sections
MORE

വിചാരണ നടക്കും വിധിയും വരും പക്ഷേ?; ഈ ജീവനുകൾക്ക് ആരു സമാധാനം പറയും

honor-killing-01
SHARE

ദുരഭിമാനത്തില്‍നിന്ന് സ്വാഭിമാനത്തിലേക്ക് എത്താന്‍ കൗസല്യയ്ക്ക് വേണ്ടിവന്നത് മൂന്നുവര്‍ഷം. പക്ഷേ, ദുരഭിമാനം ഏല്‍പിച്ച മുറിവുകളില്‍നിന്ന് ഇന്നും ചോര ഇറ്റുന്നു. കണ്ണീരിന്റെയും അലമുറകളുടെയും നാളുകള്‍ക്കൊടുവില്‍ കണ്ടെത്തിയ ഇത്തിരി സന്തോഷത്തിന്റെ ദ്വീപിലും വേട്ടയാടപ്പെടുമ്പോള്‍, തനിക്കു സംഭവിച്ച ദുരന്തം മാറ്റമില്ലാതെ മറ്റുപലര്‍ക്കും അനുഭവിക്കേണ്ടിവരുമ്പോള്‍, പോരാട്ടത്തിന്റെ വ്യഥയെക്കുറിച്ചു ചിന്തിക്കുന്നതു സ്വാഭാവികം. എങ്കിലും, തീരാത്ത പോരാട്ടത്തിന്റെ കനല്‍ച്ചൂടിലേക്ക് വീണ്ടും ഇറങ്ങുകയാണ് കൗസല്യ. ഊട്ടി ഉദുമല്‍പേട്ടയിലെ കൗസല്യ. ദുരഭിമാനക്കൊലയ്ക്ക് ഇരയായ ശങ്കറിന്റെ ഭാര്യ കൗസല്യ.

രാജ്യത്തു നടന്ന ഏറ്റവും പൈശാചികമായ ദുരഭിമാനക്കൊലപാതകത്തിലെ ജീവിക്കുന്ന രക്തസാക്ഷിയാണ് കൗസല്യ എന്ന യുവതി. ജീവിതത്തില്‍ സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തത്തെയും അതിജീവിച്ച് നിറകണ്‍ചിരിയുടെ നാളുകളില്‍ എത്തിയെങ്കിലും ഇന്നും കൗസല്യ വേട്ടയാടപ്പെടുന്നു എന്നതാണ് വേദനിപ്പിക്കുന്ന യാഥാര്‍ഥ്യം. ഒപ്പം സ്വാഭിമാന വിവാഹങ്ങള്‍ക്കു പകരം ദുരഭിമാനക്കൊലപാതകങ്ങള്‍ വീണ്ടും അരങ്ങേറുകയും ചെയ്യുന്നു. ജാതിക്കും മതത്തിനുമെല്ലാം ഉപരിയായി മനുഷ്യന്റെ ഐക്യത്തെയും സാഹോദര്യത്തെയും കുറിച്ചുള്ള ബോധവത്കരണവും ഉദ്ബോധനങ്ങളും പതിക്കുന്നത് ബധിരകര്‍ണങ്ങളില്‍.

മൂന്നുവര്‍ഷം മുമ്പ് 2016 മാര്‍ച്ച് 16 ന് ആയിരുന്നു രാജ്യത്തെ ഞെട്ടിച്ച ദുരഭിമാനക്കൊല തമിഴ്നാട്ടിലെ ഉദുമല്‍പേട്ട ടൗണില്‍ നടക്കുന്നത്. ഇതരജാതിയില്‍പെട്ട യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ അന്നു കൗസല്യയും ഭര്‍ത്താവ് ശങ്കറും ആക്രമണത്തിനിരയായി. ശങ്കറിനെ വെട്ടിക്കൊന്നു. കൗസല്യയും ആക്രമണത്തിനിരയായി. കേസില്‍ കൗസല്യയുടെ അച്ഛന്‍ ചിന്നസ്വാമിയടക്കം 11 പേര്‍ അറസ്റ്റിലായി. അവരെ പിന്നീട് കോടതി ശിക്ഷിക്കുകയുമുണ്ടായി. അന്നുമുതല്‍ ശങ്കറിനെ സംസ്കരിച്ച സ്ഥലത്തിനോടു ചേര്‍ന്നായി കൗസല്യയുടെ ജീവിതം. ഓര്‍മകള്‍ക്കും ഭയപ്പാടിനുമിടെ പേടിസ്വപ്നങ്ങളിലൂടെ നീണ്ട ജീവിതം. ഒടുവില്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ സ്വഭിമാന വിവാഹത്തിലൂടെ വീണ്ടും ജീവിതത്തിലേക്കു തിരിച്ചുവന്നു കൗസല്യ. 

ജാതിവിവേചനത്തിനെതിരെയുള്ള പോരാട്ടമാണ് സ്വാഭിമാന വിവാഹം. ഇതരജാതിയില്‍പെട്ട ഒരു യുവാവിനെത്തന്നെ വിവാഹം കഴിച്ചുകൊണ്ട് പോരാട്ടം തുടരുന്നതായി കൗസല്യ പ്രഖ്യാപിച്ചു. പക്ഷേ, ശങ്കറിന്റെ രക്തം ഉണങ്ങുംമുൻപേ വിവാഹിതയായി എന്ന ആരോപണം അവര്‍ നേരിട്ടു. ആഡംബര ജീവിതം നയിക്കുന്നുവെന്നും ആക്ഷേപങ്ങളുണ്ടായി. ഒടുവിലിപ്പോള്‍ ജോലിയും കൗലസ്യയ്ക്കു നഷ്ടപ്പെട്ടിരിക്കുന്നു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരെ സംസാരിച്ചുവെന്ന പരാതിയിലാണ് കൗസല്യയ്ക്കു ജോലി നഷ്ടപ്പെട്ടത്. അനാഥത്വത്തിന്റെ നാളുകളില്‍ രക്ഷയുടെ വാതില്‍ തുറന്ന ജോലിയും നഷ്ടപ്പെടുമ്പോള്‍ മാറ്റമില്ലാതെ തുടരുന്ന ദുരഭിമാനക്കൊലപാതകങ്ങളിലൂടെ കടന്നുപോകുകയാണ് ഇപ്പോഴും രാജ്യം. ആന്ധ്രാപ്രദേശില്‍നിന്നാണ് ഏറ്റവും ഒടുവിലത്തെ ഞെട്ടിക്കുന്ന വാര്‍ത്ത എത്തിയിരിക്കുന്നത്. സഹപാഠിയുമായുള്ള പ്രണയത്തിന്റെ പേരില്‍ പിതാവ് മകളെ കൊലപ്പെടുത്തിയ വാര്‍ത്ത.

kausalya-shankar

പ്രകാശം ജില്ലയില്‍ വൈഷ്ണവി എന്ന ഇരുപതുകാരിയെ പിതാവ് കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. വൈഷ്ണവി പ്രണയിച്ചത് താഴ്ന്ന ജാതിയില്‍പെട്ട യുവാവിനെ. ഇതിന്റെ പേരില്‍ അച്ഛനും മകളും തമ്മില്‍ വഴക്ക് പതിവായിരുന്നത്രേ. യുവാവിനെ ഇനിയും കാണരുതെന്ന അച്ഛന്റെ കല്‍പന ധിക്കരിച്ചതിന്റെ പേരില്‍ വളര്‍ത്തിവലുതാക്കിയ അതേ കൈകള്‍കൊണ്ടുതന്നെ അച്ഛന്‍ മകള്‍ക്ക് മരണവും വിധിച്ചു.

അന്യജാതിക്കാരിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ അച്ഛനമ്മമാരെ ആള്‍ക്കൂട്ടം കൊന്ന സംഭവം നടന്നിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളൂ. കര്‍ണാടകയിലെ രാമനഗരയിലായിരുന്നു സംഭവം. ഇതരജാതിക്കാരിയായ വിവാഹിതയ്ക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മാതാപിതാക്കളെ ഒരുസംഘം ആളുകള്‍ വിഷം കൊടുത്ത് കൊല്ലുകയായിരുന്നു. അതിനും ഒരുമാസം മുമ്പ് തമിഴ്നാട്ടില്‍നിന്നുള്ള നവദമ്പതികളെ മണ്ഡ്യയിലെ ശിവനസമുദ്ര വെള്ളച്ചാട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. വ്യത്യസ്ത ജാതിയില്‍പെട്ട ഇരുവരും വിവാഹിതരാകുകയും സ്വന്തം നാട്ടില്‍നിന്ന് ഒളിച്ചോടേണ്ടിവരികയും ചെയ്തതിനുശേഷമായിരുന്നു രണ്ടുപേരുടെയും അസ്വാഭാവിക മരണം.

തമിഴ്നാട്ടിലും കര്‍ണാകടയിലും ഹരിയാനയിലും ഉത്തര്‍പ്രദേശിലും മറ്റും കേട്ടിരുന്ന ദുരഭിമാനക്കൊലപാതകങ്ങള്‍ ഒടുവില്‍ സ്വന്തം നാട്ടിലും സംഭവിച്ചപ്പോള്‍ തരിച്ചുനില്‍ക്കാനേ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനും കഴിഞ്ഞുള്ളൂ. വിചാരണ ഇനിയും തുടങ്ങിയിട്ടില്ലാത്ത കെവിന്‍ കൊലക്കേസ്. സംഭവം ദുരഭിമാനക്കൊലയുടെ പരിധിയില്‍വരുന്നതാണോ എന്നതിനെക്കുറിച്ച് കുറച്ചുനാള്‍ വാദപ്രതിവാദം നടന്നിരുന്നു. ഒടുവില്‍ ദുരഭിമാനക്കൊലയുടെ വിഭാഗത്തില്‍പ്പെുത്തി വിചാരണ നടത്താന്‍ സെഷന്‍സ് കോടതി കഴിഞ്ഞ നവംബറില്‍ ഉത്തരവിട്ടു. അതിവേഗക്കോടതിയില്‍ ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും വിധിച്ചു.അടുത്തദിവസം തന്നെ വിചാരണ തുടങ്ങുമെന്നാണ് ഒടുവില്‍വന്ന റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

kausalya-wedding

വിചാരണ നടക്കും വിധിയും. പക്ഷേ, ചെയ്യാത്തതെറ്റിന്റെ പേരില്‍ മരണം വിധിക്കപ്പെട്ടവരുടെ ആത്മാവുകളുടെ രോദനം കേട്ടില്ലെന്നു നടിക്കാതിരിക്കാനാവുമോ? മാതൃകാപരമായ അന്വേഷണം കൊണ്ടോ കടുത്ത ശിക്ഷകൊണ്ടോ മാത്രം അവസാനിപ്പിക്കാവുന്നതല്ല ദുരഭിമാനക്കൊലപാതകങ്ങള്‍. അഭിമാനത്തില്‍നിന്ന് ദുരഭിമാനത്തിലേക്കുള്ള ദൂരം വളരെക്കുറവ്. സ്നേഹത്തില്‍നിന്നു പ്രതികാരത്തിലേക്കുള്ള ദൂരമാകട്ടെ അതിലും കുറവ്. ആവര്‍ത്തിക്കപ്പെടുന്ന വാര്‍ത്തകളിലൂടെ, ഇനിയും തോരാത്ത കണ്ണീരിലൂടെ, അവസാനിക്കാത്ത പോരാട്ടങ്ങളിലൂടെ സ്വാഭിമാനത്തിലേക്ക്.... ആ യാത്രയിലാണ്, ആ യാത്രയില്‍ മാത്രമാണ് അവസാനത്തെ പ്രതീക്ഷ!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA