Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണിക്കൊന്ന പൂത്ത ദിവസം ഒളിച്ചോടിയവർ

vishu-002

കണിക്കൊന്ന ആദ്യമായി പൂത്ത ഒരു വൈകുന്നേരമാണ് അവർ ഒളിച്ചോടിയത്. നാട്ടിലെ മറ്റു പൂക്കളെപ്പോലെയല്ല കണിക്കൊന്ന, വിഷുവിനെ ഓർമ്മിപ്പിച്ചു കൊണ്ട് ഒരറ്റത്ത് നിന്ന് അതിങ്ങനെ കുലച്ചു മൊട്ടായി വിടർന്നു വരുമ്പോൾ മുതൽ ഒരു ഗന്ധമുണ്ട്. കൃത്യമായി നിർവചിക്കാൻ കഴിയാത്ത ഒരു കൊന്ന ഗന്ധം. വർഷത്തിലൊരിക്കൽ പടരുന്ന ഗന്ധം. അന്നാണ് അവർ ഒളിച്ചോടാൻ തീരുമാനിച്ചത്.

"എന്തിനാ ഈ ദിവസം തന്നെ ഒളിച്ചോടാൻ തീരുമാനിച്ചത്?" , അവൾ അവനോടു ചോദിക്കുന്നു. 

ഒരു പെണ്ണിന്റെ കയ്യും പിടിച്ചാണ് പ്രാണൻ കളഞ്ഞ് ആരും കാണാതെയും കേൾക്കാതെയുമുള്ള , എങ്ങോട്ടെന്നില്ലാത്തൊരു പോക്ക്.ആ സമയത്ത് ആണുങ്ങൾക്ക് ചില ചോദ്യങ്ങളൊന്നും കേൾക്കാൻ പറ്റില്ല. ചിന്തകളുടെ ഭാരം വന്നു കേൾവിയുടെ നേർത്ത ഞരമ്പിൽ വന്നടിഞ്ഞു നിൽക്കും. ശബ്ദങ്ങളെ തടഞ്ഞു നിർത്തി വെറുമൊരു മൂളൽ പോലെ തലച്ചോറിലേക്ക് കയറ്റി വിടും.

അതുകൊണ്ടു തന്നെ അവൾ ചോദിച്ചത് അവൻ കേട്ടുമില്ല, മറുപടി പറഞ്ഞുമില്ല. അവൾക്ക് പെട്ടെന്ന് സങ്കടം വന്നു. അല്ലെങ്കിലും ഈ ആണുങ്ങളിങ്ങനെയാണ്. കൈയിൽ കിട്ടുന്നത് വരെ തേനേ, പാലേ, മുത്തേ എന്നൊക്കെ വിളിക്കും കിട്ടുന്ന നിമിഷം മുതൽ അവരൊന്നും കേൾക്കുകയുമില്ല, കാണുകയുമില്ല, അറിയുകയുമില്ല. സ്വന്തമായല്ലോ ഇനിയെവിടെ പോകാനാ എന്നൊരു ലൈൻ. അവൾ പ്രതിഷേധത്തോടെ അവന്റെ കയ്യിൽ പിടിച്ചു വിളിച്ചപ്പോഴാണ് ചങ്കിലെ ആളാലൊന്ന് അടക്കി അവൻ അവളെ കേട്ടത്.

"എന്തിനാ ഇന്നന്നെ ഒളിച്ചോടുന്നെ?"

അവൾ ചോദ്യം ആവർത്തിച്ചു.

'കണിക്കൊന്ന ആദ്യമായി പൂക്കുന്ന ദിവസം ഒളിച്ചോടിയാൽ അവർ എന്നും, മരണം വരെയും കാമുകീ കാമുകന്മാരെ പോലെ പ്രണയിച്ചു നടക്കും എന്നാ പെണ്ണേ അതുകൊണ്ടാ നമ്മുടെ ഒളിച്ചോട്ടം ഇന്നാക്കിയത്'.സംഗതി സത്യമാണോ, അവൾ അമ്പരന്നു. അവനെന്തു പറഞ്ഞാലും അത് സത്യമായിരിക്കും അവൾ അവനെ വിശ്വസിച്ചു പിന്നെ കൈപിടിച്ച് ഇരുളിലേക്ക് മറഞ്ഞു.

ആ വർഷത്തെ വിഷുവിന് അവൾ ആദ്യമായി ഒരു കുഞ്ഞു സദ്യയുണ്ടാക്കി. അവന്റെ സുഹൃത്തിന്റെ വീട് വാടകയായി കിട്ടിയപ്പോൾ ആദ്യം അവൻ കണ്ടതും മുറ്റത്തെ പ്ലാവിൽ ശങ്കരനമ്മാവന്റെ വയറു പോലെ മരത്തിൽ ഒട്ടിപ്പിടിച്ചു വീർത്തിരിക്കുന്ന വരിക്കച്ചക്കയാണ്. വിഷുവിന്റെ തലേന്ന് അതിട്ടു കാഴ്ചയൊരുക്കിയപ്പോൾ അവളുടെ മുഖത്ത് വിടർന്ന ചിരി കണിക്കൊന്നയെ പോലും തോൽപ്പിച്ചു കളഞ്ഞു. അവർ രണ്ടു പേരും കൂടിയാണ് അവർക്ക് കാണാനുള്ള ആദ്യത്തെ കണിയൊരുക്കിയത്. ഒരു ചക്കയും അയൽവക്കത്തെ വീട്ടിലെ ശാരദാൻറി പുത്തൻ ദമ്പതികൾക്ക് നൽകിയ പഴുത്ത മൂവാണ്ടൻ മാങ്ങകളും പിന്നെ അവരുടെ ഒളിച്ചോട്ടത്തിന്റെയന്നു മുതൽ പൂത്തു തുടങ്ങിയ കണിക്കൊന്നയിലെ പഴുത്തു മഞ്ഞിച്ച കുലകളും ഒരു കുഞ്ഞു ഓടക്കുഴൽ കൃഷ്ണനും. 

NAGC_vishu_pic1

ആദ്യത്തെ വിഷുവല്ലേ, അതിരാവിലെ എഴുന്നേൽക്കാൻ മടിച്ചവൾക്കിപ്പോൾ പുലരിയെന്നാൽ അവന്റെ പ്രണയമാണ്. അവന്റെ ഓരത്ത് വരിഞ്ഞ കട്ടിലിൽ വീതിയില്ലാത്ത കോസടിയിൽ ചരിഞ്ഞു കിടക്കുമ്പോൾ പുലർകോഴി എവിടെയോ കൂവുന്ന ഒച്ച കേൾക്കാം. വിഷുവിന്റെയന്നും അത് കേട്ടാണ് അവളുണർന്നത്. അവന്റെ നെറ്റിയിലമർത്തിയൊരുമ്മ കൊടുത്തിട്ടു എഴുന്നേൽക്കുമ്പോൾ അമ്മയെ ഓർമ്മ വന്നു. വീട്ടിലായിരിക്കുമ്പോൾ ഒന്നൂടെ ഉറങ്ങട്ടെ അമ്മേയെന്നു പറഞ്ഞു ശാഠ്യം പിടിക്കുന്നവളോട് കണികണ്ട് മാറ്റേണ്ട അടുത്ത വർഷത്തെ ദുരിതങ്ങളെ കുറിച്ച് ക്ലാസ് എടുക്കുന്ന അമ്മയുടെ കൈകളിലേക്ക് ചാഞ്ഞെഴുന്നേൽക്കുമ്പോൾ മുതൽ കാഴ്ചയില്ല.

പിന്നെ അതിലോലമായ ഒരു നാരങ്ങാ വെളിച്ചത്തിന്റെ മുന്നിലേയ്ക്ക് മിഴികൾ നീട്ടുമ്പോൾ ആ വെളിച്ചതിനൊപ്പമിരിക്കുന്ന കാഴ്ചദ്രവ്യങ്ങളിൽ തട്ടി ഒരു ദിവ്യ വലയം രൂപപ്പെടും. ഇരുളും വെളിച്ചവും തട്ടി ആ വലയം തിളങ്ങും. 'അമ്മ പറയും, അത് കൃഷ്ണന്റെ പ്രഭയാണ്. അതും അവൾ വിശ്വസിച്ചിരുന്നു. ഇത്തവണ ആ പ്രഭ കാണുമോ? അവൾക്ക് പേടി തോന്നി. അമ്മയെ ഓർത്തപ്പോൾ കരയാൻ തോന്നി. പെണ്ണിന്റെ കണ്ണുനീരിൽ തട്ടിയാൽ ആണിന്റെ ഹൃദയം അത് ലോലമാണെങ്കിൽ മുറിഞ്ഞു പോയേക്കും, ഒന്നര മാസമേ കൂടെയുണ്ടായിരുന്നുള്ളൂവെങ്കിലും  അവന്റെ ഹൃദയം അതി ലോലമാണ്. മുറിയാൻ പാടില്ല, അവൾ കണ്ണ് തുടച്ചു, കണ്ണടച്ച് പോയി കണി കണ്ടു. 

"നിങ്ങളെന്താ ചിരിക്കുന്നത്?"

കണി കണ്ടു കഴിഞ്ഞു അടക്കി ചിരിക്കുന്ന അവന്റെ മുഖത്ത് നോക്കി അവൾ തെല്ലു ദേഷ്യത്തോടെ ചോദിച്ചു.

-നീയാ ചക്ക കണ്ടോ? ശങ്കരമ്മാവന്റെ വയറു പോലെയല്ലേ?

"ഏതു ശങ്കരമ്മാവൻ?",

അവൾക്ക് ശങ്കരമ്മാവനെ അറിയണമെന്ന് നിർബന്ധമൊന്നുമില്ല, അമ്മയുടെ വകയിലൊരു ആങ്ങളയാണ്. ഇപ്പോൾ അതോർത്തിട്ട് അവളെ നോക്കിയാണ് അവന്റെ ചിരി. അതുമതിയായിരുന്നു ഒരു കുടുംബബന്ധം തകരാൻ. അവൾക്ക് അത് കണ്ടിട്ട് അത്ര ദേഷ്യം വന്നിരുന്നു.  അവന്റെ കൈയിൽ ഒരു നുള്ളും മൂർച്ചയുള്ള പല്ലു കൊണ്ട് തോളിൽ ഒരു കടിയും കൊടുത്ത് അവൾ അടുക്കളയിലേക്കോടി. അവനു വീണ്ടും ചിരി വന്നു. കണിക്കൊന്ന പൂത്ത ദിവസം ഇറങ്ങിപ്പോരാൻ തോന്നിയിരുന്നില്ലെങ്കിൽ ഈകുഞ്ഞു കാര്യം മതിയായിരുന്നു ഇന്നത്തെ ദിവസം പോകാൻ.

jack-fruit

ശങ്കരമ്മാവന്റെ വയറൻ ചക്ക, കണി കണ്ട ശേഷം അടുക്കളയിലെ റെഡ്ഓക്സൈഡിട്ട മിനുത്ത തറയിൽ നടു വെട്ടിയ പോലെ തളർന്നു കിടപ്പുണ്ട്. ഉണങ്ങിപ്പിടിച്ച വെള്ള പശയിൽ ചേറു പുരണ്ടു ആകൃതിയില്ലാത്ത ചിത്രങ്ങൾ വരഞ്ഞിരിക്കുന്നു. ചക്കയുടെ മുന്നിൽ വന്നു വിഷാദിയായി നിൽക്കുന്ന അവളെ കണ്ടപ്പോൾ അവനു ചുണ്ടിലൊരു പാട്ട് വിരിഞ്ഞു.

"തളിർ വെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാൻ....."

അപ്പോൾ വാതിലിന്റെ ഓരത്തൂടെ ഒരു കരിയിലക്കിളി ഒച്ചയുണ്ടാക്കി പറന്നു പോയി. ചക്കയുടെ മുന്നിൽ അവളിരുന്നപ്പോൾ അവനും ഒപ്പമിരുന്നു. അവരത് ഒന്നിച്ചു വെട്ടി, ഒരുക്കി ചുളയെടുത്തു, അവൾ അത് ഉച്ചയ്ക്ക് ചോറിനൊപ്പം പുഴുക്കുണ്ടാക്കിയപ്പോൾ ആ സമയം കൊണ്ട് അവൻ അടുപ്പിന്റെ അടുത്ത് നിന്ന് ചക്ക വറ്റലുണ്ടാക്കി രുചി നോക്കി. 

"എന്ത് രുചിയാണ് ഈ വിഷുവിന്"-

അവൾ ഉറക്കെ പറഞ്ഞു.

അവനത് ശരി വച്ചു.

നീണ്ട പതിനേഴു വർഷങ്ങൾ കഴിഞ്ഞു ഇപ്പോഴും ആദ്യമായി കണിക്കൊന്ന പൂക്കുമ്പോൾ അവർ രണ്ടു പേരും വെറുതെ റോഡിലേക്ക് നോക്കി നിൽക്കും. വഴി തെറ്റി വരുന്ന ഒരു കാമുകനും കാമുകിയും കാരണമില്ലാതെ തങ്ങളെ തിരഞ്ഞെത്തുന്നത് അവർ രണ്ടാളും സ്വപ്നം കാണാറുണ്ടത്രെ! അവർക്ക് കണിക്കൊന്നയുടെ പ്രണയ കഥ പറഞ്ഞു കൊടുക്കണം. ഇപ്പോഴും വിഷുവിനു പല വയറിന്റെയും ആകൃതികളിൽ ചക്ക മൂത്തും പഴുത്തും അവരെ ഒന്നിച്ചിരുത്തി. അവൻ വറ്റലുണ്ടാക്കുമ്പോൾ അവൾ പുഴുക്കോ തോരനോ ഉണ്ടാക്കി. ഒന്നിച്ചു കഴിക്കുമ്പോൾ ,"ചക്കയ്ക്കും വിഷുവിനും എന്താ സ്വാദ്"- എന്ന് പറഞ്ഞു. ഇടയ്ക്ക് ഒരു വർഷം കിട്ടിയ ചക്കയ്ക്ക് അവളുടെ വയറിന്റെ അതേ ആകൃതിയായിരുന്നു. ആ വിഷു സദ്യയ്ക്ക് ശേഷം അവനെ പോലെ ലോലമായ ഹൃദയമുള്ള ഒരു പുതിയ ആൾ കൂടി വന്നു. വിഷു പിന്നെയും ഉണ്ടാവുകയും കണിക്കൊന്ന വീണ്ടും പൂക്കുകയും ചെയ്തു. 

"അന്ന് ആ വിശേഷ ദിവസത്തിൽ നമ്മൾ ഒളിച്ചോടിയതു കൊണ്ടായിരിക്കും അല്ലേ ഇങ്ങനെ ഇപ്പോഴും നമ്മൾക്ക് വഴക്കിടാതെ ജീവിക്കാനാവുന്നത്?", അവൾ ചോദിക്കുമ്പോൾ, അവരുടെ പുതിയ വീടിന്റെ മുന്നിലെ കണിക്കൊന്ന നിറയെ ഇല കാണാതെ മഞ്ഞിച്ചു നിന്നിരുന്നു. 

നീ എന്നോടൊപ്പമല്ലേ ഒളിച്ചോടിയത്...

ആരും കേൾക്കാതെ ആത്മവിശ്വാസത്തോടെ അവൻ അവളുടെ ചെവിയിലത് പറയുമ്പോൾ പ്രായം മറന്നും കണിക്കൊന്ന മരം അവരുടെ മുന്നിലേയ്ക്ക് പൂവെറിഞ്ഞു കൊടുത്തു. 

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.