sections
MORE

കൈക്കൂലി നൽകി മക്കളുടെ കോളജ് പ്രവേശനം സാധ്യമാക്കി ; ടെലിവിഷൻ താരങ്ങളുൾപ്പെടെ 50 പ്രതികൾ

felicity-huffman001
ഫെലിസിറ്റി ഹഫ്മാൻ
SHARE

ഈ മാസം വാർഷിക പരീക്ഷകളുടെ തിരക്ക് കഴിയുന്നതോടെ പ്രവേശന പരീക്ഷകളുടെയും കാലമാകും. സ്കൂളുകളിലും കോളജുകളിലും പ്രവേശനം നേടാനുള്ള പരീക്ഷകളുടെയും അഭിമുഖങ്ങളുടെയും തിരക്ക്. മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം ഉറപ്പാക്കാൻ അനധികൃതമാർഗങ്ങൾ തേടുന്നവർ അമേരിക്കയിൽ ഇപ്പോൾ പുറത്തുവന്ന ഒരു കൈക്കൂലിക്കേസിന്റെ കഥ അറിയുന്നതു നന്നാകും. ടെലിവിഷൻ താരങ്ങളും ഹോളിവുഡ് നടിമാരുമുൾപ്പെടെ 50 പേരാണ് കേസിൽ  പ്രതികളായിരിക്കുന്നത്. 

സമ്പന്നരായ മാതാപിതാക്കൾ താൽപര്യമുള്ള കോളജുകളിലെ പരിശീലകരെയും മാനേജ്മെന്റുമായി അടുപ്പമുള്ളവരെയും സ്വാധീനിച്ച് മക്കൾക്ക് പ്രവേശനം ഉറപ്പാക്കാൻ വ്യാപകമായി കൈക്കൂലി കൊടുത്തതാണ് പുറത്തുവന്നിരിക്കുന്നത്. കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് അമേരിക്കയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ കേസാണിതെന്ന് മസ്സാച്ചുസെറ്റ്സ് ജില്ലാ കോടതി അറ്റോർണി ആൻഡ്ര്യൂ ലെല്ലിങ് ചൂണ്ടിക്കാട്ടുന്നു. 

ഹോളിവുഡ് നടിമാരായ ഫെലിസിറ്റി ഹഫ്മാനും ലോറി ലോഫ്‍ലിനും ഉൾപ്പെട്ട കുറ്റപത്രത്തിൽ 9 കായിക പരിശീലകരും ഒട്ടേറെ മാതാപിതാക്കളും  ഉൾപ്പെട്ടിട്ടുണ്ട്. ഹഫ്മാനും ലോഫ്‍ലിനും ഉൾപ്പെടെ 46 പേർ ഇതുവരെ അറസ്റ്റിലായി. ‘ഓപറേഷൻ വാഴ്സിറ്റി ബ്ലൂസ്’ എന്നുപേരിട്ട കേസന്വേഷണം ഊർജിതമായി മുന്നോട്ടുപോകുകയാണ്. 

2011 ൽ തുടങ്ങിയ അഴിമതിക്കേസിൽ ഇക്കഴിഞ്ഞമാസം വരെ കൺസൾട്ടന്റുമാർക്ക് കൈക്കൂലി കൊടുക്കുന്നതു തുടർന്നു. കായികപരിശീലകരെക്കൊണ്ട് കുട്ടികൾ അസാധാരണ കഴിവുള്ളവരാണെന്നു സർട്ടിഫിക്കറ്റുകൾ നേടുകയും പ്രവേശനപരീക്ഷയുടെ സ്കോർഷീറ്റ് തിരുത്തുകയുമൊക്കെയാണ് ചെയ്തിരുന്നത്. അനധികൃത മാർഗത്തിലൂടെ ഓരോ കൂട്ടി പ്രവേശനം നേടുമ്പോഴും അർഹതയുള്ള ഒരു കുട്ടിക്ക് അവസരം നഷ്ടമാകുന്നതും തുടർന്നുകൊണ്ടിരുന്നു. കേസിലുൾപ്പെട്ട തുകയേക്കാളേറെ ഈ അനീതിയാണ് അമേരിക്കൻ സാമൂഹിക നീതി വകുപ്പ് ഗൗരവമായെടുത്തിരിക്കുന്നതും. 

സമ്പത്തിന്റെ പേരിൽ അവകാശങ്ങൾ കൈക്കലാക്കാൻ ശ്രമിച്ച മാതാപിതാക്കളാണ് കേസിനെ ഇത്രയും വലുതാക്കിയതെന്നു പറയുന്നു ആൻഡ്ര്യൂ ലെല്ലിങ് . അർഹതയില്ലാത്ത വിദ്യാർഥികൾക്കുവേണ്ടി വൻതുകയാണ് കൈക്കൂലിയായി നൽകപ്പെട്ടിരുന്നത്. ഒന്നരക്കോടി രൂപ മുതൽ മുന്നോട്ടാണ് കൈക്കൂലിത്തുക. 

അന്വേഷണം തുടരുകയാണെന്നും കൂടുതൽ മാതാപിതാക്കൾ അറസ്റ്റിലാകാൻ സാധ്യതയുണ്ടെന്നുമാണ് അന്വേഷക സംഘം പറയുന്നത്. കേസിൽ ഒരു വിദ്യാർഥി പോലും ഉൾപ്പെട്ടിട്ടില്ലെന്നതാണ് രസകരമായ വസ്തുത. വിദ്യാർഥികൾ അറിയാതെ മാതാപിതാക്കൾ നടത്തിയ ഗൂഡാലോചനയാണ് വൻതുക കൈക്കൂലി കൊടുക്കുന്നതിലേക്കു നയിച്ചത്. സ്റ്റാൻഫോർഡ്, ജോർജ് ടൗൺ, വേക്ക് ഫോറസ്റ്റ് സ്കൂളുകളും സതേൺ കലിഫോർണിയ, ലൊസാഞ്ചലസ് തുടങ്ങിയ സ്ഥലങ്ങളിലെ സർവകലാശാല കളിലെ പരിശീലകരുമാണ് കേസിൽ പ്രതി ചേർക്കപ്പെട്ടത്. ഒരു മുൻ ഫുട്ബോൾ പരിശീലകനും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA