ADVERTISEMENT

16 വയസ്സിനിടെ ആ പെൺകുട്ടി അനുഭവിച്ചുതീർത്ത ദുരിതങ്ങൾക്കു കണക്കില്ല. വീട്ടിൽനിന്നും നാട്ടിൽനിന്നുമെല്ലാം അകറ്റപ്പെട്ടു. പീഡനത്തെത്തുടർന്ന് ഓർമ തന്നെ നഷ്ടപ്പെട്ടു. എങ്കിലും പരിചരണവും വൈദ്യശുശ്രൂഷയും തിരിച്ചുനൽകിയത് കഴിഞ്ഞകാലത്തെ കുറിച്ചുള്ള അറിവ്. ഇനിയെങ്കിലും ആ ദുരിതകാലത്തെ പിന്നിലാക്കി പുതിയ ജീവിതം സാധ്യമാകുമെന്ന പ്രതീക്ഷയിൽ ജീവിക്കുന്ന പെൺകുട്ടി ഇന്ത്യയുടെ അറിയപ്പെടാത്ത ഗ്രാമങ്ങളിൽ ഇന്നും അടിച്ചമർത്തപ്പെടുന്ന പെൺകുട്ടികളുടെ പ്രതീകം കൂടിയാണ്. തട്ടുപൊളിപ്പൻ ബോളിവുഡ് സിനിമയുടെ തിരക്കഥയെപ്പോലും തോൽപിക്കുന്ന നാടകീയ കഥയുടെ ഉടമ. 

504821344
പ്രതീകാത്മക ചിത്രം

മൂന്നുവർഷം മുമ്പ് ഒരു ഓഗസ്റ്റിൽ ഒഡിഷയിലെ കോരാപുട് ജില്ലയിലെ പൊത്താങ്കി പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് ഒരു പെൺകുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ചൈൽഡ് ലൈൻ പ്രവർത്തകർ അറിയിച്ചതിനെത്തുടർന്ന് പൊലീസുകാരാണ് കുട്ടിയെ കണ്ടെത്തുന്നത്. ഏകദേശം 13 വയസ്സു പ്രായം തോന്നിച്ച പെൺകുട്ടിക്ക് അപ്പോൾ ഒരു വാക്കുപോലും സംസാരിക്കാൻ കഴിയുമായിരുന്നില്ല. വീടും നാടും എവിടെയാണെന്നും വീട്ടുകാർ എവിടെയാണെന്നും ആവർത്തിച്ചു ചോദിച്ചിട്ടും ഓർമിക്കാനേ ആകുമായിരുന്നില്ല. അവൾക്ക് ഓർമ മുഴുവൻ നഷ്ടപ്പെട്ട അവസ്ഥയായിരുന്നു.

182042340
പ്രതീകാത്മക ചിത്രം

പൊലീസ് കുട്ടിയെ കോരാപുട് ശിശുക്ഷേമ സമിതിക്കു കൈമാറി. അവർ മിഷിനറീസ് ഓഫ് ചാരിറ്റി സംഘടന നടത്തുന്ന അഭയകേന്ദ്രത്തിൽ കുട്ടിയെ എത്തിച്ചു. അന്നുമുതൽ മിഷിനറീസ് ഓഫ് ചാരിറ്റി ചെയർപേഴ്സൻ ഗായത്രിദേവിയും സംഘവും പെൺകുട്ടിയുടെ പരിചരണം ഏറ്റെടുത്തു. സൈക്യാട്രിസ്റ്റിന്റെ സഹായത്തോടെ വിദഗ്ധ ചികിൽസയും ഏർപ്പെടുത്തി. മാനസികാരോഗ്യവും ശാരീരികാരോഗ്യവും മെച്ചപ്പെടുത്തുകയായിരുന്നു ലക്ഷ്യം. രണ്ടു വർഷത്തെ ചികിൽസയ്ക്കൊടുവിൽ മികച്ച മാറ്റങ്ങൾ പെൺകുട്ടിയിൽ കണ്ടുതുടങ്ങി. ഓർമയും തിരിച്ചുവന്നുതുടങ്ങി. ഓർമകളിൽ നിന്നും ആ കുട്ടി ഓരോന്ന് പറഞ്ഞപ്പോൾ അത് ക്രൂരമായ ഒരു കഥയായി.

ബിഹാറിലെ ഭോജ്പൂർ ജില്ലക്കാരിയാണ് പെൺകുട്ടി. കുട്ടിയുടെ ശൈശവവിവാഹം നടത്തി. തുടർന്ന് ഒരു ആൺകുട്ടിക്ക് ജന്മം കൊടുത്തു. പക്ഷേ, ഭർത്താവിന്റെ അമ്മയുടെ നിരന്തര പീഡനം അവളുടെ ശാരീരിക സ്ഥിതി വഷളാക്കിയതിനു പിന്നാലെ മാനസിക ആരോഗ്യവും നശിപ്പിച്ചു. ക്രമേണ ഓർമ നശിച്ച പെൺകുട്ടിക്ക് പിന്നീട് സംഭവിച്ചതൊന്നും ഓർത്തെടുക്കാനേ കഴിയുമായിരുന്നില്ല. എങ്ങനെ വീട്ടിൽനിന്നു പുറത്തായെന്നോ ബിഹാറിൽനിന്ന് ഒഡിഷയിൽ എങ്ങനെ എത്തിയെന്നോ ഓർമയില്ല. അത്രമാത്രം ഭീകരവും പൈശാചികവുമായിരുന്നു ഭർത്താവിന്റെ വീട്ടിൽവച്ച് അനുഭവിച്ച ക്രൂരതകൾ. 

കോരാപുട് ശിശുക്ഷേമ സമിതി ഉടൻതന്നെ ഭോജ്പൂർ സമിതിയുമായി ബന്ധപ്പെട്ടു, പെൺകുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തി. അവരുടെ ചിത്രങ്ങൾ പെൺകുട്ടിയും തിരിച്ചറിഞ്ഞു. മകളെ കാണാനില്ലാത്ത വിഷമത്തിലായിരുന്നു മാതാപിതാക്കൾ. അവർ ഉടൻതന്നെ കുട്ടിയുമായി ഫോണിൽ ബന്ധപ്പെട്ടു. കോരാപുട് ശിഷുക്ഷേമ സമിതി ഭോജ്പൂർ ജില്ലാ അധികൃതരെ നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. പെൺകുട്ടിയെ തിരികെ വീട്ടിലെത്തിക്കാൻ. അവിടെ ചെന്നാലും മുമ്പു സംഭവിച്ച ദുരന്തങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുമെടുക്കണം. വേദനകൾ മറന്ന്, പോയ്പ്പോയ ദുരിതകാലം പിന്നിലാക്കി, വീണ്ടും സന്തോഷകരമായ ജീവിതം സ്വപ്നം കാണുകയാണ് ഈ ബിഹാറുകാരി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com