Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊല്ലാൻ ചോദിച്ചത് 18 ലക്ഷം, 10 ലക്ഷത്തിന് കരാറായി; ഒടുവിൽ

angel-manjeet.jpg.image.784.410 അറസ്റ്റിലായ മോഡൽ എയ്ഞ്ചല്‍ ഗുപ്ത, കൊല്ലപ്പെട്ട സുനിതയുടെ ഭർത്താവ് മന്‍ജീത് (ചിത്രം: ട്വിറ്റര്‍)

മോഡലുമായുള്ള പ്രണയത്തിനു തടസ്സം നിന്ന ഭാര്യയെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചു കൊലപ്പെടുത്തിയ കേസില്‍ നാലാമത്തെയാളും അറസ്റ്റില്‍. മോഡല്‍ എയ്ഞ്ചല്‍ ഗുപ്തയുടെ പിതാവ് രാജീവിന്റെ ഡ്രൈവറാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. അധ്യാപികയായിരുന്ന സുനിത(38)യെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചു വെടിവച്ചുകൊന്ന കേസില്‍ ഭര്‍ത്താവ് മന്‍ജീത്, കാമുകി എയ്ഞ്ചല്‍ ഗുപ്ത, എയ്ഞ്ചലിന്റെ പിതാവ് രാജീവ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.  നാലാമത്തെ അറസ്റ്റോടെ കേസുമായി ബന്ധപ്പെട്ട മറ്റു ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തായി. 

മന്‍ജീതും മോഡല്‍ ഏയ്ഞ്ചല്‍ ഗുപ്തയും തമ്മിലുള്ള അവിഹിത ബന്ധത്തിനു തടസ്സം നിന്നതിനെത്തുടര്‍ന്നാണ് സുനിതയ്ക്കു ജീവന്‍ നഷ്ടപ്പെട്ടത്. രാജ്യത്തിന്റെ തലസ്ഥാനഗരത്തെ ഞെട്ടിച്ച  കൊലപാതകം ആസൂത്രണം ചെയ്‍തത് മോഡല്‍ ഏയ്ഞ്ചലാണെന്നു പൊലീസ് പറഞ്ഞു. വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തിയ ഏയ്ഞ്ചല്‍ അവര്‍ക്കു പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത് 10 ലക്ഷം രൂപ. ഇതില്‍ രണ്ടരലക്ഷം രണ്ടു തവണകളായി കൈമാറുകയും ചെയ്തു. ആറുമാസമായി ഏയ്ഞ്ചലും മന്‍ജീതും രാജീവും കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. മന്‍ജീതും ഏയ്ഞ്ചലും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞ സുനിതയുടെ സഹോദരന്‍ ആര്‍കെ പുരത്തുള്ള വീട്ടില്‍ചെന്ന് ബന്ധത്തില്‍നിന്നു പിന്‍മാറണമെന്ന് മോഡലിനോട് ആവശ്യപ്പെട്ടിരുന്നു. ഇതാണു കൊലപാതകത്തിനു പ്രകോപനമായത്. വാടകക്കൊലയാളികള്‍ കൃത്യം നടത്താന്‍ ആദ്യം ആവശ്യപ്പെട്ടത് 18 ലക്ഷം. പിന്നീട് ചര്‍ച്ചകളിലൂടെ 10 ലക്ഷമായി കുറച്ചു. 

വാടകക്കൊലയാളികളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. ഉടന്‍ തന്നെ കൊലയാളികള്‍ അറസ്റ്റിലാകുമെന്നു പറയുന്നു പൊലീസ്. 

കഴിഞ്ഞമാസം 23 നാണ് കൊലപാതകത്തിന്റെ വിശദമായ പദ്ധതി തയാറാക്കിയത്. അന്ന് കൃത്യത്തില്‍ ഉള്‍പ്പെട്ട എല്ലാവരും കൂടി ഒരുമിച്ചുകണ്ടിരുന്നു. ഭാര്യയുടെ ദിനചര്യകളെക്കുറിച്ചും യാത്രകളെക്കുറിച്ചും കൊലയാളികളെ അറിയിക്കുന്നതായിരുന്നു മന്‍ജീതിന്റെ റോള്‍. സുനിത സഞ്ചരിക്കുന്ന വഴികളെക്കുറിച്ചുള്ള കൃത്യമായ വിവരം അറിയിച്ചത് രാജീവും ഡ്രൈവര്‍ ദീപക്കും. 

ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തെക്കുറിച്ചു പരാമര്‍ശിക്കുന്ന സുനിതയുടെ ഡയറിക്കുറിപ്പുകളാണ് അന്വേഷത്തില്‍ പൊലീസിനു പ്രധാനതെളിവായത്. നിരാശ തോന്നുമ്പോഴും എന്തെങ്കിലും വേദന അനുഭവിക്കുമ്പോഴും സുനിത ഡയറി എഴുതുമായിരുന്നു. അവിഹിത ബന്ധത്തെ എതിര്‍ത്തതിന് തന്നെ കൊല്ലുമെന്ന് ഭര്‍ത്താവ് മന്‍ജിത് ഭീഷണിപ്പെടുത്തിയതായി സുനിത ഡയറിയില്‍ എഴുതിയിട്ടുണ്ട്. വിവാഹമോചനം വേണമെന്ന് മന്‍ജീത് ആവശ്യപ്പെടാറുണ്ടിയിരുന്നത്രേ. 

2012 ലാണ് മന്‍ജീതും മോഡല്‍ എയ്ഞ്ചല്‍ ഗുപ്തയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. വിവാഹം കഴിക്കാമെന്ന ആഗ്രഹം മുന്നോട്ടുവച്ചത് എയ്ഞ്ചലായിരുന്നു. അതേത്തുടര്‍ന്നു മന്‍ജീത് വിവാഹമോചനം ആവശ്യപ്പെട്ടു. ഇതിനെ സുനിത എതിര്‍ത്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഗീത അല്‍ബങ്ങളില്‍ അഭിനയിക്കാറുള്ള എയ്ഞ്ചല്‍ മന്‍ജീതിനെ സാമ്പത്തികമായി സഹായിക്കാറുണ്ടായിരുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസിലായിരുന്നു മന്‍ജീത്.