Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

102 കോടിയുടെ പദ്ധതി; കാടിൽ കണ്ണുവച്ച് സർക്കാർ, വിട്ടുകൊടുക്കില്ലെന്ന് സ്ത്രീകൾ

881831318 പ്രതീകാത്മക ചിത്രം

കുടുംബത്തിൽ ഒരാളെയെങ്കിലും ഡോക്ടറോ എൻജിനീയറോ ആക്കാൻ ശ്രമിക്കുന്ന കുടുംബങ്ങളുണ്ട്. അത്രയുമൊന്നും ആയില്ലെങ്കിലും എല്ലാവർക്കും മികച്ച ജോലി കിട്ടാനും അവർ കുടുംബം ഉത്തരവാദിത്തത്തോടെ നോക്കുന്നതു കാണാനും ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാൽ ഭാവിയെക്കുറിച്ചും പണത്തെക്കുറിച്ചും പ്രതാപത്തെക്കുറിച്ചുമുള്ള ആഗ്രഹങ്ങളൊക്കെ മാറ്റിവച്ച് വീട്ടിലെ ഒരാളെയെങ്കിലും സമീപത്തെ കാട്ടിലേക്കു പറഞ്ഞയയ്ക്കുന്ന ഒരു ഗ്രാമമുണ്ട് ഇന്ത്യയിലെ ഒഡിഷയിൽ. ബൽറാംപൂർ എന്നാണു ഗ്രാമത്തിന്റെ പേര്. 

ഒഡിഷയുടെ മധ്യമേഖലയിലെ ധെങ്കനൽ എന്ന ജില്ലയിലെ കാടും മേടും നിറഞ്ഞ ഗ്രാമം. കാടു കാണാനല്ല ചെറുപ്പക്കാരെ വീട്ടുകാർ പറഞ്ഞയയ്ക്കുന്നത്. പകരം കാടിന്റെ കാവൽക്കാരായി. മരങ്ങളോരോന്നും വെട്ടിയും നശിപ്പിച്ചും മുൽക്കൂട്ടാനൊരുങ്ങുന്ന കാട്ടുകള്ളൻമാരെ നേരിടാൻ. കൊള്ളയടിക്കാൻ എത്തുന്നവരെ കണ്ടാൽ കാവൽനിൽക്കുന്ന ചെറുപ്പക്കാർ ഗ്രാമീണരെ അറിയിക്കും. ഗ്രാമം ഒറ്റകെട്ടായി ഇറങ്ങുന്നതോടെ കള്ളൻമാർ ഓടിരക്ഷപ്പെടും. വർഷങ്ങളായി ഈ കാവലും സംരക്ഷണവും തുടരുന്നുണ്ടെങ്കിലും സർക്കാരിന്റെ നേതൃത്വത്തിൽപ്പോലും കാടു വെട്ടി വെളുപ്പിച്ച് വ്യവസായശാല സ്ഥാപിക്കാൻ ശ്രമം ഉണ്ടായതോടെ ഗ്രാമത്തിലെ സ്ത്രീകളും മുന്നിട്ടിറങ്ങുകയാണ്. പ്രായമേറിയ വയോധികരും ചെറുപ്പക്കാരികളുമെല്ലാമുണ്ട്. 

അവർ തങ്ങളുടെ പ്രിയപ്പെട്ട മരങ്ങളെ കെട്ടിപ്പുണർന്നു നിൽക്കുന്നു. ഇനിയൊരാൾക്കും കീഴടങ്ങാനില്ലെന്ന കരുത്തിന്റെ ശബ്ദവുമായി. ബൽറാംപൂർ ഗ്രാമവും അവിടുത്തെ പ്രകൃതദത്ത കാട് രക്ഷിക്കാനുള്ള സ്ത്രീകളുടെ പോരാട്ടവും സമകാലിക ഇന്ത്യയിലെ പോരാട്ട ചരിത്രത്തിലെ തിളക്കമുള്ള ഏടാകുകയാണ്. രാജ്യം കണ്ണുതുറന്നു കാണുകയും മനസ്സിലാക്കുകയും ആദരിക്കുകയും ചെയ്യേണ്ട ജനതയും അവരുടെ ഐതിഹാസികമായ പോരാട്ടവീര്യവും. 

ചതുരി സാഹു എന്ന സ്ത്രീക്ക് 70 വയസ്സുണ്ട്. മൂന്നു തലമുറകളായി വീട്ടിലെ ഒരു പുരുഷഅംഗത്തെയെങ്കിലും കാട്ടിലേക്കു പറഞ്ഞയയ്ക്കുന്നതു ചതുരിയുടെ കടമയായിരുന്നു. ഭർത്താവും ഭർത്താവിന്റെ അച്ഛനും മകനുമെല്ലാം ആ ചുമതല സന്തോഷത്തോടെ നിറവേറ്റി. ജിംഖർഗാഡി എന്നു പേരുള്ള വനത്തിന്റെ നിലനിൽപുതന്നെ ഭീഷണിയിലായതോടെ ചതുരി നേരിട്ടു രംഗത്തിറങ്ങിയിരിക്കുകയാണ് ഇത്തവണ. 

പുന ഖുന്തിയ എന്ന സ്ത്രീക്കും 70 വയസ്സു കഴിഞ്ഞു. അവരുടെ വീട്ടിലിപ്പോൾ പുരുഷഅംഗങ്ങളാരുമില്ല. പക്ഷേ, അതൊരിക്കലും പ്രകൃതിയോടുള്ള തന്റെ കടപ്പാടു വീട്ടാൻ തടസ്സമാകരുതെന്ന് അവർക്ക് നിർബന്ധമുണ്ട്. അതുകൊണ്ടുതന്നെ പ്രായത്തിന്റെ അവശതകളെ വകവയ്ക്കാതെ പുന ഖുന്തിയ കാട്ടിലേക്കിറങ്ങുന്നു. കയ്യിൽ കിട്ടിയ കമ്പും ഉയർത്തിപ്പിടിച്ച്– ഈ കാടാണു ‍ഞങ്ങളുടെ ജീവിതം. ഇതു വിട്ടുകൊടുക്കാൻ ഞങ്ങൾ ഒരുക്കമല്ല. ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂ എന്ന മുദ്രാവാക്യവുമായി. 

ബൽറാംപൂരിലെ കാട്ടിൽ ഇപ്പോൾ കണ്ണുവച്ചിരിക്കുന്നത് സർക്കാർ. ഒഡിഷ ഇൻഡസ്ട്രിയൽ ഇൻഫാസ്ട്രക്ച്ചർ ഡവലപ്മെന്റ് കോർപറേഷൻ. ഈ മാസം ഏഴാം തീയതി മുഖ്യമന്ത്രി നവീൻ പട്നായിക് 102 കോടിയുടെ ഒരു വ്യവസായ പദ്ധതിയാണ് ഉദ്ഘാടനം ചെയ്തത്. ബ്രൂവറി ഫാക്ടറി. 12 ഏക്കർ വനഭൂമി വേണം ഈ ഫാക്ടറി സ്ഥാപിക്കാൻ.ഏകദേശം 5000 മരങ്ങൾ ഫാക്ടറിക്കുവേണ്ടി വെട്ടിനശിപ്പിക്കേണ്ടിവരുമെന്നാണു ഗ്രാമീണർ പറയുന്നത്. 

പക്ഷേ, ഇതുവരെയും  പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കാൻ ജില്ലാ ഭരണകൂടത്തെ ബൽറാംപൂരിലെ സ്ത്രീശക്തി അനുവദിച്ചിട്ടില്ല. 12 ഏക്കർ പോയിട്ട് തലമുറകളായി കണ്ണിലെ കൃഷ്ണമണി പോലെ തങ്ങൾനോക്കുന്ന കാട്ടിലെ മരങ്ങളുടെ ഒരു കൊമ്പു പോലും മുറിക്കാൻ അനുവദിക്കില്ലെന്നാണ് ഗ്രാമീണരുടെ നിലപാട്. സർക്കാരും നിയമപാലകരുമെല്ലാം ഒരുമിച്ച് എത്തിയാലും തങ്ങൾ പിന്നോട്ടില്ലെന്ന് അവർ വ്യക്തമാക്കുന്നു. അവർ മരങ്ങളിൽ ചുറ്റിപ്പിടിക്കുന്നു. തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവരെ ആപത്തിൽനിന്നു സ്നേഹത്തിലേക്കും സംരക്ഷണത്തിലേക്കും വലിച്ചടുപ്പിക്കാനെന്നതുപോലെ. ഈ സമരം സ്വയം രക്ഷപ്പെടാനല്ല. ജീവന്റെ ആധാരമായ പ്രകൃതിക്കുവേണ്ടി. നാളേയ്ക്കുവേണ്ടി. പച്ചപ്പിനുവേണ്ടി.