sections
MORE

പൊള്ളാച്ചിയിൽ നിന്ന് പെണ്ണിനെ വേണ്ട, പഠിപ്പ് നിർത്തുന്നു; അപമാനത്തിന്റെ തീച്ചൂളയിൽ ഒരു നാട്

Pollachi Sex Abuse Case
പൊള്ളാച്ചി പീഡനക്കേസ് പ്രതികൾക്കെതിരെ നിയമ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം
SHARE

ചില മുറിവുകള്‍ അത് അനുഭവിക്കുന്നവരുടെയോ അവരുടെ ഉറ്റവരുടെയോ മാത്രം വേദനയാണെങ്കില്‍ ഇരകള്‍ക്കൊപ്പം കുടുംബത്തെയും സമൂഹത്തെയും ഒരു പ്രദേശത്തെത്തന്നെയും വേട്ടയാടുന്ന മുറിവുകളുമുണ്ട്. ശരീരത്തിലെന്നതിനേക്കാള്‍ മനസ്സിനേല്‍ക്കുന്ന മുറിവുകള്‍. വൈദ്യശാസ്ത്രത്തിനും സുഖപ്പെടുത്താനാവാത്തവ. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന ഇരുട്ടിലേക്കും അപമാനത്തിലേക്കും ഒരു നഗരത്തെയും ഗ്രാമത്തെയുംവരെ കൊണ്ടുപോകാന്‍ ശേഷിയുള്ളവ. അത്തരമൊരു അപമാനത്തിന്റെ തീച്ചൂളയിലൂടെ കടന്നുപോകുകയാണ് ഇപ്പോള്‍ പൊള്ളാച്ചി; തമിഴ്നാട്ടില്‍ കോയമ്പത്തൂര്‍ ജില്ലയിലെ ചെറിയ പട്ടണം. വിദ്യാഭ്യാസവും പണവും സ്വാധീനവുമുള്ള ചില ചെറുപ്പക്കാര്‍ ഉള്‍പ്പെടുന്ന ഒരു മാഫിയയുടെ ചൂഷണത്തിന് ഒരു കൂട്ടം പെണ്‍കുട്ടികള്‍ ഇരയാക്കപ്പെട്ടതിനുശേഷം. 

പൊള്ളാച്ചി സംഭവത്തെ ഡല്‍ഹിയിലെ നിര്‍ഭയ കേസിനു തുല്യമെന്നാണ് മദ്രാസ് ഹൈക്കോടതി വിശേഷിപ്പിച്ചത്. യുവതികളെ പ്രണയം നടിച്ചു വശീകരിച്ച ശേഷം മോശം വിഡിയോ ചിത്രീകരിച്ചു ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടുകയും വീണ്ടും പീഡനത്തിന് ഇരയാക്കുകയും ചെയ്തതായാണു കേസ്. പൊള്ളാച്ചി സ്വദേശിനിയായ ഒരു യുവതി നൽകിയ പരാതിയാണു പ്രതികളെ കുടുക്കിയത്. പൊള്ളാച്ചി, കോയമ്പത്തൂര്‍ മേഖലയിലെ വിവിധ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് പ്രധാനമായും ചൂഷണത്തിന് ഇരയായത്. 

pollachi-sex-scandal
പൊള്ളാച്ചി പീഡനക്കേസിൽ അറസ്റ്റിലായവർ

പ്രക്ഷോഭം നടക്കുന്നുണ്ടെങ്കിലും ഇതുവരെ സിബിഐ ഏറ്റെടുത്തിട്ടില്ലാത്ത കേസ് തമിഴ്നാടിന്റെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ സംഭവങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ചില പ്രമുഖ രാഷ്ട്രീയ കക്ഷി സംഘടനകള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നത് കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. പരാതി നല്‍കിയ ഒരു ഇരയുടെ പേര് പുറത്താകുക കൂടി ചെയ്തതോടെ കൂടുതല്‍ ഇരകള്‍ പരാതിയുമായി മുന്നോട്ടുപോകാനുള്ള സാധ്യതയും മങ്ങിയിരിക്കുന്നു. കേസും അന്വേഷണവും തുടരുകയാണ്. കേസ് സിബിഐ ഏറ്റെടുത്താലും ഇല്ലെങ്കിലും ബാക്കി പ്രതികളും അറസ്റ്റിലായാലും ഇല്ലെങ്കിലും നാടിനെ നടുക്കിയ ഈ ലൈംഗിക ചൂഷണത്തിന്റെ അപമാനം നേരിടേണ്ടിവന്നിരിക്കുകയാണ് പൊള്ളാച്ചിക്ക്. 

bride-03
പ്രതീകാത്മക ചിത്രം

കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ താന്‍ പൊള്ളാച്ചിയില്‍ നിന്നാണെന്നു പറയാന്‍ പെണ്‍കുട്ടികള്‍ മടിക്കുന്നു. സംശയനിഴലിലാണവര്‍. പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും. വിവാഹത്തിനു പെണ്ണു ചോദിച്ച് പൊള്ളാച്ചിയിലേക്ക് വരുന്നവരുടെ എണ്ണവും കുറഞ്ഞുവെന്നു പറയുന്നു പലരും. ആരോ ചെയ്ത തെറ്റിന്റെ ഫലം അനുഭവിക്കുകയാണ് പൊള്ളാച്ചി; കേസുമായി ഒരു ബന്ധവുമില്ലാത്ത അമ്മമാരുടെയും പെണ്‍മക്കളുടെയും കണ്ണുകളില്‍ പോലും കണ്ണുനീര്‍ തോരുന്നില്ല. അപമാനത്തിന്റ ഭാരത്തില്‍ തല താഴ്ത്തി നടക്കുന്ന പെണ്‍കുട്ടികളും വില്ലന്‍ പരിവേഷവുമായി നടക്കേണ്ടിവരുന്ന ആണ്‍കുട്ടികളും അടങ്ങിയ പൊള്ളാച്ചി ചോദിക്കുന്നു: ഞങ്ങള്‍ എന്തു തെറ്റാണ് ചെയ്തത് ?? 

മറുപടി പറയാനുള്ള ബാധ്യതയുമണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്. ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കേണ്ട സര്‍ക്കാരിന്. അഭിമാനവും അന്തസ്സും മഹത്തായ ആദര്‍ശങ്ങളായിക്കാണുന്ന ഓരോ വ്യക്തികള്‍ക്കും. 

ഇന്നലെവരെ പൊള്ളാച്ചി പലരുടെയും പ്രിയപ്പെട്ട നഗരമായിരുന്നു. സന്തോഷവും സംതൃപ്തിയുള്ള മനുഷ്യരാല്‍ നിറഞ്ഞ നഗരം. ഇപ്പോഴിതാ ഇവിടം മാറിപ്പോയിരിക്കുന്നു. മറ്റു പട്ടണങ്ങളിലുള്ളവര്‍ ഇങ്ങോട്ടുവരാറുപോലുമില്ല.... 

പൊള്ളാച്ചിയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയുടെ വേദന നിറഞ്ഞ ഈ വാക്കുകളില്‍ ഒരു പ്രദേശത്തിന്റെയാകെ വേദനയുണ്ട്. കരളു നീറും സങ്കടമുണ്ട്. അടക്കിപിടിച്ച ധാര്‍മികരോഷവും എതിര്‍പ്പും പ്രതിഷേധവുമുണ്ട്. പല വീടുകളിലും പെണ്‍കുട്ടികളോട് പഠിത്തം നിര്‍ത്താന്‍ ആവശ്യപ്പെടുകയാണ് മാതാപിതാക്കള്‍. പെണ്‍കുട്ടികള്‍ പഠിക്കരുതെന്നുള്ള ആഗ്രഹം കൊണ്ടല്ല, അവര്‍ ഏതെങ്കിലും ചതിക്കുഴികളില്‍ പതിക്കുമോ എന്ന പേടിയുള്ളതുകൊണ്ട്. കോളജുകളില്‍ പോകുന്നതു നിര്‍ത്തി വീട്ടിലിരുന്ന് വിദൂരവിദ്യാഭ്യാസ മാര്‍ഗങ്ങള്‍ തേടാന്‍ പലരോടും മാതാപിതാക്കള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. 

ആരെയാണ് വിശ്വസിക്കേണ്ടത്, അരെയാണ് ആശ്രയിക്കേണ്ടത് എന്നറിയാത്ത വിചിത്രമായ ഒരു ആശങ്കയിലാണ് ഈ നഗരം. 

എംബിഎ ബിരുദധാരികള്‍ ഉള്‍പ്പെട്ടവരാണ് പൊള്ളാച്ചിയെ അപമാനത്തിലാഴ്ത്തിയ പീഡനക്കേസിലെ പ്രതികള്‍. അവര്‍ വര്‍ഷങ്ങളോളം ഇരകളാക്കിയവരാകട്ടെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ. പ്രണയം നടിച്ചായിരുന്നു പീഡനങ്ങള്‍. ഹോട്ടലില്‍ മുറിയെടുത്തും വാഹനങ്ങളില്‍ നീണ്ട യാത്ര നടത്തിയുമൊക്കെ മോശം ചിത്രങ്ങളെടുക്കുകയും അവ കാട്ടി വര്‍ഷങ്ങളോളം പീഡിപ്പിക്കുകയുമായിരുന്നു പതിവ്. 

എന്തു ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയില്ല. ഉറ്റസുഹൃത്തുക്കളായ പെണ്‍കുട്ടികളുടെ കണ്ണില്‍നോക്കാന്‍പോലും ഇപ്പോള്‍ ഞങ്ങള്‍ക്ക് പേടിയാണ്. അവരെന്ത് വിചാരിക്കുമെന്നാണ് സംശയം. ഇവിടെയിപ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചു നടക്കാറുപോലുമില്ല. ആര്‍ക്കൊക്കെ, എങ്ങനെയൊക്കെ സംശയിക്കാം.. പേടി മാറുന്നില്ല ഞങ്ങള്‍ക്ക്... 

rape-03
പ്രതീകാത്മക ചിത്രം

കഴിഞ്ഞദിവസം വരെ സന്തോഷത്തോടെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഓടിച്ചാടി നടന്നിരുന്ന ഒരു ആണ്‍കുട്ടിയാണ് പറയുന്നത്. അവന്റെ പരാതിക്ക് അടിസ്ഥാനമുണ്ട്. അവന്റെ ആശങ്ക അസ്ഥാനത്തല്ല. ആരു സമാധാനം പറയും ഈ പേടിക്ക്...ആശങ്കയ്ക്ക്.... 

ഇവിടെ ഇര ഒരു പെണ്‍കുട്ടിയോ ഒരു കൂട്ടം യുവതികളോ അല്ല...ഒരു നാടാണ്. പൊള്ളാച്ചി എന്ന സംസ്കാരസമ്പന്നമായ പട്ടണം. സ്നേഹത്തിനും കൂട്ടായ്മകയ്ക്കും പേരുകേട്ട പട്ടണം. ചെയ്യാത്ത തെറ്റിന്റെ ഭാരം അനുഭവിക്കാന്‍ വിധിക്കപ്പെട്ട അമ്മമാരുടെയും പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ജന്‍മദേശം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA