പങ്കാളിയുമായുള്ള ബന്ധത്തിൽ പെട്ടുപോയല്ലോ എന്ന തോന്നലുണ്ടോ, റിലേഷൻ അസന്തുലിതമാണോ? ഇതാണ് അടയാളങ്ങൾ

pinakkangal
Representative image. Photo Credit: fizkes/Shutterstock.com
SHARE

രണ്ടു വ്യക്തികൾ പരസ്പരം താങ്ങും തണലുമായി നിൽക്കുന്ന ബന്ധത്തിലൂടെയാണ് സ്വയം വളരുന്നതും മികച്ച കുടുംബ ജീവിതം നയിക്കുന്നതും. എന്നാൽ ഉത്തരവാദിത്തങ്ങളും ബുദ്ധിമുട്ടുകളും പങ്കാളികളിൽ ഒരാളുടെ മാത്രം തലവേദനയായാലോ. അത്തരം ബന്ധങ്ങളെയാണ് കോ-ഡിപ്പൻഡന്റ് റിലേഷൻ എന്ന് പറയുന്നത്. എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ഒരാളുടെ മാത്രം തലയിലാകുന്നത് ചില്ലറ സമ്മർദ്ദമല്ല സൃഷ്ടിക്കുന്നത്. എന്നാൽ ഇത്തരക്കാരുടെ പങ്കാളികളാവട്ടെ ഇപ്പോഴും കാര്യങ്ങൾ ചെയ്തു കൊടുക്കാനും പരിഗണിക്കാനും ഒരാൾ വേണമെന്ന ചിന്തയിൽ തന്നെ കഴിയുകയും ചെയ്യും. ഇത്തരം ഒരു ബന്ധത്തിലൂടെയാണോ കടന്നുപോകുന്നത് എന്ന് മനസ്സിലാക്കാൻ പോലും സാധിക്കാതെ പോകുന്നവരുണ്ട്. നിങ്ങളുടെ ബന്ധം ഒരു കോ-ഡിപ്പൻഡന്റ് റിലേഷനാണോ എന്ന് തിരിച്ചറിയാനുള്ള ചില അടയാളങ്ങൾ നോക്കാം.

• നിങ്ങളെക്കാൾ കൂടുതൽ പങ്കാളിയുടെ വികാരങ്ങൾക്ക് ശ്രദ്ധ നൽകുന്നു

ഏതൊരു അവസ്ഥയിലും സ്വന്തം താല്പര്യങ്ങളെയും വികാരങ്ങളെയും അപേക്ഷിച്ച് കൂടുതൽ പ്രാധാന്യം അത് പങ്കാളിയെ എങ്ങനെ ബാധിക്കുന്നു എന്നതിനാണ് നിങ്ങൾ നൽകുന്നത് എങ്കിൽ ഒരു കോ-ഡിപ്പൻഡന്റ് ബന്ധത്തിലാണ് നിങ്ങൾ എന്ന് മനസ്സിലാക്കാം. ഒരു കാര്യമുണ്ടാവുമ്പോൾ അത് പങ്കാളിയുടെ മാനസികാവസ്ഥയെ എങ്ങനെ ബാധിക്കും എന്നതോ അതിനെ എങ്ങനെ അഭിമുഖീകരിക്കണമെന്നതോ മാത്രമായിരിക്കും നിങ്ങളുടെ ചിന്ത.

• സ്വയം സമാധാനിക്കാൻ പങ്കാളിയെ ആശ്രയിക്കുന്ന അവസ്ഥ

നിങ്ങളുടെ അവസ്ഥ എന്തുതന്നെയായാലും അതിന്റെ ഉത്തരവാദിത്വം പങ്കാളിക്കാണെന്ന ചിന്താഗതിയാണ് മറ്റൊരു സൂചന. അതായത് നിങ്ങളുടെ  വികാരവിചാരങ്ങൾക്ക് മേലുള്ള ഉത്തരവാദിത്വം പോലും സ്വയം ഏറ്റെടുക്കാതെ അത് പങ്കാളിയിൽ ചാരാൻ ശ്രമിക്കുന്നു. പ്രശ്നങ്ങളിൽ സ്വയം സമാധാനിക്കാൻ പങ്കാളിയെ പൂർണ്ണമായും ആശ്രയിക്കുന്ന സാഹചര്യമാണിത്.

• ഒരുമിച്ചുള്ള സമയത്ത് മാനസിക സമ്മർദ്ദം അനുഭവപ്പെടുന്നു

പരസ്പരം സ്നേഹത്തിൽ കഴിയുന്നവരാണെങ്കിൽ പോലും പങ്കാളിയുമൊത്തുള്ള സമയങ്ങളിൽ നിങ്ങൾക്കുമേൽ കൂടുതൽ സമ്മർദ്ദം ഉള്ളതായി തോന്നുന്നുണ്ടെങ്കിൽ അത് കോ-ഡിപ്പൻഡന്റ് ബന്ധത്തിന്റെ മറ്റൊരു സൂചനയാണ്. ചെറിയ കാര്യങ്ങളിലാണെങ്കിൽ പോലും പങ്കാളി നിങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെങ്കിൽ വേഗത്തിൽ നിരാശയും തോന്നിയേക്കാം. സുഹൃത്തുക്കൾക്കൊപ്പമോ ബന്ധുക്കൾക്കൊപ്പമോ ചിലവിടുന്ന സമയങ്ങളിൽ പങ്കാളിക്കൊപ്പം ഉള്ളതിനേക്കാൾ സ്വസ്ഥത ലഭിക്കുകയും ചെയ്യുന്നു.

• ബന്ധത്തിൽ കുടുങ്ങിക്കിടക്കുന്നു എന്ന തോന്നൽ

ജീവിതത്തിൽ ആകെ ഒരു സ്തംഭനാവസ്ഥയാണെന്ന തോന്നലാണ് ഇത്. ഒരാൾ നിങ്ങളെ പൂർണമായും ആശ്രയിച്ചിരിക്കുന്ന അവസ്ഥയിൽ ബന്ധത്തിൽ നിന്നും പുറത്ത് വരാൻ ഒരു തരത്തിലും നിങ്ങൾക്ക് സാധിക്കാത്ത അവസ്ഥ. തിരഞ്ഞെടുത്ത പങ്കാളി ശരിയായിരുന്നില്ല എന്ന് അറിയാതെ തോന്നുന്നതും കോ-ഡിപ്പൻഡന്റ് ബന്ധത്തിന്റെ ലക്ഷണമാണ്. നിങ്ങളുടെ ബന്ധം എങ്ങനെ പോകുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം പറയാനും സാധിച്ചെന്നു വരില്ല.

• പങ്കാളി അടുത്തില്ലാത്ത സമയങ്ങളിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു

ഏറെ സ്നേഹിക്കുന്ന ദമ്പതികൾക്ക് പരസ്പരം പിരിഞ്ഞിരിക്കുന്നത് മാനസിക പ്രയാസം നൽകും. എന്നാൽ ഇതിനുമപ്പുറം പങ്കാളി ഒപ്പമില്ലാത്തതുകൊണ്ട് ഒരു കാര്യവും ചെയ്യാനാകുന്നില്ല എന്ന അവസ്ഥ സൂചിപ്പിക്കുന്നത് ആ ബന്ധത്തിലെ പോരായ്മയാണ്. ഏതു കാര്യത്തിനും പങ്കാളിയുടെ പിന്തുണ ഉണ്ടായേ തീരു എന്ന ചിന്ത രണ്ടുപേരെയും ഒരുപോലെ സമ്മർദ്ദത്തിലാക്കുന്നു.

Content Summary: tips to identify codependent relationship

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS