ADVERTISEMENT

ക്രിക്കറ്റ് താരങ്ങളായ വീരേന്ദ്ര സേവാഗും ഗൗതം ഗംഭീറും രാഷ്ട്രീയ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുമോ എന്ന ആകാംക്ഷയ്ക്ക് വിരാമമായിട്ടില്ലെങ്കിലും ഇപ്പോഴത്തെ ടീമിലെ ഒരു അംഗത്തിന്റെ ഭാര്യ തിരഞ്ഞെടുപ്പില്‍ സ്ഥാനം ഏതാണ്ട് ഉറപ്പിച്ചിരിക്കുന്നു. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ.

ലോകകപ്പ് ടീമിൽ ജഡേജയുടെ സ്ഥാനം സംശയത്തിന്റെ നിഴലിലാണെങ്കിലും രാഷ്ട്രീയത്തിന്റെ വേദിയില്‍ മുന്നോട്ടാണ് റിവാബയുടെ കുതിപ്പ്. ഗുജറാത്തിലെ ജാംനഗര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി റിവാബ മല്‍സരിക്കാനാണ് സാധ്യത. ഇതേ മണ്ഡലത്തിലാണ് കോണ്‍ഗ്രസ് പിന്തുണയോടെ ഹാര്‍ദിക് പട്ടേല്‍ എന്ന യുവ നേതാവും കണ്ണുവച്ചിരിക്കുന്നത്. രണ്ടുപേരും എത്തിയാല്‍ രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിനായിരിക്കും ഇത്തവണ ജാംനഗര്‍ സാക്ഷ്യം വഹിക്കുന്നത്. 

ഗുജറാത്തിലെ കര്‍ണിസേനയുടെ വനിതാ വിഭാഗം അധ്യക്ഷയായി ഈയടുത്താണ് റിവാബ സ്ഥാനം ഏറ്റെടുത്തത്. ക്ഷത്രിയ സമുദായത്തിന്റെ അകമഴിഞ്ഞ പിന്തുണയോടെ അവര്‍ ബിജെപിയില്‍ ചേരുകയും ചെയ്തിരുന്നു. ഇനി സ്ഥാനാര്‍ഥിത്വത്തിന്റെ ഔപചാരിതകതകള്‍ മാത്രം ബാക്കി.

ബിജെപിയുടെ പൂനം മദമാണ് ഇപ്പോള്‍ ജാംനഗറിനെ പ്രതിനിധീകരിക്കുന്നത്. സ്വന്തം അമ്മാവനെ പരാജയപ്പെടുത്തിയാണ് അവര്‍ 2014-ലെ തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റ് അംഗമായത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ 26 സീറ്റുകളും മോദി തരംഗത്തില്‍ ബിജെപി തൂത്തൂവാരിയിരുന്നു. തരംഗം ഇത്തവണയും ആവര്‍ത്തിക്കുമോ അതോ വിള്ളലുകളുണ്ടാക്കാന്‍ കോണ്‍ഗ്രസിനു കഴിയുമോ എന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com