ADVERTISEMENT

നഗരനടുവിൽ പട്ടാപ്പകൽ യുവാവ് യുവതിയെ തീ കൊളുത്തിയ വാർത്തയോടെയാണ് ഇന്നലെ തിരുവല്ല ഉണർന്നത്. സ്നേഹത്തിനു വേണ്ടി മരിക്കാനും കൊല്ലാനും തയാറായ തലമുറയെ മനസ്സിലാക്കാനാകാതെ ഇത്തരം കൊലപാതകങ്ങൾക്കു പിന്നിലെ മനശാസ്ത്രവും രസതന്ത്രവും മനസ്സിലാകാതെ പകച്ചു നിൽക്കുകയാണ് സമൂഹം. 

ഇന്നലെ രാവിലെ 9.11ന്  തിരുവല്ല റെയിൽവേ സ്റ്റേഷൻ റോഡിൽ വച്ചാണ് യുവാവ് യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ദൃക്സാക്ഷികൾ അധികം ഇല്ലാതിരുന്ന സംഭവത്തിന് തെളിവായത് എതിർവശത്തുള്ള കളിപ്പാട്ടക്കടയിലെ സിസിടിവി ദൃശ്യങ്ങൾ. ചിലങ്ക ജംക്‌ഷനിൽ നിന്നു വിദ്യാർഥികളായ യുവാവും യുവതിയും നടന്നുപോകുന്നതു പലരും കണ്ടെങ്കിലും സാധാരണ കാഴ്ചയായേ കരുതിയുള്ളു. റോഡിൽ നിന്നു സംസാരിക്കുന്നതിനിടെ യുവാവ് യുവതിയുടെ തലയിലൂടെ പെട്രോൾ ഒഴിച്ചതും തീ കൊളുത്തിയതും നിമിഷങ്ങൾക്കുള്ളിലായിരുന്നു.

40 സെക്കൻഡിനുളളിൽ എല്ലാം കഴിഞ്ഞു. തീ ആളിക്കത്തിയപ്പോഴാണ് വഴിയിലുള്ളവർ ശ്രദ്ധിച്ചതും പെൺകുട്ടിയുടെ ദേഹത്തെ തീ കെടുത്താൻ ശ്രമിച്ചതും രണ്ടു ബക്കറ്റ് വെള്ളമൊഴിച്ചതോടെ തീ കെട്ടു. അപ്പോൾത്തന്നെ പെൺകുട്ടി പുറകോട്ടു മറിഞ്ഞുവീഴുകയും ചെയ്തു. നാട്ടുകാർ അപ്പോൾത്തന്നെ ഒരു കിലോമീറ്ററകലെയുള്ള സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയി. ഈ സമയമെല്ലാം റോഡിൽ അക്ഷ്യോഭ്യനായി നിൽക്കുകയായിരുന്ന യുവാവിനെ നാട്ടുകാർ തടഞ്ഞു വയ്ക്കുകയും പിന്നീട് പൊലീസിന് കൈമാറുകയും ചെയ്തു.

ഈ വിഷയത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുകയാണ് മുരളി തുമ്മാരുകുടി. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പിങ്ങനെ :-

സ്നേഹം കൊണ്ട് കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും...

സ്നേഹം എന്ന വികാരം കൊലപാതകത്തോടോ അക്രമത്തോടോ ചേർത്ത് വക്കേണ്ട ഒന്നല്ല. പക്ഷേ കേരളത്തിൽ ഓരോ വർഷവും സ്നേഹവും ആയി ബന്ധപ്പെട്ട കൊലപാതകങ്ങൾ നടക്കുന്നു. അവ കൂടി വരികയാണോ എന്നറിയാൻ ഉള്ള ഗവേഷണം ഞാൻ നടത്തിയിട്ടില്ല, പക്ഷേ നമ്മെ നടുക്കുന്ന സംഭവങ്ങൾ എല്ലാ വർഷവും ഉണ്ടാകുന്നുണ്ട്.

സ്നേഹിച്ച പെൺകുട്ടിയെ കല്യാണം കഴിച്ചതുകൊണ്ട് കൊല്ലപ്പെട്ട കെവിന്റെ കഥയാണ് ഒരുദാഹരണം, സ്നേഹിച്ചിരുന്ന പെൺകുട്ടിയെ പെട്രോളൊഴിച്ചു കൊലപ്പെടുത്തിയ ആദർശിന്റെ കഥയാണ് മറ്റൊന്ന്.

ഈ ആഴ്ചയിൽ തന്നെ ഇത്തരം സംഭവങ്ങൾ രണ്ടുണ്ടായി. എറണാകുളത്ത് മുൻ കാമുകിയെ കാണാൻ രാത്രിയിൽ എത്തിയ ആളെ പെൺകുട്ടിയുടെ ഭർത്താവും ബന്ധുക്കളും കൂടി കൊലപ്പെടുത്തിയത് ഒരു സംഭവം. ഇന്നലെ രാവിലെ സ്നേഹിച്ചിരുന്ന പെൺകുട്ടിയെ കുത്തി വീഴ്ത്തി പെട്രോളൊഴിച്ചു കത്തിക്കാൻ ശ്രമിച്ചത് അടുത്തത്.

ലോകത്ത് ബഹുഭൂരിപക്ഷം രാജ്യങ്ങളിലും, അമേരിക്ക മുതൽ ജപ്പാൻ വരെ, ചൈന മുതൽ കെനിയ വരെ, ആളുകൾ അവർക്ക് ഇഷ്ടം ഉള്ളവരോടൊപ്പം ആണ് ജീവിക്കുന്നത്. വിവാഹം കഴിച്ചിട്ടാണെങ്കിലും അല്ലെങ്കിലും. ചെറുപ്പകാലത്ത് തന്നെ ഒരാളോട് ഇഷ്ടം തോന്നിയാൽ അത് പറയുന്നു. മറുഭാഗത്തും ഇഷ്ടം ഉണ്ടെങ്കിൽ പിന്നെ അവർ ഒരുമിച്ചു ജീവിക്കാൻ ശ്രമിക്കുന്നു. ഇഷ്ടം ഇല്ലാതാവുകയോ മറ്റൊരാളോട് ഇഷ്ടം തോന്നുകയോ ഒക്കെ ചെയ്താൽ മാറി ജീവിക്കുന്നു. ഇതിനിടയിൽ കുത്തും കൊലയും പെട്രോളും കത്തിക്കലും ഒന്നുമില്ല.

നമ്മുടെ സ്നേഹത്തിന് മാത്രം ഇതെന്ത് പറ്റി ?

പല പ്രശ്നങ്ങൾ ഉണ്ട്. ഒന്നാമത് ഇന്ത്യൻ സിനിമകൾ ഒക്കെ കണ്ടു വളരുന്ന നമുക്ക് ഒരു പെൺകുട്ടി നിങ്ങളെ ഇഷ്ടമില്ല എന്ന് പറഞ്ഞാൽ അത് കേട്ട് മാറിപ്പോകാൻ ഉള്ള സാമാന്യ ബോധം ഇല്ല. കാരണം "ഒന്നല്ലെങ്കിൽ വെറുത്തു വെറുത്ത് അവസാനം കുട്ടിശ്ശങ്കരനെ ഇഷ്ടപ്പെടുന്ന പെൺകുട്ടി", അല്ലെങ്കിൽ തട്ടിക്കൊണ്ടു പോയാലും "ചിലപ്പോഴെല്ലാം രാവണനെ ഇഷ്ടപ്പെടുന്ന" പെൺകുട്ടി. ഇവരൊക്കെ ആണ് നമ്മുടെ മുന്നിലുള്ള മാതൃകകൾ. "No means NO" എന്ന് നമ്മുടെ കുട്ടികളെ ആരും പറഞ്ഞു പഠിപ്പിക്കുന്നില്ല. അതുകൊണ്ടാണ് നോ യുടെ പുറകെ ആളുകൾ പെട്രോളും ആയി പോകുന്നത്. ഇത് അവസാനിപ്പിച്ചേ തീരു. പ്രേമത്തിനാണെങ്കിലും പ്രേമത്തിനുള്ളിലെ ശാരീരിക ബന്ധത്തിനാണെങ്കിലും "വേണ്ട എന്ന് പറഞ്ഞാൽ വേണ്ട" അത്ര തന്നെ. അതിനപ്പുറം പോകുന്നത് കുഴപ്പത്തിലേക്കേ നയിക്കൂ എന്ന് ആളുകൾ ഉറപ്പായും മനസ്സിലാക്കണം.

രണ്ടാമത്തെ പ്രശ്നം രണ്ടുപേർ തമ്മിലുള്ള ഇഷ്ടത്തിന്റെ കാര്യത്തിൽ മൂന്നാമൊതൊരാൾ ഇടപെടുന്നതാണ്. ഇഷ്ടം എന്നത് ആളുകളെ സ്വകാര്യമാണ്. ആർക്ക് ആരോട് എപ്പോൾ ഇഷ്ടം തോന്നുമെന്ന് പറയാൻ പറ്റില്ല. അങ്ങനെ രണ്ടു പേർ തമ്മിൽ ഇഷ്ടം ആന്നെന്ന് കണ്ടാൽ അതിന്റെ നടുക്ക് കയറി നിൽക്കാൻ മറ്റാർക്കും, മാതാപിതാക്കൾക്കെന്നല്ല ഭർത്താവിന് പോലും, നിയമപരമായി ഒരു അവകാശവും ഇല്ല എന്നിപ്പോൾ സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെ കയറി നിൽക്കുന്നത് അപകടത്തിലേക്കേ പോകൂ എന്നതാണ് ഉദാഹരണങ്ങൾ നമ്മെ പഠിപ്പിക്കുന്നതും പഠിപ്പിക്കേണ്ടതും. അതുകൊണ്ടു തന്നെ ഇത്തരം ഒരു സാഹചര്യം ഉണ്ടായാൽ ആ ബന്ധം നിങ്ങൾക്ക് എത്രമാത്രം ഇഷ്ടപ്പെട്ടില്ലെങ്കിലും, സമൂഹത്തിൽ നിങ്ങൾക്ക് എത്ര ബുദ്ധിമുട്ട് ഉണ്ടാകുമെങ്കിലും ഇഷ്ടപ്പെടുന്നവരെ ഒരുമിച്ചു ജീവിക്കാൻ വിടുന്നത് തന്നെയാണ് നല്ലതും ബുദ്ധിയും.ഒരു ദേഷ്യത്തിന് തല്ലാനോ കൊല്ലാനോ പോയാൽ രണ്ടു ദേഷ്യം കൊണ്ട് ജയിലിൽ നിന്നും പുറത്തു വരാൻ പറ്റില്ല.

"സ്നേഹമാണഖിലസാരമൂഴിയിൽ" എന്ന് പാടിയ നാടല്ലേ. ഇവിടെ സ്നേഹത്തിന്റെ പേരിൽ ചോര വീഴുന്നത് ശരിയല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT