വിവാഹം ഇഷ്ടപ്പെടുന്നവരും വിവാഹം ആവശ്യമില്ലെന്നു കരുതുന്നവരും നിരവധിയാണ്. എന്നാൽ ഇൻസ്റ്റഗ്രാമിൽ വൈറലായ ഈ വിഡിയോ കണ്ടാൽ ആരും പറഞ്ഞു പോകും, ഈ വിവാഹം സുന്ദരം തന്നെയെന്ന്. 64 വർഷമായി ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്ന ഒരു പഞ്ചാബി ദമ്പതികളുടെ വിഡിയോയാണ് ഇപ്പോൾ വൈറലായത്.
പാർക്കിലെ ഒരു ബെഞ്ചിൽ ഇരിക്കുകയായിരുന്ന ദമ്പതികളെ ഫോട്ടോഗ്രഫറായ യുവാവ് സമീപിക്കുകയായിരുന്നു. 'എനിക്ക് ചിത്രങ്ങളെടുക്കാൻ ഇഷ്ടമാണ്, ഞാൻ നിങ്ങളുടെ ഫോട്ടോ എടുത്തോട്ടെ' എന്ന ചോദ്യത്തിനു ഇരുവർക്കും സമ്മതം. ചിത്രങ്ങളെടുക്കുന്നതിനിടയിൽ വിശേഷങ്ങൾ ചോദിച്ചപ്പോഴാണ് അപ്പൂപ്പൻ തന്റെ വിവാഹത്തീയതി കൃത്യമായി പറഞ്ഞത്. 'ആഹാ അപ്പൂപ്പന് കല്യാണ ദിവസം ഓർമയുണ്ടല്ലോ' എന്നു പറയുമ്പോൾ അമ്മൂമ്മയുടെ മുഖത്ത് ചിരി.
64 വർഷമായി ഇവർ ഒരുമിച്ച് ജീവിക്കുന്നു. കല്യാണത്തിനു മുൻപ് വധുവിന്റെ ഫോട്ടോ കണ്ടിരുന്നോ എന്ന ചോദ്യത്തിന്, ആദ്യമൊന്നും ഫോട്ടോ കിട്ടിയില്ലെന്നും, പിന്നീട് ഫോട്ടോ കണ്ടപ്പോഴാണ് താൻ ജോലിക്കു പോകുന്ന വഴിയിൽ പലപ്പോഴും കാണാറുള്ള പെൺകുട്ടിയാണ് വധു എന്ന് തിരിച്ചറിഞ്ഞതെന്നും അപ്പൂപ്പൻ പറയുന്നു.
Read also:49–ാം വയസ്സിൽ ഐഐടിയുടെ ആദ്യ വനിതാ സാരഥിയായി പ്രീതി അഘാലയം, ഇത് വിജയകഥ
പണ്ടത്തെ ഏതെങ്കിലും ഫോട്ടോ കയ്യിൽ ഉണ്ടാകുമോ എന്നു ചോദിക്കുമ്പോൾ ആ പഴ്സിനുള്ളിൽ അങ്ങനെയൊരു ഫോട്ടോ ഉണ്ടാകുമെന്ന് ഫോട്ടോഗ്രാഫർ തീരെ പ്രതീക്ഷിച്ചു കാണില്ല. പഴ്സിൽ നിന്നും എടുത്തത് ഇരുവരും ഒരുമിച്ച് നിൽക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം. ശേഷം ആ ഫോട്ടോയിൽ നിൽക്കുന്നതു പോലെ പോസ് ചെയ്തുള്ള ഫോട്ടോയും ക്ലിക്ക് ചെയ്തു. ആ ചിത്രം പ്രിന്റ് എടുത്ത് നൽകിയ ശേഷമാണ് ഫോട്ടോഗ്രാഫർ മടങ്ങിയത്.
Read also: ഇനി വിട്ടുവീഴ്ചകൾ വേണ്ട; പങ്കാളിയുമായി നല്ല ബന്ധം നിലനിർത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
കാലങ്ങളായി ഒരുമിച്ച് ജീവിക്കുന്ന ഈ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സ്നേഹവും സന്തോഷവും കണ്ട് കണ്ണ് നിറഞ്ഞുവെന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയ്ക്കു താഴെ വന്ന കമന്റുകൾ. ഇതിൽപ്പരം എന്താണ് ഒരു ദാമ്പത്യത്തിൽ നിന്നും ആഗ്രഹിക്കേണ്ടതെന്നും വിവാഹം കഴിക്കാൻ തോന്നുന്നു എന്നുമൊക്കെയാണ് കമന്റുകൾ. ഇപ്പോഴും കയ്യിൽ ഒരുമിച്ചുള്ള ഫോട്ടോ സൂക്ഷിച്ചിരിക്കുന്നതു കണ്ട് ഞെട്ടിയെന്നു പലരും അഭിപ്രായപ്പെട്ടു. 5 ദിവസം കൊണ്ട് 70 ലക്ഷത്തിലധികം ആളുകൾ ഈ വിഡിയോ കണ്ടു.
Content Summary: Photoshoot of an Old Couple from punjab gone viral