Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറുദീസാനഷ്ടത്തെ ഭയമില്ലാത്ത ചരിത്രത്താളുകളിലിടം പിടിച്ച ആ കന്യാസ്ത്രീകൾ

nun-protest-against-bishop.jpg.image.784.410

ചരിത്രവഴിയിലെ ആ അഞ്ചു പേരുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.സിസ്റ്റർ അനുപമ, സിസ്റ്റർ ജോസഫിൻ, സിസ്റ്റർ ആൽഫി, സിസ്റ്റർ നീന റോസ്, സിസ്റ്റർ ആൻസിറ്റ. ബിഷപ്പിനെതിരെ പരാതി നൽകി അതിൽ ഉറച്ചു നിന്ന കന്യാസ്ത്രീയുടെ സഹപ്രവർത്തകർ, അവർക്ക് വേണ്ടി നീതി കിട്ടാൻ ഏതറ്റം വരെയും പോകും എന്നു പറഞ്ഞതിനൊപ്പം അത് തെളിയിച്ചും കൊടുത്തവർ. കന്യാസ്ത്രീ എന്ന പേരിനു പോലും മിഴിവ് കൂട്ടിയവർ. അവരെ അഭിനന്ദിച്ച് പ്രശസ്തരും സാധാരണക്കാരും ആദരവ് അർപ്പിച്ചു കൊണ്ടിരിക്കുകയാണ്.

എന്തുകൊണ്ടാണ് ഇത്രയുംനാൾ പല അവഗണനകളും അടിച്ചമർത്തലുകളും അനുഭവിച്ച് മഠങ്ങളിലെ മുറികളിൽ  ജീവിച്ചിരുന്ന കന്യാസ്ത്രീകൾ സമരത്തിനിറങ്ങിയത്?. മറുപടി വ്യക്തമാണ്, അവരുടെ സഹപ്രവർത്തകയായ മാലാഖ മാനഭംഗം ചെയ്യപ്പെട്ടു എന്നു കാണിച്ച് ഒരു ബിഷപ്പിനെതിരെ പരാതി കൊടുത്ത് മാസങ്ങളായിട്ടും അന്വേഷണം എങ്ങും എത്തിയില്ല. അങ്ങനെയാണ് ഒരുപറ്റം കന്യാസ്ത്രീകൾ കുറവിലങ്ങാട് നിന്നും കൊച്ചിയിലെത്തിയത്. ഈ രണ്ട് ഇടങ്ങളും തമ്മിൽ ഏറെ അകലമുണ്ട്. ആ ദൂരം കിലോമീറ്റർ കണക്കിൽ പെടുത്താനാകില്ല, മറിച്ച് മുറികളിലെ ഒറ്റപ്പെട്ട കന്യാസ്ത്രീയിൽ നിന്നും നഗരത്തിലെ തെരുവിൽ നീതിയ്ക്കായി പ്രതിഷേധം നടത്തുന്ന ആർജ്ജവമുള്ള സ്ത്രീയിലേക്കുള്ള ദൂരം കൂടിയാണ്. ബിഷപ്പിനെ അറസ്റ്റു ചെയ്യുക, തങ്ങളുടെ സഹപ്രവർത്തകയ്ക്ക് നീതി നൽകുക ഈ ആവശ്യത്തിലൂന്നിയാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി അവർ തെരുവിൽ സമരം നടത്തിക്കൊണ്ടിരുന്നത്. ചിലർ ഒപ്പം നിൽക്കുകയും പിന്തുണയ്ക്കുകയും ചെയ്തപ്പോൾ മറ്റു ചിലർക്കുത്സാഹം അപമാനിക്കായിരുന്നു.  പക്ഷേ കൂടെ നിന്നവർക്ക് നന്ദിയർപ്പിച്ചു കൊണ്ട് അപമാനിച്ചവർക്ക് നേരെ ധീരമായി പുഞ്ചിരിച്ചു കൊണ്ട് ബിഷപ്പിന്റെ അറസ്റ്റോടു കൂടി സമരത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കിയ കന്യാസ്ത്രീകൾ തിരികെ മഠത്തിലേക്ക് യാത്രയായി.

പ്രത്യേകിച്ച് യാതൊരു രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയില്ലാതെ വിജയിച്ച സമരമാണ് കന്യാസ്ത്രീകളുടേത് എന്നത് എടുത്തു പറയേണ്ടതാകുന്നു. പരാതി നൽകിയ കന്യാസ്ത്രീയുടെ അടുത്ത സുഹൃത്ത് കൂടിയായ സിസ്റ്റർ അനുപമയുടെ നേതൃത്വത്തിലാണ് രാപ്പകൽ നീണ്ടു നിന്ന പതിനാലു ദിവസത്തെ സമരം മുന്നോട്ടു നയിക്കപ്പെട്ടത്. ഒടുവിൽ സമരം അവസാനിച്ച് മടങ്ങുമ്പോഴും അവരുടെ കണ്ണുകളിൽ അടങ്ങാത്ത ഒരു കനലുണ്ടെന്ന് ചിത്രങ്ങളിൽ നിന്ന് ബോധ്യമാകുന്നു. 

kerala-nuns-protest

ക്രൈസ്തവ സഭ അടിമുടി നവീകരണം ആവശ്യപ്പെടുന്നുണ്ടന്ന് സമരം ചെയ്ത കന്യാസ്ത്രീകൾ പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ വർഷം തന്നെ സഭയിൽ നടന്ന അപമാനകരങ്ങളായ കേസുകളുടെ എണ്ണം എടുത്താൽ മാത്രം മതി സഭ നവീകരണം ആവശ്യപ്പെടുന്നുണ്ട് എന്നുറപ്പിക്കാൻ, മഠം എന്ന ഇരുണ്ട ചുവരുകൾക്കുള്ളിൽ എത്രമാത്രം അസ്വാതന്ത്ര്യമാണ് കന്യാസ്ത്രീകൾ നേരിടുന്നതെന്ന് മഠത്തിൽ നിന്ന് പുറത്തിറങ്ങിയ സിസ്റ്റർ ജെസ്മി ഉൾപ്പെടെ പലരും പറഞ്ഞിരുന്നു.

ഏറ്റവും മികച്ച വോട്ടു ബാങ്കും സാമ്പത്തിക സ്രോതസ്സുമാണ് സഭ എന്ന ഇടം. അതുകൊണ്ടു തന്നെ രാഷ്ട്രീയ ശക്തികളുടെ സ്വാധീനം ഈ ഇടങ്ങളിൽ തുലോം കുറവുമായിരിക്കും. പക്ഷേ മഠത്തിലെ കന്യാസ്ത്രീകളിൽ എത്ര പേർ സ്വന്തം രാഷ്ട്രീയം സൂക്ഷിക്കുന്നവരുണ്ട്? എല്ലാമുപേക്ഷിച്ച് രാഷ്ട്രീയവും ജീവിതവും ഉപേക്ഷിച്ച് സന്യസ്‌തകളായ സ്ത്രീകൾക്ക് അല്ലെങ്കിലും എന്ത് രാഷ്ട്രീയം? സഭയുടെ മുകളിൽ നിന്ന് ഇന്നാൾക്ക് വോട്ടു കൊടുക്കുക എന്ന് നിർദ്ദേശിക്കുമ്പോൾ തങ്ങളുടെ സ്ഥാനാർഥിയുടെ വോട്ടുകളുടെ എണ്ണം വർധിക്കുവാൻ ഏറ്റവും നിർവികാരമായി വോട്ടു ചെയ്യുന്ന മനുഷ്യർ ഒരുപക്ഷേ കന്യാസ്ത്രീകളായിരിക്കും. പക്ഷേ ബിഷപ്പ് കേസോടു കൂടി നിർവികാരത എന്ന വാക്കിനു അർഥവ്യത്യാസം സംഭവിച്ചോ എന്നത് കാത്തിരുന്നു തന്നെ കാണണം.

pc-george-nun

എന്തുകൊണ്ട് പീഡനം അനുഭവിച്ചിട്ടും വർഷങ്ങൾ പിന്നിട്ട ശേഷം മാത്രം കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി കൊടുത്തു? എന്ന ചോദ്യത്തിൽ നിന്ന് കൊണ്ട് പി.സി ജോർജ്ജ് പോലും കന്യാസ്ത്രീകളെ കുറിച്ച് വളരെ മോശമായ ഭാഷയിൽ സംസാരിച്ചു. ഒരു സ്ത്രീ അവളനുഭവിച്ച ഏറ്റവും മോശമായ അനുഭവങ്ങളെ  അഭിമുഖീകരിക്കുന്ന അതേസമയം തന്നെ പരാതിപ്പെടാത്തതിന് പിന്നിൽ പലകാരണങ്ങളുമുണ്ടാകും. ഭീഷണി മുതൽ, ഭീതി വരെയുള്ള കാരണങ്ങൾ. സ്ത്രീയുടെ അനുവാദമില്ലാതെ അവളുടെ ശരീരത്തിന്മേൽ നടത്തുന്ന കടന്നു കയറ്റം മാനഭംഗം തന്നെയാണ്. അത് ഒരുവട്ടമാണെങ്കിലും തുടർച്ചയായിട്ടാണെങ്കിലും.

അനിഷ്ടത്തിന്റെയും പ്രതികാരത്തിന്റെയും ഭാഗമായി  പുരുഷന്മാർക്കുമേൽ സ്ത്രീയ്ക്ക് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാംമെന്ന് പലരും വാദിക്കാറുണ്ട്. അത്തരത്തിലുള്ള നിരവധി കേസുകൾക്ക് കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷേ കന്യാസ്ത്രീയുടെ വിഷയത്തിൽ ഈ ഒരു ആരോപണത്തെ പാടെ നിരാകരിക്കേണ്ടതുണ്ട്.  കാരണം സഭയിലെ ഉയർന്ന വ്യക്തിയ്ക്ക്‌ നേരെ ആരോപണം ഉന്നയിക്കപ്പെടുകയും  കന്യാസ്ത്രീകളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം   അരങ്ങേറുകയും ചെയ്യുന്നത് ഒരുപക്ഷേ കേരളത്തിൽ ആദ്യമാണ്. ഇത്രയുംനാൾ എല്ലാം സഹിച്ച് മഠത്തിന്റെ നാലുചുവരുകളിൽ കഴിഞ്ഞിരുന്നവർ സമൂഹത്തിലേക്കിറങ്ങി വന്ന് അവരുടെ സഹപ്രവർത്തക നേരിടുന്ന, അവർ നേരിടുന്ന ബുദ്ധിമുട്ടുകളെ ഉറക്കെ വിളിച്ചു പറയണമെങ്കിൽ കാലങ്ങളായി അവർ എത്രത്തോളം ക്രൂരതകൾ അനുഭവിച്ചിരുന്നു എന്നുവേണം മനസ്സിലാക്കാൻ. കാരണം അടിച്ചമർത്തൽ ഒരു പരിധി കഴിഞ്ഞാൽ പിന്നെയുമെങ്ങനെ സഹിക്കാനാണ്.സഹനത്തിന്റെ പരിധികൾ കഴിഞ്ഞതുകൊണ്ടു തന്നെയാകുമല്ലോ സ്വന്തം ജീവന്റെ കാര്യത്തിൽ പോലും ആശങ്കപ്പെടാതെ ആ സ്ത്രീകൾ സമരത്തിനിറങ്ങിയത്. അതുകൊണ്ടു തന്നെ ഈ സമരത്തിന്റെ, ബിഷപ്പിന്റെ അറസ്റ്റിന്റെ എല്ലാ ക്രെഡിറ്റും ഈ കന്യാസ്ത്രീകൾക്ക് മാത്രം അവകാശപ്പെട്ടതാണ്.

nun-strike.jpg.image.784.410 (1)

നിരവധി സമരങ്ങൾക്ക് കൊച്ചി സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവയിൽ പലതും സമരങ്ങളിൽ മാത്രം  ഒതുങ്ങിനിൽക്കുകയും അതുകഴിഞ്ഞ് ഒടുങ്ങിപ്പോവുകയും ചെയ്തു. പക്ഷേ പറുദീസാ നഷ്ടം എന്ന വലിയ ഭീഷണി മുന്നിൽ നിന്നിട്ടും ന്യായവും നീതിയുമാണ് പറുദീസയിലേക്കുള്ള യഥാർഥ വഴിയെന്ന് തിരിച്ചറിഞ്ഞ ഒരു കൂട്ടം കന്യാസ്ത്രീകൾ നയിച്ച സമരം ഐതിഹാസികമാണ്. അത് ചരിത്രത്താളുകളിൽ ഇടം പിടിക്കുക തന്നെ ചെയ്യും. 

തെറ്റായ ഒരു സമൂഹത്തിൽ നിന്ന് കന്യാസ്ത്രീകളെ കലയുടെയും ഉറച്ച ശബ്ദത്തിന്റെയും ലോകത്തേയ്ക്ക് കൈപിടിച്ചു കൊണ്ടു പോയ സിസ്റ്റർ ആക്ട് എന്ന ഹോളിവുഡ് സിനിമയിലെ ടെലോറിസ് എന്ന സിസ്റ്റർ കഥാപാത്രത്തെ ഓർമ്മ വരുന്നു. തങ്ങളുടെ തെരുവുകൾ മനോഹരമായി പെയിന്റടിച്ചും യേശുദേവന് ഇമ്പമേറിയ പാട്ടുകൾ പാടി കൊടുത്തതും അവൾ ആ മഠത്തിലെ ഫ്രസ്ട്രേറ്റഡ് കന്യാസ്ത്രീ സമൂഹത്തെ മാറ്റിയെടുക്കുന്നത് എത്ര മനോഹരമായ അനുഭവമാണത്.

nuns-1.jpg.image.784.410

ബിഷപ്പിനെതിരെയുള്ള സമരം അത്തരമൊരു നവീകരണത്തിന് മഠത്തിലും സഭയിലും കാരണമാകട്ടെ എന്നാണു പുറത്തു നിന്ന് അവരെ കാണുകയും അവരെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന സമൂഹം ആഗ്രഹിക്കുന്നതും. കാലം മാറുകയാണ് അടിച്ചമർത്തപ്പെട്ട ജനത ഒരുകാലത്ത് കൂടു പൊളിച്ച് പുറത്തു വരികയും അവരുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു തുടങ്ങുമ്പോൾ പിന്നെ മാറ്റം അനിവാര്യമാകുന്നു. ഭയം എന്ന വികാരത്തെ ദൈവം എന്ന സങ്കൽപ്പവുമായി തളച്ചിടുമ്പോൾ അതിലെ പൊരുത്തക്കേട് ഇനിയുള്ള തലമുറ തിരിച്ചറിയുമെന്ന് തന്നെ തോന്നുന്നു, കാരണം നമ്മുടെ പെൺകുട്ടികളും മാറുകയാണല്ലോ!