Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വന്തം മക്കളെ കൊന്ന് ആരുടെ മുന്നിലാണ് നിങ്ങൾ 'അഭിമാനം' സംരക്ഷിക്കുന്നത്?: സുകന്യ കൃഷ്ണ

sukanyeah-krishna-88 പ്രണയ്, അമൃത വർഷിണി, സുകന്യ കൃഷ്ണ

കഴിഞ്ഞ ദിവസങ്ങളിൽ മനസ്സിനെ ഏറ്റവും അധികം അലട്ടിയത് ഒരു ചെറുപ്പക്കാരന്റെ മുഖമാണ്. പ്രണയിച്ചതിന്റെ പേരിൽ, വിവാഹം കഴിച്ചതിന്റെ പേരിൽ, ജാതിയുടെ പേരിൽ സർവോപരി ദുരഭിമാനത്തിന്റെ പേരിൽ കൊലചെയ്യപ്പെട്ട ഒരു പാവം മനുഷ്യന്റെ മുഖം, പ്രണയ്. ആദ്യം ഒരു വാർത്തയായി കേട്ട സംഭവം. പക്ഷേ, അതിന്റെ തീവ്രത മനസ്സിലായത്, ആ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യം കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യങ്ങളിലൂടെ കണ്ടപ്പോഴാണ്.

ഗർഭിണിയായ ഭാര്യയോടൊപ്പം ആശുപത്രിയിൽ നിന്നും പുറത്തേക്ക് വരുന്ന ആ പാവം ചെറുപ്പക്കാരന്റെ ദൃശ്യം കണ്ണിൽ നിന്ന് മായുന്നില്ല. എന്തൊക്കെ സ്വപ്‌നങ്ങൾ ആയിരിക്കാം അയാൾ അപ്പോൾ കണ്ടിട്ടുണ്ടാകുക? തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്ന പുതുജീവനെക്കുറിച്ചുള്ള ചിന്തയായിരിക്കാം ആ ചെറുപ്പക്കാരന്റെ മനസ്സ് നിറയെ... തന്നെ അനുഗമിക്കുന്ന മരണത്തിന്റെ കാലൊച്ചകൾ അയാൾ തെല്ലും അറിഞ്ഞിട്ടുണ്ടാവില്ല അത് തിരിച്ചറിയും മുൻപേ...

ഏകദേശം എട്ട് വർഷം മുൻപാണ് സമാനമായ ഒരു വാർത്ത ഞാൻ വായിക്കുന്നത്. അന്ന്, എന്റെ കുഞ്ഞുമനസ്സിന് ഉൾക്കൊള്ളാൻ കഴിയുന്നതിനും മനസ്സിലാക്കാൻ കഴിയുന്നതിനും അപ്പുറത്തായിരുന്നു ആ തലകെട്ടിലെ ഒരു വാക്ക്, 'ദുരഭിമാനക്കൊല'. പരസ്പരം പ്രണയിച്ചു എന്ന 'മഹാപരാധ'ത്തിന്റെ കൊലചെയ്യപ്പെട്ട രണ്ടുപേർ, വിമലയും ഹരിയും. എട്ട് വർഷങ്ങൾക്കിപ്പുറവും ആ പേരുകൾ മനസ്സിൽ നിന്നും മായുന്നില്ല, വളരെ ക്രൂരമായ രീതിയിൽ അവരെ കൊന്നത് പെൺകുട്ടിയുടെ അച്ഛനാണ്. സഹായത്തിന് അവരുടെ കാവൽക്കാരനും. ഇപ്പോഴും കാര്യങ്ങൾ ഏറെക്കുറെ സമാനം, പേരുകൾ മാത്രം മാറുന്നു.

എന്താണ് ദുരഭിമാനക്കൊലപാതകം? ഇത്തരമൊരു ഹീനമായ കൃത്യത്തിലേക്ക് വ്യക്തികളെയും കുടുംബങ്ങളെയും നയിക്കുന്ന വികാരമെന്താണ്? ഇത് നമ്മുടെ രാജ്യത്ത് മാത്രമുള്ള ഒരു പ്രവണതയാണോ, അതോ ലോകത്തിൽ മറ്റെവിടെയെങ്കിലും ഇത്തരമൊരു പ്രാകൃത സമ്പ്രദായം നിലവിലുണ്ടോ? ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ എന്താണൊരു മാർഗം? ഇങ്ങനെ ധാരാളം ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു.

സ്വന്തം കുടുംബത്തിന്റെ ജാതിയിലോ മതത്തിലോ ഗോത്രത്തിലോപെടാത്ത ഒരാളെ പ്രണയിക്കുന്നതോ വിവാഹം കഴിക്കുന്നതോ ആണ് ദുരഭിമാനക്കൊലപാതങ്ങൾക്ക് പലപ്പോഴും കാരണമായി കാണുന്നത്. നമ്മുടെ രാജ്യത്ത് സ്ത്രീധനമരണങ്ങളും കുറവല്ല, അതുപോലെ തന്നെ ഭർതൃകുടുംബത്തിന്റെ പീഡനങ്ങൾ സഹിക്കാൻ കഴിയാതെ ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നവരും ഇവിടെയേറെയുണ്ട്.

ഇതിനൊക്കെ എതിരെ ശക്തമായ നിയമങ്ങൾ നിർമ്മിക്കപ്പെടണം എന്നും വിവാഹനിയമങ്ങളിൽ ഭേദഗതികൾ വേണമെന്നുമൊക്കെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ദശാബ്ദങ്ങളായി സമരങ്ങളും പ്രതിഷേധങ്ങളും നമ്മുടെ രാജ്യത്ത് നടക്കുന്നുണ്ട്. പക്ഷേ, അധികാരപ്പെട്ടവർ അതൊന്നും കണ്ടതായി പോലും ഭാവിക്കുന്നില്ല.

വിഭജനശേഷം, 1947 മുതൽ 1950 വരെയുള്ള കാലഘട്ടത്തിലായിരുന്നു ഭയാനകമാംവിധം ഇത്തരം ക്രൂരതകൾ അരങ്ങേറിയതെന്ന് വായിച്ചിട്ടുണ്ട്. കുടുംബപാരമ്പര്യം കാത്തുസൂക്ഷിക്കാനെന്നപേരിൽ ധാരാളം ആളുകളെ അന്ന് കൊന്നുതള്ളി. നിർബന്ധിതവിവാഹങ്ങൾ ധാരാളമായി അരങ്ങേറിയ വിഭജനകാലത്ത്, നിരവധി ഭാരതീയ സ്ത്രീകൾ പാകിസ്ഥാനികളായ പുരുഷന്മാരെ വിവാഹം കഴിക്കാൻ നിർബന്ധിതരായി. അതുപോലെതന്നെ തിരിച്ചും. അന്യരാജ്യക്കാരനെയും അന്യമതസ്ഥനെയും വിവാഹം കഴിച്ചു എന്ന പേരിൽ ധാരാളം പേരെ അന്വേഷിച്ച് കണ്ടെത്തി കൊലപ്പെടുത്തിയ കാലം. ആ കാലഘട്ടത്തിൽ, ജാതി-മത-വർണ്ണ ചിന്തകൾ അതിന്റെ മൂർധന്യാവസ്ഥയിൽ ആയിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ദമ്പതികളെ കൂട്ടമായി കൊന്നൊടുക്കിയ ദിനങ്ങൾ... ദിവസവും, ഏറ്റവും കുറഞ്ഞത് രണ്ട് ദമ്പതികളെങ്കിലും അത്തരത്തിൽ കൊലചെയ്യപ്പെട്ടിരുന്നു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അന്നുമുതൽ ഇന്നോളം ദുരഭിമാനക്കൊലപാതകങ്ങൾ തുടർക്കഥകളാകുന്നു...

ഇന്ത്യയിൽ മാത്രമല്ല വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലും ആഫ്രിക്കയിലും തുർക്കിയിലുമടക്കം ധാരാളം രാജ്യങ്ങളിൽ നിത്യസംഭവങ്ങളായിമാറിയിരിക്കുന്നു ഇത്തരം കൊലപാതകങ്ങൾ. പക്ഷേ, കർശനമായ നിയമവ്യവസ്ഥയും കഠിനമായ ശിക്ഷകളുമുള്ള രാജ്യങ്ങളിൽ ദുരഭിമാനക്കൊലപാതകങ്ങളുടെ തോത്, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെകുറവാണെന്നത് ശ്രദ്ധാർഹമായ വസ്തുതയാണ്. നമ്മുടെ നിയമങ്ങൾ ഇനിയും ശക്തമാകേണ്ടിയിരിക്കുന്നു എന്ന തിരിച്ചറിവിലേക്ക് അവ വിരൽചൂണ്ടുന്നു.

ഒരു കുട്ടി ജനിക്കുന്നത് മുതൽ അവർക്ക് വേണ്ടതെന്തൊക്കെയാണെന്ന് മാതാപിതാക്കന്മാർ തീരുമാനിക്കുന്നു, തിരഞ്ഞെടുക്കുന്നു. എന്നാൽ, യൗവനകാലത്തേക്ക് ആ കുട്ടി പ്രവേശിക്കുന്നതോടെ അത്തരം പ്രവർത്തികളിൽ നിന്നും മാതാപിതാക്കന്മാർ പിൻവാങ്ങുന്ന പ്രവണതയാണ് പാശ്ചാത്യ രാജ്യങ്ങളിലും മറ്റും കണ്ടുവരുന്നത്. എന്നാൽ നമ്മുടെ രാജ്യത്താകട്ടെ, രണ്ടിൽ ഒരുകൂട്ടർ മരിക്കുന്നതുവരെ പലപ്പോഴും ഇത് തുടരുന്നു. പരിണിതഫലമായി മക്കൾ എന്നാൽ 'ആജ്ഞാനുവർത്തികൾ' എന്നൊരു കാഴ്ചപ്പാട് രൂപപ്പെടുന്നു. സ്വന്തം മക്കളാണെങ്കിലും അവർ മറ്റൊരു വ്യക്തിയാണെന്നും അവർക്കൊരു വ്യക്തിത്വമുണ്ടെന്നും ചിന്തിക്കാൻ പലപ്പോഴും മാതാപിതാക്കന്മാർ ശ്രമിക്കാറില്ല. സ്വാഭാവികമായി, മക്കളുടെ വ്യക്തിപരമായ കാര്യങ്ങളിലും അച്ഛനമ്മമാർ തീരുമാനമെടുക്കുന്നു. അതിന് വിപരീതമായി മക്കൾ പ്രവർത്തിച്ചാൽ, പാരമ്പര്യത്തിനും അഭിമാനത്തിനും ക്ഷതമേറ്റതായി വിധിയെഴുതുന്നു. അതിന് പരിഹാരമായി പലപ്പോഴും അവർ കണ്ടെത്തുന്ന പോംവഴിയാകട്ടെ ദുരഭിമാനക്കൊലപാതകവും. ആതിരയും കെവിനുമടക്കം എത്രയെത്ര ഉദാഹരണങ്ങൾ ഈ അടുത്തകാലത്ത് നമ്മുടെ കൊച്ചുകേരളത്തിൽ തന്നെ ഉണ്ടായിരിക്കുന്നു.

മാതാപിതാക്കളോടായി ചിലത്...

മക്കളെ കൊന്നിട്ടായാലും, ആരുടെ മുന്നിലാണ് നിങ്ങൾ 'അഭിമാനം' നിലനിർത്തുന്നത്? നാട്ടുകാരുടെ മുന്നിലോ ബന്ധുക്കളുടെ മുന്നിലോ അതോ മുഖമറിയാത്ത, പേരറിയാത്തവരുടെ മുന്നിലോ? ഇവരെല്ലാം അവരവരുടെ ജോലിയും കുടുംബവും മറ്റുപ്രവർത്തികളും ഉപേക്ഷിച്ച് നിങ്ങളുടെ അഭിമാനത്തെക്കുറിച്ച് ചിന്തിച്ചിരിക്കുകയാണെന്ന് നിങ്ങൾ കരുതുന്നത് എന്തിനാണ്, എങ്ങിനെയാണ്?

അന്യന്റെ കുടുംബത്തിലേക്ക് ഒളിഞ്ഞുനോക്കുകയും അതിൽ ആകാംഷാഭരിതരായി ജീവിക്കുകയും ചെയ്യുന്നവർ അവഗണിക്കപ്പെടേണ്ടവർ ആണെന്നും, അത്തരക്കാർ സ്വന്തം മക്കളെക്കാൾ വലുതല്ല എന്നും മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ, മാതാപിതാക്കൾ എന്ന നിലയിൽ നിങ്ങൾ ഒരു തികഞ്ഞ പരാജയമാണെന്ന് മനസ്സിലാക്കുക. നിങ്ങളുടെ തെറ്റിന് ശിക്ഷിക്കേണ്ടത് മക്കളെയല്ല...