sections
MORE

ഒറ്റ ദിവസത്തിലൊതുങ്ങാത്ത പ്രണയം

Valentine's Day
പ്രതീകാത്മക ചിത്രം
SHARE

"എന്താ പ്രണയത്തിന്റെ നിർവചനം?"

-"ഉപാധികളൊന്നുമില്ലാത്തത്!"

"ഉപാധികളൊന്നുമില്ലാതെ എങ്ങനെയാണ് മനുഷ്യർക്ക് തമ്മിൽ സ്നേഹിക്കാനാവുക?"

-"സ്നേഹിക്കാൻ നിയമങ്ങൾ ആവശ്യമുണ്ടോ പെണ്ണെ?"

"ഇല്ല, അപ്പൊ വാലെന്റൈൻസ് ഡേയ്ക്ക് എനിക്കുള്ള ഗിഫ്റ്റ്?"

-പ്രണയദിനത്തിന്റെ അർത്ഥമെന്താണ്?"

"പ്രണയിക്കാൻ, പ്രണയം അറിയിക്കാൻ, പ്രണയം തോന്നുന്നവരോടൊപ്പം എവിടെയെങ്കിലും പോകാൻ.. ഒരു ദിനം."

"-ഏതു പ്രണയ ദിനത്തിലാണ് ഞാൻ നിന്നോട് പ്രണയമാണെന്ന് പറഞ്ഞത്, നിന്നെ നിനക്കേറ്റവും പ്രിയപ്പെട്ട കാറ്റൂതുന്ന മരങ്ങളുള്ള കാട്ടിൽ കൊണ്ട് പോയത്?"

"അതൊന്നും പ്രണയ ദിനങ്ങളിലായിരുന്നില്ലല്ലോ!"

-"നീയിപ്പോൾ പറഞ്ഞതൊന്നും ചെയ്യാൻ ഒരു പ്രത്യേക ദിനം ആവശ്യമില്ലാത്തപ്പോൾ പിന്നെ പ്രണയദിനത്തിന്റെ പ്രസക്തിയെന്താണ്?

"നീയൊരു അരസികനാണ്‌!"

"- അപ്പൊ ഇനി പ്രണയദിനത്തിൽ മാത്രം ഞാൻ നിന്നെ എവിടെയെങ്കിലും കൊണ്ട് പോകാം, ഗിഫ്റ് വാങ്ങി തരാം, മിണ്ടാം... മതിയോ..."?

"പോരാ..."

-"പിന്നെ?"

"എന്നും വേണം"

-"അതല്ലേ കൊരങ്ങേ ഇപ്പൊ ചെയ്തോണ്ടിരിക്കുന്നത്. "

പ്രണയദിനം ആഘോഷിക്കപ്പെടുക എന്നതൊരു ട്രെൻഡാണ്. വിലകൂടിയ വാലെന്റിൻ കാർഡുകൾ വാങ്ങുക, സമ്മാനങ്ങൾ വാങ്ങുക, അത് പ്രിയപ്പെട്ട ഒരാൾക്ക് കൈമാറുക, അപ്പോൾ ആ കണ്ണിൽ മിന്നുന്ന നക്ഷത്രങ്ങളെ അവരറിയാതെ ഒരു ചില്ലു കൂട്ടിലേക്ക് കട്ടെടുത്തു സൂക്ഷിക്കുക, അവരോടൊപ്പം വാലെന്റിൻ പാർട്ടികളിൽ പങ്കെടുക്കുക, ആടുക, പാടുക... പക്ഷേ പ്രണയിക്കുന്ന ഒരാൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും മനോഹരമായ സമ്മാനമെന്താകും?

സ്വർണം, മാല, വസ്ത്രങ്ങൾ, ചോക്കലേറ്റ്?

ഒന്നുമല്ല -സമയം- എന്നതാണ് പ്രണയിക്കുന്നവർക്കിടയിലെ ഏറ്റവും മനോഹരമായ സമ്മാനം. അത് ഒരു പ്രത്യേക ദിവസത്തെ സമ്മാനമായി നൽകേണ്ടതുമല്ല, എല്ലായ്പ്പോഴും ഉള്ളിൽ കത്തിച്ചു വച്ചിരിക്കുന്ന സ്നേഹത്തിന്റെ കുത്തൊഴുക്കിനായി ജീവിതത്തിന്റെ കുടുക്കയിൽ നിന്ന് ആവശ്യത്തിനുള്ള സമയം അവർക്കായി നീക്കി വയ്ക്കുക. അതിങ്ങനെ അനാദിയായ പ്രവാഹമായി ഒഴുകാനുള്ളതാണ്, ഔദാര്യമായി നൽകേണ്ടതോ, വിഷമത്തോടെ അനുവദിക്കേണ്ടതോ അല്ല, സ്വയമുള്ള ഒഴുക്കി വിടലിൽ സംഭവിക്കേണ്ടുന്ന ഒന്ന് മാത്രമാണത്.

"നിനക്കെന്നോട് മിണ്ടാൻ ഇപ്പോൾ സമയമേയില്ല. ദിവസം എത്ര വിഡിയോകൾ ഓരോരുത്തർക്കും നീ അയക്കുന്നു, അവർ അയക്കുന്നത് കാണുന്നു, എന്തൊക്കെ ഫെയ്‌സ്ബുക്ക് മെസേജുകൾ കാണുന്നു, അതിനിടയിൽ ഒരു അഞ്ചു മിനിറ്റെങ്കിലും എന്നോട് മിണ്ടിക്കൂടെ?"

-"ജോലിക്കിടയിൽ നിന്നോടെങ്ങനെ സംസാരിക്കും?"

"ഇപ്പോഴും ജോലിയാണോ? കണ്ട വിഡിയോ ഒക്കെ അയക്കാൻ നിനക്ക് സമയമുണ്ടല്ലോ, സുഹൃത്തുക്കൾക്ക് നൽകാൻ സമയമുണ്ടല്ലോ?"

-"എനിക്ക് അതും വലുതാണ്"

"അപ്പോൾ വലുത് അല്ലാത്ത ഞാൻ മാത്രമാണ്"

, വളരെ സാധാരണമായി ആവർത്തിക്കപ്പെടുന്ന കാമുകീ-കാമുക സംഭാഷണം മാത്രമായി ഇത് മാറിക്കഴിഞ്ഞിരിക്കുന്നു. പ്രണയം പരസ്പരം കണ്ടെത്തുന്നതുവരെ അവൾക്കുവേണ്ടി തുറന്നു വച്ച ഹൃദയം അവൾ അകത്ത് കയറിയതോടെ അടച്ചു പിടിക്കുകയും പിന്നെ നിരന്തരം അതേ ഹൃദയ വാതിലിന്റെ അടുത്ത് വന്നു അവൾക്ക് അത് തുറക്കാൻ മുട്ടേണ്ടതായുമുള്ള അവസ്ഥ. ജോലി, എന്നത് പുരുഷന്മാർക്ക് സമയക്കുറവിന്റെ ഏറ്റവും വലിയ കാരണങ്ങളിൽ ഒന്നാണ്. പക്ഷേ പ്രണയിക്കുന്ന പുരുഷന് വേണ്ടി ഏതു വലിയ ജോലികൾക്കിടയിലും ആധികൾക്കിടയിലും തെല്ലു സമയം കണ്ടെത്താൻ ഒരു സ്ത്രീയ്ക്ക് കഴിയുന്നു. പരസ്പരമുള്ള കരുതലിന്റെ പ്രശ്നമാണത്.

Valentine's Day
പ്രതീകാത്മക ചിത്രം

"ആർട്ടിസ്റ്റ്" എന്ന ശ്യാമ പ്രസാദ് സിനിമ നോക്കൂ, മൈക്കേലിനും ഗായത്രിയ്ക്കും ഇടയിൽ തീക്ഷ്ണമായ പ്രണയമാണ് വിവിധ നിറങ്ങളിൽ സംവിധായകൻ ചേർത്തു വച്ചിരിക്കുന്നത്. പക്ഷേ മൈക്കേലിനത് ഒടുവിൽ വഞ്ചനയുടെ കടും നീല മാത്രമായി തീരുന്നു. കലാകാരന്റെ ഫാന്റസിയെന്നും ഭ്രാന്തെന്നും ഒക്കെ പറഞ്ഞു മറ്റു പലരും മൈക്കേലിനെ ആശ്വസിപ്പിക്കുമ്പോൾ ഗായത്രിയും ഒരു കലാകാരിയായിരുന്നെന്നും അവനു വേണ്ടി അവൾ അവളുടെ നിറങ്ങൾ മറന്നു പോയതാണെന്നും ആരും ഓർത്തതേയില്ല.ജീവിതം തുടങ്ങിയതോടെ പ്രണയവും പ്രണയ ദിനവുമൊക്കെ അപ്രസക്തമായിപ്പോയ ഗായത്രിയ്ക്ക് പിന്നെ മൈക്കേലിനു നിറങ്ങൾ വാങ്ങി നൽകാൻ സ്വന്തം ശരീരം മറ്റൊരുവന് നൽകേണ്ടി വരുന്ന അവസ്ഥയുണ്ട്. നിറങ്ങളെ കുറിച്ചോർത്ത് മാത്രം വിഹ്വലപ്പെടുന്ന മൈക്കേലിനു ഭക്ഷണം പോലും വിഷയവുമല്ല. എങ്കിലും പ്രണയത്തിന്റെ അപ്പുറമെത്തുമ്പോൾ അവൾ മാത്രം വഞ്ചിച്ചവൾ ആകുന്നു. ശരീരം കൊണ്ടല്ല, മൈക്കേൽ ഗായത്രിയെ വഞ്ചിച്ചത് മനസ്സുകൊണ്ടും പ്രണയം കൊണ്ടുമാണ്. ഒരു പെണ്ണിന് ലഭിക്കാവുന്ന ഏറ്റവും വലിയ വഞ്ചന. അതിനു മുന്നിൽ ഗായത്രിയുടെ വഞ്ചന (അതിനെ അങ്ങനെ വിളിക്കാനാകില്ല എന്നാലും) ഒനനുമല്ലാതായിത്തീരുന്നു. 

"Imagine you have an exam tomorrow,

At your desk studying late at night,

You cannot sleep

Suddenly I cry out in fear –

Do you love me?

Will you be angry?

Or will you come over to hold me and say,

I love you, I do…

Suppose you are exhausted, just back from work,

Hungry, thirsty, worn out by the day..

I have put nothing on the table yet,

And what if I should come out of the kitchen sheened with sweat

Grab your hand and say –

Do you love me?

Would you be annoyed?

Or would you press back on my fingers and say

I love you, I do…"

സുനിൽ ഗംഗോപാധ്യായയുടെ , ഐ ലവ് യു , ഐ ഡൂ" എന്ന കവിതയിലെ വരികളാണ്. വളരെ ദുർബലമായിപ്പോകുന്ന ചില സന്ദർഭങ്ങളുണ്ട്, പ്രത്യേകിച്ച് സ്ത്രീകൾക്ക്. മിക്കവാറും സ്ത്രീകൾ അഭിമുഖീകരിക്കുന്ന ആർത്തവ വിഷാദങ്ങൾ അടയാളപ്പെടുത്തേണ്ട വിഷയം തന്നെയാണ്. ആർത്തവ സമയത്തിന് മുൻപേയുണ്ടാകുന്ന വിഷാദകാലം വല്ലാതെ അവളെ ഏകാന്ത ദുഖത്തിലും സങ്കടത്തിലും ചാടിച്ചേക്കും, ഒപ്പം ആരുമില്ലെന്നും, ആരും തന്നെ മനസ്സിലാക്കുന്നില്ലെന്നും അവൾക്ക് തോന്നും.പ്രണയിക്കുന്നവർ നൽകേണ്ട സമയം മാത്രമാണ് അവിടെ അവൾക്കുള്ള കരുതൽ. എന്നാൽ അവളുടെ മാനസിക അവസ്ഥകൾ മനസ്സിലാക്കി എത്ര കാമുകന്മാർ ആ സമയം അവൾക്ക് നൽകാൻ തയാറാകും? 

മറ്റൊന്നുമല്ല, ഗംഗോപാധ്യയുടെ കാമുകൻ പറഞ്ഞതുപോലെ,  ഞാൻ നിന്നെ പ്രണയിക്കുന്നുണ്ട് പെണ്ണേ... എന്നൊരു ഒറ്റ വാചകത്തിൽ അവളുടെ വിഷാദ കാലം പെയ്തു പോകും. ഒരു അഞ്ചു മിനിറ്റ് കണ്ടാൽ ഒരു വിഷാദ കാലത്തിന്റെ മഴകളെല്ലാം ഒന്നിച്ചു തോർന്നൊഴിഞ്ഞു പോകും. പിന്നീടുള്ള ദിവസത്തിലേക്കുള്ള കരുതൽ ആ അഞ്ചു മിനിട്ടു കൊണ്ട് പോലും അവൾക്ക് ലഭിച്ചേക്കും. ആ ഒരൊറ്റ വാചകം കൊണ്ടവൾ നേടിയെടുത്തേക്കും.

പ്രണയദിനമല്ല, പ്രണയ വർഷമാണ് ഉണ്ടാകേണ്ടത്. വല്ലപ്പോഴുമുള്ള ആശംസ കാർഡുകളോ സമ്മാനങ്ങളോ അല്ല പ്രിയപ്പെട്ടവൾക്ക് നൽകേണ്ടത്, അവൾ അർഹിക്കുന്ന ആദരവും സമയവും, അതുമാത്രമാണ് അവർക്കാവശ്യം. തീർച്ചയായും എല്ലാ സ്ത്രീകളെയും എല്ലാ പുരുഷന്മാരെയും കുറിച്ചല്ല ഈ കുറിപ്പ്, പ്രണയം എന്നതിനെ അതിന്റെ എല്ലാ അർത്ഥത്തോടും ആദരിക്കുന്നവർക്ക് വേണ്ടി മാത്രമുള്ള വാചകങ്ങളാണിവയെല്ലാം.

അവൾ വീണ്ടും ചോദിക്കുന്നു,

"എന്താണ് പ്രണയം?"

-"ഉപാധികളില്ലാത്ത സമർപ്പണം"

അവൻ മറുപടി പറയുന്നു.

ഉപാധികളുടെ ബാഹുല്യത്തിൽ നഷ്ടപ്പെട്ടു പോകുന്നത് പലതുമാണ്, അതിൽ സമയവും ജോലിയും പണവും സമ്മാനങ്ങളുമൊക്കെ പെടും. പക്ഷേ ഉപാധിരഹിത പ്രണയങ്ങളിൽ മാത്രമനുഭവിക്കാവുന്ന പരസ്പര ബഹുമാനവും ആദരവും അതുകൊണ്ട് തന്നെ ലഭിക്കാവുന്ന കരുതലും തന്നെയാണ് പ്രണയത്തിന്റെ ഔന്നത്യമുള്ള സമ്മാനം.

പ്രണയ ദിനങ്ങൾ എല്ലാ ദിവസങ്ങളിലും ഉള്ളത് തന്നെ, വൈദേശികമായ ഓർമ്മപ്പെടുത്തലുകൾ വാലെന്റൈൻസ് ഡേ എന്ന ദിനവുമായി എത്തുമ്പോൾ അത് ആഘോഷിക്കുന്നത് വിപണി മാത്രമാണ്. ലക്ഷങ്ങളാണ് അന്ന് വിപണിയിൽ യുവാക്കളിൽ നിന്നും മാത്രമായി ഇറങ്ങുന്നത്. പ്രണയിനിയെ സന്തോഷിപ്പിക്കാൻ കാർഡുകളായും സമ്മാനങ്ങളായും യാത്രകളാണ് അവർ കടം വാങ്ങിയും പണം ചിലവഴിക്കും. 

Valentine's Day
പ്രതീകാത്മക ചിത്രം

പക്ഷേ നിത്യവും നൽകുന്ന കരുതലിന്റെ കൈകൾ , വല്ലപ്പോഴും പോകുന്ന മനോഹരമായ യാത്രകൾ, പ്രണയത്തിന്റെ വിവർത്തനങ്ങൾ, ഇതൊക്കെ തന്നെയാണ് പ്രണയത്തിന്റെ രസകരമായ ആനന്ദങ്ങൾ. "പ്രകടിപ്പിക്കാത്ത സ്നേഹം പിശുക്കന്റെ കൈയിലെ ക്ലാവ് പിടിച്ച നാണയം"(മാധവിക്കുട്ടി) പോലെ പ്രയോജനമില്ലാത്തത് ആണത്രേ.

പ്രകടിപ്പിക്കാത്ത സ്നേഹവും അമിതമായ പ്രകടനവും ഒന്നുപോലെ അപകടമാകുമ്പോൾ കൃത്യമായ അളവുകളില്ലാത്ത സ്നേഹം ഒരു അരുവി പോലെ ജീവിതത്തെയും ജീവനെ തന്നെയും കുളിർപ്പിക്കുന്നു. അപ്പോൾ പ്രണയത്തിനു പ്രത്യേക ദിനങ്ങൾ ആവശ്യമില്ലാതാകുന്നു, എല്ലാ ദിനവും പ്രണയത്തിന്റെ സ്വാദുള്ളതായി മാറുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA