ADVERTISEMENT

ഒരു പെൺകുട്ടിയെ മദ്യപൻ പട്ടാപ്പകൽ ട്രെയിനിൽ വച്ച് ഉപദ്രവിക്കാൻ ശ്രമിച്ച വാർത്ത ഞെട്ടലോടെയാണ് ആളുകൾ വായിച്ചത്.  പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച മറ്റൊരു സ്ത്രീയോടും അക്രമി അപമര്യാദയായി പെരുമാറി.  അപ്പോഴൊക്കെയും വെറും കാഴ്ചക്കാരായി നിന്ന പുരുഷന്മാർ മദ്യപൻ വീണുകഴിഞ്ഞപ്പോഴാണ് അയാളെ കൈകാര്യം ചെയ്യാനായി മുന്നിട്ടിറങ്ങിയത്.

എഴുത്തുകാരിയും ചിത്രകാരിയും മാധ്യമപ്രവർത്തകയുമായി ആലീസ് ചീവേൽ ആണ് അക്രമിയെ സധൈര്യം നേരിട്ടത്.  പക്ഷേ താനുൾപ്പെട്ട ആ സംഭവത്തിന്റെ വാർത്ത മാധ്യമങ്ങൾ നൽകിയത് ശരിയായ വിഷയത്തെ റദ്ദു ചെയ്തുകൊണ്ടാണെന്ന് ആലീസ് പറയുന്നു,

"എന്തുകൊണ്ട് തീവണ്ടി യാത്രകളിൽ (മറ്റു യാത്രകളിലും) അധികൃതർക്ക് സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ല എന്നതാണ് ഇതിൽ ഒന്നാമത്തെ പ്രശ്നം. ക്രിമിനലുകൾ ലോകത്തെല്ലായിടത്തുമുണ്ട്. എന്നാൽ അവരുടെ ആക്രമണങ്ങളിൽ നിന്ന് സ്ത്രീകളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ എന്തുകൊണ്ട് ഉണ്ടാകുന്നില്ല. അതിനാണ് ഉത്തരം ഉണ്ടാകേണ്ടത്. ആ ഉത്തരം പ്രായോഗികമാക്കാത്തതുകൊണ്ടു തന്നെയാണ് സൗമ്യമാരും നിർഭയമാരും ആവർത്തിച്ചു കൊണ്ടിരിക്കുന്നതും."ആലീസ് പറയുന്നു.

തീവണ്ടി യാത്രകളിൽ ആദ്യമായല്ല സ്ത്രീകൾ അപമാനിക്കപ്പെടുന്നതും ഉപദ്രവിക്കപ്പെടുന്നതും , ഭിക്ഷ യാചിക്കുന്നവർ മുതൽ ടി ടി ആർ വരെ അക്രമികളായ നിരവധി സംഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകയായ ഒരു  പെൺകുട്ടിയെ ഒരു യാചകൻ ട്രെയിനിൽ നിന്നു തള്ളി വെളിയിലിട്ടത്. മോഷണ ശ്രമം തടയാൻ ശ്രമിച്ച പെൺകുട്ടിയെയും കൊണ്ട് അക്രമി ട്രെയിനിന് പുറത്തേയ്ക്ക് ചാടുകയായിരുന്നു. എന്തോ ഭാഗ്യം കൊണ്ട് മാത്രം മറ്റൊരു ദുരന്തം  അന്ന് ആവർത്തിച്ചില്ല. പെൺകുട്ടി നിസ്സാരമായ പരിക്കുകളോടെ രക്ഷപെട്ട് വീട്ടിലെത്തി. മറ്റു യാത്രക്കാർ ഉണ്ടെങ്കിലും ഇല്ലെങ്കിലും ട്രെയിനിലെ ഓരോ മനുഷ്യന്റെയും സുരക്ഷ  അധികൃതരുടെ ഉത്തരവാദിത്തമാണെന്നിരിക്കേ എന്തുകൊണ്ടാണ് അവർ ഇക്കാര്യത്തിൽ ഇത്രത്തോളം അശ്രദ്ധ കാണിക്കുന്നത്.

സൗമ്യയുടെ വിഷയത്തിൽ ഏറ്റവുമധികം പഴികേട്ടത്  സൗമ്യ ആക്രമിക്കപ്പെട്ടതിന് സാക്ഷിയായിട്ടും ട്രെയിനിന്റെ ചങ്ങല വലിക്കാൻ പോലും ശ്രമിക്കാതെയിരുന്ന യാത്രക്കാരാണ്. ഇവിടെ ആലീസ് ചീവേൽ പറയുന്നതും സമാനമായ ഒരു അനുഭവമാണ്.

"എന്തുകൊണ്ട് നമ്മുടെ ആണും പെണ്ണും ഉൾപ്പെടുന്ന ഭൂരിപക്ഷ മനുഷ്യർ ഇത്രമാത്രം അപകടം പിടിച്ച നിഷ്ക്രിയത്വ ത്തിലേയ്ക്ക് അധഃപതിക്കുന്നു എന്നുള്ളതാണ്. അതിന്റെ സാമൂഹിക കാരണങ്ങൾ എന്തെല്ലാമാകും? നിസ്സഹായതയുള്ള മനുഷ്യരുടെ മേൽ മാത്രം ആൾക്കൂട്ട ആക്രമണങ്ങൾ ഉണ്ടാവുകയും, വീണുകിടക്കുന്നവന്റെ മേൽ തല്ലിച്ചതയ്ക്കുവാനുള്ള വികാരത്തള്ളിച്ച കാണിക്കുകയും ചെയ്യുന്നത് എന്തൊക്കെക്കൊണ്ടാവാം. എന്നാൽ ഇടപെടേണ്ട വിഷയങ്ങളിൽ സധൈര്യം മുന്നോട്ടു വരാനും അപകടങ്ങളെ ഉത്തരവാദിത്വ ബോധത്തോടെ കൈകാര്യം ചെയ്യാനും ഒട്ടു മിക്കവർക്കും കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്?

ഇത്തരം സോഷ്യൽ ആറ്റിറ്റ്യൂഡുകളെയാണ് ക്രിമിനലുകളെക്കാൾ നമ്മൾ ഭയപ്പെടേണ്ടത്.",ആലീസ് പറയുന്നതുപോലെ നിഷ്ക്രിയരായി തുടരുന്ന സോഷ്യൽ മനസ്സുകളുടെ പ്രധാന ഉത്തരം ആക്രമിക്കപ്പെട്ടത് തങ്ങളുടെ ആരുമല്ലല്ലോ എന്ന പൊതുബോധം തന്നെയാകാം. അല്ലെങ്കിൽ അവളുടെ തെറ്റുകൊണ്ടുമാകാം അവൻ അങ്ങനെ ചെയ്തത് എന്ന് വരെ ഉത്തരങ്ങൾ കണ്ടു പിടിക്കാൻ അവരെ കൊണ്ട് കഴിഞ്ഞേക്കാം. അവനവന്റെ ദൗർബല്യങ്ങൾക്കു നേരെ ഇത്തരം അശ്ലീലം നിറഞ്ഞ ഉത്തരങ്ങൾ നിഷ്ക്രിയർ എല്ലായ്പ്പോഴും കണ്ടെത്താറുണ്ട്. ഇത്തരം സാമൂഹിക ബോധത്തിനെതിരെയാണ് ആലീസിനെ പോലെയുള്ള സ്ത്രീകൾ അവരുടെ സുരക്ഷാ സ്വയം ഏറ്റെടുക്കുന്നത്.

സ്ത്രീകൾ അബലയും ചപലയുമൊന്നും അല്ല എന്ന ഉറപ്പിക്കലാണ് അക്രമികൾക്കെതിരെ അതിശക്തമായി തിരിച്ചടിച്ച ആലീസ് നൽകുന്നത്. പക്ഷേ അക്രമമാർഗ്ഗങ്ങൾ പഠിച്ചതോ, അറിഞ്ഞതോ ഒന്നുമല്ല, പകരം സന്ദർഭത്തിനു അനുസരിച്ച് അറ്റകൈ പ്രയോഗിക്കപ്പെട്ടു എന്നത് മാത്രമാണ് സത്യം. പക്ഷേ സ്വാഭാവികമായി സ്ത്രീകൾക്ക് ആ സമയങ്ങളിൽ ഉണ്ടാകുന്ന അറപ്പ്, അമ്പരപ്പ്, എന്നിവയിൽ നിന്ന് പെട്ടെന്ന് രക്ഷനേടാനും പ്രതിപ്രവർത്തിക്കാനും ആലീസിനു കഴിഞ്ഞതുകൊണ്ടു മാത്രം അക്രമി ഉപദ്രവിക്കാൻ ശ്രമിച്ച പെൺകുട്ടിയും ആലീസും രക്ഷപെട്ടു. 

യഥാർത്ഥത്തിൽ അന്ന് എന്താണ് സംഭവിച്ചതെന്ന് ആലീസ് പറയുന്നു

"തൃശ്ശൂർക്കുള്ള യാത്രയിൽ കേരള എക്‌സ്‌പ്രസ്സ് ട്രെയിനിൽ അപ്പർ ബർത്തിൽ കിടക്കുകയായിരുന്നു ഞാൻ. താഴെ എന്തോ ഒച്ച കേട്ട് നോക്കിയപ്പോ ഒരുത്തൻ ഒരു പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നു. ചുറ്റും യാത്രക്കാരുണ്ട്. എന്നിട്ടും!!! നീ എന്താടാ ചെയ്യുന്നെന്നു ആക്രോശിച്ചപ്പോ എന്നെ തെറിവിളിച്ചുകൊണ്ടു അവൻ എനിക്ക് നേരെ വന്നു. ഞാൻ അവന്റെ കരണത്തടിച്ചു. അവൻ ബർത്തിൽ നിന്നും എന്നെ വലിച്ചു താഴെയിടാൻ ശ്രമിച്ചു. അപ്പോഴേയ്ക്കും അവന്റെ കരണത്ത് ഞാൻ വീണ്ടും ഒന്നുകൂടിക്കൊടുത്തു. അവൻ എന്റെ മുണ്ട് വലിച്ചഴിക്കാൻ ശ്രമിച്ചു. അവന്റെ നെഞ്ചത്ത് ആഞ്ഞൊരു ചവിട്ടു കൊടുത്തു. അവൻ അടിതെറ്റി വീഴുന്നതിനിടയിൽ അരികിലിരുന്ന മറ്റൊരു സ്ത്രീയുടെ ദേഹത്ത് അവന്റെ ചവിട്ടുകൊണ്ടു.

ഈ ബഹളങ്ങളെല്ലാം കണ്ടുകൊണ്ട് 3, 4 പെൺകുട്ടികൾ ഭയന്നു നിന്നു. കംപാർട്ട്‌മെന്റിൽ ഉണ്ടായിരുന്നതും, ഓടിക്കൂടിയതുമായ പത്തൻപത് ആണുങ്ങളും (ചെറുപ്പക്കാരടക്കം) അന്തം വിട്ടു നിഷ്ക്രിയരായി നിൽക്കുകയായിരുന്നു. ആരോ ഓടി ടിടിആറിനെ (TTR ) നെ വിളിച്ചുകൊണ്ടു വന്നു. ആ ഉദ്യോഗസ്ഥനെയും അവൻ തല്ലാൻ ശ്രമിച്ചു. പൂരത്തെറിയും. അവൻ ലഹരിക്ക് അടിമയായിരുന്നു. ഏതാണ്ട് ഒരു മണിക്കൂറോളം ഭീകര ബഹളമായി. എന്നിട്ടും ഒരു പൊലീസും അവിടെ എത്തിയില്ല. അതായത് നമ്മുടെ ട്രെയിനിൽ ഉള്ള സുരക്ഷ ഇത്രയൊക്കെയാണ് എന്ന്. അപ്പോൾ എവിടെ നിന്നോ ഓടി വന്ന ഒരു പ്രായമുള്ളയാൾ അവനെ അടിച്ചു വീഴ്ത്തി. അവൻ വീണു കഴിഞ്ഞപ്പോ മറ്റ് ആണുങ്ങൾ അവരുടെ വീരസ്യം അവന്റെ പുറത്തു തീർത്തു. പുച്ഛമാണ് തോന്നിയത്. 

പട്ടാപ്പകൽ ആൾക്കൂട്ടത്തിൽപ്പോലും ഏതു ക്രിമിനലിന് പോലും എന്തും ചെയ്യാൻ ധൈര്യം നൽകുന്ന വിധം അത്രമാത്രം ഭീരുക്കളും നിഷ്ക്രിയരുമാണ് നമ്മുടെ ആണുങ്ങൾ. സ്വന്തം ശരീരത്തിൽ ഒരുവൻ കയറിപ്പിടിച്ചാൽ മരവിച്ചു നിന്നുപോകുന്ന വിധം ഒതുക്കത്തിലാണ് നമ്മുടെ പെൺകുട്ടികളെ വളർത്തിഎടുക്കുന്നതും. ഇതാണ് നമ്മുടെ നാട്. ഇവിടെ സൗമ്യമാരും, ജിഷമാരും നിർഭയമാരും നിറഞ്ഞുകൊണ്ടിരിക്കും.കൊല്ലപ്പെടുമ്പോൾ ഫേസ്ബുക്കിൽ രോഷങ്ങൾ പൊട്ടിയൊഴുകുകയും കവലകളിൽ പ്രസംഗങ്ങൾ ഘോരഘോരം മുഴക്കുകയും ചെയ്യുന്ന ഭീരുക്കൾ. അങ്ങനെയല്ലാത്തവർ ചിലർ മാത്രം. ഇവിടെയും ഒരു കൊലപാതകം നടക്കുമായിരുന്നു. അവനെ ഒതുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ കൊല്ലപ്പെടുകയോ, അവനെ കൊല്ലുകയോ ചെയ്യേണ്ടി വന്നേനെ. അതല്ലെങ്കിൽ മറ്റൊരു പെൺകുട്ടി. തൃശൂർ എത്തിയപ്പോൾ പൊലീസെത്തി. അവനെതിരെ ഞാൻ മൊഴി കൊടുത്തു. സാക്ഷികളായി മറ്റു പെൺകുട്ടികളും വന്നു. 341, 323, 294, 354 എന്നീ വകുപ്പുകൾ ചാർത്തി എഫഐആർ (FIR) രജിസ്റ്റർ ചെയ്തു, ലോക്കപ്പിലാക്കി."

ബർത്തിന്റെ മുകളിലായതു കൊണ്ടായിരിക്കാം ഒരുപക്ഷേ ക്രൂരമായ ഒരു ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ആലീസിനെ കൊണ്ടായത്. അയാൾക്കൊപ്പം നിന്നായിരുന്നു പൊരുതിയത് എങ്കിൽ ആലീസിന്റെ വസ്ത്രങ്ങൾ പോലും അയാൾ വലിച്ചഴിച്ചേനേം, പക്ഷേ അപ്പോഴും അത്  ഓടിക്കൂടിയവർക്ക് ആസ്വദിക്കാനുള്ള വകയായി മാറുകയും അവരതിന്റെ ദൃശ്യങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തേനേം. ഇത് തന്നെയാണ് സമൂഹത്തിന്റെ മനസ്സ്. എന്നാൽ ഈ വിഷയത്തിലും ആലീസ് നിലപാട് പരസ്യമായി പ്രഖ്യാപിക്കുന്നു.

"നിന്റെ മുണ്ട് ആരെങ്കിലും വലിച്ചഴിച്ചാൽ എന്തു ചെയ്യും"? എന്ന് പല സുഹൃത്തുക്കളും കളിയായി എന്നോട് ചോദിച്ചിട്ടുണ്ട്. ഒരു ചുക്കുമില്ല. അടിയിൽ നീളം കുറഞ്ഞ ഒരു നിക്കർ ഇടാറുണ്ട്. അതൊക്കെത്തന്നെ ധാരാളം. ഇനീപ്പോ വസ്ത്രം മുഴുവൻ വലിച്ചഴിക്കാൻ ശ്രമിച്ചാലും വിറച്ചു പോകില്ല. നാണവും മാനവുമൊന്നും ഇല്ലാത്തൊരാൾ എന്ന് സ്വയം പറയാനാണ് ഇഷ്ടം ഇത്തരം വൃത്തികെട്ടവൻമാർക്ക് ഒരു തോന്നലുണ്ട്, വസ്ത്രം വലിച്ചഴിച്ചാൽ സ്ത്രീകൾ പേടിക്കുമെന്ന്. തോന്നലാ.. ഒരു പുല്ലുമില്ല......."

ഈ വിഷയം അഡ്രസ്സ് ചെയ്യപ്പെടേണ്ടത് ഒരു സ്ത്രീ അക്രമിക്കെതിരെ പൊരുതി എന്ന നിലയിൽ മാത്രമല്ല, ഒരുപക്ഷേ അതിനേക്കാളേറെ സുരക്ഷിതമല്ലാത്ത ട്രെയിൻ യാത്രകൾ, അതും പട്ടാപകൽ ചെയ്യേണ്ടി വരുന്ന പെൺകുട്ടികൾക്ക് വേണ്ടിക്കൂടിയാണ്. സൗമ്യയുടെ അനുഭവം കുറേനാൾ എല്ലാവർക്കുമൊരു പാഠമായിരുന്നു, അതിനെ തുടർന്ന് സീരീസ് ആയി മാധ്യമങ്ങൾ ട്രെയിനുകളിൽ യാത്ര ചെയ്ത സ്റ്റോറുകൾ ചെയ്തു, എഴുത്തുകാർ എഴുതി, പക്ഷേ സൗമ്യ പോയി, ഗോവിന്ദച്ചാമി ഇപ്പോഴും അഴിക്കുള്ളിൽ സുഖിച്ച്, തടിച്ചു കൊഴുത്തു കഴിയുന്നു. എന്നാൽ കാലം കഴിയുമ്പോൾ വീണ്ടും അവർത്തിക്കപ്പെടാനുള്ളതാണോ സൗമ്യമാർ എന്ന ചോദ്യമാണ് ആലീസ് ഉൾപ്പടെയുള്ളവർക്ക് ചോദിക്കാനുള്ളത്. ആലീസിനെ പോലെ നമ്മുടെ പെൺകുട്ടികൾ സാഹചര്യത്തിന് അനുസരിച്ച് അവരവരുടെ സുരക്ഷാ സ്വയം നോക്കിയേ രക്ഷയുള്ളൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com