Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്മതത്തെക്കുറിച്ച് യുപി പൊലീസ് ; യുവാക്കളെ കൈയിലെടുത്ത സന്ദേശം

consent-01

സമ്മതം സ്വാഭാവികമായി സംഭവിക്കേണ്ടതാണ്; സൗഹൃദത്തിലും പ്രണയത്തിലും ബന്ധങ്ങളിലും. സമ്മതത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നതുപോലെ വിസമ്മതത്തെ അംഗീകരിക്കാനും കഴിയണം. അന്തസ്സുള്ള സമീപനം. പക്ഷേ, വിസമ്മതത്തെ അംഗീകരിക്കുന്നതുപോയിട്ട് മനസ്സിലാക്കാൻപോലും തയാറാകാത്തവരാണു നമ്മുടെ സമൂഹത്തിൽ പലരും. ഫലം വർധിച്ചുവരുന്ന അക്രമങ്ങൾ. സ്നേഹം പിടിച്ചുവാങ്ങാനുള്ള ശ്രമം. എതിർക്കുന്നവരെ കീഴ്പ്പെടുത്താനുള്ള ശ്രമം. ആവശ്യം കഴിയുമ്പോൾ പരസ്പര സമ്മതപ്രകാരമായിരുന്നെന്ന മുടന്തൻ ന്യായീകരണവും. 

സമൂഹത്തിലെ വർധിച്ചുവരുന്ന അക്രമങ്ങൾ കുറയ്ക്കാനും പുതിയ തലമുറയെ ബോധവാൻമാരാക്കാനും വേണ്ടി ഉത്തർപ്രദേശ് പൊലീസ് പുറത്തിറക്കിയ സന്ദേശം സമ്മതം പോലെ വിസമ്മതവും അംഗീകരിക്കണമെന്ന് ഉത്ബോധിപ്പിക്കുന്നു. ഒരു വിഡിയോ സന്ദേശത്തിലൂടെ യുപി പൊലീസ് പറയേണ്ടതു പറഞ്ഞപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത് അഭിനന്ദനം. കരഘോഷം. 

നോ എന്നു പറഞ്ഞാൽ നോ എന്നുതന്നെയാണർഥം എന്ന സന്ദേശമാണു പൊലീസ് പകരുന്നത്. ടിൻഡർ ഇന്ത്യയുടെ പ്രമോഷണൽ വിഡിയോയിലെ ഒരു ഭാഗമാണ് പൊലീസ് ഉപയോഗിക്കുന്നത്. പങ്കാളികളെ കണ്ടെത്താൻ സഹായിക്കുന്ന ആപിന്റെ പരസ്യത്തിൽനിന്നുള്ള വീഡിയോ ക്ലിപ്. ശരി എന്നു രണ്ടുപേരും പറയുമ്പോഴാണ് ഒരു ബന്ധം ഉടലെടുക്കുന്നത്. ശരിക്കു പകരം ഇല്ല എന്നു പറയുമ്പോൾ അതംഗീകരിക്കുക. അവിടെ കാര്യങ്ങൾ അവസാനപ്പിക്കുക. സമ്മതം എന്നാൽ എന്താണെന്ന് ഒരു ആപിനു പോലും അറിയാം. എന്നിട്ടും നിങ്ങൾക്കെന്തുകൊണ്ടതു മനസ്സിലാകുന്നില്ല– പൊലീസ് ചോദിക്കുന്നു. 

സമ്മതം ചോദിക്കുക എന്നതുപോലും നമുക്കു പതിവില്ലല്ലോ. എല്ലാം നിർബന്ധപൂർവം ചെയ്യുകയും ചെയ്യിക്കുകയുമാണു നമ്മൾ...ഈ പരസ്യം ഗംഭീരം. ഇങ്ങനെ പോകുന്നു യുപി പൊലീസിന്റെ സൈബർ സന്ദേശത്തിനു ലഭിക്കുന്ന കമന്റുകൾ. ഗംഭീര ആശയം. നന്നായി നടപ്പാക്കിയിരിക്കുന്നു. ഇത്തരം ശ്രമങ്ങൾ നമ്മുടെ സമൂഹത്തെ നേർവഴിക്കു നയിക്കും. 

സൈബർ ഇടം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് യുപി പൊലീസ് കാണിച്ചുതന്നിരിക്കുന്നു. ഒരു സന്ദേശം എങ്ങനെ ഫലപ്രദമായി ജനങ്ങളിലെത്തിക്കാമെന്നും– അഭിനന്ദനങ്ങൾ. പുതിയ തലമുറയെ അടിസ്ഥാനപാഠങ്ങൾ പഠിപ്പിക്കാൻ ഇതിലും നല്ല മാർഗമില്ല. ഉത്തർപ്രദേശ് പൊലീസിന്റെ ഗംഭീര ആശയത്തിൽനിന്ന് സമ്മതത്തെക്കുറിച്ചും വിസമ്മതത്തെക്കുറിച്ചും മനസ്സിലാക്കി ഫലപ്രദമായി ജീവിക്കാൻ പുതിയ തലമുറയ്ക്കു കഴിയട്ടെ.