Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലു പെണ്ണുങ്ങളുടെ ആഗ്രഹങ്ങളുടെ കഥ

lipstick-under-burkha

നാലു പെണ്ണുങ്ങളുടെ കഥയാണ് ലിപ്സ്റ്റിക് അണ്ടർ ബുർഖ. സ്ത്രീപക്ഷ സിനിമകൾ നിരവധിയിറങ്ങുന്ന ബോളിവുഡിൽ ഇത് സ്ത്രീകളുടെ സ്വാതന്ത്ര്യ സിനിമാക്കാലവുമാണ്. ഉഷ, ഷിറീൻ, ലീല, രഹാനാ എന്നിവരെക്കുറിച്ചാണ് ഈ കഥ. ഇവർ നാലു പേരും കോളനിയിൽ അടുത്തടുത്തായി താമസിക്കുന്നവരാണ്. നാലു പ്രായത്തിലും അവസ്ഥകളിലും പെട്ടവർ, പക്ഷേ എല്ലായിടങ്ങളിലും പുരുഷന്റെ കീഴിൽ, അവരുടെ  മേൽനോട്ടത്തിൽ കഴിയുന്നവർ, പക്ഷേ സ്വതന്ത്രമായ ചിന്തയും ആഗ്രഹങ്ങളുമുള്ളവർ.

മധ്യവയസ്സും പിന്നിട്ട് വാർധക്യത്തിലെത്തിയ ഉഷയെ ബുവാജി എന്നാണു എല്ലാവരും വിളിക്കുന്നത്, പാരമ്പര്യ വസ്ത്രങ്ങൾ ഉപയോഗിക്കുന്ന ഉഷയുടെ മാറ്റം അത്ര സ്വാഭാവികമായിരുന്നില്ല. നീന്തൽ പഠിപ്പിക്കുന്ന യുവാവായ സുന്ദരനിൽ അവർ ആകൃഷ്ടയായതും അയാളെ കാണാൻ വേണ്ടി നീന്തൽ വസ്ത്രങ്ങളണിഞ്ഞ് നീന്തൽ പഠിക്കാൻ പോയതും നമ്മുടെ നാട്ടിൽ അത്ര സ്വാഭാവികമല്ല. പക്ഷേ, പ്രായം കൂടി എന്ന കാരണം കൊണ്ട് ഒരു സ്ത്രീ അവളുടെ മോഹങ്ങളെ എന്തിനു വേണ്ടെന്നു വയ്ക്കണം എന്ന് ഉഷ ഉറക്കെ ചോദിക്കാൻ ആഗ്രഹിക്കുന്നുണ്ട്. ഒരു സ്ത്രീക്ക് അവളുടെ മോഹങ്ങളെ- അത് ശരീരത്തിന്റേതാണെങ്കിലും മനസ്സിന്റേതാണെങ്കിലും - എത്രത്തോളം മൂടിവയ്ക്കാനാകും? ‌പുരുഷന്മാർ യാതൊരു നിയന്ത്രണങ്ങളും പാലിക്കാതെ അവരുടെ ആഗ്രഹങ്ങൾ ഏതു പ്രായത്തിലും പ്രവർത്തികമാക്കുമ്പോൾ പാരമ്പര്യത്തിന്റെ പേരു പറഞ്ഞു സ്ത്രീകൾ മാത്രം നിശബ്ദരായി തുടരണമോ? വലിയൊരു വിപ്ലവമാണ് ഉഷ അവരുടെ ജീവിതത്തിൽ നടത്തിയതെന്ന് പറയേണ്ടി വരും. 

ചെറുപ്പക്കാരനായ യുവാവിനൊപ്പം ലൈംഗിക ബന്ധത്തിന് ഉഷ ആഗ്രഹിക്കുന്നുണ്ട്, അപ്പോഴും പൂർണമാകാത്ത തന്റെ ശരീരത്തിന്റെ തൃഷ്ണകളെ അവർ വളരെ രഹസ്യമായി അയാളെ അറിയിക്കുന്നുണ്ട്, സ്വന്തം വ്യക്തിത്വം മറച്ചു ഉഷ നീന്തൽ അധ്യാപകനുമായ നടത്തുന്ന ഫോൺ സെക്സ് പോലും അവർ ഇരുവരും ആസ്വദിക്കുന്നുണ്ട്. പക്ഷേ ഉഷയുടെ മുന്നിലെത്തുമ്പോൾ അയാളുടെ ഒരു പ്രസ്താവനയുണ്ട്!, "പ്രണയിക്കാൻ നടക്കുന്നു, സ്വന്തം മുഖവും പ്രായവും നോക്കാതെ!". ഇവിടെ ഒരു ചോദ്യം ചോദിക്കാതെ വയ്യ, : പ്രണയിക്കാൻ സ്ത്രീക്കു മാത്രം പ്രായവ്യത്യാസം ആരു കൊണ്ടുവന്ന നിയമമാണ്? പ്രായം കൂടിയ പുരുഷന്മാർ പോലും പ്രണയിക്കാൻ ആഗ്രഹം അറിയിക്കുന്ന അവസ്ഥയിൽ പ്രായം കൂടുതൽ ഉള്ള സ്ത്രീക്ക് അതിനുള്ള അവകാശം ആരാണു ചോദ്യം ചെയ്യുന്നത്?

burkha-pic-arti.jpg.image.784.410

ഷിറീൻ അസ്‌ലാം എന്ന സ്ത്രീയാണ് ഒരുപക്ഷേ ഉഷയ്ക്കു ശേഷം അവളുടെ കോളനിയിൽ സ്ത്രീ എന്ന നിലയിൽ ഏറ്റവും കൂടുതൽ  അവഗണന അനുഭവിക്കുന്നത്. വിവാഹിതയാണ്, മൂന്നു കുട്ടികളുടെ അമ്മയാണ്. ഭർത്താവറിയാതെ ചെറിയ സ്വയം തൊഴിലുകൾ ചെയ്ത് അത്യാവശ്യങ്ങൾക്കു പണമുണ്ടാക്കുന്നവളാണ്! ഭർത്താവ് ജോലി ചെയ്തു പണമുണ്ടാക്കുമ്പോൾ എന്തിനാണു ഭാര്യയ്ക്കു ജോലി? ഭർത്താവിന്റെ ശരീര ആവശ്യങ്ങൾക്കു വഴങ്ങേണ്ടവൾ തന്നെയല്ലേ സ്ത്രീ? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾക്ക് ഷിറിന്റെ ജീവിതം ഉത്തരമാണ്.

ലൈംഗികത മനോഹരമാകുന്നതെപ്പോഴാണ്? സ്ത്രീയും പുരുഷനും ഒന്നിച്ച് അത് ആസ്വദിക്കുമ്പോൾ മാത്രമാണ്, അരയ്ക്കു താഴേക്കു മാത്രം ശരീരമുള്ള ഒരു ജീവി മാത്രമാണ് സ്ത്രീ എന്ന ചില പുരുഷന്മാരുടെ സങ്കൽപങ്ങൾ തന്നെ എന്തു ബോറാണെന്ന് ഷിറിന്റെ ജീവിതം കാണിച്ചു തരുന്നു. അവളുടെ ഭർത്താവ് അവളെ ഒരിക്കൽ പോലും ചുംബിച്ചിട്ടില്ല, അരയ്ക്കു മുകളിലേക്ക് അയാൾ നോക്കാറു കൂടിയില്ല, എല്ലാ ദിവസവും ഭക്ഷണം കഴിക്കുന്നതു പോലെയും വസ്ത്രം മാറുന്നതു പോലെയും അയാൾ നിത്യവും അവളുടെ പാന്റ് അഴിച്ചു മാറ്റുന്നു, അയാൾ മാത്രം ആസ്വദിക്കുന്നു. ഭാര്യ എന്ന വാക്കിന്റെയർഥം പുരുഷന്റെ ആവശ്യങ്ങൾക്കു ‘കീഴടങ്ങി’ മാത്രം ജീവിക്കേണ്ടവൾ എന്നാണോ? ഷിറിൻ എന്ന സ്ത്രീ ചുറ്റുമുള്ള എത്രയോ സ്ത്രീകളുടെ മുഖവുമായാണ് ജീവിക്കുന്നത് എന്നോർക്കുമ്പോൾ പരിഭ്രമം തോന്നുന്നുണ്ട്! എന്തുമാത്രം അവഗണിക്കപ്പെട്ടാണ് പല സ്ത്രീകളും അവരുടെ നിത്യജീവിതത്തെ മുഖാമുഖം ചെയ്തുകൊണ്ടിരിക്കുന്നത്!

ലീല വിവാഹം തീരുമാനിക്കപ്പെട്ട ഒരു പെൺകുട്ടിയാണ്. പക്ഷേ വിവാഹ നിശ്ചയത്തിന്റെ അന്നു പോലും കാമുകനോടൊപ്പം ശരീരം പങ്കു വയ്ക്കുന്നതിന് അവൾക്ക് മടിയില്ല. കാമുകനോടൊപ്പം ലോകം ചുറ്റിയടിക്കണമെന്നതാണ് അവളുടെ ആഗ്രഹം. ഒരുപക്ഷേ ആ പ്രായത്തിലുള്ള എല്ലാ പെൺകുട്ടികളെയും പോലെ വിവാഹത്തിനു മുൻപുള്ള സ്വാതന്ത്ര്യകാംക്ഷ. സ്വന്തമായി ബ്യൂട്ടി പാർലർ ലീലയ്ക്കുണ്ട് . അതുകൊണ്ടുതന്നെ അവളുടെ അതിജീവനം ബുദ്ധിമുട്ടല്ല, പക്ഷേ സ്വാതന്ത്ര്യമാണ് അവൾക്ക് പ്രശ്നം. കാമുകന്റെ നിരാകരണം ലീലയെ വിവാഹം കഴിക്കാൻ പോകുന്ന മനോജുമായി അടുപ്പിക്കുന്നു. വിവാഹത്തിനു മുൻപ് അയാളുമായി കാറിൽ വച്ച് ലൈംഗികബന്ധത്തിനു അവൾ മുതിരുമ്പോൾ അയാളാണ് അവളെ തടയുന്നത്. ഇത്തരം കാര്യങ്ങൾ ആദ്യമായി ചെയ്യുമ്പോൾ അതിന്റെതായ ഭംഗിയിൽ, ആദ്യ രാത്രിയിൽ മതിയെന്ന് അവളോട് അയാളാണ് ആവശ്യപ്പെടുന്നത്. പക്ഷേ കാമുകനുമായുള്ള ബന്ധം മനോജ് കണ്ടെത്തുന്നതോടെ അയാൾ അവളെ കയ്യൊഴിയുന്നു. ലീലയുടെ ജീവിതത്തിൽനിന്ന് പ്രത്യേകിച്ച് ഒന്നും കണ്ടെത്താനില്ലെങ്കിലും അരാജകത്വം പേറുന്ന അവളുടെ ജീവിതം ആഗ്രഹിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വേർഷൻ അവൾക്കുണ്ടെന്ന് പറയിപ്പിക്കുന്നു.

lipstick-under-my-burkha.jpg.image.784.410

രഹാന ഒരു കോളജ് വിദ്യാർഥിനിയാണ്. ബുർഖ തുന്നുന്നവൾ, കോളജിൽ പോകുമ്പോൾ ബുർഖ ധരിച്ചു കൊണ്ടു പോകണമെന്നു വീട്ടിൽനിന്നു നിഷ്കർഷിച്ചിട്ടുള്ളവൾ. ലീലയെപ്പോലെ രഹാനയും പ്രായത്തിന്റെ എല്ലാ സ്വാതന്ത്ര്യത്തെയും ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയാണ്. ലിപ്സ്റ്റിക്ക് ഉപയോഗിക്കാൻ പാടില്ലാത്ത, സംഗീതവും നൃത്തവും പാടില്ലാത്ത, മോഡേൺ വസ്ത്രങ്ങൾ ഉപയോഗിക്കാൻ ആവാത്ത ഒരു സാഹചര്യത്തിൽനിന്നും ഈ അരുതുകൾക്ക് വേണ്ടിത്തന്നെയാണ് അവൾ കൊതിക്കുന്നതും. അവളുടെ ബുർഖ പോലും ആ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് അവൾ തിരഞ്ഞെടുക്കുന്നത്. ബുർഖയ്ക്കുള്ളിൽ വച്ച് അവൾ കടത്തുന്ന ലിപ്സ്റ്റിക് മുതൽ മോഡേൺ വസ്ത്രങ്ങൾ വരെ അവളെ അടയാളപ്പെടുത്തുന്നു. കോളജിലെ മ്യൂസിക് ബാൻഡിൽ ചേരാനാണ് അവൾക്ക് ആഗ്രഹം. കോളജിലെത്തുമ്പോൾ വീട്ടിൽനിന്ന് ഇട്ടു വന്ന ബുർഖ ഊരി മാറ്റി അവൾ ജീൻസ് ധരിക്കുന്നു. വളരെ രഹസ്യമായി സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവൾ. പക്ഷേ ഒടുവിൽ രെഹാന മോഷണത്തിനു പിടിക്കപ്പെടുന്നു. പോലീസ് സ്റ്റേഷനിൽനിന്ന് അവളെ ഇറക്കാൻ വരേണ്ടത് പാരമ്പര്യവാദിയായ പിതാവുതന്നെ.

lipstick-under-my-burqa.jpg.image.784.410

നാലു സ്ത്രീകളുടെ സ്വാതന്ത്ര്യ ദാഹത്തിന്റെ കഥയാണ് ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ എന്ന പറഞ്ഞാൽ തെറ്റില്ല. ബുർഖ എന്നത് ഒരുവിധത്തിൽ അടിച്ചമർത്തപ്പെട്ട സ്വാതന്ത്ര്യത്തിന്റെ പ്രതീകവുമാകുന്നുണ്ട് ഇവിടെ. നാലു വ്യത്യസ്ത പ്രായത്തിലുള്ള സ്ത്രീകൾ, അവർക്ക് ഏതു പ്രായമായാലും അവരുടെ മനോവികാരങ്ങൾ അവർക്കു മാത്രം അടയാളപ്പെടുത്താൻ പറ്റുന്നവയാണ്, അവയുമായി മറ്റു മനുഷ്യർക്കു ബന്ധങ്ങളേതുമില്ല. എന്തൊക്കെ ജീവിതത്തിൽ സംഭവിച്ചാലും ഈ സ്ത്രീകൾ പതറുന്നില്ല എന്നിടത്താണ് ഇവരുടെ ശക്തി യഥാർഥത്തിൽ കാണേണ്ടത്!

lipstick-under-my-burqua.jpg.image.784.410

ഈ നാലു സ്ത്രീകൾ വെറും കഥാപാത്രങ്ങളല്ല, ചുറ്റുമുള്ള പല മുഖങ്ങളെയും പേറിയാണ് ഇവരുടെ നടപ്പെന്നു മനസ്സിലാകും. അതുകൊണ്ടു തന്നെയാണ് ഇത്തരം കഥാപാത്രങ്ങളെ ചർച്ചയ്ക്കു വയ്‌ക്കേണ്ടതും. സ്ത്രീകൾ എന്നാൽ വെറും ലൈംഗിക അടിമകളല്ലെന്നും അവരും ആഗ്രഹങ്ങളും സ്വാതന്ത്ര്യവും കാംക്ഷിക്കുന്ന മനുഷ്യരാണെന്നും ഓർക്കേണ്ടതുണ്ട്. പ്രായം കൂടുക എന്നത് സ്ത്രീകളുടെ അഭിവാഞ്ഛകളെ മുരടിപ്പിക്കുന്നില്ല, പകരം ഏകാന്തതയിലേക്ക് ഒരു സ്നേഹത്തെ അവർ തേടുന്നു എന്നത് വളരെ ഗൗരവതരമായി ആലോചിക്കേണ്ട വിഷയമാണ്. അത്തരം പല വിഷയങ്ങൾ പറയുന്നതുകൊണ്ടുതന്നെ ഈ നാലു പെണ്ണുങ്ങളുടെ കഥ ഇന്നത്തെ കാലത്തു ഏറ്റവും പ്രസക്തമായ ആശയമാണ്.