ഇന്ത്യയുടെ അഭിമാനം ഈ വനിതാ അത്‌ലറ്റുകൾ

കമൽജിത്ത് സന്ധു, ഗീതാ സുത്‌ഷി.

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതകൾക്കു പറയാനുള്ളതു നേട്ടങ്ങളുടെ കഥകൾ. ഏഷ്യാഡിൽ സ്വർണം കഴുത്തിലണിഞ്ഞ വനിതാ അത്‌ലറ്റുകൾ ഇന്ത്യയ്‌ക്ക് എന്നും അഭിമാനമേകിയവരാണ്. ഇക്കുറിയും അതിനു മാറ്റമുണ്ടായില്ല– ഗുസ്തിയിൽ (50 കിലോഗ്രാം ഫ്രീസ്റ്റൈൽ) ഹരിയാനക്കാരി വിനേഷ് ഫൊഗട്ടും 25 മീറ്റർ പിസ്റ്റൾ ഷൂട്ടിങ്ങിൽ രാഹി സർനോബതും ഹെപാത്‍ലണിൽ സ്വപ്ന ബർമനും വ്യക്തിഗതയിനങ്ങളിൽ സ്വർണം നേടിയപ്പോൾ മലയാളിതാരം വി.കെ. വിസ്മയയടങ്ങുന്ന 4–400 മീറ്റർ റിലേ ടീമും സ്വർണജേതാക്കളായി. 

ഏഷ്യൻ ഗെയിംസ് മേളകളിലെ ഇന്ത്യൻ സ്വർണനേട്ടങ്ങൾക്ക് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. പ്രഥമ മേളയിൽ ഇന്ത്യൻ വനിതകൾക്കു ശോഭിക്കാനായില്ലെങ്കിലും 1954ലെ (മനില) രണ്ടാമത്തെ ഗെയിംസ് മുതൽ അവർ സ്വർണം നേടിത്തുടങ്ങി. ക്രിസ്‌റ്റി ബ്രൗൺ, സ്‌റ്റെഫി ഡിസൂസ, ബി. പീറ്റേഴ്‌സ്, മേരി ഡിസൂസ എന്നിവർ ഉൾപ്പെട്ട 4– 100 മീറ്റർ റിലേ ടീമാണ് അന്ന് അഭിമാനമായത്. 

എന്നാൽ വ്യക്‌തിഗത വിഭാഗത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരി പഞ്ചാബിൽനിന്നുള്ള കമൽജിത്ത് സന്ധുവാണ്. 1970 ലെ ആറാമതു ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ഓട്ടം 57.3 സെക്കന്റിൽ പൂർത്തിയാക്കുമ്പോൾ സന്ധു ചരിത്രം സൃഷ്‌ടിക്കുകയായിരുന്നു. തുടർന്നു ഗീതാ സുത്‌ഷി 800 മീറ്ററിലും (1978, ബാങ്കോക്ക്), എം.ഡി. വത്സമ്മ 400 മീറ്റർ ഹർഡിൽസ് പുതിയ ഏഷ്യൻ റെക്കോർഡോടെയും (1982, ഡൽഹി), പി.ടി. ഉഷ റിലേ ഉൾപ്പെടെ നാലിനങ്ങളിലും (1986, സോൾ), ജ്യോതിർമയി സിക്ക്‌തർ 800, 1500 മീറ്ററുകളിലും (1998, ബാങ്കോക്ക്) ഒന്നാമതെത്തി. 1982ൽ ഹോക്കി സ്വർണം നേടിയതും ഇന്ത്യൻ വനിതകളാണ്. 1986ൽ 4–400 മീറ്റർ റിലേയിൽ പി.ടി. ഉഷ, ഷൈനി ഏബ്രഹാം, വന്ദന റാവു, എം.ഡി. വത്സമ്മ (1986, സോൾ) എന്നിവരടങ്ങുന്ന ടീം ജേതാക്കളായി.

എം.ഡി. വത്സമ്മ, പി.ടി. ഉഷ.

ഇന്ത്യൻ വനിതകൾ ഏറ്റവും കൂടുതൽ സ്വർണം കൊയ്‌ത ഏഷ്യാഡ് എന്ന ബഹുമതി 2002ലെ ബുസാൻ ഗെയിംസിന് അവകാശപ്പെടാം. ബുസാനിൽ ആറു സ്വർണമെഡലുകൾ ഇന്ത്യൻ അക്കൗണ്ടിലേക്ക് എഴുതിച്ചേർക്കാൻ വനിതകൾക്കായി. 800 മീറ്ററിൽ കെ.എം. ബീനാമോളും ലോങ്‌ജംപിൽ അഞ്‌ജു ബോബി ജോർജും ഡിസ്‌കസ് ത്രോയിൽ നീലം ജെ. സിങ്ങും 200 മീറ്ററിൽ സരസ്വതി സാഹയും 1500 മീറ്ററിൽ സുനിത റാണിയുമാണ് ഈ നേട്ടത്തിലേക്ക് ഓടിക്കയറിയവർ. ഇതു കൂടാതെ വനിതകളുടെ 4–400 മീ. റിലേയിലും അന്ന് ഇന്ത്യൻ വനിതകൾ സ്വർണമണിഞ്ഞു.

കെ.എം. ബീനാമോൾ, അഞ്ജു ബോബി ജോർജ്ജ്.

2006ലെ ദോഹ ഗെയിംസിലും വനിതകൾ മികച്ച പ്രകടനം കാഴ്ചവച്ചു. ആകെ ലഭിച്ച 10 സ്വർണമെഡലുകളിൽ വനിതകളുടെ പങ്കാളിത്തമുണ്ടായിരുന്നതു നാലെണ്ണത്തിൽ. റാപ്പിഡ് ചെസ്സിൽ കൊനേരു ഹംപി വ്യക്‌തിഗതനേട്ടം കൊയ്‌തപ്പോൾ മിക്‌സഡ് ടീം ക്ലാസിക്കൽ ചെസ് വിഭാഗത്തിലും ഹംപിയുള്ള ടീമിനായിരുന്നു സ്വർണം. വനിതകളുടെ 4–400 മീറ്റർ റിലേയിൽ ചിത്ര കെ. സോമൻ, മൻജീത്ത് കൗർ, എസ്. ഗീത, പിങ്കി പ്രമാണിക് എന്നിവരുൾപ്പെട്ട വനിതാസഖ്യം ഇന്ത്യയെ സ്വർണമണിയിച്ചു. സാനിയ മിർസ– ലിയാൻഡർ പെയ്‌സ് ടീം മിക്‌സഡ് ഡബിൾസിൽ സ്വർണം നേടി.

പ്രീജ ശ്രീധരൻ

2010ലെ പതിനാറാമത് ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ വനിതകൾ അഭിമാനമായി. ദേശീയ റെക്കോർഡോടെ 10,000 മീറ്ററിൽ സ്വർണം നേടിയതു പ്രീജ ശ്രീധരൻ. 3000 മീറ്റർ സ്‌റ്റിപ്പിൾചേസിൽ സ്വർണമണിഞ്ഞതു സുധാ സിങ്. 400 മീറ്റർ ഹർഡിൽസിൽ കർണാടകയിൽനിന്നുള്ള എ.സി. അശ്വിനിക്കായിരുന്നു സ്വർണം, അതും മിന്നുന്ന പ്രകടനത്തോടെ. വനിതകളുടെ 4–400 മീറ്റർ റിലേയിലും (സിനി ജോസ്, എ.സി. അശ്വിനി, മഞ്‌ജീത്ത് കൗർ, മൻദീപ് കൗർ) കബഡിയിലും ഇന്ത്യൻ വനിതകൾ ജേതാക്കളായി. വനിതകൾക്കായി ഏഷ്യാഡിൽ ആദ്യമായി കബഡി ഉൾപ്പെടുത്തിയതും 2010ലായിരുന്നു.

2014 ഇഞ്ചിയോൺ മേളയിൽ ബോക്സിങ്ങിൽ മേരിക്കോമും ഡിസ്കസ് ത്രോയിൽ സീമ പുനിയയും വ്യക്തിഗത വിഭാഗങ്ങളിൽ സ്വർണം കഴുത്തിലണിഞ്ഞപ്പോൾ കബഡിയിലും 4–400 മീറ്റർ റിലേയിലും ടെന്നിസ് മിക്സഡിൽ സാനിയ മിർസയും ജേതാക്കളായി. സ്വർണം നേടിയ റിലേ ടീമിൽ കേരളത്തിന്റെ പ്രതിനിധിയായി ടിന്റു ലൂക്കയുമുണ്ടായിരുന്നു.