sections
MORE

പാപ്പയെ പോലെ അവൾ, അമുദവനെ ഓർമ്മപ്പെടുത്തി ആ അമ്മ

Scene From Film Peranbu
പേരൻപ് എന്ന ചിത്രത്തിൽ നിന്ന്
SHARE

യു പി സ്‌കൂളിൽ പഠിക്കുമ്പോഴായിരുന്നു അവൾ ഞങ്ങൾക്കൊപ്പം പഠിക്കാനുണ്ടായിരുന്നത്. സൂര്യ (യഥാർഥ പേരല്ല) എന്ന പെൺകുട്ടിയുടെ നടപ്പും നിൽപ്പും എല്ലാം ഞങ്ങൾക്ക് വ്യത്യസ്തമായിരുന്നു. ഒരു വശം ചരിഞ്ഞുള്ള നടപ്പും, കൈകളും കാലുകളും തെല്ലു വളഞ്ഞുള്ള ശരീരവും, നാവു തെല്ലു പുറത്തേയ്ക്ക് തള്ളിയതുകൊണ്ട് വ്യക്തമാകാത്ത സംസാര ഭാഷയും, ആദ്യം സ്‌കൂളിൽ പഠിക്കാൻ ചെന്ന സമയത്തുള്ള കൗതുകം പിന്നെ സൂര്യയോടു എല്ലാവർക്കും പോയി, അവൾ ഞങ്ങളിൽ ഒരാളായി. പക്ഷേ അവളുടെ 'അമ്മ ഞങ്ങളെ സംസ്കൃതം പഠിപ്പിക്കുന്ന സരസ്വതി ടീച്ചർ(യഥാർത്ഥ പേരല്ല) സൂര്യയെ ഞങ്ങൾ കുട്ടികളിൽ നിന്നൊക്കെ പരമാവധി മാറ്റി നിർത്തി. അധികം സംസാരിക്കാൻ കഴിയാത്ത സൂര്യ അങ്ങനെ ആരുടേയും അടുത്ത ചങ്ങാതിയായില്ല. പക്ഷേ ഒന്നോർമ്മയുണ്ട്, ക്ലാസ്സുകളിൽ ഒക്കെയും അവൾ വല്ലാതെ നിശ്ശബ്ദയായിരുന്നു. ആർക്കും സൂര്യ ബഹളമോ പ്രശ്നമോ ഉണ്ടാക്കിയില്ല, അമ്മയോടൊപ്പം ബസിൽ വന്നു, അമ്മയോടൊപ്പം ബസിൽ തിരികെ പോയി.

വർഷങ്ങൾ കഴിഞ്ഞു പാലിയേറ്റിവിന്റെ പരിപാടികൾക്ക് സ്ഥിരം പോകുമ്പോൾ കാണാറുണ്ട് പലതരം ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന കുഞ്ഞുങ്ങളെ, അപ്പോഴൊക്കെ സൂര്യയെ ഓർക്കും, അവൾക്ക് ഞങ്ങളാരും കണ്ടിട്ടില്ലാത്ത എന്തൊക്കെയോ ഉണ്ടായിരുന്നുവോ, എല്ലാ മനുഷ്യരും സമൂഹത്തിൽ ഒന്നും അവരുടെ സ്വകാര്യതയിൽ മറ്റൊന്നുമായി മാറുമ്പോൾ സൂര്യ ഞങ്ങളുടെ മുന്നിൽ മറ്റൊന്നായിരുന്നുവോ... കാരണം പാലിയേറ്റിവിന്റെ പരിപാടികളിൽ കണ്ടു മുട്ടിയ കുഞ്ഞുങ്ങളെല്ലാം നെഞ്ചിലൊരു സങ്കട കടലുണ്ടാക്കി. പക്ഷേ അവരുടെ അമ്മമാരുടെ മുഖം ആത്മവിശ്വാസത്തിന്റെ പ്രകാശത്താൽ ജ്വലിച്ചിരുന്നു.

പേരൻപ് അതിനും ശേഷമാണ് കാണുന്നത്. പാപ്പായുടെ മുഖത്തിനു സൂര്യയുടെ അതേ ആകൃതി, അതേ കണ്ണുകൾ, അതേ സൂര്യ തന്നെ. ഒരു മനുഷ്യനെ പുറത്ത് നിന്ന് നോക്കിക്കാണാൻ എത്രയെളുപ്പമാണ്, ഓരോ മനുഷ്യന്റെയും വികാര വിചാരങ്ങളിലൂടെ അങ്ങനെ അങ്ങ് കണ്ടു പോയാൽ മതി, പക്ഷേ ആ വൈകാരികത നമ്മളുടെ സ്വന്തമായി തീരുമ്പോൾ അനുഭവപ്പെടുന്ന ജീവിതം മാറിപ്പോവലുകളുണ്ട്. സരസ്വതി ടീച്ചറിനെ ഒരിക്കലും സങ്കടപ്പെട്ടു കണ്ടിട്ടേയില്ല, സ്നേഹത്തിന്റെ നിറഞ്ഞ ഒരു കുടമായിരുന്നു അവർ. പഠിപ്പിക്കുന്ന കുട്ടികളെയെല്ലാം മക്കളായി കണ്ടിരുന്നവർ, ആ പ്രായത്തിലുള്ള ഒരു സർക്കാർ സ്‌കൂൾ അധ്യാപികയ്ക്ക് തീർച്ചയായും ഉണ്ടാകാൻ വഴിയില്ലാത്ത സൗഹൃദം , അങ്ങനെയാണ് സരസ്വതി ടീച്ചർ കുട്ടികൾക്ക് പ്രിയങ്കരിയായി മാറിയത്, പക്ഷേ പേരൻപിലെ അമുദവൻ എന്ന അച്ഛനെ പരിചയപ്പെടുമ്പോൾ മറ്റൊരു പാപ്പയുടെ 'അമ്മ എന്ന നിലയിൽ സരസ്വതി ടീച്ചർ എന്തൊക്കെയാവും നേരിട്ടിട്ടുണ്ടാവുക. കുടുംബത്തെക്കുറിച്ചോ, ആരൊക്കെ അവർക്കൊപ്പമുണ്ടായിരുന്നെന്നോ, ഒന്നുമറിയില്ല, തീർച്ചയായും സ്‌കൂളിൽ സൂര്യ പുലർത്തിയ നിശബ്ദത വീട്ടിൽ അവൾ പിന്തുടർന്നിരിക്കണമെന്നുമില്ല. ഇപ്പോൾ അവൾക്കും പ്രായം മുപ്പത്തിയഞ്ചിൽ എത്തിയിരിക്കണം!

Scene From Peranbu
പേരൻപ് എന്ന ചിത്രത്തിൽ നിന്ന്

പാലിയേറ്റിവ് പരിപാടികളിൽ വിവിധ ശാരീരികാവസ്ഥയുമായി പെൺകുഞ്ഞുങ്ങളും ആൺകുഞ്ഞുങ്ങളും എത്തുന്നത് കാണാറുണ്ട്. ഭക്ഷണം വാരിക്കൊടുത്തുകൊണ്ടിരിക്കുമ്പോൾ അത് തട്ടിയെറിഞ്ഞിട്ടു ഹാളിനു പുറത്തേയ്ക്കും റോഡിലേക്കും ഓടാൻ ശ്രമിച്ച ഒരു പതിനാലുകാരനെ പിടിക്കാൻ 'അമ്മ അവനു പുറകെ ഓടുന്നത് കണ്ടുനിന്നിട്ടുണ്ട്. പരിപാടികൾക്കിടയിൽ ഉച്ചത്തിൽ ശബ്ദങ്ങളുയർത്തുന്ന പത്തുവയസ്സുകാരിയായ മകളുടെ വായ അവൾക്ക് നോവാത്തരീതിയിൽ പൊത്തിപ്പിടിക്കാൻ ശ്രമിച്ച് പരാജയപ്പെടുന്ന അമ്മയെ കണ്ടു കണ്ണ് നിറഞ്ഞിരുന്നു പോയിട്ടുണ്ട്. ഭക്ഷണം കൊടുക്കുമ്പോൾ ഒരു വശത്തൂടെ അത് താഴേയ്ക്ക് വഴുതിപ്പോകുന്ന കുഞ്ഞുങ്ങളുണ്ട്. അവരുടെയൊക്കെ കണ്ണുകൾ എല്ലായ്പ്പോഴും ആർദ്രമായിരിക്കുന്നതും ശ്രദ്ധിച്ചിട്ടുണ്ട്. 

സ്നേഹത്തിന്റെ കടൽ ഉള്ളിൽ ചുമക്കുന്നവരുടെ കണ്ണുകളാണത്രെ ഏതുനേരവും നിറഞ്ഞിരിക്കുന്നത്. പക്ഷേ അമ്മമാരെ മാത്രമേ കണ്ടിട്ടുള്ളൂ, അമുദവന്മാരെ ഇതുവരെ എങ്ങും കണ്ടിട്ടേയില്ല. അതുകൊണ്ടു തന്നെ സിനിമയിൽ പതിനാലുകാരിയായ മകളെ അച്ഛന് നൽകി ഓടിപ്പോയ ആ അമ്മയുടെ അത്ര വർഷത്തെ ജീവിതത്തെ കാണാനാകുന്നുണ്ട്. 

അമ്മായിയമ്മയുടെ ശാപവാക്കുകളും, അയൽക്കാരുടെ പരാതികളും മകളുടെ നിലവിളികളും ആ അമ്മയെ എത്രമാത്രം തളർത്തിക്കളഞ്ഞിരിക്കാം, അവർക്ക് അമുദവനെ പോലെ എല്ലാം ഇട്ടെറിഞ്ഞു മകൾക്കു വേണ്ടി മറ്റൊരു നാട് അന്വേഷിക്കാനോ അവളോടൊപ്പം ഒറ്റയ്ക്ക് അപരിചിതമായ നാട്ടിൽ താമസിക്കാനോ ആവില്ലല്ലോ. പക്ഷേ രണ്ടാമത്തെ ശരീരത്തിനും മനസ്സിനും ഒരു കുഴപ്പവുമില്ലാത്ത തികച്ചും "നോർമൽ " ആയ കുഞ്ഞ് അവളെ സന്തോഷിപ്പിപ്പിക്കുന്നുണ്ടാവില്ല ഒരിക്കലും. പതിനാലു വർഷം നോക്കി വളർത്തിയ ഒരു കിളിമകളുണ്ട് അങ്ങ് ദൂരെ അവളുടെ അച്ഛന്റെയൊപ്പം, രണ്ടാമത്തെ ഭർത്താവ് അടുത്തിരിക്കുന്നതുകൊണ്ട് ആ മകളുടെ സുഖ വിവരം പോലും തിരയാൻ അവൾക്ക് മടിയാകുന്നുണ്ട്. 

സമൂഹത്തിൽ പല സ്ത്രീകളും ഇപ്പോൾ ഞാൻ ശാരീരിക-മാനസിക ബുദ്ധിമുട്ടുകളുള്ള കുഞ്ഞിന്റെ അമ്മയാണ് എന്ന് പറയാൻ മടിക്കുന്നില്ല. കാരണം മനോഹരമായാണ് അവർ കുഞ്ഞുങ്ങളെ കൊണ്ടു നടക്കുന്നത്, അവർക്കു വേണ്ടി കാലത്തെ അതിജീവിക്കുന്നവരാണ്. "വീട്ടിൽ ചെന്നാൽ മോന്റെ കാര്യം നോക്കാനേ സമയമുള്ളൂ. പക്ഷേ ശരീരം കൊണ്ട് വലുതായെങ്കിലും എനിക്കിന്നും അവൻ കുഞ്ഞിനെ പോലെയാണ്. അങ്ങനെ തന്നെ കൊണ്ടു നടക്കുന്നു. പാലിയേറ്റിവിന്റെ പരിപാടികൾക്ക് പോകുന്നു, അവിടെ അവനെ പോലെ നിരവധി കുട്ടികളെ കാണുമ്പോൾ അഭിമാനം തോന്നും, അവരൊക്കെ ദൈവത്തിന്റെ സ്വന്തം കുഞ്ഞുങ്ങളല്ലേ!" ഒരമ്മയുടെ കണ്ണുനീരിൽ നനയാത്ത വാക്കുകൾ.

Scene From Peranbu
പേരൻപ് എന്ന ചിത്രത്തിൽ നിന്ന്

പാലിയേറ്റിവ് പരിപാടികൾക്കിടയിൽ അതിനെ മനോഹരമായി നിയന്ത്രിക്കുന്ന ഓട്ടിസ്റ്റിക്ക് ആയ കുഞ്ഞുങ്ങളുണ്ട്, ഇടയ്ക്ക് അവർക്കും വേദിയിൽ കയറി പാട്ടുകൾ പാടണം, പാടുന്നവർക്കൊപ്പം ആടണം, കൈയടികൾ ചോദിച്ചു വാങ്ങണം, ഉറക്കെ ചിരിക്കണം. പക്ഷേ അതിനപ്പുറമുള്ള അനുഭവങ്ങൾക്കൊന്നും സാക്ഷിയാകേണ്ടി വന്നിട്ടില്ല. തീർച്ചയായും പാപ്പയ്‌ക്കു വേണ്ടി പുരുഷ ലൈംഗിക തൊഴിലാളിയെ തിരക്കി പോകുന്ന അമുദവന്റെ സങ്കടം മനസ്സിലാകും. പ്രായപൂർത്തിയായ മകനു വേണ്ടി സ്വയംഭോഗം ചെയ്തുകൊടുക്കുന്ന അച്ഛന്മാരുടെയും അത് കാണുന്ന അമ്മമാരുടെയും യാഥാർഥ്യം എങ്ങനെ ഒഴിവാക്കാനാണ്. ആർത്തവം വന്ന പാപ്പായുടെ പാഡ് മാറ്റിക്കൊടുക്കുന്ന അമുദവൻ പോലും ഒരു അടയാളമാകട്ടെ എന്നാണു ആഗ്രഹിക്കാൻ തോന്നുന്നത്. സ്ത്രീയും പുരുഷനും എന്ന ഒരുപാട് വ്യത്യാസങ്ങൾക്കപ്പുറവും സ്നേഹം എന്ന ഒരേ ചരടിൽ കോർത്തെടുത്ത മനുഷ്യരായാൽ മാത്രം മതി എല്ലാവരും എന്ന ആഗ്രഹം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA