sections
MORE

അഭിമാനവും ദുരഭിമാനവും തമ്മിൽ

kausalya-wedding
SHARE

അഭിമാനവും ദുരഭിമാനവും തമ്മിൽ എങ്ങനെയാണ് വേർതിരിവ് ഉണ്ടാകേണ്ടത്? ജീവിതത്തിന്റെ വിജയിക്കുന്ന സാഹചര്യങ്ങൾ ഏറ്റവും തലയുയർത്തി നിൽക്കാനാകുന്ന നന്മകൾ, വിജയങ്ങൾ എന്നിവയൊക്കെ സ്വയമായി സ്വീകരിക്കപ്പെടുമ്പോൾ ഉണ്ടാകുന്നൊരു മാനസികാവസ്ഥയുണ്ട്. ജീവിതം എവിടെയൊക്കെയോ എത്തിയെന്ന തോന്നൽ, അംഗീകാരത്തിന്റെ തിളക്കം ഇവയൊക്കെ അർഹമായ കൈകളിൽ എത്തിയെന്നതുപോലെ സന്തോഷിക്കുന്ന നിമിഷം അഭിമാനത്തോടെ നാം ആഘോഷിക്കും. പക്ഷേ ദുരഭിമാനം എന്നാൽ ഇല്ലാത്ത ഒന്നിനെ അല്ലെങ്കിൽ നഷ്ടമായിപ്പോയ കാലത്തേ കുറിച്ച്, ഇല്ലാതായിപ്പോയ ഒന്നിനെ കുറിച്ച് ഓർത്ത് കാലത്തിനോടും അവനവനോടും കലഹിക്കുന്ന പ്രവണതയാണത്. ഇടനെഞ്ചിലെ മുറിവുമാണത്, അത്തരം മുറിവുകളുടെ ആഴത്തിനനുസരിച്ച് മനുഷ്യൻ കൊലപാതകികൾ വരെ ആയിത്തീരുന്നു. കേരളത്തിൽ അത്തരത്തിൽ ഏറെ പറഞ്ഞു കേട്ട ഒരു വാർത്ത കെവിന്റേതായിരുന്നു. കെവിന്റെ കൂടെ ഇറങ്ങിപ്പോയ ആ പെൺകുട്ടിയുടെ മാതാപിതാക്കൾ യാതൊരു ദാക്ഷിണ്യവും കൊടുക്കാതെ കെവിൻ എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി. പിറ്റേ ദിവസം ലഭിച്ചത് കെവിന്റെ ചലനമറ്റ ശരീരം, കേസ് ഇപ്പോഴും കോടതിയിൽ തന്നെ. പക്ഷേ ദുരഭിമാനക്കൊലകൾ അവസാനിക്കുന്നുണ്ടോ? ഇല്ല എന്ന് ഒറ്റവാക്കിലുത്തരം. ഉദാപഹണങ്ങൾ പുതുതായി രൂപപ്പെട്ടു കൊണ്ടേയിരിക്കുന്നു.

kausalya-shankar

പ്രണയവും ബന്ധങ്ങളും എന്നും മാതാപിതാക്കൾക്ക് ഒരു കീറാമുട്ടി തന്നെയായിരുന്നു. പണ്ടുകാലത്തെ ഇരുട്ട് മുഴച്ചു നിൽക്കുന്ന അകത്തളങ്ങൾ എത്രയോ സ്ത്രീകളുടെ കരച്ചിലുകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്, അവരുടെ പ്രണയം മോഹിച്ചവരുടെ രക്തം തറവാടിന്റെ തെക്കേയറ്റങ്ങളിൽ വീണു അലിഞ്ഞു പോയിട്ടുണ്ട്, പിന്നീട് മറ്റാരും കാണാതെ കാമുകന്മാരുടെയും പണിക്കാരത്തി പെണ്ണുങ്ങളുടെയും ശരീരങ്ങൾ ആറടി മണ്ണിലേക്ക് ഒളിച്ചു കടത്തിയിട്ടുണ്ട്? അത്തരം ദുരഭിമാനങ്ങളുടെ പ്രേതങ്ങളാണ് ഇന്നും പല മനുഷ്യരുടെയും അഭിമാനബോധത്തെ ചുമക്കുന്നത് തന്നെയും. അത്തരം ബോധങ്ങളാണ് ഇന്നും കൊലപാതകങ്ങളും ഉപദ്രവങ്ങളും ആവർത്തിക്കുന്നതും.

തെലങ്കാന സ്വദേശികളായ അമൃതയും പ്രണയിയും പ്രണയത്തിലായിരുന്നു. അമൃത ജാതിപരമായും സാമ്പത്തികമായും ഉയർന്ന കുലജാത. പ്രണയ് ജാതിയിൽ താഴ്ന്നയാൾ. പക്ഷേ പ്രണയം അവരെ ഒന്നിൽ നിന്നും വിലക്കിയില്ല. അവർ മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹിതരായി. മകളുടെ ഒളിച്ചോട്ടം അമൃതയുടെ മാതാപിതാക്കൾക്ക് സഹിക്കാൻ കഴിയുന്നതിലും വലുതായിരുന്നു. അവർ പ്രണയിലെ ക്രൂരമായി കൊലപ്പെടുത്തി. കെവിന്റെ പെൺകുട്ടി അനുഭവിച്ച അതേ അവസ്ഥ. പക്ഷേ അവരുടെ വിവാഹം കഴിഞ്ഞു ഒന്നാമത്തെ വാർഷിക ദിനത്തിൽ അമൃത ഇപ്പോൾ പ്രണയിന്റെ കുഞ്ഞിനെ പ്രസവിച്ചിരിക്കുന്നു. പക്ഷേ പ്രണയിയെ കൊന്നതു പോലെ അവന്റെ കുഞ്ഞിനേയും തന്റെ വീട്ടുകാർ കൊലപ്പെടുത്തുമോ എന്ന ഭയത്തിൽ കുഞ്ഞിനേയും കൊണ്ട് അമൃത ഒളിവിലാണ്. എന്തൊരു അവസ്ഥയാണിത്, ജനിച്ചു, വളർത്തിയ മാതാപിതാക്കളെ പോലും ഒരു പെൺകുട്ടി ഭയന്നുകൊണ്ടു ജീവിക്കേണ്ടി വരിക, അവരിൽ നിന്നും തനിക്ക് പിറന്ന കുഞ്ഞിനെ മറച്ചു പിടിക്കേണ്ടി വരിക... ദുരഭിമാനത്തിന്റെ ഇരകളാക്കപ്പെടുന്ന ഇതുപോലെയുള്ള എത്രയോ മനുഷ്യരുണ്ടാകാം, പല വാർത്തകളും വെളിച്ചം കാണുന്നതേയില്ല. പലരും ആറടിമണ്ണിലോ വീടിന്റെ തെക്കു പുറത്തോ ജീവൻ നഷ്ടപ്പെട്ടു ഒടുങ്ങിയും കാണും.

2016 ൽ ഉദുമൽപേട്ടയിൽ കൊലചെയ്യപ്പെട്ട എൻജിനീയറിങ് വിദ്യാർഥി ശങ്കറിന്റെ ഭാര്യയായിരുന്ന കൗസല്യ ഇന്നും നീതി കിട്ടാതെ അലയുന്നു. അതിജീവനത്തിന്റെ പാതയിലാണെങ്കിലും ഇന്നും വേട്ടയാടപ്പെടുന്നു. അവൾ ഇന്നും ശങ്കറിന്റെ ഓർമകളിൽ തന്നെ ജീവിച്ചു, രണ്ടു വർഷത്തിന് ശേഷം ശങ്കറിന്റെ ഓർമകൾക്ക് വേണ്ടി ശങ്കർ സമൂഹ നീതി ട്രസ്റ്റ് എന്നൊരു സംഘടനയ്ക്കും രൂപം കൊടുത്തു. സ്നേഹിച്ചു വിവാഹിതരാകുന്നവരുടെ സുരക്ഷയ്ക്കും നീതിയ്ക്കും വേണ്ടി നിലകൊള്ളുന്ന ഈ സംഘടനാ ദുരഭിമാനക്കൊലകൾ തടയുന്നതിനും ഒപ്പമുണ്ട്, കൂടാതെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുഞ്ഞുങ്ങളെയും അവർ സഹായിക്കുന്നു. കൗസല്യ ഇന്ന് അവളുടെ ഒപ്പം നിന്ന മറ്റൊരാളുടെ ജീവിത സഖിയാണ്, അതും ജാതിയും മതവും നോക്കാതെ എല്ലാ പ്രവർത്തനങ്ങൾക്കും കൈപിടിച്ച ഒരാളുടെ.

kausalya-neenu

കേരളത്തിന് പുറത്തേക്ക് ഒന്നെടുത്ത് നോക്കിയാൽ തമിഴ്നാട്ടിലുൾപ്പെടെ ദുരഭിമാനക്കൊലകൾക്ക് ഒട്ടും കുറവില്ല. ജാതിയും മതവും ഇപ്പോഴും നഷ്ടപ്പെട്ടു പോകാത്ത ഗൗണ്ടർമാരും റാവുമാരും അവിടെ അധികാരം കയ്യാളുന്ന, ഖാപ്പ് പഞ്ചായത്തുകൾ പണക്കാർക്കും ഉയർന്ന ജാതിക്കാർക്കും വേണ്ടി മാത്രം സംസാരിക്കുന്നു. അത്തരം ഒരു സാഹചര്യത്തിലാണ് ആന്ധ്രാപ്രദേശിൽ നിന്നും കഴിഞ്ഞ ദിവസം വന്ന വൈഷ്ണവിയുടെ വാർത്ത. മകളേക്കാൾ വലുതാണ് അഭിമാനമെന്ന സത്യം ഉയർത്തിപ്പിടിക്കുന്ന കാലം ഇനിയും ഇല്ലാതായിപ്പോയിട്ടില്ലെന്ന് എത്ര ഭയത്തോടെയാണ് മനസ്സിലാക്കേണ്ടത്!

കേരളത്തിൽ ജാതിയില്ല, സാംസ്കാരികമായും വിദ്യാഭ്യാസപരമായും നാമെത്രയോ ഉയർന്നതലത്തിൽ നിൽക്കുന്നു എന്ന പേരിനാണ് കെവിന്റെയും  നീനുവിന്റെയും അനുഭവത്തോടെ തിരശ്ശീല വീണത് .എന്നാൽ ജാതിബോധം ഇതുവരെയും ഒടുങ്ങാത്ത ഒരിടമാണ് കേരളവും പക്ഷേ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് തമ്മിൽ ഭേദം തൊമ്മൻ എന്ന് പറയാമെന്നു മാത്രം. സംഭവം രൂക്ഷമായി കൊലപാതകത്തിൽ എത്തുന്നത് മിക്കപ്പോഴും വിവാഹം, പ്രണയം എന്നീ കാര്യങ്ങളെ ആശ്രയിച്ചാവുന്നതുകൊണ്ടാണ്. മറ്റേതൊരു കാര്യത്തിലും സ്വകാര്യമായി ഇരിക്കുന്ന വിവരങ്ങൾ വിവാഹമാകുമ്പോൾ കുടുംബ കാര്യമാവുകയും അതിനും സ്വകാര്യത നഷ്ടമാവുകയും ചെയ്യുന്നു. അതോടെ നഷ്ടപ്പെട്ടു പോയ അഭിമാനം തിരിച്ചു പിടിക്കാൻ കൊലപാതകം തന്നെയാണ് നല്ലതെന്ന് കുടുംബക്കാർ ഉറപ്പിക്കുന്നു. മകളേക്കാൾ, മനുഷ്യരുടെ ജീവനേക്കാൾ അഭിമാനം വലുതാകുമ്പോൾ കൊലപാതകങ്ങൾ ഇനിയും അവർത്തിക്കപ്പെട്ടുകൊണ്ടേയിരിക്കും.

kevin-and-neenu

ജാതിയും മതവുമല്ല മനുഷ്യനെ നിർമിക്കുന്നതെന്നും മനുഷ്യത്വവും സ്നേഹവുമാണ് അതിന്റെ അടിസ്ഥാനമെന്നും പുതിയ തലമുറ കുറെയൊക്കെ മനസ്സിലാക്കി വരുന്നുണ്ട്, പക്ഷേ പഴയ സവർണ ബോധം പേറുന്ന മനുഷ്യർ ഇപ്പോഴുമുണ്ട്, പ്രത്യേകിച്ച് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ. മനുഷ്യൻ എന്ന വാക്കിന്റെ അർഥം മാറ്റാനാകാത്ത, ജാതിബോധം മനസ്സിൽ നിന്ന് കളയാത്ത മനുഷ്യർ ഉള്ള കാലത്തോളം ഇനിയും ദുരഭിമാനക്കൊലകൾ ആവർത്തിക്കപ്പെട്ടുകൊണ്ടേയിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA