sections
MORE

പ്രതീക്ഷയാണ് ഈ മുഖം, കരുത്ത് ഈ വാക്കുകളും; ജസിൻഡ ആർഡേൻ നിങ്ങളാണ് നേതാവ്

NEWZEALAND-SHOOTOUT/
ക്രൈസ്റ്റ്ചർച്ചിൽ 2 മസ്ജിദുകളിൽ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ജനങ്ങൾക്ക് സ്വാന്തനവുമായി കാന്റർബറിയിലെ അഭയാർഥി കേന്ദ്രം സന്ദർശിച്ച ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ.
SHARE

ക്രൈസ്റ്റ് ചര്‍ച്ചില്‍ 2 മസ്ജിദുകളില്‍ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു മലയാളി യുവതിയുള്‍പ്പെടെ 50 പേര്‍ മരിച്ച അപ്രതീക്ഷിത ദുരന്തത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും ന്യൂസിലന്‍ഡും ലോകവും. വിലാപങ്ങള്‍ ഒടുങ്ങിയിട്ടില്ല. നടുക്കം അവസാനിച്ചിട്ടില്ല. അനുശോചനപ്രവാഹം തുടരുമ്പോഴും ഇരകള്‍ക്കൊപ്പമാണെന്ന് വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും തെളിയിക്കുന്ന ഒരു നേതാവിലാണ് സമാധാനം ഇഷ്ടപ്പെടുന്ന ന്യൂസിലിന്‍ഡിന്റെ പ്രതീക്ഷ. 

പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേനില്‍. കൂട്ടക്കുരുതികളും സ്ഫോടനങ്ങളും പതിവില്ലാത്ത ന്യൂസിലന്‍ഡില്‍ അരങ്ങേറിയ സമാനതകളില്ലാത്ത ദുരന്തത്തില്‍ തുടക്കത്തില്‍ ആടിയുലഞ്ഞെങ്കിലും നിയന്ത്രണം വീണ്ടെടുത്തും ഭീകരാക്രമണത്തെ തള്ളിപ്പറഞ്ഞും സമാധാനം ആഗ്രഹിക്കുന്ന ജനങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കുകയാണ് ജസിന്‍ഡ. രാജ്യം ആരുടെകൂടെയാണെന്ന് അര്‍ഥശങ്കയ്ക്കടിയില്ലാതെ അവര്‍ പ്രഖ്യാപിക്കുന്നു. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ തുടങ്ങുന്നു. ഒരു ദുഃസ്വപ്നത്തെപ്പോലെ എന്നും വേട്ടയാടുമെങ്കിലും കറുത്ത വെള്ളിയാഴ്ചയെ പിന്നിലുപേക്ഷിച്ച് ഭാവിയിലേക്കാണ് ന്യൂസിലന്‍ഡിന്റെ യാത്ര; രാജ്യത്തെ അറിയുന്ന, ജനങ്ങളെ മനസ്സിലാക്കുന്ന, മനുഷ്യത്വമുള്ള പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍. 

വെള്ളിയാഴ്ചത്തെ ദുരന്തത്തെത്തുടര്‍ന്നു തൊട്ടടുത്ത ദിവസങ്ങളില്‍ പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍ അഭയാര്‍ഥികേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. ഇരകളുടെ ബന്ധുക്കളെയും പരുക്കുപറ്റിയവരെയും കാണാന്‍ ചെന്നപ്പോള്‍ ശിരോവസ്ത്രം ധരിച്ചിട്ടുണ്ടായിരുന്നു ജസിന്‍ഡ. ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളില്‍ ജസിന്‍ഡ കാണപ്പെട്ടത് ഒരു പ്രധാനമന്ത്രിയുടെ ഗൗരവത്തിലല്ല; മറിച്ച് ഒരു ഇരയുടെ ദയനീയതോടെ. ഭീകരാക്രമണത്തിന് ഇരയാക്കപ്പെട്ട ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണവര്‍. അതവര്‍ ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു. അതേ സമയംതന്നെ ഭീകരപ്രവര്‍ത്തകര്‍ത്ത് തന്റെ നാട്ടില്‍ ഇടം ഇല്ലെന്ന് വ്യക്തമാക്കുകയും. ഒസ്ട്രേലിയയില്‍നിന്നെത്തി ന്യൂസിലന്‍ഡിനെ കുരുതിക്കളമാക്കിയ അക്രമിയോട് അവര്‍ പറഞ്ഞു: നിങ്ങളെ ഞങ്ങള്‍ പൂര്‍ണമായി തള്ളിക്കളയുന്നു. അപലപിക്കുന്നു. നിങ്ങള്‍ക്ക് ഞങ്ങളുടെ നാട്ടില്‍ സ്ഥാനമില്ല. 

ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജസിന്‍ഡയെ വിളിച്ചിരുന്നു. അനുശോചനം രേഖപ്പെടുത്തുന്നതിനൊപ്പം എന്ത് സഹായമാണ് അമേരിക്കയില്‍നിന്ന് ന്യൂസിലന്‍ഡിനു വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. സഹായം ആവശ്യമില്ലെന്നും സ്നേഹവും സഹതാപവുമാണ് വേണ്ടതെന്നും ജസിന്‍ഡ പറഞ്ഞു. നിഷ്കളങ്കമെന്നു തോന്നാവുന്ന ആ വാക്കുകളില്‍ ഒളിഞ്ഞിരുന്നത് ട്രംപിന്റെ നയങ്ങളോടുള്ള വിമര്‍ശനമായിരുന്നു. ട്രംപിന്റെ മുസ്ലിം വിരുദ്ധ മനോഭാവം കുപ്രസിദ്ധമാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും നയങ്ങളും. അവയോടു തനിക്കുള്ള ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയായിരുന്നു ജസിന്‍ഡ. അക്രമത്തിന്റെ ഞെട്ടിലിലും അവര്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നത് സ്നേഹവും സമാധാനവും.  

ക്രൈസ്റ്റ് ചര്‍ച്ചിലെ അഭയാര്‍ഥി ക്യാപില്‍ ഇരകളോടുള്ള ഐക്യദാര്‍ഡ്യവുമായി ശിരോവസ്ത്രം ധരിച്ചെത്തിയ ജസിന്‍ഡ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോടു പറഞ്ഞു: ഇതല്ല ന്യൂസിലന്‍ഡ്. അക്രമവും രക്തച്ചൊരിച്ചിലും വിലാപവും വെടിയൊച്ചയുമല്ല ന്യൂസിലന്‍ഡ്. ഭീകരാക്രമണത്തിനുശേഷം നിങ്ങളെ രക്ഷിക്കാനും സഹായിക്കാനും ഓടിയെത്തിയ രാജ്യം - അതാണു ന്യൂസിലന്‍ഡ്. ആ രാജ്യം എന്നും നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും. 

jacinda-ardern-with-family-01

തോക്ക് ലൈസന്‍സ് സ്വന്തമാക്കാന്‍ രാജ്യത്തു നിലനില്‍ക്കുന്ന അയവുള്ള നിയമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ബോധവതിയാണ്. വന്‍തോതില്‍ ആയുധങ്ങള്‍ സംഭരിക്കാന്‍ ആ നിയമം അക്രമിക്കു തുണയായിട്ടുണ്ടെന്നും അവര്‍ മനസ്സിലാക്കുന്നു. അതുകൊണ്ടാണ്  തോക്കുമായി ബന്ധപ്പെട്ട നിയമങ്ങള്‍ അടിമുടി പൊളിച്ചെഴുതുമെന്ന് അവര്‍ പ്രഖ്യാപിച്ചത്. ഇനിയൊരു ദുരന്തം സംഭവിക്കില്ലെന്ന് ഉറപ്പാക്കുകയാണവര്‍. വെടിവയ്പിനുമുമ്പ് പ്രധാനമന്ത്രിക്ക് ഇ മെയില്‍ സന്ദേശം അയച്ച അക്രമിയെക്കുറിച്ച് ഒരു വിവരവുമില്ലാത്ത ഇന്റലിജന്‍സ് വിഭാഗത്തിലുള്ള അതൃപ്തിയും ജസിന്‍ഡ മറച്ചുവച്ചില്ല. അന്വേഷണ ഏജന്‍സികള്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നു സൂചനയുമുണ്ടായിരുന്നു ജസിന്‍ഡയുടെ വാക്കുകളില്‍. 

രണ്ടുവര്‍ഷം മുമ്പ് 2017 ലെ പൊതുതിരഞ്ഞെടുപ്പിലൂടെ 37-ാം വയസ്സില്‍ അധികാരത്തില്‍ വന്ന പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍ ഭരണകാലത്ത് നേരിടുന്ന ഏറ്റവും വലിയ പരീക്ഷണമാണ് ഇപ്പോഴത്തെ ഭീകരാക്രമണം. ലേബര്‍ പാര്‍ട്ടിക്ക് പിന്തുണ ഏറ്റവും കുറഞ്ഞ ഘട്ടത്തിലായിരുന്നു അവര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് എത്തുന്നത്. കുറഞ്ഞകാലം കൊണ്ടുതന്നെ ശുഭാപ്തിവിശ്വാസത്തിലൂടെയും പ്രതീക്ഷയിലൂടെയും പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനും പുതിയൊരു ഉണര്‍വ് സൃഷ്ടിക്കാനും ജസിന്‍ഡയ്ക്കു കഴിഞ്ഞു. പാര്‍ലമെന്റംഗമാകുന്ന പ്രായം കുറഞ്ഞ വനിത എന്ന റെക്കോര്‍ഡ് നേടിയ ജസിന്‍ഡ ഇക്കഴിഞ്ഞ വര്‍ഷം ഒരു കുട്ടിക്കു ജന്‍മം കൊടുത്തപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA