ADVERTISEMENT

ചൈനയിലെ വാങ് ദമ്പതികളുടെ അക്കൗണ്ടിലുണ്ടായിരുന്നത് രണ്ടേമുക്കാൽ ലക്ഷത്തോളം രൂപ. അതായിരുന്നു അവരുടെ ആകെയുള്ള സമ്പാദ്യം. ഈയടുത്ത് മുഴുവൻ തുകയും സർക്കാർ മരവിപ്പിച്ചു. പിഴ ആയി തുക പൂർണമായും സർക്കാർ തന്നെ എടുത്തു. മൂന്നാമതൊരു കൂട്ടി കൂടിയുണ്ടായി എന്നതാണ് ദമ്പതികൾ ചെയ്ത കുറ്റം. യഥാർഥത്തിൽ ദമ്പതികൾ സർക്കാരിലേക്ക് അടയ്ക്കേണ്ട പിഴത്തുക ഏഴു ലക്ഷത്തോളം രൂപ വരും. അത്രയും തുക അടയ്ക്കാനില്ലാത്തതിനാൽ എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് സമ്മതം ചോദിക്കാതെ അക്കൗണ്ടിലുണ്ടായിരുന്ന മുഴുവൻ തുകയും സർക്കാർ പിടിച്ചെടുത്തത്. മൂന്നുകുട്ടികളുമായി ഭാവിയെ എങ്ങനെ നേരിടണമെന്ന ആശങ്കിയാണ് വാങ് കുടുംബം. 

ചൈനയിലെ നിലവിലുള്ള ജനസംഖ്യാ നിമയപ്രകാരം രണ്ടു കുട്ടികളിൽ കൂടാൻ പാടില്ല. മൂന്നാമത്തെ കുട്ടിയുണ്ടായയാൽ ഫൈൻ ഇടാക്കും. അതാണ് വാങ് ദമ്പതികളുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. പക്ഷേ, കൂടുതൽ കുട്ടികൾ ഉണ്ടാകുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കുറച്ചുനാളായി ചൈനീസ് നേതാക്കൻമാർ സ്വീകരിച്ചിരിക്കുന്നത്. ജനസംഖ്യയിൽ ഉണ്ടായ വൻ ഇടിവും പ്രായമേറിയവരുടെ അമിത എണ്ണവുമാണ് മാറ്റിചിന്തിപ്പിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. പക്ഷേ, ഔദ്യോഗികമായി രണ്ടുകുട്ടികളെന്നതാണ് ഇപ്പോഴും ഔദ്യോഗിക നയം. 

three-kids-02
പ്രതീകാത്മക ചിത്രം

രണ്ടു കുട്ടികളിൽ കൂടുന്നത് വലിയ കുറ്റമായി ആരും കാണുന്നില്ലെങ്കിലും പണത്തിൽ ആർത്തിയുള്ള പ്രാദേശിക ഉദ്യോഗസ്ഥരാണ് പണം പിരിക്കാൻ അമിതഉത്സാഹം കാണിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തെ, ഒറ്റക്കുട്ടി നയം നിലവിലുണ്ടായിരുന്നപ്പോഴും രണ്ടാമത്തെ കുട്ടിക്കു ജൻമം നൽകുന്ന ദമ്പതികളെ കണ്ടെത്തി പിഴ ഈടാക്കുമായിരുന്നു ഉദ്യേഗസ്ഥർ. അന്നത്തെ,.അതേ അത്യാഗ്രഹം അവർ ഇപ്പോഴും തുടരുന്നുവെന്നാണ് പുതിയ സംഭവം തെളിയിക്കുന്നത്. വാങ് ദമ്പതികൾക്ക് മൂന്നാമത്തെ കുട്ടിയുണ്ടായത് 2017 ജനുവരിയിൽ. പിഴത്തുക അടയ്ക്കണമെന്ന് നോട്ടീസ് കിട്ടിയെങ്കിലും അത്രയും തുക നൽകാനില്ലാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഉദ്യോഗസ്ഥർ അക്കൗണ്ടിലുള്ള തുക മുഴുവനുമെടുത്ത് രാജ്യസ്നേഹം പ്രദർശിപ്പിക്കുന്നത്. 

വാങ് ദമ്പതികൾക്ക് പിഴ ഈടാക്കുകയും അക്കൗണ്ടിലുണ്ടായിരുന്ന തുക ഏറ്റെടുക്കുകയും ചെയ്ത നടപടി രാജ്യത്ത് വലിയതോതിലുള്ള പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. കൂടുതൽ കുട്ടികൾ വേണമെന്നതാണ് ചൈനയുടെ നയം. നേതാക്കൻമാർ ഈ ആഗ്രഹം തുറന്നുപ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഉദ്യോഗസ്ഥർ ഇപ്പോഴും പഴയകാലത്താണ് ജീവിക്കുന്നതെന്നു തോന്നുന്നു– ലിയാൻപെങ് എന്ന തൂലികാനാമത്തിൽ കോളം എഴുതുന്ന രാഷ്ട്രീയ നിരീക്ഷകൻ അഭിപ്രായപ്പെടുന്നു. 

വെയ്ബോ എന്ന ചൈനീസ് മൈക്രോബ്ളോഗ്ഗിങ് സൈറ്റിലാണ് ലിയാൻപെങ് എഴുതുന്നത്. ജനസംഖ്യയിലെ കുറവ് രാജ്യത്തിന്റെ ഭാവിക്ക് അപകടമായിരിക്കുകയാണ്. എന്നിട്ടും പ്രാദേശിക ഭരണകൂടങ്ങൾ പണം പിരിക്കുക എന്ന ആർത്തിയുമായി നടക്കുകയാണെന്നും അദ്ദേഹം തന്റെ കോളത്തിൽ എഴുതി. ‘സോഷ്യൽ മെയ്ന്റനൻസ് ഫീസ് ’ എന്ന പേരിലാണ് നിയമം ലംഘിക്കുന്ന ദമ്പതികളിൽനിന്നു ചൈനയിൽ പിഴത്തുക ഈടാക്കുന്നത്. 

തങ്ങൾ നിയമം പാലിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഉത്തരവാദിത്തത്തിൽനിന്നു മാറിനിൽക്കാൻ തങ്ങൾക്കു കഴിയില്ലെന്നുമാണ് പ്രാദേശിക ഭരണകൂടങ്ങളുടെ ഉറച്ചനിലപാട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com