Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിലിടങ്ങളെന്നാൽ സ്ത്രീകളെ അപമാനിക്കുന്ന ഇടങ്ങളെന്നാണോ?

three-women-45 നിഷ സാരംഗ്, ശാരദക്കുട്ടി, മാലാ പാർവതി.

നിഷാ സാരംഗ് ചാനലിൽ ഇരുന്നു കരയുന്നത് കണ്ടപ്പോൾ ആദ്യം തോന്നിയത് ഏതു രംഗത്തും ജീവിക്കാൻ വേണ്ടി സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ ക്കുറിച്ചാണ്. ഏതൊരു തൊഴിൽ രംഗവും എന്ന പോലെ തന്നെയാണ് പല അഭിനേതാക്കളും സീരിയൽ രംഗത്തെയും കാണുന്നത്. അഭിനയം എന്ന പാഷനിലുപരിയായി നല്ല വരുമാനമുള്ള, അതേസമയം പ്രശസ്തി ലഭിക്കുന്ന ഒരു തൊഴിൽ രംഗം. സിനിമയെ അപേക്ഷിച്ചു നോക്കുമ്പോൾ താരത്തിളക്കവും പ്രതിഫലവും കുറവാണെങ്കിലും സീരിയൽ എന്ന കലാലോകത്തെ ആശ്രയിച്ചു ജീവിക്കുന്നവർ നിരവധിയാണ്. പക്ഷേ മറ്റു പലയിടത്തെയും പോലെ സ്ത്രീകൾ അവിടെയും അപമാനിക്കപ്പെടുന്നുണ്ട്. ആ സത്യമാണ് നിഷ സാരംഗ് എന്ന നടിയുടെ കണ്ണുനീരിലൂടെ വെളിപ്പെടുന്നത്.

ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള ഒരു സീരിയലിലെ പ്രധാന നായികയുടെ അവസ്ഥ ഇതാണെങ്കിൽ അറിയപ്പെടാത്ത അഭിനേതാക്കളുടെ അവസ്ഥ എന്തായിരിക്കും?. എത്രയോ നാളുകളായി മാനസികമായി അനുഭവിക്കുന്ന സങ്കടങ്ങളുടെ ഒരു പൊട്ടിത്തെറിയാണ് നിഷ കഴിഞ്ഞ ദിവസം നടത്തിയതും. ഒരു വൃത്തികെട്ട പുരുഷൻ സ്ത്രീകളോടു സംസാരിക്കുന്ന രീതിയിലാണ് സീരിയൽ സംവിധായകൻ തന്നോട് നടത്തിയതെന്ന് നിഷ പറയുന്നു, പലയിടങ്ങളിലും പരാതി നൽകിയിട്ടും നേരിട്ട്  പ്രതികരിച്ചിട്ടും അതിന്റെ പക മനസ്സിൽ വച്ചുകൊണ്ട് അയാൾ വീണ്ടും മാനസികമായ പീഡനങ്ങൾ തുടർന്നിരുന്നുവെന്നും. മകളുടെ വിവാഹത്തിനും പിന്നീട് മകളുടെ സങ്കീർണമായ പ്രസവ ദിവസങ്ങളിൽ പോലും വെറും മൂന്നു ദിവസത്തെ ലീവ് മാത്രമെടുത്തുകൊണ്ടും ചാനലിലും സീരിയലിനും വേണ്ടി നില കൊണ്ട് തന്റെ ജോലിയും ഉത്തരവാദിത്തവുമാണ് നിഷ എന്ന അഭിനേത്രി കാണിച്ചത്, പക്ഷേ ഒരു സ്ത്രീ കാണിച്ച കമ്മിറ്റ്മെന്റിന്റെ പകുതി പോലും കാണിക്കാനുള്ള ചങ്കുറപ്പ് അതിന്റെ സംവിധായനില്ലാതായിപ്പോയി.

ഈ വിഷയത്തിന്റെ പേരിൽ വിവാദങ്ങൾ നടക്കുമ്പോൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ പല സ്ത്രീകളും നിഷയ്ക്ക് ഒപ്പം നിൽക്കുന്നുവെന്ന് പിന്തുണയും അറിയിച്ചത്. പത്രപ്രവർത്തകയും സിനിമ നടിയുമായ മാലാ പാർവ്വതി നിഷയ്ക്ക് പിന്തുണ അറിയിച്ചതിനൊപ്പം തനിക്കുണ്ടായ ദുരനുഭവം പങ്കു വയ്ക്കുകയും ചയ്തു ,

ഈ വിഷയത്തിന്റെ പേരിൽ വിവാദങ്ങൾ നടക്കുമ്പോൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ പല സ്ത്രീകളും നിഷയ്ക്ക് ഒപ്പം നിൽക്കുന്നുവെന്ന് പിന്തുണയും അറിയിച്ചത്. പത്രപ്രവർത്തകയും സിനിമ നടിയുമായ മാലാ പാർവ്വതി നിഷയ്ക്ക് പിന്തുണ അറിയിച്ചതിനൊപ്പം തനിക്കുണ്ടായ ദുരനുഭവം പങ്കു വയ്ക്കുകയും ചയ്തു ,

"ഞാനിന്നലെ നിഷയോട് സംസാരിച്ചു. സംവിധായകന്റെ ഇംഗിതങ്ങൾക്ക് വഴങ്ങാത്ത നടിമാർ, ഒരു ഭാരമായി സംവിധായകർക്ക് മാറാറുണ്ട്. ഒരു " പ്രയോജനവുമില്ലാത്ത വേയ്സ്റ്റ്". എന്നൊക്കെ പറഞ്ഞ് പരമ്പര എടുക്കുന്നതിന്റത്രേം തന്നെ താൽപര്യത്തോടെ പുച്ഛിക്കൽ ആരംഭിക്കും. ഇത് ഞാനും അനുഭവിച്ചിട്ടുള്ളതായതു കൊണ്ട് നിഷ പറഞ്ഞ ഓരോ വാക്കും എനിക്ക് വ്യക്തമായി ബോധ്യപ്പെട്ടു.നിഷ ചോദിക്കുകയാ- " ചേച്ചി, ഞാനിത് പറഞ്ഞു പോയതു കൊണ്ട് ഇനി ആരും വർക്ക് തരില്ലേയെന്ന്.  ഒരു ചാനലിൽ നിന്ന് ശമ്പളം  കിട്ടാതെ ഞാൻ രാജി വെച്ച്... വല്ലാത്ത മാനസികാവസ്ഥയിൽ എന്തു ചെയ്യുമെന്നറിയാതെ മറ്റൊരു ചാനലിൽ ജോലിക്ക് പോയി. ഒരാഴ്ച ജോലി ചെയ്തില്ല. 'ചാനൽ മൊതലാളിയെ സഹോദരനല്ലാതെ കണ്ടു തുടങ്ങിയാൽ.. ശമ്പളമല്ല കിട്ടാൻ പോകുന്നത്" ആ ചാനലിലെ ജോലി രാജിവച്ചു.. എന്ത് ചെയ്യണമെന്നറിയാതെ വീട്ടിൽ വന്ന് കയറി. നിരാശയിലേക്ക് കൂപ്പ് കുത്തി വീഴുന്നതിനിടയ്ക്ക് ജീവിച്ചിരിക്കാൻ വേണ്ടി പൊട്ടിക്കരഞ്ഞ്, പോകാറുണ്ടായിരുന്നു. അതേ കരച്ചിലാണ് ഞാൻ കേട്ടത്.അതേ മുഖമാണ് ഞാൻ നിഷയിൽ കണ്ടത്. ഒരു ചാനലും ഒരു സീരിയലും അല്ല നമ്മുടെ വിധി നിർണ്ണയിക്കുന്നത്,എന്ന് എനിക്ക് ഇന്ന് പറയാൻ പറ്റും. നിഷയോടൊപ്പം നിൽക്കണം", മാലാ പാർവ്വതി പറയുന്നു.

saradakutty

എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടിയുൾപ്പെടെയുള്ളവർ അതി രൂക്ഷമായാണ് ഈ വിഷയത്തോട് പ്രതികരിച്ചത്. 

"എല്ലാ ദിവസവും 8 മണിക്ക് നീലു വന്നു ചിരിപ്പിക്കാറുണ്ട്.. സീരിയലിൽ ഇനി നീലു ഇല്ല. അവരെ ഒഴിവാക്കിയിരിക്കുന്നു. നീലു ഇല്ലെങ്കിൽ പിന്നെ അതിന്റെ ശീർഷകം തന്നെ മാറ്റേണ്ടി വരും. നിഷാ സാരംഗ് കരയുകയാണ്. മകളുടെ കല്യാണ സമയത്തും പ്രസവ സമയത്തും പോലും അവധിയെടുക്കാതെ പണിയെടുക്കേണ്ടി വന്ന സാഹചര്യം വിശ്വസനീയമായാണ് അവർ പറഞ്ഞത്. തൊഴിൽ മേഖലയിലെ അധികാര പ്രമത്തതയെക്കുറിച്ചാണ് പറഞ്ഞത്.കേട്ടിടത്തോളം നിഷാ സാരംഗിനെ വിശ്വസിക്കാനാണ് തോന്നുന്നത്. അഭിമാനിയായ ഒരു കലാകാരി ഇങ്ങനെ തകർന്നു പൊട്ടിക്കരയണമെങ്കിൽ അതിലെന്തോ കാര്യമുണ്ടെന്ന് മനസ്സു പറയുന്നു. അവർക്കൊപ്പം നിൽക്കുന്നു."

വിഷയം അഭിനേതാക്കളുടെ സംഘടനയായ അമ്മയും വനിതാ കമ്മിഷനും ഏറ്റെടുത്തെന്നും സീരിയലിൽ നിന്ന് സംവിധായകനെ പുറത്താക്കിയെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ. പക്ഷേ എത്രയൊക്കെ വാർത്തകളും അനുഭവങ്ങളും ഉണ്ടായിട്ടും സ്ത്രീകൾക്കെതിരെയുള്ള അതിരൂക്ഷമായ ആക്രമണങ്ങൾക്ക് ഒരു കുറവും സംഭവിക്കുന്നതേയില്ല. അതിജീവനത്തിനു വേണ്ടി തന്നെയാണ് പുരുഷനെ പോലെ തന്നെ സ്ത്രീകളും ജീവിതവുമായി ബന്ധപ്പെട്ട പല ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ പോലും അതൊക്കെ ഉപേക്ഷിച്ച് ജോലിക്കായി പോകുന്നത്. അവിടെ അവരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അത്യാവശ്യവുമാണ്. സ്ത്രീകളുടെ തൊഴിലിടങ്ങളിലെ അതിക്രമങ്ങൾക്കെതിരെ നിയമ ഭേദഗതി വന്ന അവസരത്തിൽ തന്നെയാണ് ഒരു സ്ത്രീ അവളുടെ തൊഴിലിടത്തിൽ നീതികേടുകളെ കുറിച്ച് പൊതു സമൂഹത്തിൽ തുറന്ന ക്യാമറ കണ്ണുകൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു കൊണ്ട് തുറന്നു പറഞ്ഞതും. ഏതൊക്കെ സംഘടനകൾ ഒപ്പമുണ്ടെന്നു പറഞ്ഞാൽ പോലും പുരുഷന് പൊതുവിൽ സ്ത്രീകളോടുള്ള മനോഭാവം മാറാതെ ഒരിക്കലും ഇവിടെ അതിശയങ്ങൾ ഒന്നും നടക്കാൻ പോകുന്നില്ല എന്ന് വീണ്ടും വീണ്ടും ഇത്തരം സംഭവങ്ങൾ ഉറപ്പാക്കുന്നു.

സ്ത്രീ എന്നത് പുരുഷന്റെ ശാരീരിക- മാനസിക വൈകൃത അവസ്ഥകളിൽ അവന് ഉപയോഗിക്കാനുള്ള ഉപകരണമല്ലെന്നും സ്ത്രീകൾ ലിംഗ തലത്തിൽ മാത്രം വ്യത്യസ്തമായി നിൽക്കുന്ന ഒരു മാനുഷിക ജീവിയാണെന്നുമുള്ള തിരിച്ചറിവിനപ്പുറം ഔദാര്യമൊന്നും അവൾക്ക് നൽകേണ്ടതില്ല. പ്രത്യേകമായി തരം തിരിച്ച ക്യൂ സംവിധാനമോ പ്രത്യേക പരിഗണ അർഹിക്കുന്നവർക്കല്ലാതെയുള്ള സീറ്റ് സൗകര്യമോ ജോലി സംവരണമോ ഒന്നുമല്ല അവൾക്ക് നൽകേണ്ടത്. മനുഷ്യൻ എന്ന സഹജീവി ആണെന്നുള്ള തിരിച്ചറിവാണ്. അതാണ് അവൾ ചുറ്റുമുള്ളവരിൽ നിന്ന് പ്രതീക്ഷിക്കുന്നതും. അത് ഒരു ഔദാര്യമല്ല, ഭരണഘടനയ്ക്കുള്ളിൽ ജീവിക്കുന്ന മനുഷ്യൻ എന്നുള്ള അവകാശമാണ്. എന്തുതന്നെയായാലും നിഷയുടെ വിഷയത്തിൽ "'അമ്മ" എടുത്ത നിലപാട് സ്വാഗതാർഹം തന്നെ. 

സോഷ്യൽ മീഡിയ "നിഷയ്‌ക്കൊപ്പം" തന്നെയെന്നും, അത്തരം അനുകൂല പോസ്റ്റുകൾ തന്നെയാണ് എല്ലായിടങ്ങളിലും. അപമാനിക്കപ്പെടുന്ന സ്ത്രീകളുടെ ഒപ്പമുണ്ടാകേണ്ട ബാധ്യത അല്ലെങ്കിലും സമൂഹത്തിനുണ്ട്. സീരിയലിന്റെ, സിനിമയിലോ ഒരു സ്ത്രീ അവളുടെ സമയം പോലും മാറ്റി വച്ച് ജോലി ചെയ്യാൻ തയാറായി വന്നാൽ അതിന്റെ അർഥം അവൾ എന്തും ചെയ്യാൻ തയാറായി വന്നതല്ലെന്നു ഇനിയെങ്കിലും ബുദ്ധിയും ബോധവുമുള്ള അണിയറപ്രവർത്തകർ മനസ്സിലാക്കട്ടെ! എല്ലാവരെയും പോലെ തന്നെ , വീണ്ടും #അവൾക്കൊപ്പം