Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഥ പറയുന്ന അപ്പൂപ്പൻ താടികൾ

x-default ആദ്യ മഴയ്ക്ക് തൊട്ടു മുൻപാണ് മിനു മിനുത്ത താടിയുടെ വെളുത്ത ഭംഗിയുമായി ഒരപ്പൂപ്പൻ താടി പറന്നു കയ്യിൽ വന്നിരുന്നത്.

"ആദ്യ മഴത്തുള്ളികൾ വീഴുമ്പോൾ വരണ്ടിരിക്കുന്ന മണ്ണിന്റെ ഭ്രാന്തമായ ഉന്മാദത്തിന്റെ അറകൾ തുറക്കപ്പെടുകയും ഏറ്റവും പ്രണയത്തോടെ അവ മഴത്തുള്ളിയെ ഉള്ളിലേക്ക് സ്വീകരിക്കുകയും ചെയ്യും.", 

-ഹഹഹ , നീയെന്താ മഴയും മണ്ണും തമ്മിലുള്ള രതി ഭാവന ചെയ്യുന്നോ?-

"അല്ല ഒന്നാലോചിച്ചു നോക്കിക്കേ, അതങ്ങനെ തന്നെയല്ലേ? ഒടുവിൽ ക്രൂരനായ ഏപ്രിൽ വരുമ്പോൾ കവിത കരഞ്ഞു പിറക്കുന്നത് പോലെ വസന്തം നോവിച്ചു കടന്നെത്തുമെന്നു നമുക്കറിയുന്നതല്ലേ? ഗർഭത്തിന്റെ നോവുകൾക്കൊടുവിൽ വസന്തമുണരുമ്പോൾ കണ്ണീരിനുള്ളിലൂടെ ചിരിക്കുന്ന ഭൂമിയെ നീ കണ്ടിട്ടുണ്ടോ?"

-ചിരിക്കുന്ന ചെടികൾ ഞാൻ കണ്ടിട്ടുണ്ട്, പൂക്കളെയും-

"അല്ല, മണ്ണും ചിരിക്കും. ആദ്യ രതിയുടെ പുതുഗന്ധമുയർത്തുന്ന അവൾ വസന്തത്തെ പ്രസവിച്ചു തുടങ്ങുമ്പോൾ ചിരിക്കും. ഭൂമിയുടെ ചിരികളാണ് അപ്പൂപ്പൻ താടികളായി പറന്നു നടക്കുന്നത്"

ആദ്യ മഴയ്ക്ക് തൊട്ടു മുൻപാണ് മിനു മിനുത്ത താടിയുടെ വെളുത്ത ഭംഗിയുമായി ഒരപ്പൂപ്പൻ താടി പറന്നു കയ്യിൽ വന്നിരുന്നത്. അത് കണ്ടപ്പോഴുള്ള സ്വാഭാവികമായ കഥ പറച്ചിലാണ് രതിയിലും ചിരിയിലുമൊക്കെ എത്തിയതും. കഥകൾ അല്ലെങ്കിലും പലപ്പോഴും ഒരു കാട് കയറ്റമാണല്ലോ, ദിക്കേതാ , ദിശയേതാ എന്നറിയാതെ അവയിങ്ങനെ നാവിൻ തുമ്പിൽ അലഞ്ഞു നടക്കും തലച്ചോറിൽ പ്രകമ്പനം സൃഷ്ടിക്കും പിന്നെ അടുത്ത കഥ തുമ്പ് തിരഞ്ഞു ഒരു മരക്കൊമ്പിൽ ചെന്ന് പറ്റിക്കൂടും.

കഥ ഉറങ്ങുന്ന മരങ്ങളിലാണ് അപ്പൂപ്പൻ താടികൾ പടരുന്നത്. ഓരോ കഥകളും പിന്നീട് ഓരോ അപ്പൂപ്പൻ താടികളായി വിശറി പോലുള്ള ചെറിയ അറയിൽ നിന്നും പൊട്ടി മുളച്ച് ഭൂമിയിലേക്ക് വിരുന്നെത്തുകയും ചെയ്യും. അതുകൊണ്ടെന്താ ഓരോ താടിക്കുമുണ്ടൊരു കഥ പറയാൻ. 

അപ്പോ നരച്ച താടിയുള്ളവർക്കോ?- അവന്റെ രസകരമായ ചോദ്യം

"നരച്ച താടിയുള്ളവർ കഥാകാരന്മാരാണല്ലോ, അവരല്ലേ ,കഥകൾ മെനയുന്നവർ!"

കഥ കേൾക്കാൻ ഇഷ്ടമുള്ളതുകൊണ്ടല്ലേ നീയിപ്പോൾ അപ്പൂപ്പൻ താടികളുടെ പിന്നാലെ നടക്കുന്നത്

കഥകൾ കേൾക്കാൻ ഇഷ്ടമില്ലാതെയാരാ ഉള്ളത്, അതുകൊണ്ടാണല്ലോ കുട്ടിക്കാലത്ത് അമ്മമാർ അപ്പൂപ്പൻ താടികളെ കയ്യിലെടുത്തു കുഞ്ഞുങ്ങൾക്ക് കൊടുത്തിരുന്നത്. അവർ തമ്മിൽ അവരുടേതായ ഭാഷയിൽ എത്രയോ കഥകൾ പരസ്പരം പറഞ്ഞിട്ടുണ്ടാവണം. ആ കഥകൾ കേട്ട് വളർന്നവരൊക്കെ ഇന്ന് അവരുടെ കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ അപ്പൂപ്പൻ താടികൾ അന്വേഷിച്ചു നടക്കുന്നുമുണ്ടാവണം.

അയൽവക്കത്തൊരു വീടുണ്ടായിരുന്നു. മരങ്ങളാൽ ചുറ്റപ്പെട്ട ഒരു ദ്വീപ്. ആ വാക്കിനെ വെള്ളത്താൽ ചുറ്റപ്പെട്ടതെന്ന വാക്കിൽ ഒതുക്കി വയ്ക്കാൻ ആകാത്തത് കൊണ്ട് കടലോളം ആഴമുള്ള കാടുകൾ കൊണ്ട് ചുറ്റപ്പെട്ടവയെയും ദ്വീപുകൾ എന്ന് വിളിക്കപ്പെടേണ്ടതല്ലേ? -

കഥയുടെ ഇടയിൽ ചോദ്യം ചോദിക്കരുത്-

"ശരി കഥ പറയൂ"

ആ വീട്ടിൽ നിറയെ എണ്ണിയാലൊടുങ്ങാത്ത മരങ്ങളുണ്ട്, ഇലഞ്ഞി, മാവ്, അശോകം, കണിക്കൊന്ന, പനീർ ചാമ്പ, വെണ്ണപ്പഴം, പിന്നെ പേരറിയാത്ത ഏതൊക്കെയോ മരങ്ങൾ. ഓരോ മരങ്ങൾക്കും ഓരോ ഗന്ധമാണ്. വീട്ടിലേയ്ക്ക് ഇറങ്ങി നടക്കുമ്പോൾ ഓരോ ഗന്ധങ്ങളും ഒന്നായി തലച്ചോറിലേക്ക് ഇരച്ചു കയറും. അപ്പോഴാണ് ഒരു പുതുമഴ പെയ്തത്. ആദ്യമായി പെയ്ത വേനൽ മഴയിൽ എങ്ങു നിന്നോ പറന്നു വന്ന അപ്പൂപ്പൻ താടി മഴ നനഞ്ഞു ഒട്ടാതിരിക്കാൻ ഒരു കള്ളത്തരം കാണിച്ചു, പറന്നു വന്നു തുറന്നു കിടന്ന ഉടുപ്പിന്റെ ഉള്ളിലൂടെ അകത്തേയ്ക്ക് കയറിപ്പോയി. ഇക്കിളി കൊണ്ട് അപ്പൂപ്പൻ താടി പോലെ പറന്നു നടക്കുമ്പോൾ ഹൃദയവും അപ്പൂപ്പൻ താടിയും കഥ പറച്ചിലാരംഭിച്ചിരുന്നു.

x-default

കഥകൾക്കുള്ളിൽ നമ്മുടെ ആവശ്യാനുസരണം നിയമങ്ങൾ തള്ളിക്കയറ്റുന്നത് മനുഷ്യനല്ലേ? പ്രകൃതി നേരിട്ട് പറയുന്ന കഥകൾക്ക് എപ്പോഴും കൃത്യമായ ആദ്യമോ അന്തമോ ഉണ്ടാവുകയേയില്ല, അവയിങ്ങനെ അനന്തമായി തുടർന്നു കൊണ്ടിരിക്കും. വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിച്ചു കൊണ്ടേയിരിക്കും. 

അപ്പൂപ്പൻ താടി പോലെയുള്ള ചില മനുഷ്യരും അങ്ങനെയാണ്, ആദ്യവും അന്തവും ഇല്ലാത്തവർ.

അവന്റെ വാക്കുകളിൽ എനിക്ക് ചിരി വന്നു. 

നിന്നെ പോലെ

എനിക്ക് കുറുമ്പ് തോന്നി, ഒപ്പം പരിഭവവും

"ഞാനെന്തു ചെയ്തിട്ടാണ്?"

ആദ്യവും അന്തവും ഇല്ലാത്ത കഥകളാണല്ലോ എല്ലായ്പ്പോഴും നിന്റേത്. ഇപ്പോൾ പറഞ്ഞതു പോലെ, മഴയിൽ തുടങ്ങി കഥയിൽ അവസാനിച്ച കഥയില്ലായ്മ.

അതിനു ഞാൻ എപ്പോഴെങ്കിലും കഥ പറഞ്ഞു അവസാനിപ്പിച്ചിരുന്നുവോ? അപ്പൂപ്പൻ താടിയും ഹൃദയവും പറഞ്ഞു കൊണ്ടിരുന്ന കഥ ആവർത്തിച്ചതല്ലാതെ എന്റേതായ കഥകളൊന്നും ഞാൻ പറഞ്ഞിരുന്നതേയില്ലല്ലോ.

എന്നിട്ട് ആ അപ്പൂപ്പൻ താടിക്കെന്തു പറ്റി?

"കഥകളുടെ വിയർപ്പിലൊട്ടി പിടിച്ചു നനഞ്ഞുലഞ്ഞു അത് പുറത്തു വന്നപ്പോൾ അപ്പൂപ്പൻ താടിയിലെ കഥകളൊക്കെ എന്റെ ഹൃദയത്തിനു കടം നൽകിയിരുന്നു."

നിനക്ക് ഭ്രാന്താ

"അതേ പുതു മഴ നനയുമ്പോൾ എല്ലായ്പ്പോഴും എനിക്ക് ഭ്രാന്തിളകാറുണ്ട്."

-എങ്കിൽ നീ മണ്ണും ഞാൻ പുതുമഴയുമായാലോ?-

ഒരു അപ്പൂപ്പൻ താടി പറന്നു വന്നു ഞങ്ങളിരുന്ന ഇലഞ്ഞി മരച്ചുവട്ടിൽ കിടന്നു. ഞങ്ങൾക്കവയുടെ പിറവിയാന്വേഷിച്ചു നടക്കാൻ തോന്നി. 

അപ്പൂപ്പൻ താടി ഉണ്ടാവുന്ന ഇടം അന്വേഷിച്ചു നടന്നാൽ കിട്ടില്ല. അവ സ്വയം വെളിപ്പെടാറില്ല, കഥകൾ എവിടെയാണ് ഉണ്ടായതെന്ന്, എങ്ങനെയാണ് ഉണ്ടായതെന്ന് എപ്പോഴെങ്കിലും ആരെങ്കിലും വെളിപ്പെടുത്തിയിട്ടുണ്ടോ?

x-default

അവന്റെ ചോദ്യം ശരിയാണ്. എങ്കിലും വേരുകൾ തിരഞ്ഞു മരങ്ങൾക്കിടയിലൂടെ അവനോടൊപ്പം ഏറെ നേരം നടക്കാമല്ലോ. പുതുമഴ കഴിഞ്ഞെത്തിയ പുലരിയാണ്, തണുത്ത മഴത്തുള്ളികൾ പറ്റിപ്പിടിച്ച ഇലകൾ വെയിൽ കൊണ്ട് പുഞ്ചിരിക്കുന്നുണ്ട്. അവ ഞങ്ങൾക്ക് ദിശ കാട്ടി തരുന്നുണ്ട്. മരത്തിന്റെ വേരുകൾ ഞങ്ങളെ വഴി തെറ്റിക്കുന്നുമുണ്ട്. 

അപ്പൂപ്പൻ താടിയന്വേഷിച്ചുള്ള യാത്ര ഒരു പാമ്പും കോണിയും കളി പോലെ ഞങ്ങളെ എല്ലായ്പ്പോഴും നിരാശപ്പെടുത്തി, അവൻ ആവർത്തിച്ചു

കഥകളുടെ പിറവി ഒരിക്കലും വെളിപ്പെടില്ല പെണ്ണേ...

"എങ്കിൽ നീ പറയൂ കഥകളെക്കുറിച്ചൊരു കഥ",

അനന്തരം അവൻ അപ്പൂപ്പൻതാടിയാവുകയും എന്റെ ഉടൽ തുരന്ന് ഹൃദയത്തിലേക്കിറങ്ങി കഥ പറയുകയും ചെയ്തു.