Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ഞ കസവിന്റെ പട്ടു പാവാടയും കണ്ണീരിന്റെ നനവുള്ള കൈനീട്ടവും

vishu

മഞ്ഞ കസവുള്ള പട്ടു പാവാട ..... ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായ രേഷ്മ ഒരു ദിവസം ക്ലാസ്സിൽ ഇട്ടോണ്ട് വന്നപ്പോൾ  അന്ന് മുതൽ തുടങ്ങിയതാണ് അത്തരം ഒരു പാട്ടുപാവാടയോടൊരു ആഗ്രഹം .അവൾ അതിട്ടു  വന്നപ്പോൾ ക്ലാസിലെ കുട്ടികളെല്ലാം പറഞ്ഞു രേഷ്മ സ്വർണ നൂല് പിടിപ്പിച്ച ഉടുപ്പിട്ടോണ്ട് വന്നു എന്ന് .കുശുമ്പിന്റെയും കുന്നായ്മയുടെയും ചില കുട്ടി സംഘങ്ങൾ അവൾ കേൾക്കാതെ അടക്കം പറഞ്ഞു അവളുടെ അച്ഛൻ ഗൾഫിലല്ലേ അപ്പോൾ സ്വർണ്ണമല്ല ഡയമണ്ട് പിടിപ്പിച്ചത് ഇട്ടോണ്ട് വന്നാലും അതിശയിക്കാനൊന്നുമില്ല എന്ന്.

 അതുമാത്രമല്ല അവൾക്കു മിക്കി മൗസിന്റെ മുഖം പിടിപ്പിച്ച പെൻസിലുണ്ട് .കാർട്ടൂൺ ഉള്ള ബാഗ് ഉണ്ട്  ഇതെല്ലം അവളുടെ അച്ഛൻ ഗൾഫിലായതു കൊണ്ടാണല്ലോ .എനിക്കാണെങ്കിലോ വെട്ടി വെട്ടി തീർന്നു കൈവിരൽത്തുമ്പിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു പെൻസിലും ചിറ്റമ്മേടെ മോളുടെ പഴയൊരു ബാഗും ഇതെല്ലം സ്കൂൾ തുറക്കുന്നത് പ്രമാണിച്ചു 'അമ്മ നടത്തിയ ചിറ്റമ്മ വീട്ടിലെ സന്ദർശനത്തിൽ കിട്ടിയതാണ് . കഴിഞ്ഞ വർഷം സ്കൂൾ തുറക്കുന്ന സമയത്ത് ഞാൻ അച്ഛനോട് പറഞ്ഞതാ എനിക്കൊരു പുതിയ ബാഗ് വാങ്ങി തരാൻ അപ്പോൾ അച്ഛൻ പറഞ്ഞു ഈ കൊല്ലം പണി കുറവായ കൊണ്ട് അച്ഛന്റെ കയ്യിൽ പൈസ ഇല്ല അടുത്ത വർഷം മോൾക്ക് അച്ഛൻ പുതിയ ബാഗും കുടയും ഉടുപ്പും ചെരിപ്പുമൊക്കെ വാങ്ങിത്തരാം എന്ന് .

എന്നാൽ ഇക്കൊല്ലവും സ്കൂൾ തുറക്കാറായപ്പോൾ അച്ഛൻ ആ പതിവ് പല്ലവി തന്നെ ആവർത്തിച്ചു. അല്ലേലും അച്ഛന്റെ കയ്യിൽ എന്നാ പൈസ ഉണ്ടാകുന്നത് ഒരിക്കലും ഉണ്ടാകില്ല ഞാൻ പഴേതൊക്കെത്തന്നെ കൊണ്ടുപൊയ്ക്കോളാം അച്ഛന് ഗൾഫിൽ പോയാലെന്താ? അവിടെ പോയാൽ പൈസ ഒക്കെ കിട്ടുമല്ലോ അപ്പോൾ എനിക്ക് പുതിയതൊക്കെ വാങ്ങാമല്ലോ എന്ന് പറഞ്ഞു കെറുവിച്ചപ്പോൾ ഒരു പുഞ്ചിരിയോടെ എന്റെ നെറുകയിൽ തലോടിയപ്പോൾ ആ കൈ തട്ടിമാറ്റി ചെറു വാശിയോടെ ഞാൻ നടന്നു പോയപ്പോൾ പുഞ്ചിരിക്കുന്ന ആ മുഖത്ത് കണ്ണുകളിൽ നേരിയ കണ്ണീരിന്റെ നനവുണ്ടായിരുന്നുവോ ?

x-default

അസൂയപ്പെട്ടിട്ടു കാര്യമില്ലല്ലോ അവളുടെ അച്ഛൻ ഗൾഫിലല്ലേ എന്റെ അച്ഛനും ഗൾഫിലാരുന്നേൽ ഞാനും അങ്ങനെയുള്ളതൊക്കെ കൊണ്ടു നടന്നേനേം എന്ന് സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. അങ്ങനെ ഇരിക്കുമ്പോൾ സ്കൂൾ അടച്ചു അവധിക്കാലമായി കൂട്ടുകാർക്കൊപ്പം കളിച്ചു കൊണ്ടിരിക്കുമ്പോളാണ് പിന്നെയും മനസ്സിൽ മൂടി വച്ചിരുന്ന ആഗ്രഹം പുറത്തേക്കു വന്നത് അടുത്ത വീട്ടിലെ മാളുവിന് വിഷുവിനു ഇടാനായി പുതിയൊരു പാട്ടുപാവാട വാങ്ങിയെന്നറിഞ്ഞപ്പോൾ മുതൽ എന്റെ ഉള്ളിലും ഒരു പാട്ടുപാവാട എന്ന സ്വപനം വിരിയാൻ തുടങ്ങി രാത്രി കിടക്കുമ്പോഴൊക്കെ മനസ്സിൽ മുഴുവനും ഈ ആഗ്രഹം എങ്ങനെ സാധിച്ചെടുക്കും എന്നുള്ളതാരുന്നു ഉറക്കത്തിൽ ഒരു സ്വപ്നം കണ്ടു ഞാനൊരു മഞ്ഞ കസവിന്റെ പട്ടു പാവാടയിട്ടു ഓടി നടക്കുന്നു. കണിക്കൊന്നപ്പൂവിന്റെ മഞ്ഞ നിറത്തിൽ ഉള്ള  കസവ്. .ഉറക്കമുണർന്നപ്പോൾ മുതൽ എനിക്കെന്റെ മനസ്സിനെ നിയന്ത്രിക്കാനായില്ല. എങ്ങനെയേലും എനിക്കൊരു പട്ടു പാവാട സ്വന്തമാക്കണം.

ഉമ്മറത്ത് ചെല്ലുമ്പോൾ അച്ഛൻ കുളിക്കാൻ പോകാനുള്ള ഒരുക്കത്തിലാരുന്നു ഞാൻ അച്ഛന്റെയടുക്കൽ ചെന്ന് ചിണുങ്ങി കാര്യം പറഞ്ഞു കേട്ട് തീർന്നതും അച്ഛന്റെ പതിവ് പല്ലവി തന്നെ മോളെ  ഈ വിഷുവിനല്ല അടുത്ത ഓണത്തിന് നല്ലൊരു പാട്ടുപാവാട അച്ഛൻ വാങ്ങിത്തരാം എന്റെ മനസ്സിലെ സ്വപനങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് ബലൂൺ കുത്തിപ്പൊട്ടിക്കുന്നപോലെ ഇല്ലാതാക്കി കളഞ്ഞു അച്ഛന്റെ ഈ മറുപടി കേട്ട്.എനിക്ക് ദേഷ്യവും സങ്കടവുമൊക്കെ ഒന്നിച്ചു വന്നു ഞാൻ പറഞ്ഞു അല്ലേലും ഈ അച്ഛൻ ഇങ്ങനെയാ ഒരിക്കലും ഒന്നും വാങ്ങിത്തരില്ല എന്ത് പറഞ്ഞാലും പറയും പിന്നെയാകട്ടെ അച്ഛന്റെ കയ്യിൽ ഇപ്പോൾ കാശില്ല അല്ലേലും എന്നാ അച്ഛന്റെ കയ്യിൽ കാശുള്ളത് ഒരിക്കലും ഉണ്ടാകില്ല ഇനിയൊട്ടുണ്ടാകാനും പോകുന്നില്ല അതെങ്ങനാ അച്ഛൻ ഗൾഫിലല്ലല്ലോ ഈ അമ്മയെന്തിനാ ഈ അച്ഛനെ തന്നെ കെട്ടിയതു ഗൾഫിലുള്ള അച്ഛനെ കെട്ടിയാൽ പോരാരുന്നോ അങ്ങനെ ആയിരുന്നെങ്കിൽ എനിക്കും മറ്റു പിള്ളേരെ പോലെ നടക്കാരുന്നു. 

ഇങ്ങനെയൊക്കെ എന്റെ ഉള്ളിലെ ദേഷ്യം പുലമ്പി തീർത്തു ഞാൻ നടന്നു പോകുമ്പോൾ വിദൂരതയിലേക്ക് നോക്കി നെടുവീർപ്പെട്ട് കൊണ്ടിരുന്ന അച്ഛന്റെ നിറഞ്ഞ കണ്ണുകൾ ഞാൻ കണ്ടിരുന്നോ ? അതോ കണ്ടിട്ടും കാണാതെ പോലെ ഞാൻ ഭാവിച്ചതാണോ? അന്ന് പണിക്കു പോവാനായി ഇറങ്ങിയപ്പോൾ വെളിയിൽ കളിച്ചു കൊണ്ടിരുന്ന എന്നെ നോക്കി ചിരിച്ചു കൊണ്ട് കൈ കാണിച്ച അച്ഛനെ കണ്ടിട്ടും മുഖം കെറുവിച്ചു തല വെട്ടിച്ചു ഞാൻ പ്രതിഷേധം കാണിച്ചപ്പോൾ ഒരു ചെറുപുഞ്ചിരിയോടെയാണ് അച്ഛൻ സൈക്കിൾ ചവിട്ടിപോയത്.

സന്ധ്യാസമയത്ത്  അച്ഛൻ സാധാരണ എത്തുന്ന സമയമായിട്ടും അച്ഛനെ കണ്ടില്ല വിഷുവിനു കണി ഒരുക്കാനുള്ള സാധനങ്ങൾ വാങ്ങി നേരത്തെ എത്താമെന്ന് പറഞ്ഞാണ് രാവിലെ പോയതാണെന്ന് അമ്മ പറഞ്ഞു. കടകളിലൊക്കെ തിരക്കാവും നാളെ വിഷു അല്ലേ അവൻ സാധനമൊക്കെ വാങ്ങി വന്നോളും എന്ന് അമ്മമ്മ അകത്തിരുന്നു അമ്മയോട് വിളിച്ചു പറയുന്നുണ്ടാരുന്നു അപ്പോഴാണ് ഒന്നു രണ്ടു പേര് വീട്ടിലേക്കു വന്നത് അവർ അമ്മയോടെന്തോ പറഞ്ഞതും 'അമ്മ അലറിക്കരഞ്ഞു ബോധമറ്റു വീണതും ഒരുമിച്ചാരുന്നു. എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല അയൽവക്കത്തെ വീട്ടിൽ നിന്നും ഓരോരുത്തരായി മെല്ലെ എന്റെ വീട്ടിലേക്കെത്താൻ തുടങ്ങി.

നിമിഷങ്ങൾ കഴിയുന്തോറും ആളുകളുടെ എണ്ണം കൂടി വരാൻ തുടങ്ങി .ഇടയ്ക്കിടെ അമ്മ ഏങ്ങലടിച്ചു കൊണ്ട് അച്ഛൻ പോയി എന്ന് പറയുമ്പോഴും അച്ഛൻ മറ്റെവിടെയോ ജോലിക്കു പോയതല്ലേ കഴിയുമ്പോൾ വരുമെന്ന് ഞാൻ പറഞ്ഞപ്പോൾ അച്ഛൻ നമ്മളെ വിട്ടു പോയിന്നു പറഞ്ഞു എന്നെ ചേർത്തുപിടിച്ചമ്മ പൊട്ടിക്കരഞ്ഞപ്പോളാണ് ഇനിയൊരിക്കലും തിരിച്ചുവരാത്ത ഒരിടത്തേക്കാണ് എന്റെ അച്ഛൻ പോയതെന്ന് ഞാൻ തിരിച്ചറിഞ്ഞത്.

ജോലി കഴിഞ്ഞു വരുന്ന വഴിയിൽ അച്ഛന്റെ സൈക്കിളിൽ ഏതോ ഒരു വണ്ടി വന്നു തട്ടി അവർ നിർത്താതെ പോയി പിന്നാലെ കുറച്ചു കഴിഞ്ഞു വന്ന ആരോ ആണ് രക്തത്തിൽ കുളിച്ചു കിടന്ന അച്ഛനെ ആശുപത്രിയിൽ എത്തിച്ചത് .  വീടിന്റെ മുന്നിലുള്ള പാടത്തിന്റെ നടുവിലെ ചെറിയ  വഴിയില ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് ഒരു ആംബുലൻസ് വന്നു മുറ്റത്തു നിന്നതും അതിൽ നിന്നും വെള്ളത്തുണിയിൽ പൊതിഞ്ഞ് അച്ഛനെ കൊണ്ട് വന്നു അകത്തു കിടത്തിയതും എല്ലാം ഒരു നിസ്സംഗതയോടെ മാത്രം നോക്കി നിൽക്കുമ്പോഴാണ് അപകടം നടന്ന സ്ഥലത്തു നിന്ന് കിട്ടിയതാണ്, അച്ഛന്റെ കൈയിലുണ്ടാരുന്നതാണ് എന്ന് പറഞ്ഞ് അച്ഛന്റെ കുടയും കൂടെ ഒരു പ്ലാസ്റ്റിക് കവറും കൂടി ആംബുലൻസ് ഓടിച്ചിരുന്ന അങ്കിൾ കൊണ്ടുവന്നു എന്റെ ചിറ്റയുടെ കയ്യിൽ കൊടുത്തത്.

yellow-skirt

പിറ്റേന്ന് അച്ഛന്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞു വന്നവർ ഓരോരുത്തരായി കൊഴിഞ്ഞു പോയി അവസാനം ഞാനും അമ്മയും അച്ഛമ്മയും മാത്രമായി .ഒന്ന് രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ  ആണ് മേശയുടെ ഒരു സൈഡിൽ അച്ഛന്റെ കുടയും ആ പ്ലാസ്റ്റിക് കവറും ഇരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത് ഞാൻ അതെടുത്തു തുറന്നു നോക്കി മഞ്ഞ കസവിന്റെ കരയുള്ള പാട്ടുപാവാടയും ബ്ലൗസും. കണ്ണീരിന്റെ നനവുള്ള ആ വിഷുവിൽ എനിക്കായുള്ള എന്റെ പൊന്ന് അച്ഛന്റെ അവസാന സമ്മാനം .കരച്ചിൽ അടക്കാനായില്ലെനിക്ക് മനഃപൂർവമല്ലേലും ഞാൻ കെറുവിച്ചു പറഞ്ഞ വാക്കുകൾ അതെന്റെ അച്ഛന്റെ മനസിനെ വേദനിപ്പിച്ചിട്ടുണ്ടേൽ ആ കാൽക്കൽ വീണു മാപ്പു പറയുകയാണ് ഞാൻ ഒരായിരം വട്ടം.

കൈയിൽ അന്ന് കിട്ടിയ കൂലിയിൽ നിന്നും എണ്ണിപ്പെറുക്കിയും പിന്നെ കടം വാങ്ങിയും അച്ഛൻ പാട്ടുപാവാട വാങ്ങിയത് കെറുവിച്ചു പിണങ്ങിയ മകളുടെ മുഖത്തെ പുഞ്ചിരി കാണുവാനായിരിക്കില്ലേ? അത് മകൾക്കു കൊടുക്കുമ്പോൾ പിണക്കം മാറി എന്റെ പുന്നാര അച്ഛനാ എന്ന് പറഞ്ഞു കെട്ടിപിടിച്ചു കൊടുക്കുന്ന ഉമ്മയുടെ മാധുര്യം അറിയുവാനായിരിക്കില്ലേ ?

അച്ഛൻ ഈ ഭൂമിയിലില്ല എന്ന് വിശ്വസിക്കാൻ എനിക്കിഷ്ടമില്ല. ദൂരെ എവിടെയോ അല്ലങ്കിൽ ഗൾഫിലെവിടെയോ അച്ഛൻ ജോലിക്കു പോയിരിക്കുകയാണ് ഒരിക്കൽ അച്ഛൻ വരും മേടപ്പുലരിയിൽ കണിക്കൊന്നയും വിഷുക്കണിയുമൊരുക്കി ഞാൻ കാത്തിരിക്കും മോളെ എന്നു വിളിച്ചു കൊണ്ട് കൈയിൽ വിഷുക്കോടിയുമായി കയറിവരുന്ന എന്റെ അച്ഛനെ...

.