Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എച്ച് ഐ വി ബാധിതരായ 22 കുഞ്ഞുങ്ങളുടെ അച്ഛൻ

കുഞ്ഞുങ്ങൾ 24 ആണ് മിസ്റ്റർ ഇന്ത്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ അച്ഛന്. സ്വന്തം ചോരയിൽ പിറന്ന 2 മക്കളും എടുത്തുവളർത്തുന്ന 22 മക്കളും. റെജി തോമസ് എന്ന അച്ഛൻ എടുത്തുവളർത്തുന്നത് എച്ച് ഐ വി ബാധിതരായ കുട്ടികളെ ആണെന്നതാണ് മറ്റുള്ള രക്ഷിതാക്കളിൽ നിന്ന് ഈ അച്ഛനെ വേറിട്ടു നിർത്തുന്നത്.

റെജിയുടെ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഒരു കൂരയ്ക്കുള്ളിലാണ് ഈ ഇരുപത്തിരണ്ടു  കുട്ടികളും കഴിയുന്നത്. പപ്പാ റെജി എന്ന വിളികൾക്ക് കാതോർത്ത് അവരുടെ ആവശ്യങ്ങളെല്ലാം ഇദ്ദേഹം നടത്തിക്കൊടുക്കുന്നു.

ജന്മം കൊണ്ട് മലയാളിയായ ഇദ്ദേഹം ഇപ്പോൾ താമസിക്കുന്നത് മുംബെയിലാണ്.അതുകൊണ്ട് മുംബെ കേന്ദ്രീകരിച്ചാണ് ഇദ്ദേഹം പ്രവർത്തിക്കുന്നത്. 2009 ൽ ആണ് എച്ച് ഐ വി ബാധിതരായ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ബ്ലെസ് ഫൗണ്ടേഷൻ തുടങ്ങിയത്. അന്നുതൊട്ടിന്നോളം മുംബെയിലെയും നെവിമുംബെയിലെയും എച്ച്ഐവി ബാധിതരായ കുട്ടികളെ നിയമപരമായി ഏറ്റെടുത്തുകൊണ്ട് ഉപാധികളില്ലാതെ സ്നേഹിക്കുകയാണ് ഈ അച്ഛൻ.

എച്ച് ഐ വി ബാധിതരായ കുഞ്ഞുങ്ങൾക്ക് ജീവിതം നൽകാൻ തീരുമാനിച്ച നിമിഷത്തെ റെജി ഓർക്കുന്നതിങ്ങനെ– മുംബെയിലെ ഡിവൈപട്ടേൽ ആശുപത്രിയിൽ പോകാനിടയായപ്പോൾ ഒരു പെൺകുഞ്ഞിനെ കണ്ടു. അവളുടെ അച്ഛനമ്മമാർ എച്ച് ഐ വി ബാധിച്ച് മരിച്ചതാണ്. അവളും എച്ച് ഐ വി ബാധിതയാണ്. ക്ഷീണിച്ച് എല്ലുംതോലുമായ ആ പെൺകുട്ടി എന്നോട് ചോദിച്ചു അങ്കിൾ എനിക്ക് ന്യൂഡിൽസ് വാങ്ങിക്കൊണ്ടു വരാമോ എന്ന്. പിറ്റേന്ന് ഭാര്യയെും കൂട്ടി അവൾക്കുള്ള ന്യൂഡിൽസുമായി എത്തിയപ്പോഴേക്കും അവൾ ഈ ലോകത്തു നിന്നു തന്നെ വിടപറഞ്ഞിരുന്നു. ആ വേദന ഉള്ളിൽക്കിടന്ന് വിങ്ങിയപ്പോഴാണ് എച്ച്ഐവി ബാധിതരായ അച്ഛനമ്മമാരുടെ കുഞ്ഞുങ്ങളെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്.

Reji Thomas Reji Thomas

എച്ച്ഐവിബാധിതരായ അച്ഛനമ്മമാർക്ക് ജനിച്ച കുഞ്ഞുങ്ങൾക്ക് എച്ച് ഐ വി ബാധ ഇല്ലെങ്കിൽ പോലും അവരെ ഏറ്റെടുക്കാൻ ഈ സമൂഹം ഒന്നുമടിക്കും. അച്ഛനമ്മമാരുടെ മരണത്തോടെ ഇവർ അനാഥരാവുകയും ചെയ്യും. ഇങ്ങനെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ട കുഞ്ഞുങ്ങൾക്കാണ് ഇദ്ദേഹം തണലൊരുക്കുന്നത്. ഒരു അച്ഛൻെറയും അമ്മയുടെയും സ്നേഹവാൽസല്യങ്ങൾ അനുഭവിച്ചുകൊണ്ടാണ് ആ കുട്ടികൾ ഇവിടെ വളരുന്നത്.24 കുട്ടികൾക്കുവേണ്ടിയും ഭക്ഷണമൊരുക്കുന്നത് റെജിയുടെ ഭാര്യയാണ്.

ലോകമെമ്പാടും 18 വയസിനു താഴെയുള്ള എച്ച് ഐ വി ബാധിതരായ 16 മില്യണിലധികം കുട്ടികളുണ്ടെന്നും അതിൽ ഒരു മില്യണിലധികം കുട്ടികൾ സമൂഹത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും അവഗണനയനുഭവിക്കുന്നവരാണെന്നും ബ്ലെസ് ഫൗണ്ടേഷൻെറ വെബ്സൈറ്റിൽ പറയുന്നു.

ബ്ലെസ്ഫൗണ്ടേഷൻെറ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തണമെന്നും തെരുവിലലയുന്ന അനേകം എച്ച്ഐവി ബാധിതരായ കുഞ്ഞുങ്ങളെ ഏറ്റെടുക്കണമെന്നുമാണ് റെജിയുടെ മോഹം. തെരുവിലലയുന്ന എച്ച് ഐ വി ബാധിതരായ കുട്ടികൾക്കായി റെജിക്കൊപ്പം കൈകോർക്കാൻ നിങ്ങൾ തയാറെങ്കിൽ കൂടുതൽ വിവരങ്ങൾക്കായി ബ്ലെസ് ഫൗണ്ടേഷനുമായി ബന്ധപ്പെടാം.