Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടൽച്ചൊരുക്കുകൾ താണ്ടിയെത്തിയ രണ്ടു പെണ്ണുങ്ങൾ

sea-55

സെന്റ് മേരീസ് ദ്വീപിൽ പോകണമെന്ന ആഗ്രഹം നിധിയാണ് ആദ്യം പറഞ്ഞത്. കഴിഞ്ഞ തവണയും വന്നപ്പോൾ നടക്കാതെ പോയ ആഗ്രഹം, അതിനുമപ്പുറം അവിടെ എന്തോ അവളെ കാത്തിരിക്കുന്നുവെന്ന തോന്നൽ. ഉഡുപ്പി-മൂകാംബിക യാത്രയുടെ ഭാഗമായി ഉഡുപ്പിയിലെത്തുമ്പോൾ അവിടെ എന്തൊക്കെ കാണണമെന്ന് ഞങ്ങൾക്കൊപ്പം വന്ന സുഹൃത്ത് അൻസാറിനും അദ്ദേഹത്തെ ഒപ്പം അയച്ച ഉഡുപ്പിയിലെ ഞങ്ങളുടെ ആതിഥേയരായ ദിവാകർ സാറിനും സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല. ആതിഥേയരായ കന്നഡക്കാർ ഏറ്റവും ബഹുമാനത്തോടെ അതിഥികളെ സ്വീകരിക്കുന്നവരാണ്, രുചികരമായ ഭക്ഷണവും സ്നേഹവും തന്ന് അവർ നമ്മളെ ആദരിച്ചു കൊണ്ടേയിരിക്കും.

ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിൽ പോയിട്ടു വന്ന ശേഷമാണ് എങ്ങനെയെങ്കിലും സെന്റ് മേരീസ് ദ്വീപിൽ പോകണമെന്ന നിർബന്ധം നിധി തുടങ്ങിയത്. അൻസാർ ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോൾ ഇളകി മറിഞ്ഞ കടലിന്റെ അവസ്ഥ കൊണ്ട് ദ്വീപിലേക്കുള്ള ടൂറിസം വകുപ്പിന്റെ സ്ഥിരം യാത്രകൾ തുടങ്ങിയിട്ടില്ല. സാധാരണ ഓഗസ്റ്റ് പതിനഞ്ചിനു തുടങ്ങുന്ന സെന്റ് മേരീസ് ടൂറിസം ഇപ്പോൾ സെപ്റ്റംബർ 13  ആയിട്ടും തുടങ്ങിയിട്ടില്ല. സെപ്റ്റംബർ പതിനഞ്ചിനു തുടങ്ങിയേക്കാം എന്നൊരു സൂചന മാത്രം.പക്ഷേ വന്നതല്ലേ, ഇനിയൊരുവരവ് എപ്പോഴാണെന്നും എങ്ങനെയാണെന്നും ആർക്കറിയാം, അവൾക്ക് സങ്കടം വരാൻ തുടങ്ങി. എങ്ങനെയെങ്കിലും പോകണം.

പരിചയമുള്ള ബോട്ട് ഉടമകളെ വിളിച്ച് അൻസാർ സംസാരിക്കാൻ തുടങ്ങി, തനി കന്നഡക്കാരൻ ആണെങ്കിലും മുറിച്ച് മുറിച്ച് മലയാളം പറയാൻ അൻസാറിന് നന്നായി അറിയാം. കാസർഗോഡും കൊച്ചിയും ഒക്കെ തൊട്ടു പോയതിന്റെ ലക്ഷണം. കടൽ വല്ലാതെ ക്ഷോഭാവസ്ഥയിലാണ്, അതുകൊണ്ട് ബോട്ടുകളൊന്നും അങ്ങോട്ട് അടുപ്പിക്കാൻ അധികൃതർ സമ്മതിക്കുന്നില്ല, പക്ഷേ ആവശ്യമുണ്ടെങ്കിൽ സഹായം ചെയ്യാമെന്നാണ് ബോട്ട് മുതലാളി. എങ്കിലും ഇളകി മറിഞ്ഞു കിടക്കുന്ന കടൽ!!!

ഒന്നും നോക്കാനില്ല, പോകാം... നിധിയുടെ വാക്കുകളിൽ ആഗ്രഹങ്ങളുടെ ചൂടുണ്ടായിരുന്നതിനെ വെള്ളമൊഴിച്ച് കെടുത്തുന്നതെങ്ങനെ, കടൽ വെള്ളത്തിന്റെ ചൊരുക്കിലേയ്ക്കും നട്ടുച്ചയുടെ ചൂടിലേയ്ക്കും ഞങ്ങളങ്ങനെ മണൽപ്പരപ്പിലൂടെ നടന്നു പോയി. ഉച്ചയ്ക്ക് രണ്ടു മണിക്ക് കാത്തു കിടന്നിരുന്ന വെറും സാധാരണ ചെറിയ മീൻ ബോട്ടിൽ കയറുമ്പോൾ ആടിയുലഞ്ഞു. കടൽ അടുത്ത് നിന്ന് കണ്ടിട്ടുണ്ട്, വെള്ളത്തിലും ബോട്ടിലുമൊക്കെ കയറിയിട്ടുണ്ട്, അതുപക്ഷേ കായലിലാണ്, കടൽ കണ്ടിട്ടുണ്ട്, തൊട്ടിട്ടുണ്ട്, വെള്ളം മൂക്കിൽ കയറി ശ്വാസം മുട്ടിയിട്ടുണ്ട്, പക്ഷേ യാത്ര... എങ്ങനെ ആണെന്നറിയാതെ വെറും സാധാരണമെന്നതുപോലെ പ്രതീക്ഷകളും പ്രതീക്ഷയില്ലായ്മകളുമില്ലാതെ ഞങ്ങൾ മൂന്നു പേരും യാത്ര തുടങ്ങി. കൂടെ ബോട്ട് എൻജിൻ നിയന്ത്രിക്കുന്ന ഒരു ചേട്ടൻ.

st-marys-island-55 സെന്റ് മേരീസ് ദ്വീപിന്റെ ദൂരെക്കാഴ്ച.

ചിത്രങ്ങളിലൊക്കെ കാണുന്നതുപോലെ നീല നിറത്തിൽ കടൽ , കുറച്ചങ്ങോട്ട് ചെല്ലുമ്പോൾ കടലിന് പച്ച നിറം... തിരമാലയുടെ ഗാംഭീര്യം കുറഞ്ഞെങ്കിലും പുറമേയ്ക്ക് ഒട്ടും ശാന്തരൂപത്തിലല്ലാതെ കടലിങ്ങനെ നൃത്തം വയ്ക്കുകയാണ്.തിരകൾ അലച്ചെത്താനാകാതെ ഉള്ളു കൊണ്ട് വിങ്ങുന്ന കടലിന്റെ ക്ഷോഭം നന്നായി മനസ്സിലാക്കാനാകും ആ നൃത്തത്തിൽ. കടലിന്റെ ഉള്ളിലെവിടെയോ ഉണ്ടാകും കടൽ മനുഷ്യർ താമസിക്കുന്ന ജലഭൂമിക , അവരുടെ ഒടുങ്ങാത്ത ആഘോഷ നൃത്തങ്ങളാണ് കടലിലെ നിലയ്ക്കാത്ത ഓളങ്ങൾ , അവരെ പ്രീതിപ്പെടുത്താൻ ഒരു പൂവെങ്കിലും കടൽ സഞ്ചാരത്തിൽ നിവേദിക്കപ്പെടേണ്ടതത്രേ! യാത്രകളിൽ ഇത്തരം സങ്കൽപ്പങ്ങൾ രസകരമാണ്. അലയെ കീറി മുറിച്ച് പോകുന്ന ബോട്ടിനെ വെല്ലു വിളിച്ച് വെള്ളം ഓളമുയർത്തി ഞങ്ങളെ നനച്ച് കൊണ്ടേയിരുന്നു. തെല്ലു നേരം കഴിഞ്ഞപ്പോൾ ചുറ്റുപാടും വെള്ളമില്ലാതെ മറ്റൊന്നുമില്ലെന്ന് ബോധ്യം വന്നു. 

മെല്ലെ മെല്ലെ ദൂരെ ഒരു ദ്വീപ് കാണാനായി. "ദ്വീപ് ദൂരെ വച്ച് കാണാനേ കഴിയൂ, അങ്ങോട്ട് കയറാൻ അനുവാദമില്ല, തൊട്ടടുത്ത് പോലും പോകാനാകില്ല, കരയിലിരുന്ന് കോസ്റ്റ് ഗാർഡ് വീക്ഷിക്കുന്നുണ്ടാകും, അടുത്ത് വരെ പോയി കണ്ടിട്ട് പോരാം", ബോട്ട് നിയന്ത്രിക്കുന്ന ചേട്ടൻ കന്നടയിൽ പറഞ്ഞത് അൻസാർ മുറി മലയാളത്തിൽ മലയാളത്തിലാക്കി. നിരാശയ്ക്കിടയിലും അടുത്തെങ്കിലും പോകാനായതിന്റെ സന്തോഷത്തിൽ നിധി ഫോൺ കയ്യിലെടുത്ത് വീഡിയോ എടുക്കാനാരംഭിച്ചു. കടൽ മാത്രമാണ് ചുറ്റും, മുക്കാൽ മണിക്കൂറിന്റെ ദൂരം പിന്നിട്ട് ദ്വീപിലേയ്ക്കടുക്കുമ്പോൾ കടൽക്കാറ്റിന്റെ ഉപ്പു രുചി കൊണ്ടിട്ടാവണം വിശപ്പ് അരിച്ചു കയറുന്നു. ഒപ്പം തല കടൽ പോലെ ഇളകി മറിയുന്നു.ഇതാണോ കടൽ ചൊരുക്ക്? വിശപ്പിന്റെയും  അകമേയുള്ള ക്ഷോഭത്തിന്റെയും അലകൾ ഉള്ളിൽ പ്രതിഷേധം ശക്തമാക്കി തുടങ്ങുന്നു. തല ഉയർത്തി നോക്കുമ്പോൾ കടൽ ചുറ്റും കറങ്ങുന്നു. അതോ തലയ്ക്കുള്ളിലുള്ള സർവ്വ അവയവങ്ങളും ഒന്നിച്ച് തലയ്ക്കുള്ളിൽ വട്ടം ചുറ്റുകയാണോ? ഒന്നും മനസിലായില്ല.

ഇതാണ് സെന്റ് മേരീസ് ദ്വീപ്.ഏതാണ്ട് അര കിലോമീറ്റർ അകലെ നിന്ന് കറുത്ത പാറക്കെട്ടുകളാൽ നിറഞ്ഞ ദ്വീപ് നോക്കിക്കണ്ടു. ദ്വീപിന്റെ സമീപം മുഴുവൻ ധാതു ലവണങ്ങൾ നിറഞ്ഞ പാറക്കൂട്ടമാണ്, ബോട്ടിൽ കല്ല് വന്നിടിച്ചാൽ പ്രശ്നമാകുമെന്നതുകൊണ്ട് ഒട്ടും ദ്വീപിനോട് അടുപ്പിക്കാനും പറ്റില്ല. നിറയെ തെങ്ങുകൾ നിറഞ്ഞ വെളുത്ത മണൽപ്പരപ്പുകൾ തെളിഞ്ഞ മനോഹരമായ ഒരു ദ്വീപ് അങ്ങനെ ദൂരെ നിന്ന് മാത്രം കണ്ടു ഞങ്ങൾ നിർവൃതിപ്പെട്ടു. എന്നോ ഒരിക്കലുണ്ടായ ലാവയിൽ നിന്നും വന്നതാണത്രേ അവിടുത്തെ കറുത്ത പാറക്കല്ലുകൾ, അവ ധാതു ലവണങ്ങൾ കൊണ്ട് സമ്പുഷ്ടമാണെന്നും ബോട്ട് ഡ്രൈവറുടെ വാക്കുകളെ അൻസാർ ഞങ്ങൾക്ക് മൊഴിമാറ്റി പരിചയപ്പെടുത്തി. 

തിരിച്ചുള്ള യാത്രയിലും അതേ കടൽ ഞങ്ങളെ ക്ഷീണിപ്പിച്ചു, വിശപ്പും തല കറക്കവും നിശ്ശബ്ദരാക്കി കളഞ്ഞു. എങ്കിലും തല കുമ്പിട്ട് ഇത്ര അപൂർവമായ അനുഭവം കളയുന്നതെങ്ങനെ. ഒരുപാടൊന്നും ചിത്രങ്ങളെടുക്കാൻ തോന്നിയില്ല, പകരം പച്ച കടലിന്റെ നിറ വ്യത്യാസങ്ങളെ അദ്‌ഭുതത്തോടെ നോക്കി കണ്ടു. പച്ചയ്ക്ക് പോലും ഭാവഭേദം വന്ന നിറങ്ങളുടെ മഹാ സാഗരം. പക്ഷേ അതേ പച്ച നിറം മൊബൈലിലെ ചിത്രത്തിൽ വന്നപ്പോൾ ആഴത്തിലുള്ള നീലയായതിന്റെ അതിശയം മോഹിപ്പിച്ചു. വെയിലിന്റെ സുവർണ പ്രഭയുടെ മായാജാലങ്ങൾ! കടൽ എന്നത് കരയിൽ നിന്ന് മോഹിപ്പിക്കുന്ന ഒരു മാലാഖ മത്സ്യമാണ്, പക്ഷേ ആഴത്തിലേയ്ക്ക് അവളെ അറിയാൻ ഇറങ്ങി ചെല്ലുമ്പോൾ പലതും കാട്ടി അവൾ ഭയപ്പെടുത്തുകയും നിർവീര്യമാക്കുകയും ചെയ്യും. നമ്മുടെ ബലത്തിന്റെ പകുതി കൂടി ഏറ്റെടുത്തു അവൾ ചിലപ്പോൾ കയർത്തേക്കാം.പക്ഷേ അവൾ കാത്തുവയ്ക്കുന്ന കാഴ്ചകൾ! "ബ്ലൂ ഈസ് ദ വാമസ്റ്റ് കളർ" ബോട്ടിൽ നിന്നിറങ്ങി തിരികെ കരയിലേക്ക് കയറുമ്പോൾ നിധി പറഞ്ഞു. ശരിയാണ്, നീലയോളം മോഹിപ്പിക്കുന്ന പ്രതലം മറ്റൊന്നുമില്ല, അടുത്ത് നിൽക്കുമ്പോൾ പച്ചയായും അകലെ നോക്കുമ്പോൾ നീലയായും അമ്പരപ്പിക്കുന്ന കടലിനോളം ആ പ്രതലത്തെ പേറുന്ന മറ്റേതു ക്യാൻവാസുണ്ട്.

സെന്റ് മേരീസ് ദ്വീപ് ഇപ്പോൾ യാത്രികർക്കായി കാത്തു നിൽക്കുന്നുണ്ടാവും. യാത്രികർ അവിടേയ്ക്ക് അവളുടെ വിശുദ്ധിയെ തൊട്ടെടുക്കാൻ ചെന്ന് കയറും മുൻപ് ദൂരെ നിന്ന് മാത്രം അഭിവാദ്യമർപ്പിച്ച് പോന്നവർക്ക് അവളുടെ ഹൃദയത്തിൽ തെല്ലെങ്കിലും സ്നേഹം ബാക്കിയുണ്ടാവില്ലേ? ഒടുങ്ങാത്ത കടൽ ക്ഷോഭത്തിലും ചെറു ബോട്ടിലെ ഭയപ്പാടുകളെ അവഗണിച്ച് തനിക്കു മുന്നിലെത്തിയ രണ്ട് സ്ത്രീകളോട് അല്ലെങ്കിലും കരുണ കാണിക്കാതെയിരിക്കാൻ അവൾക്ക് കഴിയില്ലല്ലോ... അതുകൊണ്ടു തന്നെ അവളുടെ ഹൃദയത്തിൽ തൊട്ട് ദ്വീപിന്റെ ശ്വാസവേഗമറിയാൻ ഇനിയും ആ കടലും ദ്വീപും ഒരുപക്ഷേ ഞങ്ങളെ ക്ഷണിച്ചേക്കും... പോകുക തന്നെ ചെയ്യണം.