sections
MORE

പെൺകുഞ്ഞുങ്ങളുടെ ഉടലുകൾ ഭക്ഷിക്കുന്നവർ

kids-sexual-abuse-66
SHARE

സമൂഹമാധ്യമങ്ങളിൽ കുറച്ചു നാളായി എച്ച്മുക്കുട്ടി എന്ന എഴുത്തുകാരി അവരുടെ ജീവിതം തുറന്നെഴുതുന്നുണ്ട്. "മതക്കുറിപ്പുകൾ" എന്ന പേരിൽ എച്ച്മു എഴുതുന്നതൊക്കെയും അവരുടെ അനുഭവമാണോ അതോ ഭാവന കൂട്ടിക്കെട്ടിയ ജീവിതമാണോ എന്നതൊക്കെ ചോദ്യചിഹ്നമാകുമ്പോഴും നെഞ്ചു നുറുങ്ങുന്ന പല വെളിപ്പെടുത്തലുകളും എച്ച്മു നടത്തി.

കവി അയ്യപ്പനെതിരെയുള്ള മീ ടൂ വെളിപ്പെടുത്തലും ചുള്ളിക്കാടിനെതിരെയുള്ള ആരോപണവുമെല്ലാം അതിന്റെ ഭാഗവുമായിരുന്നു. എച്ച്മുക്കുട്ടിയുടെ ആദ്യ ഭർത്താവായ എഴുത്തുകാരനുമായി ബന്ധപ്പെട്ടുള്ള ജീവിതാനുഭവങ്ങളാണ് അവർ തുറന്നെഴുതുന്നത്. എന്നാൽ ഇക്കഴിഞ്ഞ ദിവസത്തെ എച്ച്മുവിന്റെ എഴുത്ത് സമൂഹമാധ്യമങ്ങൾ  ഏറ്റെടുത്തു. എച്ച്മുവിന്റെ മകളെ കുറിച്ചായിരുന്നു പോസ്റ്റ്. പിതാവിൽ നിന്നും ലൈംഗിക ദുരുപയോഗം നേരിടേണ്ടി വന്ന പെൺകുട്ടിയെക്കുറിച്ചായിരുന്നു ആ കുറിപ്പ്. ലൈംഗികത എന്താണെന്നറിയാതെ, ശരീരത്തിന് എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആ പെൺകുട്ടി അനുഭവിച്ച ദുരിതങ്ങളെക്കുറിച്ചായിരുന്നു പലരും ചർച്ച ചെയ്തത്.

വർഷങ്ങൾക്കു മുൻപ് കനി കുസൃതി ചെയ്ത മെമ്മറീസ് ഓഫ്  മെഷീൻ എന്ന ഹ്രസ്വചിത്രത്തിൽ ഒരു കൊച്ചു പെൺകുട്ടിയുടെ ലൈംഗിക അനുഭവമായിരുന്നു പ്രധാന ആശയം. മുതിർന്ന ഒരു പെൺകുട്ടി കുട്ടിക്കാലത്ത് അവൾ ആസ്വദിച്ച ലൈംഗികതയെക്കുറിച്ച് അവളുടെ പങ്കാളിയോട് പറയുകയാണ് ആ ചിത്രത്തിൽ. അന്ന് ആ ചിത്രം ഏറെ ചർച്ച ചെയ്യപ്പെടുകയും കുട്ടികളുടെ രതിയെ ഉദാത്തവത്കരിക്കുന്ന ആശയം പേറുന്ന ഹ്രസ്വചിത്രം ഏറെ ആരോപണങ്ങൾക്ക് വിധേയമാകുകയും ചെയ്തു.

കുട്ടിക്കാലത്ത്, ചിലപ്പോൾ ലൈംഗികത എന്താണെന്നു പോലുമറിയാതെ ശാരീരികമായി ഉപയോഗിക്കപ്പെടുന്ന പെൺകുട്ടികൾ മുതിരുമ്പോൾ 

Child Abuse
പ്രതീകാത്മക ചിത്രം

കുറ്റബോധത്തോടെയാകും അത്തരം അനുഭവങ്ങളെ ഓർത്തെടുക്കുക. അപ്പോഴും അവരുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്തവർ സമൂഹത്തിൽ മാന്യന്മാരായി വിലസുന്നുണ്ടാകും. കുട്ടികളാണ് ഏറ്റവും കൂടുതൽ ലൈംഗിക പീഡനത്തിന് ഇരകളാകുന്നത് എന്നാണ് കണക്കുകൾ. പെൺകുട്ടികളും ആൺകുട്ടികളുമെല്ലാം ഈ ഗണത്തിൽ വരും. കുട്ടിക്കാലത്ത് സ്പർശനം സുഖകരമായി അനുഭവപ്പെടുന്നത് ലൈംഗിക ആസ്വാദ്യതയുടെ ഭാഗമായി ആണെന്നതല്ല സത്യം. സുഖം എന്നതിന്റെ വിവേചന സ്വഭാവമാണത്. അതിൽ ലൈംഗികതയുടെ അനുഭൂതിയാണെങ്കിൽ പോലും മാനസികമായി വളർച്ചയെത്താത്ത, രതിയെ മനസ്സിലാക്കാതെ അനുഭവിക്കേണ്ടി വരുന്ന അവസ്ഥ പിൽകാലത്ത് ഒരു മുറിവ് തന്നെയാണ്. പല കുട്ടികളിലും ഇത്തരം അനുഭവങ്ങളുണ്ടാവുക വ്യത്യസ്ത തലത്തിലാകും.

ലൈംഗികതയോടുള്ള താൽപര്യം നഷ്ടപ്പെടുക, എതിർ ലിംഗത്തിലുള്ളവരോട് ഭയമുള്ളവരായി തീരുക, പങ്കാളിയോട് പോലും നീതി പുലർത്താനാകാതെയിരിക്കുക, തുടങ്ങി ഏതു രീതിയിലും കുട്ടിക്കാല പീഡനങ്ങൾ പിന്തുടരാം. എച്ച്മുവിന്റെ തന്നെ "വേറിട്ട് മാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ" എന്ന എഴുത്ത് പങ്കുവയ്ക്കുന്നതും ഇതേ പോലെ തീക്ഷ്ണ സങ്കടങ്ങൾ പേറുന്ന ഭ്രാന്തിയാക്കപ്പെട്ട ഒരു സ്ത്രീയുടെ ദുഖങ്ങളാണ്. കുട്ടിക്കാലത്ത് അച്ഛൻ ഉടലിലും മനസ്സിലും ഏൽപ്പിച്ച മുറിവുകൾ, അതുറക്കെ പറഞ്ഞതിന് ഭ്രാന്തിയാക്കപ്പെട്ട നായിക, പിന്നെ അവളുടെ ജീവിതത്തിലുടനീളം ഒരു ദുരന്ത ചിത്രമാണ്. അവളുടെ മനസ്സ് പിന്നെ നിശ്ചലതയിലേയ്ക്കോ സമാധാനത്തിലേയ്ക്കോ മടങ്ങി വന്നതുമില്ല. 

എന്തുകൊണ്ട് കുട്ടികൾ കൂടുതലായി ഉപയോഗിക്കപ്പെടുന്നു?

എളുപ്പം ഉത്തരം പറയാവുന്ന ഒരു ചോദ്യമാണത്. എതിർപ്പ് കുറഞ്ഞിരിക്കുന്ന, സന്തോഷിപ്പിക്കാൻ എളുപ്പമുള്ള വിഭാഗമാണ് കുഞ്ഞുങ്ങൾ. സ്വന്തം കുഞ്ഞുങ്ങളെ പോലും ശാരീരികമായി ഉപയോഗിക്കുന്ന പിതാക്കന്മാർ ഉണ്ടെന്നുള്ളത് ഇന്നത്തെ കാലത്ത് ഒരു വാർത്ത പോലും അല്ലാതായി മാറിക്കഴിഞ്ഞിരിക്കുന്നു. അച്ഛൻ തൊടുന്നത് ഉപദ്രവിക്കാനല്ലെന്ന് പരിപൂർണ ബോധ്യമുള്ള കുഞ്ഞുങ്ങൾ എളുപ്പം വഴങ്ങി കൊടുക്കുകയും ചെയ്യും. പക്ഷേ മുതിരുമ്പോൾ സ്വന്തം പിതാവ് തന്റെ ഉടലിനെ വെറുമൊരു പെണ്ണെന്ന പരിഗണന മാത്രം നൽകി ഉപയോഗിച്ചു എന്ന തിരിച്ചറിവ് അവൾക്കുണ്ടാക്കുന്ന മുറിവ് ഭയങ്കരമായിരിക്കും.

Child Abuse
പ്രതീകാത്മക ചിത്രം

മകളെ ഉപദ്രവിച്ചവനെ യാതൊരു ദാക്ഷിണ്യവും കൂടാതെ വെടി വച്ച് കൊന്നിട്ടുള്ള അച്ഛന്മാരുണ്ട് എന്ന കാര്യം മറന്നിട്ടല്ല. ലോഹിതദാസിന്റെ ഭൂതക്കണ്ണാടി എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം അത്തരം നിരവധി യാഥാർഥ്യത്തെ ഓർമിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പുരുഷന്മാരെല്ലാം തന്നെ ഇത്തരക്കാരാണെന്നു ഇപ്പറഞ്ഞ വാക്കുകൾക്കൊന്നും അർഥമില്ല. കുട്ടിക്കാലത്ത് ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ അനുഭവിക്കുന്ന "ചൈൽഡ് അബ്യൂസ്" അവർക്ക് നൽകുന്ന രതിയുടേതായ തെറ്റായ ധാരണകളൊക്കെയും ചിലരിലെങ്കിലും കാലം തിരുത്താത്ത തെറ്റായിത്തന്നെ തുടർന്നേക്കാം. അതിന്റെ പിന്തുടർച്ച പോലെ അവർക്കൊപ്പമുള്ള ജീവിത പങ്കാളിയും ദുരന്തങ്ങൾ നേരിടേണ്ടി വന്നേക്കാം.

എല്ലാത്തിനും കാരണം ഉടലിനോട് ആർത്തി പെരുത്ത ചില മാനസിക വൈകൃതമുള്ള മനുഷ്യരുടെ ആവേശമാണ്. നിയമപരമായി പോലും തെറ്റാണെങ്കിലും ഇന്നും കുഞ്ഞുങ്ങൾ ആരുമറിയാതെ സ്വന്തം വീടുകളിൽ പോലും ഉപദ്രവിക്കപ്പെടുന്നു എന്നത് വേദനിപ്പിക്കുന്ന ഒരു വസ്തുതയാണ്. "ഹൈവേ" എന്ന ഇമ്തിയാസ്‌ അലിയുടെ സിനിമയിലേതു പോലെ താൻ വീട്ടിൽ നേരിട്ട ശാരീരിക ഉപദ്രവങ്ങളെക്കുറിച്ച് ഉറക്കെ പറയാൻ എത്ര കുഞ്ഞുങ്ങൾക്ക് ധൈര്യമുണ്ടാകും. അമ്മാവനായും, അച്ഛനായും, ചിറ്റപ്പനായും, ഒക്കെ ദുരുപയോഗം ചെയ്യാൻ പലരും വന്നു കയറുമ്പോൾ ആരിലാണ് തന്റെ രക്ഷ എന്നാണു കുഞ്ഞുങ്ങൾ കരുതേണ്ടത്?.

ഇതൊക്കെ ആരുമറിയാതെ ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സത്യങ്ങൾ മാത്രമാണ്. എച്ച്മുക്കുട്ടിമാർ ഇനിയും ആവർത്തിക്കപ്പെട്ടു കൊണ്ടേയിരിക്കും. നമ്മുടെ വീടുകൾ സുരക്ഷിതമാണെന്ന് ഓരോ സ്ത്രീയെങ്കിലും ഉറപ്പുവരുത്തുക, അതുമാത്രമേ ചെയ്യാനുള്ളൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA