുടെ പരിചരണം കൊണ്ട് കൂടുതൽ അപകടങ്ങളില്ലാതെ ഞങ്ങൾ രണ്ടു പേരും സുഖം പ്രാപിച്ചു. 

എന്റെ മറ്റു രണ്ടു മക്കളിൽ നിന്നു വ്യത്യസ്തമായിരുന്നു നന്നുവിന്റെ പെരുമാറ്റവും സ്വഭാവരീതികളും. ആശയവിനിമയത്തിലും പെരുമാറ്റത്തിലുമൊക്കെ എന്തോ പ്രശ്നം അവൾക്കുണ്ടെന്ന് എനിക്ക് ആദ്യമേ മനസ്സിലായി. ജനിച്ചപ്പോൾ തന്നെ പിടിപെട്ട ചിക്കൻ പോക്സിന്റെ പരിണിതഫലമായിരിക്കുമോ അതെന്നാണു ഞാൻ സംശയിച്ചത്. നാട്ടിൽ വന്ന് വിശദമായ പരിശോധകൾ നടത്തിയപ്പോഴാണ് മോള്‍ക്ക് ഓട്ടിസമാണെന്നു തിരിച്ചറിയുന്നത്. അപ്പോഴും ഞാൻ കരുതിയത് ചിക്കൻപോക്സ് വന്നതുകൊണ്ടായിരിക്കും ചികിത്സിച്ചാൽ മാറിയേക്കും എന്നൊക്കെയായിരുന്നു. പക്ഷേ, ചിക്കൻ പോക്സ് വെറുമൊരു യാദൃച്ഛികത മാത്രമായിരുന്നു എന്നു പിന്നീടു ഡോക്ടർമാർ വിശദമാക്കിത്തന്നു. 

ഓട്ടിസമാണെന്നു തിരിച്ചറിഞ്ഞതിനു ശേഷം കുറച്ചു നാൾ ഞാൻ മോളെയും കൊണ്ട് നാട്ടിൽ പെരിങ്ങോട്ടുകരയിലെ വീട്ടിൽ നിന്നു. പിന്നീടു ഗൾഫിലേക്കു തിരിച്ചു പോയെങ്കിലും ഏതെങ്കിലും ഒരു ഭാഷയിൽ ആശയവിനിമയം നടത്തുന്നതായിരിക്കും മോൾക്കു നല്ലത് എന്നു ഡോക്ടർമാരും തെറപ്പിസ്റ്റുകളും പറഞ്ഞു. അങ്ങനെ വീണ്ടും നാട്ടിലേക്കു തിരിച്ചു വന്നു. തൃശൂർ മോഡൽ ഗേൾസ് സ്കൂളിൽ മോളെ ചേർത്തു. തൃശൂർ ടൗണിലെ ഒരു ഫ്ലാറ്റിൽ താമസം ആരംഭിച്ചു. മൂന്നു പെൺകുട്ടികളും ഞാനും. അതിൽ ഒരാൾ സദാ സമയവും ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടി. ഒറ്റയ്ക്കു മുന്നോട്ടു പോകുന്നത് അത്ര എളുപ്പമായിരുന്നില്ല. പക്ഷേ, സ്നേഹസമ്പന്നരായ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പൂർണ പിന്തുണയുണ്ടായിരുന്നതു കൊണ്ടു മാത്രമാണു പിടിച്ചു നിന്നത്. 

Read also: ' മാജിക് ചെയ്യുമ്പോൾ എന്റെ മോൻ എല്ലാം മറക്കും, അവനെങ്ങനെ ജീവിക്കുമെന്ന് ഇനിയെനിക്ക് പേടിയില്ല '

നിസ്റീൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയം. അവളെയും കൂട്ടി ഞാൻ ഉംറയ്ക്കു പോയി. തിരിച്ചെത്തിയപ്പോൾ മോൾ പഠിക്കുന്ന തൃശൂർ ഗവ. മോഡൽ ഗേൾസ് സ്കൂളിലെ അധ്യാപിക തെരേസ, നന്നുവിനോട് അവൾ കണ്ട കാഴ്ചകളെല്ലാം വരയ്ക്കാന്‍ പറഞ്ഞു. ടീച്ചറെ അദ്ഭുതപ്പെടുത്തുംവിധം അവൾ ഓരോ കാഴ്ചയും വരയ്ക്കാൻ തുടങ്ങി. നന്നുവിന്റെ ലോകത്തിൽ നിറങ്ങൾ സ്ഥാനം പിടിച്ചത് അപ്പോൾ മുതലാണ്. മോൾക്കു നാലു വയസ്സുള്ളപ്പോൾ പോയിരുന്ന സ്വാശ്രയ സ്പെഷൽ സ്കൂളിലെ രമ ടീച്ചർ നന്നുവിനു വരയ്ക്കാനുള്ള കഴിവുണ്ട് എന്നു പറഞ്ഞിരുന്നു. പക്ഷേ, അന്നൊന്നും നന്നായി വരയ്ക്കുമായിരുന്നില്ല. തെരേസ ടീച്ചർ മോളെ സാധാരണ കുട്ടികളുടെ കൂടെ മത്സരങ്ങൾക്ക് അയച്ചു. മിടുക്കിയായി അവൾ ചിത്രം വരച്ചു സമ്മാനങ്ങൾ നേടി. മോളുടെ ജീവിതത്തിന് ഒരു ലക്ഷ്യം ഉണ്ടാകാൻ ചിത്രരചന വഴിയൊരുക്കിയതിൽ എനിക്കു വലിയ ആശ്വാസവും സന്തോഷവുമാണ്. 

Read also: ജനിച്ച മൂന്ന് പെൺമക്കളും ഭിന്നശേഷിക്കാർ;' മക്കളുടെ ഭാവിയിൽ ആശങ്കയില്ലേ' എന്നാണ് പലരുടെയും ചോദ്യം

ഒൻപതിലും പത്തിലും പഠിക്കുമ്പോൾ അവളുടെ ചിത്രപ്രദർശനം തൃശൂർ ടൗൺഹാളിൽ നടന്നു. മോഹനൻ എന്നു പേരുള്ള അധ്യാപകന്റെ കീഴിലാണ് ചിത്രകല അഭ്യസിച്ചത്. അദ്ദേഹം വീട്ടിൽ വന്നു പഠിപ്പിക്കുമായിരുന്നു. മോളിപ്പോൾ പഠിക്കുന്നത് വളർകാവ് ഓട്ടിസം കെയർ സെന്ററിലാണ്. ആ സെന്ററിന്റെ നേതൃത്വത്തിൽ ലോക ഓട്ടിസം ബോധവൽക്കരണ ദിനാചരണത്തോടനുബന്ധിച്ച് തൃശൂർ സാഹിത്യ അക്കാദമിയിൽ വച്ച് നന്നുവിന്റെ ചിത്രപ്രദർശനം കഴിഞ്ഞ ഏപ്രിലിൽ നടന്നിരുന്നു. ചെമ്പൂക്കാവുള്ള നിരഞ്ജന വർമ എന്നു പേരുള്ള അധ്യാപികയുടെ അടുത്തു നിന്നും ചിത്രകലയിൽ പരിശീലനം നേടി. വളരെ വ്യത്യസ്തമായ പരിശീലനമാണ് ടീച്ചർ നൽകിയത്. സ്വന്തം വീടും വീട്ടുമുറ്റവും പ്രകൃതിയും ഒക്കെ ചൂണ്ടിക്കാണിച്ച് അതുപോലെ വരയ്ക്കാനായിരുന്നു ടീച്ചർ പറഞ്ഞു കൊടുത്തത്. നന്നുവിന്റെ ക്രിയേറ്റിവിറ്റി വളരാൻ അതു സഹായിച്ചു. നന്നുവിനെ ആർട്സ് കോളേജിൽ ചേർത്തു പഠിപ്പിക്കണമെന്നാണ് അവളുടെ ചിത്രകലാ അധ്യാപികയായ നിരഞ്ജന ടീച്ചർ പറയുന്നത്. അതു തന്നെയാണ് ഞങ്ങളുടെ ആഗ്രഹവും.

നന്നുവിന്റെ മൂത്ത ചേച്ചി നാഹിദ ഇപ്പോൾ ഡോക്ടറാണ്. രണ്ടാമത്തെ ചേച്ചി നാദിയ സോഫ്റ്റ് വെയർ എൻജിനീയറും. ഭർത്താവ് അടുത്തില്ലാതിരുന്നിട്ടും നന്നുവിനെ ഒരു കുറവും അറിയിക്കാതെ പൊന്നുപോലെ നോക്കാൻ എനിക്കു പറ്റിയത് അവളുടെ രണ്ടു ചേച്ചിമാരുടെ സ്നേഹവും കരുതലും പിന്തുണയും കൊണ്ടു കൂടിയാണ്. 

Content Summary: Autistic Child Paints and find happiness through it

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS