Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നാണ് അവളുടെ കൊച്ചുചിരി നിലച്ചത്; വെള്ളപ്പൊക്കത്തെ അതിജീവിച്ച ഒന്നരവയസ്സുകാരിയുടെ കഥ

Baby Girl പ്രതീകാത്മക ചിത്രം.

ആദ്യകാഴ്ചയിൽത്തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്ന പുഞ്ചിരിക്കു മങ്ങലേറ്റപ്പോൾ ആശങ്കയുടെ മുൾമുനയിലായി ദിയയുടെ മാതാപിതാക്കൾ. പകച്ചുനിന്നു അടുത്ത ബന്ധുക്കൾ; ഒപ്പം അയൽവീട്ടുകാരും. എവിടെ, ഏതു ഡോക്ടറെ കാണും ? ആരോടു ചോദിക്കും സംശയങ്ങൾ. ആശങ്ക പരിഹരിക്കുന്നതെങ്ങനെ...

ദിയയ്ക്ക് ഒന്നരവയസ്സ്, വാക്കുകൾ കൂട്ടിച്ചൊല്ലുന്ന കുസൃതിക്കുടുക്ക. സ്വന്തം വീട്ടിൽ ചിരി നിറയ്ക്കുന്നതിനൊപ്പം അമ്മയുടെ കണ്ണുതെറ്റിയാൽ അയൽവീട്ടിലേക്കും ഓടിച്ചെല്ലും. ചുറ്റുവട്ടത്തുള്ള നാലഞ്ചു വീട്ടുകാർക്കും സ്വന്തം കുട്ടി. അവർ കൂടിയാണ് ദിയയെയെ പരിചരിക്കുന്നത്, ഭക്ഷണം കൊടുക്കുന്നത്, ലാളിക്കുന്നത്, കൊഞ്ചിപ്പറയുന്ന വാക്കുകൾ കേട്ടു പൊട്ടിച്ചിരിക്കുന്നത്. ഉറങ്ങുന്ന സമയത്തൊഴികെ വിശ്രമമില്ലാതെ ഓടിനടക്കുന്ന ദിയ നടപ്പു നിർത്തിയത് ഓഗസ്റ്റ് 16 നു പുലർച്ചെ.  ആ കൊച്ചുകുട്ടിയുടെ ചിരി നിലച്ചതും അന്ന്.  വായാടി എന്ന പേരു നേടിയ കുട്ടി നിശ്ശബ്ദയായതും അന്നുതന്നെ. അതുവരെ ചിരിയുടെ മുഴക്കം കേട്ടിരുന്ന, മകളുടെ പേര് ഉറക്കെനീട്ടിവിളിക്കുന്ന അമ്മയുടെ ശബ്ദം  പലവട്ടം മുഴങ്ങിയ വീട് മൗനത്തിലേക്കു പിൻവാങ്ങിയതും അന്നുതന്നെ. നിശ്ശബ്ദമായ വീട് ദിയയുടെ ചിരി നിലച്ചതോടെ കൂടൂതൽ മൂകമായി. മൗനം ഇടയ്ക്കിടെ ഭേദിച്ചത് കയ്യിൽകിട്ടിയ വീട്ടുസാധനങ്ങൾ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിവയ്ക്കുന്നതിന്റെ പരുക്കൻ ശബ്ദം മാത്രം.   

രണ്ടാഴ്ച കഴിഞ്ഞിട്ടും വ്യക്തമായ ഓർമയുണ്ട് ആ പ്രഭാതം. ഉണർവിലും ഉറക്കത്തിലും തേടിയെത്തുന്ന പേടിപ്പിക്കുന്ന ഓർമകൾ. കുറച്ചുദിവസങ്ങളായി പെയ്ത കനത്ത മഴ ശമിച്ചത് അന്നായിരുന്നു. ഓഗസ്റ്റ് 16 ന്. ഇടവിട്ടു ചാറ്റൽമഴ മാത്രം. മനസ്സിൽ ആശങ്ക നിറച്ചതു മഴയായിരുന്നില്ല; ക്ഷണിക്കാതെയെത്തിയ വെള്ളം. അനുവാദം ചോദിക്കാതെയെത്തിയ അതിഥി. മാന്നാറിലും പരുമലയിലുമൊക്കെ ജാഗ്രതാ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നത്രേ. പമ്പാനദിയുടെ തിരത്തുള്ളവർ ജാഗ്രത പാലിക്കണം. നദീതീരത്തുള്ള പാണ്ടനാട്ടുകാരെക്കുറിച്ചും ചെങ്ങന്നൂരുകാരെക്കറിച്ചും ആശങ്ക തോന്നിയെങ്കിലും ആശ്വാസത്തിലായിരുന്നു ബുധനൂർ പഞ്ചായത്തിലുള്ളവർ. 

നദീതീരത്തുനിന്ന് കിലോമീറ്ററുകൾ അകലെ താമസിക്കുന്നവർ  എന്തിനു പേടിക്കണം. വെള്ളപ്പൊക്കം അവർക്കത്ര അപരിചിതമല്ല താനും. കാലവർഷത്തിലും തുലാവർഷത്തിലും വെള്ളം വരും. വേനലിൽ നട്ടുനനച്ചു വളർത്തിയ പച്ചക്കറിയും വാഴയുമൊക്കെ കുറച്ചു പോകും. ചേമ്പും ചേനയുമൊക്കെ അതിജീവിക്കും. കായ്ഫലമുള്ള തെങ്ങുകളിൽ നിറയെ കായ പിടിക്കും. കൂടിവന്നാൽ റോഡിൽ മുട്ടോളം വരും വെള്ളം. അതു രണ്ടോ മൂന്നോ ദിവസം നീണ്ടുനിൽക്കും. വാഹന ഗതാഗതം പോലും നിലയ്ക്കാറില്ല. പക്ഷേ, കണക്കുകൂട്ടലുകൾ തെറ്റിച്ചു ഓഗസ്റ്റ് 16. തലേന്നു രാത്രിയിൽ റോഡിൽ കാൽവിരലുകൾ മുങ്ങാൻമാത്രമുണ്ടായിരുന്ന വെള്ളം ഒറ്റരാത്രി കൊണ്ട് വീട്ടുമുറ്റത്തേക്കു കടന്നു. 

പിന്നെ ഒരുമണിക്കൂർ പോലുമെടുക്കാതെ വീട്ടിനകത്തേക്കും. വിലപിടിച്ചതെല്ലാം സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്ന തിരക്ക് എല്ലാ വീട്ടിലും. വളർത്തുമൃഗങ്ങളെ ഉയർന്ന പ്രദേശത്തേക്കു നടത്തിക്കൊണ്ടുപോകുന്നവർ. ആശങ്കയുണ്ടായിരുന്നു അവരുടെ മുഖങ്ങളിൽ. വെള്ളം നല്ല വരവാ, ഇവിടെയെങ്ങും നില്‍ക്കുമെന്നു തോന്നുന്നില്ല...പ്രായമേറിയവർ പിറുപിറുത്തു. അപ്പോഴേക്കും ബുധനൂരിലെ ഉയർന്നപ്രദേശങ്ങളിലെ വീടുകളിൽ മുട്ടോളം എത്തിയിരുന്നു വെള്ളം. ഒറ്റനില വീടുകൾ മാത്രമുണ്ടായിരുന്ന പ്രദേശത്തെ മേൽക്കൂരയുള്ള ടെറസുകളിലേക്കു കയറി ചിലർ. ബന്ധുവീടുകളിലേക്കു പാഞ്ഞവരുണ്ട്. സ്കൂളിലും അങ്കണവാടിയിലും പള്ളിയുടെ ഓഫിസിലുമൊക്കെ തലചായ്ക്കാൻ സ്ഥലം കണ്ടെത്തിയവരുണ്ട്. ദിയയുടെ വീട്ടുകാർ അഭയം പ്രാപിച്ചത് അടുത്ത വീടിന്റെ മുകൾ നിലയിൽ. പുലർച്ചെ ഉറക്കത്തിൽ കുട്ടിയെ എടുത്തുകൊണ്ടുപോകുകയായിരുന്നു. 

പതിവുപോലെ ഉണർന്നപ്പോൾ കുട്ടി കണ്ടത് ചുറ്റും ആശങ്ക നിറഞ്ഞ മുഖങ്ങൾ. ആർത്തനാദങ്ങൾ. നിലവിളികൾ. വെള്ളം ഇനിയും കൂടുമോയെന്ന ഭയം നിറഞ്ഞ ചോദ്യങ്ങൾ. തലേന്നുരാത്രി വരെ വായാടിയായി ഓടിനടന്ന കുട്ടിയുടെ ശബ്ദം നിലച്ചതു പെട്ടെന്ന്. വാൽസല്യത്തോടെ വിളിക്കുന്ന അപരിചിതരുടെ അടുത്തേക്കും പോയിരുന്ന കുട്ടി അമ്മയുടെ മടിയിൽനിന്ന് ഇറങ്ങാതായി. നിർത്താതെ കരയാനും. ആദ്യത്തെ മൂന്നു ദിവസം ആ കരച്ചിൽ ആരും കേട്ടില്ല. ഒരു ബോട്ടോ വള്ളമോ പോലും എത്തിയില്ല.  മൂന്നു പകലും രണ്ടു രാത്രിയും അഞ്ചു  കുടുംബങ്ങൾ വീടിന്റെ മുകൾനിലയിൽത്തന്നെ. വൈദ്യുതിയില്ല. ഫോണില്ല. അത്യാവശ്യം ഭക്ഷണസാധനങ്ങൾ മാത്രം എവിടെനിന്നൊക്കെയോ എത്തിക്കൊണ്ടിരുന്നു.

 വളർത്തുമൃഗങ്ങളുടെ അസാധാരണകരച്ചിൽ. നായകളുടെ ഓരിയിടൽ. വെള്ളത്തിന്റെ വരവു നിലച്ചോ എന്ന ചോദ്യങ്ങൾ. അപ്പോഴൊക്കെ അമ്മയുടെ മടിയിലിരുന്നു ശ്രദ്ധിക്കുന്നുണ്ടായിരുന്നു ദിയ; ഒരു വാക്കുപോലും പറയാതെ. ചെറിയൊരു ശബ്ദം പോലും ഉണ്ടാക്കാതെ. ഒടുവിൽ വൈകിയെത്തിയ ബോട്ടിൽ അഞ്ചു കുടുംബങ്ങളും രക്ഷാതീരമണഞ്ഞു. ആശങ്കയുടെ കാർമേഘം ഒഴിഞ്ഞു. മുഖത്തു ചിരി തെളിഞ്ഞു. അപ്പോഴും ഭയം വിട്ടുമാറിയിരുന്നില്ല ദിയയെ. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ബുധനൂരുകാർ വീടുകളിലേക്കു മടങ്ങി. സ്വന്തം വീട്ടിലെത്തിയിട്ടും ദിയ ചിരിക്കുന്നില്ല. അയൽവീടുകളിലേക്കു പോകുന്നില്ല. കാണുന്നവരെയൊക്കെ പകച്ചു നോക്കുന്നു. അമ്മയുടെ കയ്യിൽനിന്നു താഴെയിറങ്ങുന്നില്ല. ആശങ്കപ്പെടാതിരിക്കുന്നതെങ്ങനെ. 

 ദിയ മൗനവ്രതം തുടർന്നു. വെള്ളമിറങ്ങട്ടെ, എല്ലാം മാറും എന്ന പ്രതീക്ഷയിൽ കാത്തിരുന്നു അമ്മയും ബന്ധുക്കളും. സന്നദ്ധസംഘടനകളുടെയും അയൽക്കാരുടെയും സഹായത്തോടെ ശുചീകരണം കഴിഞ്ഞു. കിണറും ശുചിയാക്കി. കുറച്ച് ഇലക്ട്രോണിക് സാധനങ്ങളൊക്കെ ശരിയാക്കിക്കിട്ടി. വീണ്ടും ജീവിതം സാധാരണനിലയിലേക്ക്. 

കേരളത്തെ ആശങ്കയുടെ മുൾമുനയിലാക്കിയ വെള്ളപ്പൊക്കത്തിന് രണ്ടാഴ്ച തികയുമ്പോഴും ദിയയെക്കുറിച്ചായിരുന്നു ആശങ്ക. വിശദീകരണമില്ലാത്ത ആ മൗനത്തെക്കുറിച്ച്. കഴിഞ്ഞദിവസം സൂര്യൻ നിറഞ്ഞു പ്രകാശിച്ച പ്രഭാതത്തിലേക്ക് ഉണർന്നെഴുന്നേറ്റപ്പോൾ വീണ്ടും കേട്ടു ദിയയുടെ കൊഞ്ചൽ. അമ്മയുടെ ഉറക്കെയുള്ള വിളി. ഇടയ്ക്കിടെയുള്ള പൊട്ടിച്ചിരികൾ. മധുരം ചോദിച്ചു കരയുന്ന  കള്ളക്കരച്ചിൽ. കണ്ണീരൊപ്പാനും കൈപിടിക്കാനും കേരളം തയ്യാറായപ്പോൾ വീണ്ടും സാധാരണജീവിതത്തിലേക്കു മടങ്ങുകയാണു ബുധനൂരുകാർ; ഒപ്പം ദിയയും. ഇത്തവണത്തെ വെള്ളപ്പൊക്കം അവരെ ഒരുകാര്യം കൂടി പഠിപ്പിച്ചിരിക്കുന്നു. അവർ പമ്പാനദിയുടെ തീരത്തുനിന്ന് അകലെയുള്ളവരല്ല. ഭൂമിശാസ്ത്രപരമായി അകലെയെങ്കിലും പമ്പയുടെ തീരവാസികളാണവർ. ഒരിക്കൽ ചതിച്ചെങ്കിലും ഇനിയൊരിക്കലും പമ്പ ചതിക്കില്ലെന്ന വിശ്വാസത്തിൽ അവർ സമാധാനത്തോടെ ഉറങ്ങുന്നു. സന്തോഷത്തോടെ ഉണരുന്നു; കൊച്ചുദിയയും.