ADVERTISEMENT

ഒൻപതു വര്‍ഷത്തെ പോരാട്ടം വേണ്ടിവന്നു സ്നേഹ എന്ന യുവതിക്ക് തഹസില്‍ദാരില്‍നിന്നും ഒരു സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍. കയറിയിറങ്ങേണ്ടിവന്നത് അനേകം ഓഫിസുകള്‍. കൊടുക്കേണ്ടിവന്നത് നിരവധി ഉറപ്പുകള്‍. ഒടുവില്‍ ജീവിതത്തിലെ ഏറ്റവും സാഫല്യം നിറഞ്ഞ നിമിഷത്തിന്റെ നിര്‍വൃതിയിലാണ് സ്നേഹ. ഒരു ട്രോഫിയോ മെഡലോ പോലെ കയ്യില്‍ അമര്‍ത്തിപ്പിടിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ നോക്കുമ്പോഴൊക്കെ അവര്‍ അഭിമാനം കൊള്ളുന്നു. ഒരു സര്‍ട്ടിഫിക്കറ്റ് ഇത്ര വിലപിടിച്ചതോ എന്ന് അതിശയിക്കാന്‍ വരട്ടെ. ഇതൊരു സാധാരണ സര്‍ട്ടിഫിക്കറ്റല്ല. ഇന്ത്യാരാജ്യത്തുതന്നെ ഇതാദ്യമാണ് ഇങ്ങനെയൊരു സര്‍ട്ടിഫിക്കറ്റ് ഒരാള്‍ക്ക് കിട്ടുന്നത്. 

തമിഴ്നാട്ടില്‍ വെല്ലൂര്‍ ജില്ലയില്‍ തിരുപ്പട്ടൂര്‍ തഹസില്‍ദാരില്‍നിന്നുമാണ് സ്നേഹയ്ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. മുപ്പത്തിയഞ്ചുവയസ്സുകാരിയായ സ്നേഹ എം. എന്ന യുവതി ഒരു ജാതിയിലും മതത്തിലും ഉള്‍പ്പെട്ടയാളല്ല എന്നാണ് വിലപിടിച്ച സര്‍ട്ടിഫിക്കറ്റില്‍ എഴുതിയിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയതുമുതല്‍ സ്നേഹയുടെ ഫോണിനു വിശ്രമമില്ല. അഭിനന്ദിച്ചുകൊണ്ടുള്ള വിളികള്‍ പ്രവഹിക്കുകയാണ്. വാര്‍ത്തയറിഞ്ഞ് നടന്‍ കമല്‍ ഹാസനും സ്നേഹയെ അഭിനന്ദിച്ചു. ഇന്ത്യക്കാരില്‍ വലിയൊരു വിഭാഗത്തിന്റെ ഏറ്റവും വലിയ ആഗ്രഹത്തിന്റെ സാക്ഷാത്കാരമാണ് സ്നേഹയ്ക്കു കിട്ടിയിരിക്കുന്നത്. നമ്മുടേതല്ലാത്തത് ഉപേക്ഷിക്കുന്നതില്‍ എന്തിനു വിഷമിക്കണം. ജാതി ഉപേക്ഷിക്കുക. അങ്ങനെ മാത്രമേ ഒരു നല്ല നാളെ ഉണ്ടാകൂ- കമല്‍ ട്വിറ്ററില്‍ എഴുതി. 

'ഞാന്‍ വളർന്നത് ജാതിയില്ലാതെയാണ്. ജനനസമയത്തോ സ്കൂളിലോ കോളജിലോ ചേര്‍ക്കുമ്പോഴോ എന്റെ മാതാപിതാക്കള്‍ ജാതി രേഖപ്പെടുത്തിയിട്ടില്ല. ഇന്ത്യക്കാര്‍ എന്നുപറഞ്ഞാണ് ഞങ്ങള്‍ മക്കളെ വളര്‍ത്തിയത്. പേരുകളിട്ടതുപോലും വൈവിധ്യത്തെ അംഗീകരിച്ചുകൊണ്ട്. വ്യത്യസ്ത മതവിഭാഗക്കാരുടെ പേരുകളാണ് സഹോദരിമാര്‍ക്ക്. മുംതാസ്, ജെന്നിഫര്‍ എന്നിങ്ങനെ. ഞങ്ങളാരും  ഒരു മതത്തിലും ജാതിയിലും വിശ്വസിക്കുന്നില്ല. പാര്‍ഥിബ രാജ എന്നയാളെയാണ് ഞാന്‍ വിവാഹം കഴിച്ചിരിക്കുന്നത്. അദ്ദേഹവും മതത്തിലും ജാതിയിലും വിശ്വസിക്കുന്നില്ല. ഞങ്ങളുടെ വിവാഹത്തിനും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടായിരുന്നില്ല'- ജീവിതത്തെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും സ്നേഹ പറയുന്നു. 

മൂന്നു മക്കളുണ്ട് ദമ്പതികള്‍ക്ക്. മൂന്നുപേര്‍ക്കും പേരുകളിട്ടിരിക്കുന്നതും പല മതങ്ങളുമായി ബന്ധപ്പെട്ട്. അവരെ സ്കൂളില്‍ ചേര്‍ത്തപ്പോഴും ജാതിയുടെയും മതത്തിന്റെയും കോളങ്ങള്‍ പൂരിപ്പിച്ചിട്ടില്ല. മതവും ജാതിയും ഉപേക്ഷിച്ചു  ജീവിക്കുന്നതിനാല്‍ തങ്ങള്‍ക്ക് അതു സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും വേണം എന്നായിരുന്നു സ്നേഹയുടെ ആവശ്യം. മതവും ജാതിയുമില്ല എന്നു രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിനുവേണ്ടി തഹസില്‍ദാര്‍ക്ക് എഴുതി. അങ്ങനെയൊരു കീഴ്‍വഴക്കം ഇല്ലെന്നായിരുന്നു മറുപടി. ഒടുവില്‍ രണ്ടുവര്‍ഷം മുമ്പ് എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്ന അതേ നിയമം പാലിച്ചുകൊണ്ട് തഹസില്‍ദാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു. 

ഒരു മറുപടി അവര്‍ക്കു പറഞ്ഞേ പറ്റുമായിരുന്നുള്ളൂ. ഇങ്ങനെയൊരു സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യം എന്താണെന്നായിരുന്നു അവരുടെ ചോദ്യം. താന്‍ മതത്തിലും ജാതിയിലും വിശ്വസിക്കാത്തതിനാല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടണമെന്നും തെറ്റായ കാര്യങ്ങള്‍ക്കുവേണ്ടി ഇതുപയോഗിക്കില്ലെന്നും സ്നേഹയ്ക്ക് ഉറപ്പ് കൊടുക്കേണ്ടിവന്നു. സ്നേഹയുടെ സര്‍ട്ടിഫിക്കറ്റുകളും സ്കൂള്‍ റജിസ്റ്ററുമൊക്കെ അധികാരികള്‍ പരിശോധിച്ചു. അവകാശവാദങ്ങള്‍ സത്യമാണെന്നു ബോധ്യപ്പെട്ടു. സര്‍ട്ടിഫിക്കറ്റ് മറ്റാരുടെയും അവകാശങ്ങള്‍ ഹനിക്കുകയോ സാമൂഹിക പ്രശ്നം ഉണ്ടാക്കുകയോ ഇല്ലെന്നു ബോധ്യപ്പെട്ടപ്പോള്‍ അവര്‍ വഴങ്ങി. 

ചെന്നൈ ലോ കോളജില്‍ സഹപാഠികളായിരുന്നു സ്നേഹയുടെ മാതാപിതാക്കള്‍. മാര്‍ക്സിന്റെയും അംബേദ്കറിന്റെയും മറ്റും ആശയങ്ങളാണ് അവര്‍ പിന്തുടര്‍ന്നത്. മതത്തിനും ജാതിക്കുമെതിരായ പോരാട്ടമാണ് അവരുടെ ജീവിതത്തിന്റെ അടിസ്ഥാനം തന്നെ. പോരാട്ടത്തില്‍ ഭര്‍ത്താവും തനിക്കൊപ്പം നിന്നുവെന്നും അദ്ദേഹമാണ് പ്രചോദനമെന്നുംകൂടി സ്നേഹ പറയുന്നു. 

ഒരു മതത്തിലും ജാതിയിലും വിശ്വസിക്കുന്നില്ല എന്നു രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണമെന്ന് ആഗ്രഹിക്കുന്ന വേറെയും ആളുകള്‍ ഉണ്ടായിരിക്കും. പക്ഷേ സ്കൂള്‍, കോളജ് രേഖകളില്‍ ജാതിയും മതവും രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കിട്ടില്ല. അവര്‍ക്കുവേണ്ടി നിയമത്തില്‍ ഭേദഗതി വേമമെന്ന ആവശ്യവുമായി കോടതി കയറാന്‍ ഒരുങ്ങുകയാണ് സ്നേഹ. ആദ്യത്തെ പോരാട്ടത്തില്‍ വിജയിച്ചുപോലെ രണ്ടാമത്തെ പോരാട്ടത്തിലും വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണു സ്നേഹ. സ്നേഹം പുലരുന്ന നല്ല നാളേയ്ക്കുവേണ്ടിയുള്ള ഐതിഹാസിക പോരാട്ടം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com