Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരഭിമാനക്കൊലയെ ഭയക്കുന്ന പ്രണയികൾക്ക് തണലാകാൻ ഇവരുണ്ട്; അഞ്ച് ശക്തികൾ

love-commandos-55

ഇരുപത്തിയൊന്നുവയസ്സുകാരി അമൃത വർഷിണിയുടെ കണ്ണീർ തോർന്നിട്ടില്ല; തെലങ്കാനയുടെയും. പ്രണയിച്ചു വിവാഹം കഴിച്ച പുരുഷൻ താഴ്ന്ന ജാതിയിൽപെട്ടയാളായതുകൊണ്ടു മാത്രം അഞ്ചു മാസം ഗർഭിണിയായിരിക്കുമ്പോൾ വൈധവ്യത്തിന്റെ ശാപംപേറേണ്ടിവന്ന യുവതിയാണവർ. ആശുപത്രിയിൽ പതിവുപരിശോധനയ്ക്കുപോയി മടങ്ങിവരുമ്പോഴാണ് അമൃതയ്ക്കു ഭർത്താവ് പ്രണയ് കുമാറിനെ നഷ്ടപ്പെടുന്നത്. പട്ടാപ്പകൽ നടന്ന ക്രൂരമായ കൊലപാതകം. 

തന്റെ അച്ഛനും അമ്മാവനുമാണ് കൊലപാതകത്തിനു പിന്നിൽ എന്നു വെളിപ്പെടുത്തിയതും അമൃത തന്നെ. പ്രതികൾ അറസ്റ്റിലായി. അന്വേഷണം പുരോഗമിക്കുന്നു. പക്ഷേ, മാറ്റമില്ലാതെ തുടരുന്ന ദുരഭിമാനക്കൊലപാതകങ്ങൾ രാജ്യത്തെ വിടാതെ പിന്തുടരുന്നു. ജാതിയുടെ പേരിലുള്ള വിവേചനം 1955–ൽതന്നെ രാജ്യത്തു നിരോധിച്ചെങ്കിലും പുതിയ നൂറ്റാണ്ടിലും അഭിമാനം സംരക്ഷിക്കാൻ  കൊലപാതകങ്ങൾ നടക്കുന്നു. 2014–15 കാലത്ത് ദുരഭിമാനക്കൊലപാതകങ്ങൾ 79 ശതമാനമായി വർധിച്ചുവെന്നാണു കണക്കുകൾ പറയുന്നത്. 

ദുരഭിമാനക്കൊലപാതകങ്ങൾ അരങ്ങേറുന്നുണ്ടെങ്കിലും ജാതിവിവേചനത്തിനെതിരെ പോരാടുന്ന ചില വ്യക്തികളും കൂട്ടായ്മകളും രാജ്യത്തുണ്ട്. അവരിൽ ചിലരെ പരിചയപ്പെടാം. 

1. ലവ് കമാൻഡോസ് 

18 വയസ്സാകുന്നതോടെ ഒരാൾ പ്രായപൂർത്തിയാകുന്നു. വോട്ടു ചെയ്യാനും മദ്യപിക്കാനും വാഹനം ഓടിക്കാനുമൊക്കെയുള്ള അവകാശം ലഭിക്കുന്നു. പക്ഷേ, വിവാഹത്തിന്റെ കാര്യം വരുമ്പോൾ സ്വന്തം തീരുമാനം ജാതിയിൽത്തട്ടി തകരുന്നു. ജാതി വിവേചനത്തിനെതിരെ പ്രവർത്തിക്കുന്ന സംഘടനയാണ് ലവ് കമാൻഡോസ്. സമാനമനസ്കരായ ചെറുപ്പക്കാർ ചേർന്ന് 2010–ലാണ് സംഘടന രൂപീകരിക്കുന്നത്. ഇതിനോടകം നാൽപതിനായിരത്തോളം ദമ്പതികളെ ഇവർ സഹായിച്ചിട്ടുണ്ട്. 

love-88 Photo Credit: Love Commandos

2. കാതൽ അരൻ

2013 മുതൽ 17 വരെയുള്ള നാലുവർഷക്കാലത്തു തമിഴ്നാട്ടിൽ മാത്രം സംഭവിച്ചത് 187 ദുരഭിമാനക്കൊലപാതകങ്ങൾ. നിർമാർജനം ചെയ്യേണ്ട ഈ തിൻമയ്ക്കെതിരെ വസുമതി വാസന്തി എന്ന ടെക്കി ഒരു ആപ് വികസിപ്പിച്ചു– കാതൽ അരൻ. പ്രണയത്തിന്റെ സംരക്ഷകർ എന്നാണ് ഈ ആപ്പിന്റെ അർഥം. വ്യത്യസ്ത ജാതിക്കാർ തമ്മിൽ പ്രണയത്തിലാകുന്നതിനെത്തുടർന്നു ഭീഷണി നേരിട്ടാൽ ആപ് ഡൗൺലോഡ് ചെയ്ത് സഹായം അഭ്യർഥിക്കാം. ആപിൽ വരുന്ന എല്ലാ സന്ദേശങ്ങളും നിരീക്ഷിക്കാൻ സംവിധാനമുണ്ട്. പങ്കാളികളെ സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റുന്നതുമുതൽ അവർക്ക് പ്രണയ സാഫല്യം ലഭിക്കാനുള്ള എല്ലാ സാഹചര്യവും ആപ്പിന്റെ സംഘാടകർ ഉറപ്പുവരുത്തുന്നു. 

kathal-aran-55

3. ദ് ഓൾ ഇന്ത്യാ ദളിത് മഹിളാ അധികാർ മഞ്ച് 

ജാതിയിലും ലിംഗത്തിലും അധിഷ്ഠിതമായ എല്ലാത്തരം വിവേചനങ്ങൾക്കും എതിരെ പോരാടുന്ന സംഘടനയാണ് ദളിത് മഹിളാ അധികാർ മഞ്ച്. പുരുഷൻമാരേക്കാൾ സ്ത്രീകളാണു പലപ്പോഴും അക്രമങ്ങൾക്കു വിധേയരാവുന്നത്. ദുരിതങ്ങൾ ഏറെ അനുഭവിക്കുന്നതും. ഗ്രാമ–നഗര ഭേദമില്ലാതെ സ്ത്രീകൾക്ക് സംഘടനയെ സമീപിക്കാം– ജാതിയുടെ പേരിലോ  സ്ത്രീ എന്ന നിലയിലോ വിവേചനം അനുഭവിക്കുന്നവർക്ക് ഇവർ സഹായം നൽകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തി പോരാടുന്നതിനൊപ്പം വടക്കേ അമേരിക്കയിൽവരെ പോയി അപാർത്തീഡ് എന്ന വർണവിവേചനത്തിനെതിരെയും മഞ്ച് പോരാട്ടം നടത്തി. 2013– ൽ രൂപീകരിച്ച സംഘടന സമൂഹ മാധ്യമങ്ങളിലൂടെയും സജീവമായി പ്രവർത്തിക്കുന്നു. 

campaigns-55

4.കൗസല്യ 

തമിഴ്നാട്ടിലെ ഉദുമൽപേട്ടിൽ നടന്ന ദുരഭിമാനക്കൊലപാതകം ഇപ്പോഴും മറക്കാറായിട്ടില്ല. ആ സംഭവത്തിലെ ജീവിക്കുന്ന രക്തസാക്ഷിയാണ് കൗസല്യ. കൊലചെയ്യപ്പെട്ടതു ശങ്കർ എന്ന ചെറുപ്പക്കാരൻ. ശങ്കറിനെ ആക്രമിച്ചു കൊലപ്പെടുത്തിയപ്പോൾ കൗസല്യക്കും മാരകമായി പരുക്കേറ്റിരുന്നു. കൗസല്യയുടെ അച്ഛനും അമ്മാവനും ഏർപ്പെടുത്തിയ വാടകക്കൊലയാളികളാണ് കുടുംബത്തിന്റെ ദുരഭിമാനം സംരക്ഷിക്കാൻവേണ്ടി ഹീനമായ കുറ്റകൃത്യം നടത്തിയത്. ജാതി മാറിയുള്ള വിവാഹത്തിൽ ഏർപ്പെടുന്നവരെ സംരക്ഷിക്കാൻവേണ്ടി ജീവിതം സമർപ്പിച്ചിരിക്കുകയാണ് ഇപ്പോൾ കൗസല്യ. 

kausalya Honour Killing കൗസല്യ, ശങ്കർ

5. ബെഞ്ചാര

ജാതിയുടെ പേരിലുള്ള കൂട്ടായ്മകൾ സജീവമായ ഒരു സമൂഹത്തിൽ ജീവിക്കുന്നിതിനെക്കുറിച്ചു ചിന്തിച്ചുനോക്കൂ. എത്ര ഭീകരമായിരിക്കും അങ്ങനെയൊരു ജീവിതം. സാദ്രി എന്ന ഗ്രാമത്തിന്റെ അവസ്ഥയും അതുതന്നെ.  സമൂഹജീവിതത്തിന്റെ എല്ലാ മേഖലകളിലും ജാതിയുടെ മേധാവിത്വം. ബെഞ്ചാര എന്ന കൂട്ടായ്മ ജാതി സൃഷ്ടിക്കുന്ന വിടവുകൾ ഇല്ലാതാക്കാനും മനുഷ്യരെ മനുഷ്യരായി കാണാനും ശ്രമിക്കുന്നു. സാഹോദര്യത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു. ബ്രാഹ്മണ സമുദായത്തിൽപ്പെട്ട യുവതിയെയും താഴ്ന്ന സമുദായത്തിൽപ്പെട്ട യുവാവിനെയും ഒരുമിപ്പിക്കാൻ ബെഞ്ചാരയ്ക്കു കഴിഞ്ഞിട്ടുണ്ട്. 

behenchara-78

പ്രണയ്‍യെ നഷ്ടപ്പെട്ട അമൃതവർഷിണിയും ഇപ്പോൾ ഒരു ഫെയ്സ്ബുക് പേജ് തുടങ്ങിയിട്ടുണ്ട്: ജസ്റ്റിസ് ഫോർ പ്രണയ്. 'രക്തസാക്ഷിയായ ഭർത്താവിനുവേണ്ടി ജീവിതാവസാനം വരെ ഞാൻ പോരാടും. ജാതിക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. ജാതിയുടെ പേരിലുള്ള വിവേചനം ഇനിയൊരിക്കലും ആർക്കുമുണ്ടാകരുത്'– ദൃഢനിശ്ചയത്തോടെ അമൃത പറയുന്നു.