Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

"ആ മൂന്നു പെൺകുട്ടികളാണോ ഇന്നത്തെ കേരളത്തിന്റെ പ്രശ്നം?"

tick-talk-01

ലിപ്സിങ്ക് വിഡിയോ ആപ് ആയ ടിക്ടോകിൽ വാണവരെയും വീണവരെയും കുറിച്ചുള്ള ചർച്ചകൾ പൊടിപൊടിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ. അതിൽ ഏറ്റവും കൂടുതൽ ചർച്ചയായത് പെൺകുട്ടികളുടെ രണ്ടു സംഘങ്ങൾ ചെയ്ത ടിക്ടോക് ആണ്. കിളിനക്കോട് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് തമാശ രൂപത്തിൽ ഒരു സംഘം പെൺകുട്ടികൾ ചെയ്ത ടിക്ടോക് വിഡിയോയാണ് ആദ്യം ചർച്ചയായത്. തമാശക്കളി പിന്നീട് കാര്യമാവുകയും പെൺകുട്ടികളിലൊരാൾ അതിന്റെ സത്യാവസ്ഥയെക്കുറിച്ച് പറഞ്ഞ് പൊട്ടിക്കരയുന്ന ഓഡിയോ ക്ലിപ് പുറത്തുവിടുകയും ചെയ്തതോടെയാണ് ആ വിവാദം കെട്ടടിങ്ങിയത്.

തൊട്ടുപിന്നാലെയാണ് പ്രണയിച്ചു വഞ്ചിച്ചവനെ പരിഹസിക്കുന്ന രൂപത്തിലുള്ള മറ്റൊരു ടിക്ടോക് വിഡിയോയുമായി വേറൊരു പെൺസംഘത്തിന്റെ വരവ്. സതീശന്റെ മോന്റെ വിഡിയോ എന്ന പേരിൽ ആ ടിക്ടോക് വിഡിയോ കേറിയങ്ങു വൈറലായി.‌ വിഡിയോയിൽ പെൺകുട്ടികൾ തെറിവാക്കുകൾ ഉപയോഗിച്ചത് എന്തിനാണ് എന്ന തരത്തിലുള്ള കമന്റുകളാണ് ആ വിഡിയോയ്ക്കു താഴെ വന്നതിലധികവും. തെറിവാക്കുകൾ പരസ്യമായി ഉപയോഗിക്കുന്നത്, അത് ആൺകുട്ടികളായാലും പെൺകുട്ടികളായാലും തെറ്റുതന്നെയാണെന്ന് ഭൂരിപക്ഷം അഭിപ്രായപ്പെടുമ്പോഴും പെൺകുട്ടികൾ മോശംവാക്കുകൾ ഉപയോഗിക്കുമ്പോൾ മാത്രം ചില ആളുകളുടെ പ്രതികരണശേഷി കൂടുന്നതെന്താണെന്നാണ് ന്യൂനപക്ഷത്തിന്റെ ചോദ്യം.

അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്നതുകൊണ്ടുതന്നെ  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തെറി പറയാനും പറയാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. സംസ്കാരം എന്ന വാക്കിനെ കൂട്ടുപിടിച്ചു പെൺകുട്ടികൾ ഇത്തരത്തിൽ പരസ്യമായി തെറി വിളിക്കാമോ എന്ന തരത്തിലുള്ള ചോദ്യമുയരുമ്പോൾ അതെന്താണ് പെൺകുട്ടികൾക്ക് തെറി വിളിച്ചാൽ എന്ന് ഒരു ചെറിയ ശതമാനം പെൺകുട്ടികളും അവരെ അനുകൂലിക്കുന്ന ആൺകുട്ടികളും ചോദിക്കുന്നുണ്ട്. തെറ്റ് ആരു ചെയ്താലും അതു തെറ്റുതന്നെയാണ്, അത് ആണായാലും പെണ്ണായാലും. പക്ഷേ  തെറ്റിന് ശിക്ഷവിധിക്കുമ്പോൾ അതിൽ തെറ്റുചെയ്തവരുടെ ഭാവികൂടി ഇല്ലാതാവരുതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. തങ്ങൾ പെൺകുട്ടികളുടെ തെറ്റിനെ ന്യായീകരിക്കുകയല്ലെന്ന് വ്യക്തമാക്കിക്കൊണ്ടു തന്നെയാണ് അവർ അഭിപ്രായം വെളിപ്പെടുത്തുന്നത്.

ഈ അവസരത്തിലാണ് അനിലാ ബാലകൃഷ്ണന്റെ ആർ യു എ സ്വീറ്റ് ഗേൾ ഓർ നോട്ട് എന്ന ചോദ്യം പ്രസക്തമാകുന്നത്.

അനിലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്,

"സ്വീറ്റ് ഗേള്‍സിനെയാണ് പൊതുവേ എല്ലാവർക്കും ഇഷ്ടം. സുഹൃത്തായോ, കാമുകിയായോ, സഹപ്രവര്‍ത്തകയായോ, പരിചയക്കാരിയായോ ഒക്കെ സ്വീറ്റ് ഗേള്‍സിനെ കിട്ടണമെന്നുള്ളതാണ് ബുദ്ധിജീവി ആണുങ്ങളുടെ വരെ ഗൂഢാഭിലാഷം. സ്വീറ്റ് ഗേളിന്‍റെ മറുവശത്ത് ഇവർ കൊണ്ടു നിര്‍ത്താറുള്ള സ്ത്രീ, വെറുമൊരു സ്ത്രീ അല്ല, ടഫ് വുമണ്‍, ബോസ്സി വുമണ്‍, ഫെമിനിച്ചി എന്നിങ്ങനെ പല പേരില്‍ അറ്റാക്ക് മോഡില്‍ നില്‍ക്കുന്ന സ്ത്രീകളാകും. ആള്‍ക്കാരുടെ വിരോധം വാങ്ങിക്കൂട്ടാതെ എങ്ങനെ ഒരു സ്വീറ്റ് ഗേള്‍ ആയി മാറാം എന്നുള്ളതിനെക്കുറിച്ച് നമ്മൾ ചിന്തിക്കേണ്ടതുണ്ട്. എനിക്കറിയാവുന്ന പൊടിക്കൈകള്‍ ഞാൻ പറഞ്ഞു തരാം.

1. പൊതുവേ ഒന്നിനെക്കുറിച്ചും അറിയില്ല എന്നു ഭാവിക്കലാണ് സ്വീറ്റ് ഗേള്‍ ആകാനുള്ള പ്രധാന സ്റ്റെപ്. ഉദാഹരണമായി രണ്ടു പേര്‍ ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് ഘോരഘോരമായി ചര്‍ച്ച നടത്തുകയാണെന്നിരിക്കട്ടെ. കണ്ണൊക്കെ വിടര്‍ത്തി, നിഷ്കളങ്കമായ ചിരിയോടെ ഈ ചോദ്യം ചോദിക്കുക: "ആരാണീ നെഹ്റു?". ചോദ്യം കേള്‍ക്കുന്ന ബുദ്ധിജീവി ആണുങ്ങള്‍ നിങ്ങളെ പരസ്യമായി പുച്ഛിക്കും, പക്ഷേ രഹസ്യമായി അവര്‍ അവരോട് തന്നെ പറയും, "ഒടുവിൽ ഞാന്‍ കണ്ടെത്തിയിരിക്കുന്നു, ഇതാണെന്‍റെ സ്വീറ്റ് ഗേള്‍, ദ നിഷ്കളങ്കി, ചതിക്കുഴികള്‍ നിറഞ്ഞ ഈ കപടലോകത്തില്‍ നിന്നും ഞാനിവളെ രക്ഷിക്കും".

2. ദ്വയാര്‍ത്ഥ പ്രയോഗങ്ങൾ, sexist തമാശകള്‍ ഇതൊക്കെ പറഞ്ഞ് ആര്‍ത്തു ചിരിക്കുന്ന ആണ്‍കൂട്ടത്തില്‍ പെട്ടാല്‍ ഒന്നുമേ മനസ്സിലാകുന്നില്ല എന്ന മട്ടില്‍ അന്തം വിട്ടിരിക്കുകയാണ് സ്വീറ്റ് ഗേള്‍സ് ചെയ്യേണ്ടത്. ഇടയ്ക്കിടെ "അതെന്താ, അതെന്താ" എന്ന് അടുത്തിരിക്കുന്ന ആളോട് അടക്കത്തില്‍ ചോദിക്കാം. മുഖം ചുളിയ്ക്കുകയോ, ഇറങ്ങിപ്പോകുകയോ, 'നിര്‍ത്തെടാ നാറീ'ന്നു പറയുകയോ ചെയ്യാനുള്ള തോന്നല്‍ ഉണ്ടായാലും കഷ്ടപ്പെട്ട് നിയന്ത്രിക്കുക, പുഞ്ചിരിക്കുക.

3. ഗഹനമായ കഥയോ, കവിതയോ, അനവധിയായ അര്‍ത്ഥതലങ്ങളുള്ള ചിത്രരചനയോ സ്വീറ്റ് ഗേള്‍സിന് ആവശ്യമില്ല. പരമാവധി മിക്കി മൗസ്, കുടില്‍-തെങ്ങ്-സൂര്യന്‍, സിന്‍ഡ്രല്ല പടങ്ങള്‍ വരയ്ക്കുക. പറ്റുമെങ്കില്‍ ഗോള്‍ഡ്, സില്‍വര്‍ തിളക്കങ്ങള്‍ വാങ്ങി കറുത്ത പേപ്പറില്‍ ഒട്ടിച്ച് ആനയേയോ, ദിനോസറിനെയോ ഉണ്ടാക്കുക. സ്ത്രീകളോട് otherwise വന്‍ കണിശക്കാരായ നിരൂപകസിംഹങ്ങളെക്കൊണ്ടു പോലും wow പറയിക്കാന്‍ ഈ മിക്കി മൗസിനു സാധിക്കും.

4. നമ്മുടെ ആണ്‍സുഹൃത്തുക്കളെക്കുറിച്ചും, അവരുടെ ഹീറോസ് ആയ മറ്റ് ആണ്‍ പുലികളെക്കുറിച്ചും pretentious എന്നോ misogynist എന്നോ What a moron എന്നോ ഉള്ള അഭിപ്രായങ്ങള്‍ സ്വീറ്റ് ഗേള്‍സ് പറയരുത്. 'എന്തൊരു ബുദ്ധി, എന്തൊരു വിവരം' എന്നിങ്ങനെ അത്ഭുത ഭാവത്തോടെയാണ് ഇവരുടെ പാണ്ഡിത്യത്തെ നോക്കിക്കാണേണ്ടത്.

5. സ്വീറ്റ് ഗേള്‍സ് അഭിപ്രായങ്ങൾ വിളിച്ചു കൂവി ആരുടെയും ഈഗോ ഹര്‍ട്ട് ചെയ്യാറില്ല. അഭിപ്രായങ്ങൾ പറഞ്ഞേ തീരൂ എന്നാണെങ്കില്‍ പല്ലു വേദന ആണെന്നു പറഞ്ഞ് ഒഴിയും. കഴിയുന്നതും മാഗി ന്യൂഡില്‍സ്, ഡോറയുടെ പ്രയാണം, ലോ കലോറി ഡയറ്റ് തുടങ്ങി ആരെയും വേദനിപ്പിക്കാത്ത കുറച്ച് വിഷയങ്ങള്‍ കണ്ടെത്തി അഭിപ്രായം പറയാ‍ന്‍ ശ്രമിക്കുക.

6. സ്വീറ്റ് ഗേള്‍സിന് അറിവില്ലായ്മ പോലെ പ്രധാനമാണ് ധൈര്യമില്ലായ്മ. തനിച്ച് മാര്‍ക്കറ്റില്‍ പോകുക, ഡ്രൈവ് ചെയ്യുക, ഓണ്‍ലൈന്‍ ബാങ്കിങ്ങ് നടത്തുക അങ്ങനെ എല്ലാത്തിനും പേടിയാണെന്ന് കണ്ണുമടച്ച് തട്ടിയേക്കുക. ആള്‍ക്കാരുടെ കെയറിങ്ങും, പാരന്‍റിങ്ങും കാരണം നമുക്ക് തന്നെ പ്രാന്താവും.

7. ഒരു സ്വീറ്റ് ഗേളില്‍ നിന്നും സ്വീറ്റ് വൈഫിലേക്ക് ചില്ലറ മീറ്ററുകളുടെ ദൂരമേയുള്ളൂ. ഇത്തിരി കുക്കിങ്ങ്, ഇത്തിരി ക്ലീനിങ്ങ്, ഇത്തിരി ശുശ്രൂഷാദി കര്‍മ്മങ്ങള്‍, ശറശറോന്ന് സ്വീറ്റ്നസ്സ് പോരും.

ഇനി തീരുമാനിക്കേണ്ടത് ടഫ് വുമണുമാര്‍ ആണ്. കണ്ടിട്ടും, കേട്ടിട്ടും ഇല്ലാത്ത ആള്‍ക്കാരുടെ വരെ ശത്രുത വാങ്ങണോ, അതോ എല്ലാരുടെയും ഓമനയായി ജീവിക്കണോ?"

അനില അവസാനം ചോദിച്ച ചോദ്യത്തിന് നേരെയാണ് സതീശന്റെ മോന്റെ വീഡിയോയിലെ പെൺകുട്ടികൾ നിൽക്കുന്നത്. കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ആൾക്കാരുടെ ശത്രുതയും തെറി വിളിയും വാങ്ങിക്കൂട്ടി, പഠിക്കുന്ന സ്‌കൂളിൽ നിന്ന് പോലും പുറത്താക്കപ്പെട്ട് വീട്ടിലെ നിശബ്ദ മൗനത്തിനുള്ളിൽ കുറച്ചു കാലമെങ്കിലും കണ്ണീരുമൊലിപ്പിച്ചുകൊണ്ട് ജീവിക്കേണ്ടവരാകും അവരിനി. കാരണം സമൂഹത്തിന്റെ സദാചാര കണ്ണുകൾ കണ്ടുപിടിച്ചത് അവർ അത്ര സ്വീറ്റ് ആയ പെൺകുട്ടികൾ അല്ല എന്നതാണ്, ഒരുത്തൻ തേച്ചിട്ടു പോയാൽ വളരെ മാന്യമായി സ്വകാര്യമായി അവനെ വേണ്ടെന്നു വച്ച് സ്വസ്ഥമായി ജീവിക്കണം എന്നുമാത്രമാണ്.

തെറിവിളി എന്നതിന്റെ രാഷ്ട്രീയം പലപ്പോഴും പുതുതലമുറയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. നാമുപയോഗിക്കുന്ന തെറികൾ പരിശോധിച്ചാൽ പോലും സവർണ മനോഭാവമുള്ള മനുഷ്യരുടെ അവർണ പരിഹാസമാണ് അതിലെ പല വാക്കുകളുമെന്നും കാണാം. ഏറ്റവും നന്ദിയുള്ള മൃഗങ്ങളെ പോലും തെറി വാക്കുകളായി മാറ്റിയെടുക്കുമ്പോൾ എവിടെയാണ് മനുഷ്യന് പിഴയ്ക്കുന്നതെന്നത് വ്യക്തമാണ്. അതുകൊണ്ടു തന്നെ തെറി ആയി വിളിക്കപ്പെടുന്ന വാക്കുകളുടെ സാംഗത്യം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അടുത്ത കാര്യമാണ്, ആരാണ് ഈ പദങ്ങൾ ഉപയോഗിക്കാൻ അധികാരപ്പെട്ടത് എന്നത്. തൊഴിലാളികളെ, അടിമകളെ ഒക്കെ വിളിക്കാൻ വേണ്ടി സവർണ, നേതൃ നിരയിലുള്ള അധികാരവർഗ്ഗം ഉപയോഗിച്ചിരുന്ന വാചകങ്ങളാവാം തെറികളായത് എന്നതുകൊണ്ട് അത് ഇപ്പോഴും അതേ നിലപാടിൽ തന്നെയാണ് ഉപയോഗിച്ച് വരുന്നത്. അടിമകളെ, തനിക്ക് താഴെ നിൽക്കുന്നവരെ വിളിക്കാൻ, അവരെ പരിഹസിക്കാൻ, അധിക്ഷേപിക്കാൻ ഒക്കെ വിളിക്കുന്ന പദങ്ങളാണ് തെറി വിളികൾ. പൊതുവെ പുരുഷന്മാരുടെ മാത്രം കുത്തക പദങ്ങളാണ് തെറി പദങ്ങൾ എന്ന ഒരു താൻ പോരിമ നിലനിൽക്കുമ്പോഴും നാട്ടിൻപുറങ്ങളിലെ നാടൻ സ്ത്രീകൾക്കിടയിൽ തെറി പദങ്ങൾ എന്നത് ആലങ്കാരിക ഭാഷയല്ല, മറിച്ച് അവരുടെ ജീവിതത്തിന്റെ നിത്യ പ്രയോഗങ്ങൾ തന്നെയാണ്. പക്ഷേ അത്തരക്കാർ മുൻപ് അനില പറഞ്ഞത് പോലെ സ്വീറ്റ് ആയ സ്ത്രീകൾ ആയല്ല, റഫ് ആയും ടഫ് ആയുമാണ് അടയാളപ്പെടുക. അവരുടെ സംസ്കാരം പോലും ചോദ്യം ചെയ്യപ്പെട്ടവയാണ്. കാരണം അവർ പൊതു ബോധത്തിന് ചേരുന്ന തരത്തിലുള്ള പണികൾ പോലുമായിരിക്കില്ല ചെയ്യുക.

പെൺകുട്ടികൾ തെറി വിളിക്കുക എന്നതിന് അവർ റഫ് ആൻഡ് ടഫ് ആയിരിക്കുക എന്നുകൂടി അർഥം കൽപ്പിക്കപ്പെടുമ്പോൾ പെൺകുട്ടികൾ സ്വീറ്റ് ആയിരുന്നാൽ മതിയെന്ന പൊതുബോധം സ്വാഭാവികമായും അതിനെ ചോദ്യം ചെയ്യും, അതുതന്നെയാണ് സതീശന്റെ മകൻ എന്ന ടിക് ടോക്ക് വിഡിയോയിലും സംഭവിച്ചത്. തെറിവിളി, മാന്യതയ്ക്കും സംസ്കാരത്തിനും വിരുദ്ധമാണെന്നും അത്തരം സ്ത്രീകളെ വിവാഹം കഴിക്കാൻ പോലും കൊള്ളില്ലെന്നും ആ വിഡിയോയ്ക്ക് താഴെ വന്ന അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. റഫ് ആൻഡ് ടഫ് ആകുവാനുള്ള സർവ അധികാരവും പുരുഷന് മാത്രമാണെന്നും സ്ത്രീകൾ സ്വീറ്റ് മാത്രമായി ഇരുന്നാൽ മതിയെന്നും പുസ്തകങ്ങളിൽ അവർ എഴുതി വച്ചിട്ടുണ്ട്, കവിതകളിലും കഥകളിലും ഇതിഹാസങ്ങളിലും വരെ അവർ അങ്ങനെയാണ്. ചാനലുകളിൽ കാണപ്പെടുന്ന സീരിയലുകളുടെ കാര്യം മാത്രമെടുത്താൽ ഏറ്റവും നല്ല ഒരു ഉദാഹരണവുമായി. സ്വന്തം കാര്യം ഉത്തരവാദിത്തത്തോടെ നോക്കുന്ന, സ്വന്തമായി ശബ്ദമുയർത്താൻ കഴിവുള്ള സ്ത്രീകൾക്ക് എല്ലായ്പ്പോഴും സീരിയലുകളിൽ പേര് വില്ലത്തി എന്ന് തന്നെയാവും, അമ്മായിയമ്മയുടെ കീഴിൽ അടിമപ്പണി ചെയ്യുന്ന, ഭർത്താവിന്റെ ഇഷ്ടങ്ങളെ മാനിക്കുന്നവളുടെ പേര് നായിക എന്നും. ഇത്തരത്തിൽ കുടുംബങ്ങളിലുള്ള സ്ത്രീകളുടെ ഉള്ളിൽ കുത്തി നിറയ്ക്കപ്പെടുന്ന പൊതുബോധം തെറിവിളിക്കുന്ന പെൺകുട്ടികൾക്ക് എതിര് തന്നെയാവും. കാലമെത്ര കഴിഞ്ഞാലും ആ പൊതുബോധം മാറാനും പോകുന്നതുമില്ല.

സതീശന്റെ വീഡിയോയിലെ പെൺകുട്ടികളെ പലരീതിയിൽ വിമർശിക്കപ്പെടുന്ന വാർത്തകൾ വരുന്നത്. വാർത്തകൾ സത്യമാണെങ്കിൽ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയൊരു തെറ്റിന്റെ പേരിൽ അവരെ ക്രൂശിക്കുന്നത് ശരിയല്ല എന്നതരത്തിലാണ് മുതിർന്നവർ പോലും അഭിപ്രായപ്പെടുന്നത്. സ്വാഭാവികമായും ആംഗലേയ സിനിമകളിലും ജീവിതങ്ങളിലും ചില തെറിപദങ്ങൾ കുട്ടികൾ പോലും ഉപയോഗിച്ചു വരുന്നുണ്ട്. ചിലതൊന്നും തെറി ആയല്ല, തങ്ങൾക്ക് ഇഷ്ടമല്ലാത്ത ഒന്നിനോടുള്ള ദേഷ്യവും ഇഷ്ടക്കേടും കലർന്ന ഒരു പ്രതികരണം മാത്രമാണ്. അതിനെ വലിയ സാംസ്കാരിക പ്രശ്നമാക്കി മാറ്റുന്നവരോട് ഒന്നേ ചോദിക്കാനുള്ളൂ, ആ മൂന്നു പെൺകുട്ടികളാണോ ഇന്നത്തെ കേരളത്തിന്റെ പ്രശ്നം?