Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാമത്തിന്റെ കഥകൾ പെണ്ണുങ്ങൾക്കും പറയാനുണ്ട്

lust-stories-01

ലസ്റ്റ് സ്റ്റോറീസ് എന്നാൽ കാമത്തിന്റെ കഥകൾ, ലസ്റ്റ് (lust) എന്ന വാക്കിന് ഒരുപാട് അർത്ഥങ്ങളൊന്നുമില്ല, എന്തിനോടെങ്കിലുമുള്ള ആസക്തി എന്ന് തന്നെയാണ് അർഥം. പൊതുവെ ഈ പദം അടയാളപ്പെടുത്താൻ ഉപയോഗിക്കുന്നത് ഉടലുകളുടെ തീക്ഷ്ണമായ ആസക്തിയെയാണ്.  ലസ്റ്റ് സ്റ്റോറീസ്(lust stories) എന്ന ആന്തോളജി സിനിമയും പറയുന്നത് കാമത്തെക്കുറിച്ചാണ് പക്ഷേ എല്ലായ്പ്പോഴും സിനിമയും സാഹിത്യവും കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന പുരുഷ ലൈംഗികതയെ കുറിച്ചല്ല, ഇവിടെ സ്ത്രീകളാണ് അവരുടെ ആസക്തിയെ കുറിച്ച് സംസാരിക്കുന്നതും ലൈംഗികതയിൽ ഇടപെടുന്നതും. 

അനുരാഗ് കശ്യപ്, സോയ അക്തർ,ദിബാകർ ബാനർജി,കരൺ ജോഹർ എന്നീ ബോളിവുഡ് സംവിധായകരുടെ ചെറിയ ചിത്രങ്ങളാണ് ആന്തോളജിയായി  ലസ്റ്റ് സ്റ്റോറി (lust stories) ആയി പുറത്തിറങ്ങിയത്. ചങ്കൂറ്റത്തോടെ ബോളിവുഡിൽ സ്ഥിരം ഇടപെടുന്ന രാധിക ആപ്‌തെ, ഭൂമി പെഡനേക്കർ, മനീഷ് കൊയ്‌രാള, കെയ്‌റ അദ്വാനി എന്നിവരാണ് ഇതിൽ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അനുരാഗ് കശ്യപിന്റെ കഥയിൽ രാധിക ആപ്‌തെ കാളിന്ദി എന്ന അധ്യാപികയായി വേഷമിടുന്നു. സ്വയംഭോഗത്തെക്കുറിച്ചും അതിനു വേണ്ടുന്ന കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്ന വിദ്യാർഥികളുള്ള ക്ലാസ്സിലെ അധ്യാപികയ്ക്ക് തേജസ് എന്ന വിദ്യാർഥിയോട് ആസക്തി തോന്നിയത് ഒരു തെറ്റായി കാളിന്ദി കരുതുന്നതേയില്ല. തേജസുമായി ലൈംഗികബന്ധത്തിന് ആദ്യമായി മുൻകൈയ്യെടുക്കുന്നതും തുടങ്ങി വയ്ക്കുന്നതും കാളിന്ദി തന്നെ. ലൈംഗികതയിൽ അവൾ അവളുടെ ഇടം നേടിയെടുക്കുന്നത് മിക്കപ്പോഴും തങ്ങളെ പുരുഷന്റെ താൽപര്യങ്ങൾക്കനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന പാവകളായി കാണുന്നിടത്ത് നിന്നും ലൈംഗികതയിൽ അവൾ സ്വാതന്ത്ര്യം നേടിയെടുക്കുന്നത് ഇത്തരം "ടോപ്" പൊസിഷനുകളിൽ നിന്നാണ്. പക്ഷേ കാളിന്ദി പ്രശ്നത്തിലാകുന്നത് വിദ്യാർഥിയുടെ മറ്റൊരു പ്രണയം കണ്ടെത്തുമ്പോഴാണ്.

അവനോട് ഒരിക്കൽ രതിയിൽ ഏർപ്പെട്ടെന്നു കരുതി അമിതമായ അടുപ്പം കാട്ടരുതെന്ന് പറയുമ്പോഴും തേജസിൽ കാളിന്ദി അമിതമായി ഇടപെടുന്നുണ്ട്. പക്ഷേ അതിന്റെ കാരണമായി കാളിന്ദി ചൂണ്ടി കാട്ടുന്നത് പ്രണയത്തിൽ എല്ലായ്പ്പോഴും പാലിക്കേണ്ട വിശ്വാസം എന്ന പ്രയോഗത്തെയാണ്. എന്നിരുന്നാലും ഏറ്റവുമൊടുവിൽ ഞാൻ നിങ്ങൾക്കുവേണ്ടി എന്തും ഉപേക്ഷിക്കാം എന്ന് തേജസ്സ് പറയുമ്പോൾ, "നിനക്ക് ഭ്രാന്തുണ്ടോ ഞാനൊരു വിവാഹിതയാണ്" എന്ന് അതീവ ലാഘവത്തോടെ കാളിന്ദി പറയുന്നു. അവിടം കൊണ്ട് പ്രണയത്തിൽ നിന്നും ലസ്റ്റ് സ്റ്റോറിയിലേയ്ക്ക് പ്രേക്ഷകൻ വീണ്ടുമെത്തുന്നു. കാമത്തെ കുറിച്ച് മാത്രമാണ് പറയാനുള്ളതെന്ന് ഓർമ്മിപ്പിക്കുന്നു.

ഭൂമി പ്രധാന നായികയായി അഭിനയിക്കുന്ന സോയ അക്തർ ചിത്രം പറയുന്നത് വളരെ സാധാരണമായ കഥയാണ്. നാളുകൾ ഏറെയായി ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഭാഗത്തെ കുറിച്ചാണ്. വീട്ടിലെ സാഹചര്യങ്ങൾ കൊണ്ട് മറ്റു വീടുകളിൽ ജോലിക്കു പോകുന്ന സ്ത്രീകളിൽ പലരും രതിയ്ക്ക് വേണ്ടിയുള്ള ഉപകരണങ്ങളായി മാറാറുണ്ടെന്നും അത് അറിഞ്ഞും അറിയാതെയും സംഭവിക്കാറുണ്ടെന്നും ഈ കഥ പറഞ്ഞു വയ്ക്കുന്നു. ഭൂമിയുടെ സുധ എന്ന വേലക്കാരി കഥാപാത്രം അവൾ ജോലിയെടുക്കുന്ന വീട്ടിലെ അവിവാഹിതനായ യുവാവുമായി പലപ്പോഴും രതിയിൽ ഏർപ്പെടുന്നവളാണ്. ഒരിക്കലും അയാൾ തന്നെ വിവാഹം കഴിക്കില്ലെന്ന് അറിയുമായിരുന്നിട്ടും അവൾ അതിനു തയാറെടുക്കുന്നു.

അതൊരിക്കലും അയാളുടെ മാത്രം താൽപ്പര്യം കൊണ്ടുമല്ല,  ഒരുപക്ഷേ അയാളേക്കാളേറെ അവൾ രതി ആസ്വദിക്കുന്നുണ്ട്, അവൾ കൂടി അതിൽ പങ്കാളിയാവുകയും അയാളുടെ ആസക്തികളെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ അയാളുടെ വിവാഹാലോചനകൾ മുറുകുന്നതോടെ അവൾ സ്വയം തിരിച്ചറിയുന്നു. തന്റെ മുന്നിൽ വച്ച് ഒരിക്കൽ ഉടൽ പങ്കിട്ടവൻ മറ്റൊരു പെൺകുട്ടിയെ  പ്രണയിക്കുന്ന രംഗം കാണുമ്പോൾ അവൾ ഉടലിന്റെ പ്രസക്തിയെ കുറിച്ച് തന്നെയാകും ആലോചിച്ചിരിക്കുക. കാരണം സുധ അയാൾക്ക് ഒരു ഉടൽ മാത്രമായിരുന്നു, വീട്ടു ജോലികൾ ചെയ്യാനും അയാളുടെ ഉടലിന്റെ ആസക്തി തീർക്കാനുമുള്ള വെറുമൊരു ശരീരം. അവിടെ പ്രണയമോ സഹാനുഭൂതിയോ ഉണ്ടാകുന്നതേയില്ല... കാമം മാത്രം...

ഭാര്യാ -ഭർതൃ  ബന്ധത്തിൽ മൂന്നാമതൊരാൾ കടന്നു വരുമ്പോഴുള്ള അനുഭവമാണ് ദിബാകരുടെ ചിത്രം പറയുന്നത്. ഒട്ടും പുതുമയുള്ള ബന്ധമല്ല ഇത്തരം അനുഭവങ്ങൾ. ഒരു ബന്ധത്തിൽ നിന്നു കൊണ്ട് തന്നെ ശരീരത്തിന്റെ ആസക്തികളിൽ പെട്ട് അപര ശരീരത്തെ കൂടി ആസ്വദിക്കാൻ തോന്നിപ്പിക്കുന്ന വൈകാരികത ആണിന് മാത്രമല്ല പെണ്ണിനും അതങ്ങനെ തന്നെയെന്ന് മനീഷ കൊയ്‌രാളയുടെ റീന പറയുന്നുണ്ട്. പക്ഷേ കാമത്തേക്കാളുമധികം റീന പ്രാധാന്യം കൊടുക്കുന്നത് തന്റെ ഭാര്യാ പദവിയ്ക്കും സ്നേഹത്തിനും തന്നെയെന്ന് മനസിലാക്കാം.

മൂന്നു വർഷമായി നിലനിർത്തിക്കൊണ്ടു പോന്നിരുന്ന പ്രണയത്തെ ഭർത്താവിന്റെ ഒരു തേങ്ങി ക്കരച്ചിലിൽ അവൾ ഉപേക്ഷിച്ച് പോരുമ്പോൾ താനൊരു ടിപ്പിക്കൽ സ്ത്രീ തന്നെയാണെന്ന് റീന ഉറപ്പിക്കുന്നു. ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്ന ഒരു മൂന്നാമിടമുണ്ട്, പക്ഷേ ജീവിതത്തിലെ ആ രണ്ടാമത്തെയാൾ കണ്ടെത്തുന്നതുവരെയെ ഉള്ളൂ മൂന്നാമിടത്തിന്റെ പ്രസക്തികൾ. രണ്ടാമൻ നിശബ്ദമായിരിക്കുന്ന കാലത്തോളം മൂന്നാമിടങ്ങൾക്ക് ആഴമേറിക്കൊണ്ടിരിക്കും. റീനയിൽ ആ മൂന്നാമിടം സമ്മാനിച്ചത് ശരീരത്തിന്റെ ആസക്തിയ്ക്കുള്ള മറുപടി മാത്രമല്ല, പ്രണയത്തിന്റെ ഊർജ്ജം കൂടിയായിരുന്നു. മിഡ് ഏജ് ക്രൈസിസിന്റെ ഇരകളാക്കപ്പെട്ടവരാണ് ഈ കഥയിലെ മൂന്ന് കഥാപാത്രങ്ങളും. പക്ഷേ തന്റെ പദവികളിൽ നിന്ന് കാമുകനിലേക്കുള്ള ദൂരം കൃത്യമായി നിർവചിക്കാൻ റീനയ്ക്ക് കഴിയുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് കണ്ണുകൾ മറച്ച കറുത്ത കണ്ണട ഒടുവിൽ അവൾ അണിയുന്നതും. അതൊരു മറയാണ്, ആത്മാവിനെ ആരും കാണാതെയിരിക്കാനുള്ള മറ.

സമൂഹമാധ്യമങ്ങളിൽ പലയിടത്തും വൈറലായ ഭാഗമാണ് കരൺ ജോഹറിന്റെ ചിത്രത്തിലുണ്ടായിരുന്നത്. സുന്ദരിയായ കെയ്‌റ എന്ന നായിക മേഘ എന്ന അധ്യാപികയായും ഭാര്യയായും അഭിനയിക്കുന്നു. ക്ലീവെജ്‌ തുറന്നു കാട്ടുന്ന സാരിയിട്ടു നടക്കുന്ന രേഖ ടീച്ചറിന്റെ സ്വാതന്ത്ര്യത്തിലേക്ക് മേഘയ്ക്ക് ചെന്നെത്തണമെന്നുണ്ട്. പക്ഷേ പലപ്പോഴും വളർന്നു വന്ന സദാചാരത്തിന്റെ മേഘപടലം അവളെ പൊതിഞ്ഞു പിടിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞു ഭർത്താവിന്റെ കിടക്കയിലേക്ക് ചെന്ന് കയറുമ്പോൾ അയാളുടെ ആസക്തി കലർന്ന ഉന്മാദങ്ങളെ ഒട്ടും വേദനിപ്പിക്കാതെ അവൾ സ്വീകരിക്കുന്നുണ്ട്. പക്ഷേ ഒരിക്കൽ പോലും നിനക്കും ആനന്ദം വേണമോ എന്ന ചോദ്യം അവൾ കേട്ടിട്ടില്ല.

ടിപ്പിക്കൽ ആയ ഒരു ഭർത്താവാണ് പരസ്. അവനവന്റെ ആനന്ദങ്ങളിലേയ്ക്ക് മാത്രമുള്ള വഴികൾ അന്വേഷിച്ച് നടക്കുന്നവൻ, ആ തിരിച്ചറിവ് വന്ന ഒരുവൾക്ക് അവളുടെ ആനന്ദങ്ങളിലേയ്ക്കും സ്വയം ചെന്നെത്തിക്കൂടേ? അത് വലിയൊരു ചോദ്യമാണ്! എത്ര പേര് ഉണ്ടായിരിക്കാം , കൃത്യമായി രതിയിൽ ആനന്ദം അനുഭവിച്ച ഭാര്യമാർ ? ഭാര്യമാരുടെ സംതൃപ്തമായ രതിയാനന്ദം കണ്ടനുഭവിച്ച ഭർത്താക്കന്മാർ? അവിടെ അവർ സ്വന്തം വഴികൾ കണ്ടെത്തിയാൽ അതിൽ എന്ത് തെറ്റ്? ലസ്റ്റ് എന്നത് പുരുഷന് മാത്രമുള്ള ആനന്ദമാണെന്ന പരമ്പരാഗതമായ തെറ്റിദ്ധാരണകളെയാണ് ഈ ഒരു അര മണിക്കൂർ കൊണ്ട് കരൺ ജോഹർ തിരുത്തിയെഴുതിയത്.പക്ഷേ സ്വന്തം ആനന്ദം സ്വയം തേടുന്ന സ്ത്രീകൾ കുടുംബത്തിന് ചേരാത്തവളാകുന്ന ചിന്തകൾക്ക് നേരെ മേഘ നിശ്ശബ്ദയാകുന്നു, അതൊരു തെറ്റായി അംഗീകരിക്കാൻ അവൾ ശ്രമിക്കുന്നില്ലെങ്കിലും പരസ്യമായിപ്പോയ തന്റെ ആനന്ദങ്ങളുടെ പേരിൽ അവൾ മാപ്പ് ചോദിക്കുന്നുണ്ട്. കാമം പുരുഷന് മാത്രമുള്ളതാണെന്നും സ്ത്രീകൾ അവന്റെ ആനന്ദങ്ങൾക്കൊപ്പം ചലിക്കേണ്ടിയവൾ മാത്രമാണെന്നുമുള്ള സാമാന്യ ബോധത്തെയാണ് കരൺ ജോഹർ ചോദ്യം ചെയ്യുന്നത്.

കാമത്തിന്റെ കഥകൾ വളരെ ടിപ്പിക്കലായ ഒരു സദാചാര സമൂഹത്തിനു അത്ര ദഹിക്കുന്നതല്ല. പക്ഷേ കണ്ണടച്ച് നാമൊക്കെ ചുറ്റും ഇരുട്ടാക്കുകയാണ്. ഓരോ ജീവിതങ്ങളിലും നടക്കുന്ന ഏറ്റവും രഹസ്യാത്മകതയുള്ള അനുഭവങ്ങളാണ് ലസ്റ്റ് സ്റ്റോറീസിലെ കഥകളെല്ലാം തന്നെ. വളരെ സാധാരണയായി നടക്കുന്ന അനുഭവങ്ങൾക്ക് രഹസ്യാത്മകത നൽകുന്നത് അതിൽ സ്ത്രീ ഉൾപ്പെടുന്നത് കൊണ്ടും അതിൽ കാമം ഉൾപ്പെട്ടിരിക്കുന്നതും കൊണ്ടാണ്. ഇത്രയും നാൾ സോകോൾഡ് സിനിമകളും സാഹിത്യങ്ങളും പറഞ്ഞു നടന്ന ആൺ അനുഭവങ്ങൾക്ക് ഒരു മറുവാദം ഉണ്ടാകുമെന്ന് ആരെങ്കിലും എന്നെങ്കിലും പ്രതീക്ഷിച്ചിരിക്കുമോ! കാമ കഥകൾ അത്തരമൊരു മറുവാദമാണ്, പെണ്ണിനും ആഗ്രഹങ്ങളും ആസക്തികളും ഉണ്ടെന്നും അവൾക്കും അത് പ്രകടിപ്പിക്കേണ്ടതും അനുഭവിക്കേണ്ടതും ഉണ്ടെന്നുമുള്ള പരസ്യ മൊഴി. അത് ചർച്ച ചെയ്യപ്പെടാനുള്ളതല്ല, ഔദാര്യമായി അനുവദിച്ചു കൊടുക്കാനുള്ളതുമല്ല, അവളുടെ ജീവിതമാണ്, അത് അവൾക്ക് തന്നെ ജീവിച്ചു തീർക്കാനുള്ളതുമാണ്.