Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അജ്ഞാത അശ്ലീല വിഡിയോ കോൾ അവഗണിക്കുന്ന സ്ത്രീകൾക്കായി പൊലീസ് പറയുന്നു

രാവെളുക്കുവോളം പോൺഫിലിം കണ്ട്, വെർച്വൽ നമ്പറുകളിലൂടെ അശ്ലീല വിഡിയോ കോളുകൾക്കു ശ്രമിക്കുന്നവർ കുടുങ്ങുമെന്ന് പൊലീസ്. വെർച്വൽ നമ്പറുകൾ ആയതിനാൽ തങ്ങളൊരിക്കലും കുടുങ്ങില്ല എന്ന ആത്മവിശ്വാസത്തോടെ ഇതിനിറങ്ങിത്തിരിക്കുന്ന യുവാക്കൾക്കാണ് പൊലീസ് മുന്നറിയിപ്പു നൽകുന്നത്.

ഫോണിന്റെ ഡിസ്പ്ലേയിൽ നമ്പർ തെളിയുമ്പോൾ അതു വിദേശത്തു നിന്നുള്ള കോൾ ആണെന്ന് ഭയന്ന് അശ്ലീല വിഡിയോയ്ക്കെതിരെ നിശബ്ദത പാലിക്കുന്ന സ്ത്രീകളോടും പൊലീസിന് ചിലതു പറയാനുണ്ട്. അത്തരത്തിലുള്ള കോളുകളെ ഒരിക്കലും അവഗണിക്കരുതെന്നും എത്രയും വേഗം തന്നെ സൈബർ സെല്ലിൽ പരാതിപ്പെടണമെന്നും പൊലീസ് പറയുന്നു. ഇന്ത്യയിൽത്തന്നെയുണ്ടായ ഒരു സംഭവം ഉദാഹരണമായെടുത്താണ് വെർച്വൽ നമ്പറുകളിൽ നിന്നു സ്ത്രീകളെ ശല്യപ്പെടുത്തുന്നവരെ എങ്ങനെ കുടുക്കാമെന്ന് പൊലീസ് വിശദീകരിക്കുന്നത്.

വെർച്വൽ നമ്പർ വഴി അധ്യാപികയുടെ ഫോണിലേക്ക് അശ്ലീല വിഡിയോ കോൾ ചെയ്ത കൗമാരക്കാരനെ അറസ്റ്റ് ചെയ്തുകൊണ്ടാണ് പൊലീസ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. മധ്യപ്രദേശ് പൊലീസ് വിഭാഗത്തിലെ സൈബർസെൽ വിങ് ആണ് രാജസ്ഥാനിലെ വിദ്യാർഥിയെ അറസ്റ്റ് ചെയ്തത്. 

രോഹിത് സോണി ഏലിയാസ് ഗോലു എന്ന 19 വയസ്സുകാരൻ വെർച്വൽ നമ്പറുപയോഗിച്ച് അധ്യാപികയുടെ ഫോണിലേക്ക് അശ്ലീല വിഡിയോ കോൾ ചെയ്ത കുറ്റത്തിനാണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ബിൽവാര സ്വദേശിയായ കൗമാരക്കാരൻ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനായാണ് ഘോട്ടയിലെത്തിയത്. പിന്നീട് തന്റെ കോളുകൾ ഒരിക്കലും ട്രെയ്സ് ചെയ്യപ്പെടാതിരിക്കാനായി  വെർച്വൽ നമ്പേഴ്സ് ആപ്പുകളിൽ നിന്ന് ഡൗൺലോഡ് ചെയ്തു. 

ഇങ്ങനെയുള്ള വെർച്വൽ നമ്പറുകളിൽ നിന്ന് കോളുകൾ ചെയ്യുമ്പോൾ ആ കോൾ കിട്ടുന്നവരുടെ ഫോണിൽ വിദേശത്ത് നിന്നുള്ള നമ്പർ ആയിട്ടാണ് കാണപ്പെടുക. ആദ്യം അത്തരമൊരു നമ്പറിൽ നിന്ന് അശ്ലീല വിഡിയോ കോൾ കിട്ടിയപ്പോൾ അധ്യാപിക ആ നമ്പർ ബ്ലോക്ക് ചെയ്തു. പിന്നീട് മറ്റൊരു നമ്പറിൽ നിന്ന് ഇത്തരത്തിൽ കോൾ വന്നപ്പോൾ അവർ സൈബർ സെല്ലിൽ പരാതി നൽകി. നമ്പർ തിരിച്ചറിയാനായി ആദ്യം സൈബർ സെൽ അധികൃതർ സമീപിച്ചത് ഇന്ത്യയിലെ വാട്സാപ് ഓഫിസിലാണ്. എന്നാൽ അവരുടെ ഭാഗത്തു നിന്നു യാതൊരു മറുപടിയും ഇല്ലാതെ വന്നതോടെയാണ് കലിഫോർണിയയിലുള്ള പ്രധാന ഓഫിസുമായി ബന്ധപ്പെട്ട് ആവശ്യമുള്ള വിവരങ്ങൾ ശേഖരിച്ചത്.

നമ്പർ ട്രാക്ക് ചെയ്താണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. പോൺ ഫിലിം കണ്ട ശേഷം വെർച്വൽ നമ്പർ ഉപയോഗിച്ച് അനേകം സ്ത്രീകളുടെ ഫോണിലേക്ക് അശ്ലീല വിഡിയോ കോൾ ചെയ്തിട്ടുണ്ടെന്നും വെർച്വൽ നമ്പർ ആയതിനാൽ ഒരിക്കലും പിടിക്കപ്പെടില്ല എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നതിനാലാണ് അങ്ങനെ ചെയ്തതെന്നുമാണ് അയാൾ കുറ്റസമ്മതം നടത്തിയത്. പ്രതിക്കെതിരെ ഐടി ആക്ട് നിയമങ്ങൾ ഉൾപ്പെടുത്തി എഫ്ഐആർ തയാറാക്കിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.