Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുപ്രീം കോടതി റദ്ദു ചെയ്യുന്ന ചില പ്രകൃതിവിരുദ്ധതകൾ!

Supreme Court

എന്താണു പ്രകൃതി വിരുദ്ധത? പ്രകൃതിക്ക് അനുകൂലമായി ഭവിക്കാത്തതൊക്കെയും പ്രകൃതിവിരുദ്ധം തന്നെ. പക്ഷേ ലൈംഗികതയുമായി ബന്ധപ്പെട്ട് ഈ വാക്ക് ഉപയോഗിക്കാൻ മനുഷ്യന് എന്തുമാത്രം ധാർമികതയുണ്ട്? ലൈംഗികതയിൽ മാത്രമാണ് പ്രകൃതി വിരുദ്ധത എന്ന വാക്ക് നാമെപ്പോഴും കേൾക്കുന്നതും. എന്താണു ലൈംഗികതയിലെ പ്രകൃതി വിരുദ്ധത?

പല തരത്തിൽ ലൈംഗികതയിൽ നാം വിരുദ്ധത കണ്ടെത്തുന്നു. അവയിൽ പ്രത്യക്ഷത്തിൽ പ്രധാനമായത് ഒരേ ലിംഗത്തിലുള്ള വ്യക്തികൾ തമ്മിലുള്ള, രതി ഉൾപ്പെടെയുള്ള സ്നേഹബന്ധങ്ങളാണ്. സ്നേഹമാണു മുഴച്ചു നിൽക്കുന്നത് എന്നതു കൊണ്ടും പരസ്പരമുള്ള ഇഷ്ടത്തോടെയാണു നടക്കുന്നത് എന്നതു കൊണ്ടും രതി എങ്ങനെയാണു നിയമവിരുദ്ധമാകുന്നത് എന്നതിനുള്ള ഉത്തരമാണ് കഴിഞ്ഞ ദിവസം വന്ന കോടതി വിധി. ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് സുകന്യ ഈ വിഷയത്തിൽ പറഞ്ഞ വാചകം അർഥപൂർണമായിരുന്നു. അവർ പറഞ്ഞു:

‘പ്രകൃതിക്കു ദോഷം ചെയ്യുന്ന കാര്യങ്ങളാണ് പ്രകൃതി വിരുദ്ധം എന്നാണു ഞാൻ മനസ്സിലാക്കുന്നത്. എല്ലാവരും പ്ലാസ്റ്റിക് ഉപയോഗിക്കുന്ന, റോഡുകളിൽ കാർബൺ പുറന്തള്ളുന്ന ലോകത്താണ് സ്വവർഗ ലൈംഗികത പ്രകൃതി വിരുദ്ധമാണ് എന്നു പറയുന്നത്. പ്ലാസ്റ്റിക് പ്രകൃതി വിരുദ്ധമല്ലെങ്കിൽ പിന്നെങ്ങനെ ലൈംഗികത വിരുദ്ധമാകും?’ സുകന്യ പറയുന്നതിൽ വളരെ വലിയ കാര്യമുണ്ട്. പ്രകൃതിക്കു തികച്ചും ദോഷകരമായി വർത്തിക്കുന്ന പ്ലാസ്റ്റിക് പോലെയുള്ള വസ്തുക്കൾ വളരെ ഉദാരമായി പ്രകൃതിയിൽ നിലനിൽക്കുമ്പോൾ ഉഭയസമ്മതപ്രകാരം നടത്തുന്ന ലൈംഗികതയും പ്രണയവും എങ്ങനെയാണു പ്രകൃതിക്കു ദോഷകരമാകുന്നത് ?

rainbow flag in front of Supreme Court

വാർത്തകൾ പോലും പലപ്പോഴും സ്ത്രീവിരുദ്ധങ്ങളാണ്. മാനഭംഗം സ്ത്രീകളെ നയിക്കുന്ന മാനസികത്തകർച്ചയുടെ വല്ലാത്തൊരു ഇടമുണ്ട്. ഒരുപക്ഷേ സ്ത്രീപ്രകൃതത്തെ വിരുദ്ധമായി ബാധിക്കുന്ന ഒരു പ്രവൃത്തി എന്നു തന്നെ മാനഭംഗത്തെക്കുറിച്ചു പറയാമെന്നിരിക്കെ, അവിടെയും പരസ്പര ഇഷ്ടത്തോടെ നടക്കുന്ന സ്വവർഗരതിയും രതിയിലെ പരീക്ഷണങ്ങളും ഒട്ടും വിരുദ്ധമാകുന്നില്ല. പിന്നെ ആരാണ് ഇത്തരമൊരു പേര് സ്വവർഗരതിക്കു ചാർത്തിക്കൊടുത്തത്? 

ലൈംഗികത കുഞ്ഞുങ്ങൾക്കു വേണ്ടി മാത്രമുള്ള ഒരു സ്വാഭാവിക പ്രക്രിയയാണ് എന്ന നിലപാടു വന്നത് ഇപ്പോഴെങ്ങുമല്ല. വളരെ പുരാതനമായ ഒരു കുറിച്ചുവയ്ക്കലാണത്. ശാന്തിമുഹൂർത്തം എന്ന സങ്കൽപം പോലും കുഞ്ഞ് എന്ന അടിസ്ഥാനത്തിൽ ഊന്നിയുള്ളതാണ്. ഇത്തരം ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കുന്നവർ പ്രകൃതിയിലെ മറ്റു ജീവജാലങ്ങളെ ചൂണ്ടിക്കാട്ടുന്നു. വിശാലമായ ഒരു കാഴ്ചയിൽ, കുഞ്ഞുങ്ങൾ എന്നതുതന്നെയാണ് ലൈംഗികതയുടെ അടിസ്ഥാനമെങ്കിലും ലൈംഗികത ആനന്ദമാകുന്ന കാലത്തോളം അതു മനുഷ്യന്റെ മാനസിക-ശാരീരിക ആവശ്യമായി നിലകൊള്ളുന്നു. ലൈംഗിക പ്രേരണയുണ്ടാകുമ്പോൾ ഉണ്ടാക്കപ്പെടുന്ന ഹോർമോണുകൾ മനുഷ്യനിൽ, അവന്റെ ചുറ്റുപാടിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ വളരെ വലുതാണ്. മാറുന്ന, വേഗമുള്ള കാലത്ത് രതി നൽകുന്ന ഊർജം ഒരുപരിധി വരെ മനുഷ്യനെ നിലനിൽക്കാൻ സഹായിക്കുന്നു എന്നതു സത്യമാണ്. അങ്ങനെയുള്ള ഒരു കാലത്തു നിന്നു കൊണ്ടാണ് സ്വവർഗരതിയെക്കുറിച്ചും സംസാരിക്കേണ്ടത്.

‘എനിക്ക് അദ്ദേഹവുമായി ഒട്ടും പൊരുത്തപ്പെടാൻ കഴിയുന്നില്ല. വീട്ടുകാരുടെ നിർബന്ധം കൊണ്ടാണ് വിവാഹം കഴിച്ചത്, എനിക്കൊരു സ്ത്രീ സുഹൃത്തുണ്ടായിരുന്നു. ഞങ്ങൾ പ്രണയത്തിലുമായിരുന്നു. ഇപ്പോൾ ഒരു കുട്ടിയുണ്ട്. പക്ഷേ ഇനിയും അദ്ദേഹത്തിന്റെ മുന്നിൽ അഭിനയിക്കാൻ വയ്യ, അവസാനം ഞാൻ എല്ലാം തുറന്നു പറഞ്ഞു, അദ്ദേഹം എന്നെ മനസ്സിലാക്കാൻ തയാറായി.

supreme-court-washington-lgbt

ഇപ്പോൾ ഡിവോഴ്‌സിനുള്ള അപേക്ഷ നൽകിയിട്ടുണ്ട്, മാറിത്താമസിക്കുകയാണ്. എന്റെ സുഹൃത്ത് ഇപ്പോൾ എന്റെ ഒപ്പമാണ് താമസം. മോളും എന്റെ കൂടെയുണ്ട്. ഭർത്താവുമായി നല്ല സൗഹൃദത്തിലാണ്, സുഹൃത്തായി നിന്നുകൊണ്ട് അദ്ദേഹത്തോടു സംസാരിക്കുമ്പോൾ കിട്ടുന്ന സ്വാതന്ത്ര്യം ഇതുവരെ ഭാര്യയായി നിന്നപ്പോൾ കിട്ടിയിട്ടേയില്ല’ - ലെസ്ബിയൻ ആയ സുഹൃത്തുമായി സംസാരിച്ചപ്പോൾ ഉണ്ടായ അനുഭവമാണിത്. പക്ഷേ ഇപ്പോഴും അവരുടെ പേരുകൾ ഉറക്കെപ്പറയുക എന്നാൽ വല്ലാത്തൊരു അടിച്ചമർത്തൽ പോലെ അനുഭവപ്പെടുന്നുണ്ടെന്ന് ആ സ്ത്രീ ഉൾപ്പെടെയുള്ളവർ പറയുന്നു. എങ്ങനെ ഉറക്കെപ്പറയും, അതിനു മറുപടിയായി സമൂഹത്തിൽനിന്നു ലഭിക്ക‌ുന്ന മറുപടികൾ അത്ര സുഖകരമാവില്ലല്ലോ. പക്ഷേ ചുറ്റും ഇത്തരത്തിൽ ഉറക്കെ സംസാരിക്കാൻ കഴിയാതെ പോകുന്ന എത്രയോ സ്ത്രീകൾ ഉണ്ടെന്നത് മറക്കുന്നില്ല.

‘ഭർത്താവുമായി ഉള്ള രതി ഒരിക്കലും സംതൃപ്തി തന്നിട്ടേയില്ല. ഒരു കുഞ്ഞിനോടുള്ള വാത്സല്യമാണ് അദ്ദേഹത്തോടു തോന്നിയിട്ടുള്ളത്. പക്ഷേ വളരെ യാദൃച്ഛികമായി ഒരു സ്ത്രീസുഹൃത്തുമായി രതിയുണ്ടായി. ജീവിതത്തിൽ ആദ്യമായി അന്നാണ് ഓർഗാസം എന്താണ് എന്നറിഞ്ഞത്!’- കഥയല്ലാത്ത, ഒരു പച്ചയായ സ്ത്രീയുടെ തുറന്നു പറച്ചിലാണിത്.

അതിനെ കേൾക്കാതെയിരിക്കാനാവില്ല. സമൂഹത്തിൽ ഏറ്റവും മനോഹരമായി സ്നേഹത്താൽ ജീവിതം മുന്നോട്ടു നയിക്കുന്ന പലർക്കും രതി എന്നത് ദിവാസ്വപ്നം പോലെയുള്ള മറ്റെന്തോ അനുഭവമായിരിക്കും. അസംതൃപ്തിയുടെ വെൺമേഘങ്ങൾ അവരെ പൊതിഞ്ഞു പിടിച്ചിരിക്കും, പക്ഷേ അതിൽനിന്നു പുറത്തേക്കിറങ്ങി വന്ന് എന്താണു ശരീരത്തിന് ആവശ്യമുള്ളതെന്ന് സ്വയം വിചാരണ നടത്താൻ സോകോൾഡ് സമൂഹത്തിലെ നീതികൾ അവരെ അനുവദിക്കാറുമില്ല. ഒരിക്കലും പാരമ്പര്യം അടിച്ചേൽപ്പിച്ച ദാമ്പത്യമെന്ന കെട്ടുപാടുകൾക്കു പുറത്തുവന്ന്  അവർ ഉറക്കെ സംസാരിക്കുകയുമില്ല. എങ്കിൽപോലും അത്തരം അമർത്തിയ ഒച്ചകൾ മറഞ്ഞുനിന്നെങ്കിലും ആഹ്ലാദിക്കാതിരിക്കില്ല ഈ പുതിയ കോടതി വിധിയിൽ . 

എൽജിബിടിക്ക് അനുകൂലമായി വന്ന കോടതിവിധിയിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ ആനന്ദിക്കുന്നത് സമൂഹം മാറ്റി നിർത്തിയിരിക്കുന്ന ട്രാൻസ് സമൂഹം തന്നെയാകും. ഒരു പരിധിവരെ ലെസ്ബിയൻ, ഗേ ബന്ധങ്ങൾ വീടിനുള്ളിൽ, മുറിക്കുള്ളിൽ മറഞ്ഞിരിക്കുന്നുവെങ്കിൽ, ട്രാൻസ് സമൂഹം അവരുടെ നിലപാടുകൾ ഉറക്കെപ്പറഞ്ഞു കൊണ്ട് സമൂഹത്തിന്റെ മുൻനിരയിലേക്കു വരാൻ ധൈര്യം പ്രകടിപ്പിച്ചവരാണ്. താൻ മനസ്സു കൊണ്ട് മറ്റൊരു ലിംഗത്തിലാണ് എന്നു പറയുമ്പോൾ, അവരുടെ മുന്നിൽ തെളിവുകളൊന്നും ഹാജരാക്കാനില്ലാതെയാവുന്നു. 

ശരീരം കൊണ്ടു പുരുഷനായി ജീവിക്കുകയും മനസ്സു കൊണ്ടു സ്ത്രീയായി മാറുകയും ചെയ്ത അനേകം ട്രാൻസ്ജെൻഡറുകൾ ഇന്ന് സമൂഹത്തിന്റെ മുഖ്യധാരയിലേക്കു വന്നെത്തിയിട്ടുണ്ട്. മാറ്റത്തിന്റെ കാറ്റ് മെല്ലെ വീശിത്തുടങ്ങിയിരിക്കുന്നു, ആ ചെറുകാറ്റിനു ധൈര്യം പകർന്നുകൊണ്ടാണ് അങ്ങ് അധികാരത്തിന്റെ ശൃംഗത്തിൽനിന്ന് ആഞ്ഞൊരു വല്യ കാറ്റ് അവർക്ക് അനുകൂലമായി വീശിയടിക്കുന്നത്. 

ഇന്ത്യൻ ശിക്ഷാനിയമം 377 ഇതായിരുന്നു: ‘പ്രകൃതിവിരുദ്ധമായി സ്വേച്ഛയോടെ ആണും പെണ്ണുമായ മനുഷ്യരോടും മൃഗത്തോടും ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർ ജീവപര്യന്തം തടവോ പത്തുവർഷം വരെ നീളുന്ന തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്’. നിയമത്തിനു മുന്നിൽ സമന്മാരായ മനുഷ്യരെ ചോദ്യം ചെയ്യുന്നതാണ് ഈ വകുപ്പ് എന്ന നിലപാടാണ് ഇതിനെതിരെ ഹർജിയുമായി മുന്നോട്ടു പോയ ഒരു കൂട്ടം ആളുകൾ സ്വീകരിച്ചത്. ഭൂരിപക്ഷത്തിന്റെ നിയമങ്ങളാണ് മിക്കപ്പോഴും ന്യൂനപക്ഷ സമൂഹത്തിനു നേരെ പ്രയോഗിക്കപ്പെട്ടിരുന്നത്.

അപ്പോൾ അവിടെ ഇന്ത്യൻ ഭരണഘടന തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ ഉണ്ടായിട്ടില്ല എന്നു പറയാനാകില്ല. പക്ഷേ അന്നു മുതൽ ഇതിനെതിരെ ഹർജികളും വാദങ്ങളും മറുവാദങ്ങളും മുറയ്ക്കു നടന്നുകൊണ്ടിരുന്നു. അങ്ങനെ അവസാനം സുപ്രീം കോടതി ആ വിധിയെ റദ്ദു ചെയ്തുകൊണ്ട് പുതിയ വരികൾ എഴുതിച്ചേർത്തു,

ഭൂരിപക്ഷത്തിന്റെ സദാചാര നിയമങ്ങൾ ഭരണഘടനയെ മറികടന്നുകൊണ്ട് മനുഷ്യാവകാശങ്ങൾക്കു മേൽ ആധിപത്യം സ്ഥാപിക്കുന്നത് അവസാനിപ്പിക്കുക-

ഉദാത്തമായ വിധി തന്നെ. എത്ര ന്യൂനപക്ഷമാണെങ്കിലും ഭൂരിപക്ഷത്തിന്റെ സ്ഥാപിത താൽപര്യങ്ങൾക്കും നീതികൾക്കുമപ്പുറം ഒരു അവനവൻ നീതിയുണ്ട്. അത് വ്യക്തിപരമായുള്ളതല്ല, ഒരു സമൂഹത്തിനു അവകാശപ്പെട്ടതാണ്. അതു മാത്രമാണ് ഏതൊരു ന്യൂനപക്ഷവും ആവശ്യപ്പെടുന്നത്. 

ഈ സുപ്രീം കോടതി വിധി സമൂഹത്തിൽ ഇപ്പോൾ മുന്നോട്ടു വന്നുകൊണ്ടിരിക്കുന്ന ട്രാൻസ് സമൂഹത്തിന് അനുകൂലമാണ്. അതുകൊണ്ടുതന്നെ ഭയം കൂടാതെ അവർ ഇനിയും മുന്നോട്ടു വന്നേക്കാം. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി അഭിനയിച്ചു ഭർത്താവിനൊപ്പവും ഭാര്യമാർക്കൊപ്പവും ജീവിക്കുന്ന മനുഷ്യർക്ക് അവരവരായിത്തന്നെ നിയമപരമായി ജീവിക്കാനുള്ള സ്വാതന്ത്ര്യവുമാണ് ഈ നിയമം നൽകുന്നത്. സന്തോഷം തന്നെയാണ് മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്ന്, അത് മറ്റൊരാൾക്ക് ദുഃഖം നൽകുന്നതാവരുതെന്നു മാത്രം. ഇവിടെ സുപ്രീം കോടതി റദ്ദു ചെയ്തിരിക്കുന്നത് പ്രകൃതിയെ അല്ല, പ്രകൃതിക്കു വിരുദ്ധമായ ചില നിലപാടുകളാണ്.