Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെണ്ണ് അടുക്കളയിൽ അരഞ്ഞു തീരുന്ന അമ്മിക്കല്ലു മാത്രമല്ല

bride-cooking ചിത്രത്തിന് കടപ്പാട് ഫെയ്സ്ബുക്ക്.

എന്താണ് ഒരു വിവാഹം കൊണ്ട് ഒരു സ്ത്രീ ആഗ്രഹിക്കുക? ഇത്രനാൾ, അതായത് ഇരുപത്, ഇരുപത്തിരണ്ടു വയസ്സു വരെ  സ്വന്തമെന്നു കരുതുന്ന വീട്ടിൽ ജീവിക്കുകയും സ്വതന്ത്രമായ ഒരു ശരീരവും മനസ്സുമായി ജീവിതം ആഘോഷിച്ച ശേഷം തികച്ചും അപരിചിതമായ മറ്റൊരു വീട്ടിലേയ്ക്ക് ഒരു ദിവസം വലതു കാലെടുത്തു വയ്ക്കുമ്പോൾ എന്താകും ആ പെൺകുട്ടിയുടെ മനസ്സിൽ?

താലിയെടുത്ത് കഴുത്തിൽ കൊരുത്തു തന്ന ആ വ്യക്തിയോടൊപ്പമാണ് ഇനിയുള്ള വർഷങ്ങൾ മുഴുവൻ എന്ന ബോധ്യമുണ്ട്. അദ്ദേഹത്തിന്റെ വീടും വീട്ടുകാരുമാണ് ഇനി കൂടെ ഉണ്ടാകേണ്ടത് എന്ന ചിന്തയുണ്ട്. പക്ഷേ എവിടം മുതൽ തുടങ്ങണമെന്നോ എങ്ങനെ പുതിയ വീടിനെയും സാഹചര്യങ്ങളെയും തന്റേതാക്കുമെന്നോ അവൾക്കറിയില്ല. അജ്ഞാതമായ ഒരു ഭൂഖണ്ഡത്തിലേക്ക് അവൾ തനിച്ച് നടന്നു ചെന്നതു പോലെയായിരിക്കുമോ അവൾക്കപ്പോൾ തോന്നുക. ആ സാഹചര്യത്തിൽ ആദ്യമായി ലഭിക്കുന്ന സ്വീകരണത്തെ ആശ്രയിച്ചു തന്നെയാണ് പിന്നീടുള്ള ആ പെൺകുട്ടിയുടെ ജീവിതം കുറിയ്ക്കപ്പെടുന്നത്.

സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും ഇതുപോലെ കല്യാണ വേഷത്തിൽ പുതിയ വീട്ടിലെത്തിയ ഒരു പെൺകുട്ടിയുടെ കുറെ മണിക്കൂറുകളായിരുന്നു. പുതിയ കൊളേജിൽ എത്തുന്ന പുതുമുഖക്കാരെ റാഗിങ് ചെയ്യുന്ന രീതി പോലും കലാലയങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടുമ്പോൾ സ്വന്തമായിരുന്ന എല്ലാവരെയും എന്നെന്നേക്കുമായി പിന്നിൽ നിർത്തി തന്നെ സംരക്ഷിക്കുമെന്ന ഉറപ്പു തന്ന ഒരാളുടെ കൈപിടിച്ച് അയാളുടെ വീട്ടിൽ ആദ്യമായി കയറിച്ചെല്ലുമ്പോൾ അവൾ നേരിടേണ്ടി വന്ന റാഗിംഗ് കുറച്ചു ഭീകരമായി പോയില്ലേ എന്നാണു ഇപ്പോൾ ഉയരുന്ന ചോദ്യം.

വിവാഹം കഴിക്കുമ്പോൾ ഒരു പെൺകുട്ടി ഉപയോഗിക്കുന്ന വസ്ത്ര- ആഭരണത്തിന്റെ ഭാരം അവൾക്ക് സ്വാഭാവികമായി താങ്ങാവുന്നതിലും അധികമാണ്. ഭാരമേറിയ പട്ടു സാരിയും തിരുപ്പൻ വച്ച് പിന്നിക്കെട്ടി മുല്ലപ്പൂ ചൂടിയ മുടിയും പരിചിതമല്ലാത്ത എണ്ണിയാലൊടുങ്ങാത്ത ആഭരണങ്ങളും അജ്ഞാതമായ വീടും എല്ലാം അവൾക്ക് ആരും കാണാതെ ഒന്നുറക്കെ കരയാനുള്ള കാരണങ്ങളാണ്.

എങ്ങനെയെങ്കിലും ഈ ഭാരങ്ങൾ വലിച്ചെറിഞ്ഞു ഒരു സാധാരണ പെൺകുട്ടിയാകാൻ അവൾക്ക് എപ്പഴേ കൊതി തുടങ്ങിയിട്ടുണ്ടാകും. പക്ഷേ വരന്റെ വീട്ടിൽ പുതു പെണ്ണിനെ കാണാൻ വരുന്ന നാടൻ സ്ത്രീകളുടെ സ്വർണമളക്കലിന് വരെ നിന്നു കൊടുക്കേണ്ടി വരുമ്പോൾ ഇതൊക്കെ ഓരോ ആചാരങ്ങൾ എന്ന മട്ടിൽ അവൾ കണ്ണടക്കും. പക്ഷേ അതേ ഭാരവും പേറി ആദ്യം കയറി ചെല്ലേണ്ടത് അടുക്കളയിലേക്കാണെങ്കിലോ?

അടുക്കളയുടെ പിന്നാമ്പുറത്തെ അമ്മിക്കല്ലും ആട്ടു കല്ലും ഇന്നത്തെ പെൺകുട്ടികൾക്ക് അത്ര പരിചിതമല്ല. സാങ്കേതികതകൾ ഇത്രയധികം വർദ്ധിച്ച അവസരത്തിൽ ഇത്തരം നാടൻ വിദ്യകളുടെ ഉപയോഗം ഒരുപക്ഷെ അടുക്കള പണി വശമുള്ളവർ പോലും അത്ര പ്രയോഗത്തിൽ വരുത്താറുമില്ല. പക്ഷെ ആദ്യമായി വിവാഹ വേഷ ഭൂഷകളോടെ വീട്ടിൽ വന്നു കയറിയ പെൺകുട്ടിയുടെ കയ്യിൽ അമ്മിക്കല്ലും അരകല്ലും തേങ്ങയും വറ്റൽ മുളകും നൽകി അമ്മിയിൽ അരയ്ക്കാൻ പറയുന്ന ആചാരം ഏതു നൂറ്റാണ്ടിലെ ആണ്?

സമൂഹമാധ്യമങ്ങളിൽ വൈറലാണ് കഴിഞ്ഞ ദിവസം പ്രചരിച്ചു തുടങ്ങിയ ആ പെൺകുട്ടിയുടെ വിഡിയോ. അമ്മായിയമ്മ അരയ്ക്കുന്നതിനേക്കാൾ രുചിയുണ്ടാവണം എന്ന് അരയ്ക്കുന്നതിനിടയിൽ അവൾക്ക് ചുറ്റും നിൽക്കുന്ന പുരുഷ പ്രജകളുടെ നിർദ്ദേശവുമുണ്ട്. ശരീരത്തിൽ അത്രയും ഭാരവും പേറി പുതിയൊരു വീട്ടിലെ അമ്മിക്കല്ലിന്റെ മുന്നിൽ തല വേദനിച്ചു നിൽക്കുമ്പോൾ അവൾ എന്താകും ഓർത്തിട്ടുണ്ടാവുക?

ഞാൻ നിന്നെ ഇനിയുള്ള കാലം സംരക്ഷിക്കാം എന്നുറപ്പു കൊടുത്തവൻ തൊട്ടരികിലിരുന്നു നാട്ടുകാരുടെ ഉത്സാഹത്തിനോട് ആർത്തു ചിരിക്കുമ്പോൾ അവൾക്ക് ഉള്ളിൽ അലറി കരയാൻ തോന്നിയിട്ടുണ്ടാകും. പുറമെ ചിരിക്കുമ്പോഴും ഒരു പൊതു സമൂഹത്തിൽ വെറും അടുക്കളയിലെ മിക്സിയായി മാറുന്ന അവസ്ഥയോടു അവൾ ആ നിമിഷം മുതൽ സമരസപ്പെട്ടു പോയിരിക്കാം.

പുതിയ വീട്ടിലെ പുത്തൻ സാഹചര്യങ്ങളോട് ഉൾക്കൊണ്ട് ജീവിക്കാൻ ഒരു പുതിയ വധുവിന് സമയം ആവശ്യമാണ്. ഇനി മുതൽ എല്ലാം ഭർത്താവിന്റെയും അദ്ദേഹത്തിന്റെ വീട്ടുകാരുടെയും കൂടി അറിവോടു കൂടി വേണമെന്നുള്ള ചിന്തയിൽ തന്നെ അവൾ ഒതുങ്ങി തുടങ്ങും. മനസ്സിൽ ആഗ്രഹിച്ച ജോലിക്കു പോകാൻ കഴിയാതെ വീടിന്റെ നാലു ചുവരുൾക്കുള്ളിൽ അവൾ തീർത്തും ഒറ്റപ്പെട്ടു തുടങ്ങുമ്പോൾ വിവാഹം പോലുമൊരു ശാപമായി തീരും .

അങ്ങനെ ഒരു പെണ്ണിന് തോന്നുക എന്നാൽ അവളെ വിവാഹം കഴിച്ചു കൊണ്ട് വന്നു വീടിന്റെ  ചുവരിൽ തളച്ചിടുന്ന അവളുടെ ഭർത്താവിന്റെ മരണമാണ്. പെണ്ണ് എന്നാൽ അടുക്കളയിൽ അവന്റെയും അവന്റെ വീട്ടുകാരുടെയും ഇഷ്ടങ്ങൾക്കനുസരിച്ച് മാത്രം പണിയെടുക്കേണ്ട വെറും മിക്സിയാണെന്ന തിരിച്ചറിവ് അവളെ തളർത്തിക്കളയും. 

കഴിഞ്ഞ ദിവസം വൈറലായ വീഡിയോ കുഞ്ഞുങ്ങൾക്ക് പോലും നൽകുന്നത് വളരെ തെറ്റായ സന്ദേശമാണ്. ആ പെൺകുട്ടി ബുദ്ധിമുട്ടി ജോലി ചെയ്യുമ്പോൾ ചുറ്റുപാടും നിന്ന് അവൾക്കു നിർദ്ദേശങ്ങൾ കൊടുക്കുന്നവർക്കിടയിൽ കുട്ടികളും സ്ത്രീകളും പുരുഷന്മാരുമൊക്കെയുണ്ട്. കുട്ടികൾക്ക് പോലും സ്ത്രീ എന്നാൽ അടുക്കളയിലെ തേഞ്ഞു തീരേണ്ട ഉപകാരണമാണെന്ന ബോധം നൽകാൻ ഈ നിമിഷങ്ങൾ ധാരാളം. വീട്ടു പണികൾ ചെയ്യേണ്ടത് സ്ത്രീയുടെ ധർമ്മം ആണെന്നും ഏതു സാഹചര്യത്തിലും അതവൾ ചെയ്യേണ്ടതാണെന്നുമുള്ള ഒരു അടിച്ചേൽപ്പിക്കൽ ആ നിമിഷങ്ങൾ സന്ദേശമായി നൽകുന്നുണ്ട്.

ഇത് സൃഷ്ടിക്കുന്ന ആശയം അത്ര അനുകൂലമല്ല. നൂറ്റാണ്ടുകൾ മാറിയിട്ടുണ്ട്. അമ്മിക്കല്ല് ഉപയോഗിക്കാൻ അറിഞ്ഞിരിക്കുക എന്നത് അത്ര മോശം കാര്യമല്ല. കറന്റ് പോകുമ്പോഴോ പഴയ അമ്മരുചിയിലേയ്ക്ക് ഒന്ന് തിരികെ വരണമെന്ന് തോന്നുമ്പോഴോ അമ്മിക്കല്ലു ഉപയോഗിക്കുക തന്നെ വേണം. പക്ഷേ ആ പെൺകുട്ടിയെ കൊണ്ട് അത് ഉപയോഗിപ്പിച്ച സാഹചര്യവും സന്ദർഭവവുമാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. കിടപ്പറയിലും അടുക്കളയിലും അടിമ കിടക്കുന്ന, മറ്റുള്ളവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ചാടി തുള്ളുന്ന പാവയല്ല ഇന്നത്തെ പെൺകുട്ടികൾ.

സ്വന്തമായി കാര്യബോധമുള്ള, തീരുമാനങ്ങളെടുക്കാൻ കഴിവുള്ള പെൺകുട്ടികളാണ്. അവർക്ക് അവരെ കണ്ടെത്താൻ കഴിയുന്നില്ല എന്ന സ്വയം തോന്നലിൽ ഒരുപക്ഷേ നഷ്ടമാകുന്നത് നല്ലൊരു ബന്ധവും അതിന്റെ കെട്ടുറപ്പും തന്നെയാകും. അതുകൊണ്ടു തന്നെ നല്ല ഈടുറ്റ ബന്ധത്തോളം തന്നെ പ്രസക്തമാണ് കൈപിടിച്ചു കൊണ്ടു വരുന്ന പെൺകുട്ടികളുടെ സ്വപ്നങ്ങളും അവളുടെ ആത്മാഭിമാനവും എന്ന ബോധം പുരുഷന്മാർക്ക് ഉണ്ടായേ പറ്റൂ.