Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിനിയുടെ കുടുംബത്തിന്‍റെ വേദനകളിലൂടെ ഒരു യാത്ര

lini-family-2

അമ്മയെ തിരക്കി കുഞ്ചു ഇടവഴിയിലേക്ക് ഓടും. ഓരോ വണ്ടിയുടെയും ശബ്ദം അവന് പ്രതീക്ഷയാണ്. ജോലി കഴിഞ്ഞ് കേക്കും പഴങ്ങളും ചുണ്ടിലെപ്പോഴും ചിരിയുമായി എത്തുന്ന അമ്മയെന്ന സ്നേഹം. കുഞ്ചുവിനെ വാരിപ്പുണര്‍ന്ന് ഋതുലിന്റെ കൈപിടിച്ച് കാര്യം പറഞ്ഞ് വീട്ടിലേക്കെത്തും. വഴിതെറ്റിയല്ല. വഴിതേടിയും കേട്ടറിഞ്ഞും പലരും വീട്ടിലേക്കെത്തുന്നുണ്ട്. പക്ഷേ കുഞ്ചുവിന്റെ അമ്മ മാത്രം വരുന്നില്ല.

‘ചേട്ടാ അമ്മയെന്തേ വരാത്തെ... ഞാന്‍ പിണക്കമാ..’ എന്ന ചിണുങ്ങലിന് സിദ്ധു ‘ഇങ്ങ് പോര്, അമ്മ നാളെ വരു’മെന്ന് ചേട്ടന്‍ ഋതുല്‍ ആശ്വസിപ്പിക്കും. കാത്തിരുന്ന് അപ്പയുടെ നെഞ്ചില്‍ കുഞ്ചു ചാഞ്ഞുറങ്ങും. ഉറക്കമുണരുമ്പോള്‍ അമ്മയെ വിളിക്കും. അച്ഛനോട് മാത്രം പിണക്കമില്ല. ഉമ്മ നല്‍കിയാല്‍ പിന്നെ കുഞ്ചു അച്ഛനോട് ഒരുപാട് സംശയങ്ങള്‍ ചോദിക്കും. ഈ പതിവ് തുടങ്ങിയിട്ട് അഞ്ച് നാള്‍ കഴിഞ്ഞു. അഞ്ചും രണ്ടും വയസുള്ള ഈ കുരുന്നുകള്‍ക്ക് അമ്മയെന്ന പുണ്യത്തിന്റെ വാല്‍സല്യം ഇനി ഓര്‍മകളില്‍ മാത്രം. അക്കരെയായിരുന്ന അച്ഛന് പകരം എല്ലാ സ്നേഹവും പകര്‍ന്ന് നല്‍കിയത് ലിനിയെന്ന അമ്മയായിരുന്നു. അതെ. നിപ്പ ബാധിച്ചെത്തിയ രോഗിയെ പരിചരിക്കുന്നതിനിടയില്‍ വൈറസ് ബാധയില്‍ മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ മക്കള്‍ കേരളത്തിന്‍റെ തന്നെ നോവുഭാരമാണ് ഇന്ന്.

ഒരുപാടുപേരുടെ കണ്ണ് നനയിക്കുന്ന കാഴ്ചയാണ്. മക്കളെ നെഞ്ചോട് ചേര്‍ത്ത് പ്രിയമതമയുടെ വേര്‍പാട് കണ്ണീരിലൊതുക്കി നിസഹായനായി ഇരിക്കുന്ന സജീഷ് സമര്‍പ്പണത്തിന്റെ ഭാവമായി ലോകമറിയുന്ന മാലാഖയുടെ പാതിയാണ്.

ഋതുലിന് അമ്മ കൊടുത്ത വാക്ക്

നന്നായി പഠിച്ചാല്‍ അപ്പയ്ക്കൊപ്പം നമുക്കും വിമാനത്തില്‍ പറക്കാം. അങ്ങ് ദൂരെയുള്ള കാഴ്ചകളൊക്കെ കാണാം. മൂത്ത മകന്‍ പഠിക്കാന്‍ മടി കാണിച്ചാല്‍ ലിനിയെടുക്കുന്ന സൂത്രമായിരുന്നു ഇത്. ഭര്‍ത്താവിനൊപ്പം വിദേശയാത്ര ലിനിയും അതിയായി ആഗ്രഹിച്ചിരുന്നു. ഈ സ്വപ്നം ബാക്കിയാക്കിയാണ് അവള്‍ കാണാമറയത്തേക്ക് യാത്രയായത്. വിദേശത്തേക്ക് പലതവണ ഭര്‍ത്താവ് സജീഷ് വിളിച്ചെങ്കിലും ജോലിയില്ലാതെ ഞാനെങ്ങോട്ടുമില്ലെന്നായിരുന്നു ലിനിയുടെ വാക്കുകള്‍. വേദനിക്കുന്നവര്‍ക്ക് താങ്ങാകാന്‍ ലിനി തെരഞ്ഞെടുത്തത് നഴ്സ് ജോലിയായിരുന്നു. ആശുപത്രിയിലെ തിരക്കിനിടയിലും ബി.എസ്.സി നഴ്സിങ് ബിരുദം നേടി. ഇനിയുമേറെ പഠിക്കാന്‍ ആഗ്രഹിച്ചു. പലതും നേടാനുണ്ടെന്ന് സജീഷിനെ ഓര്‍മിപ്പിച്ചു. ഇതിനിടയിലാണ് വിധി നിപ്പയുടെ രൂപത്തിലെത്തി കവര്‍ന്നത്.

അമ്മേ ഞാനിറങ്ങുന്നു; അവര്‍ക്ക് വേണ്ടതെല്ലാം എടുത്തുവച്ചിട്ടുണ്ട്

പിന്നെ ലിനി ഒരോട്ടമാണ്. ഇടവഴിയിലൂടെ പതിവ് ബസില്‍ കയറാനുള്ള വേഗം. ഭര്‍ത്താവ് സജീഷ് വിളിക്കുമ്പോഴെല്ലാം ബസിലെ തിരക്കിനിടയില്‍ ലിനിയുടെ യാത്ര തുടരുന്നുണ്ടാവും. വൈകിട്ടെത്തി വിളിക്കാമെന്ന് വാക്ക് നല്‍കിയാലും പലപ്പോഴും വിളിക്കാന്‍ പോലും കഴിയാറില്ല. അത്രയേറെ വൈകിയാണ് വീട്ടിലെത്തുന്നത്. പിന്നെ ഋതുലിനും സിദ്ധാര്‍ഥിനും മാത്രമായുള്ള ലിനിയുടെ ലോകം. അമ്മയുടെ അടുത്ത് കുഞ്ഞുങ്ങളെ സുരക്ഷിതമാക്കി ഇറങ്ങിയാല്‍ പിന്നെ ലിനി വേദനിക്കുന്നവരുടെ ലോകത്താണ്. സമയം നോക്കാതെ സേവന സന്നദ്ധയാകും. പലര്‍ക്കും ലിനി നഴ്സായിരുന്നില്ല. കൂടെപ്പിറപ്പും സഹായിയും മകളും വാല്‍സല്യനിധിയായ അടുപ്പക്കാരിയും. നിപ്പ ബാധയില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിയ കുരുന്നുകളുള്‍പ്പെടെ പൂര്‍ണമായ പരിചരണം ലിനിയുടെ നേതൃത്വത്തിലായിരുന്നു. ഒരു കുറവും വരാതെ നോക്കി. ഒടുവില്‍ നിപ്പ ലിനിയെ കീഴ്പ്പെടുത്തി. മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.

വാർത്തയുടെ പൂർണ്ണരൂപം വായിക്കാം