sections
MORE

ഇനിയൊരാളും പ്രണയിച്ചവരെ ചുട്ടു കൊല്ലാതിരിക്കട്ടെ...

killing for spurned love
ഒരു പെൺകുട്ടി കൊല ചെയ്യപ്പെട്ടിരിക്കുന്നു, മറ്റൊരുവളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു, രണ്ടും സംഭവിച്ചത് പ്രണയത്തിന്റെ പേരിൽ.
SHARE

ഒരു പെൺകുട്ടി കൊല ചെയ്യപ്പെട്ടിരിക്കുന്നു, മറ്റൊരുവളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു, രണ്ടും സംഭവിച്ചത് പ്രണയത്തിന്റെ പേരിൽ. പ്രണയം സ്വീകരിക്കാത്തവളെ കൊലപ്പെടുത്തുകയും പ്രണയം തോന്നിയവളെ തട്ടിക്കൊണ്ടു പോവുകയും ചെയ്തത് ചെറുപ്പക്കാർ. കാലങ്ങളായി സമൂഹം ചെറുപ്പക്കാരോട് ആവർത്തിച്ചു ചോദിക്കുകയാണ്:  നിങ്ങൾക്കെന്താണ് സംഭവിച്ചത്?. ലഹരിയുടെ പിടിയിൽ കൊലപാതകം ചെയ്യാൻ പോലും മടിയില്ലാത്ത തലമുറ വളർന്നു വരുമ്പോൾ എങ്ങനെയാണ് ഇതിനു തടയിടേണ്ടതെന്നറിയാതെ പകച്ചു നിൽക്കുകയാണ് സമൂഹം.

പ്രണയം എന്നത് കാലങ്ങളായി ജീവന്റെ ആധാരഭാഗമായി നിലനിന്നുപോരുന്ന ഒരു അടിസ്ഥാന തത്വമാണ്. പ്രണയമില്ലാതെയും ശരീരങ്ങൾക്ക് രതി ആസ്വദിക്കാം, പക്ഷേ പരസ്പര വിരുദ്ധമായ ഉടലും സ്വഭാവരീതികളും ചിന്തകളും കൊണ്ട് വ്യത്യസ്തരായിരിക്കുന്ന മനുഷ്യർ പ്രണയത്താൽ ഐക്യപ്പെടുക എന്നത് പ്രകൃതിയുടെ നിയമമാണ്. പ്രണയിക്കാൻ നിയമങ്ങൾ നോക്കേണ്ടതുണ്ടോ? ഇല്ല എന്നുതന്നെയാണ് ശരിയായ ഉത്തരം. പക്ഷേ ഒരേയൊരു അടിസ്ഥാനതത്വം പരസ്പരമുള്ള അംഗീകാരമാണ്. പങ്കാളിയോടും പങ്കാളിക്ക് തിരികെയുമുള്ള പ്രണയമാണ് ആ അംഗീകാരത്തിലൂടെ ഉറപ്പിക്കുക.

അതേസമയം വൺവേ പ്രണയങ്ങളും കാലങ്ങളായി ഇവിടെയുണ്ട്. പക്ഷേ കൊലപ്പെടുത്തുകയോ തട്ടിക്കൊണ്ടു പോവുകയോ ചെയ്യുമ്പോൾ എന്തുതരം പ്രണയമാണ് നമ്മുടെ കുട്ടികൾ വെളിപ്പെടുത്തുന്നത്? പ്രണയം നിരസിച്ച പെൺകുട്ടികൾക്കു നേരെ ആസിഡ് ആക്രമണം ഉണ്ടായ കഥകൾ നിരവധിയാണ്. കൊലപ്പെടുത്തിയ വാർത്തകളും കുറവല്ല, അതിന്റെ ഇരകളുടെ നിരയിലേക്കാണ് ഒരു പുതിയ പെൺകുട്ടി കൂടി എത്തിയത്. പട്ടാപ്പകൽ നിരത്തിൽ തീ കൊളുത്തി കൊലപ്പെടുത്തുക എന്നത് പ്രണയം തോന്നിയ ഒരു വ്യക്തിയോടു ചെയ്യണമെങ്കിൽ ആ മനുഷ്യന് സ്നേഹം എന്ന പദത്തിന്റെ അർഥമെന്തായിരുന്നിരിക്കണം? എന്തുതരം മാനുഷികതയാണ് അയാളുടെ ഉള്ളിലുള്ളത്? സ്ത്രീകൾ എന്നാൽ പുരുഷന് ബലംപ്രയോഗിക്കാനും അവൻ ആഗ്രഹിക്കുമ്പോൾ കീഴടങ്ങാനും പ്രണയിക്കാനും മാത്രമുള്ള എന്തോ ഒന്നാണെന്നും അതല്ലാത്ത പക്ഷം അവൾ ജീവിച്ചിരിക്കാൻ പോലും അർഹയല്ലെന്നും അയാൾ കൊലപാതകത്തിലൂടെ സ്ഥാപിക്കുമ്പോൾ കുറ്റപ്പെടുത്തേണ്ടത് ആരെയാണ്?

girl-student-ablazed-in-thiruvalla-2

വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ നിറയെ ആളുകളുള്ള ഒരു വീട്ടിൽ എത്തിപ്പെടുന്ന അവസ്ഥ കഠിനമാണ്, പ്രണയത്തിന്റെ വീര്യം കൂടിയ നിമിഷങ്ങളെപ്പോലും മറ്റുള്ളവർക്കു വേണ്ടി, അവരുടെ മുന്നിൽ അടക്കിപ്പിടിച്ച്, പലപ്പോഴും ഒരു സ്പർശം പോലും ഒഴിവാക്കി അഭിനയിക്കാൻ കഷ്ടപ്പെടുമ്പോൾ എന്തു തരം പാഠമാണ് കുഞ്ഞുങ്ങളെ നമ്മൾ പഠിപ്പിക്കുന്നത്? സ്നേഹമെന്നത് ഒരിക്കലും പ്രകടിപ്പിക്കാനുള്ള ഒന്നല്ലെന്നും അത് കിടപ്പുമുറിയിൽ മാത്രം അനുഷ്ഠിക്കേണ്ടതാണെന്നുമുള്ള കപട ബോധം ഇനിയുള്ള കാലങ്ങളിൽ കുഞ്ഞുങ്ങളെ വഴി തെറ്റിക്കുമെന്നുറപ്പാണ്.

മോഹൻലാലിന്റെ ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന ചിത്രം ഓർമ വരികയാണ്. ഉലഹന്നാനും ആനിയമ്മയും തമ്മിലുള്ള പ്രണയം കുഞ്ഞുങ്ങളുടെ മുന്നിൽ പരസ്യമാക്കപ്പെടുമ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്ന ആനിയമ്മയോട് ഉലഹന്നാന്റെ ഒരു സത്യ വാചകമുണ്ട്, അമ്മയുടെയും അപ്പന്റെയും പ്രണയം കണ്ടു കൊണ്ടുതന്നെ വേണം കുഞ്ഞുങ്ങൾ വളർന്നു വരാൻ എന്ന്. പ്രണയത്തിലെ ഏറ്റവും മൂല്യമേറിയ, വിലപിടിച്ച സത്യവാചകമാണത്. എങ്കിലും ഇപ്പോഴും കേരളത്തിലെ മുക്കാൽ ശതമാനത്തോളം കുടുംബങ്ങളിലും സ്നേഹം കുഞ്ഞുങ്ങളുടെ മുന്നിൽ വച്ച് പ്രകടിപ്പിക്കാൻ മടി കാണിക്കുന്നു. സ്നേഹം കുഞ്ഞുങ്ങൾക്കു നൽകാൻ മാതാപിതാക്കൾ മടിക്കുന്നു. സ്വന്തം കുഞ്ഞിനെ ഒന്നു പുണരാൻ, ചുംബിക്കാൻ ഒക്കെ മടിയാണ് അവർക്ക്. കരുതലിന്റെയും സ്നേഹത്തിന്റെയും ചൂട് കൈകളിലില്ലാതെ വളർന്ന അവർ, കണ്ടുമുട്ടുന്നവരിലും അതു പ്രയോഗിക്കാത്തതിൽ അതുകൊണ്ടുതന്നെ അതിശയമില്ല.

ഓച്ചിറയിൽ പതിനഞ്ചു വയസ്സുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതും പതിനെട്ടു വയസ്സ് കഴിഞ്ഞ് അധികമായിട്ടില്ലാത്ത ഒരു യുവാവാണ്. അല്ല, കൗമാരം കടന്നിട്ടിലാത്ത പയ്യനാണ്. വഴിയരികിൽ സ്വന്തമായി വീടില്ലാതെ, അന്നന്നത്തെ ഭക്ഷണത്തിനായി തെരുവിൽ പ്രതിമകൾ വിറ്റു ജീവിക്കുന്ന അവളുടെ അച്ഛനും അമ്മയ്ക്കും അവളെ സംരക്ഷിക്കാനുള്ള ആവതുണ്ടായിരുന്നില്ല, അവർക്കു കരയാൻ മാത്രമേ അറിയുമായിരുന്നുള്ളൂ.

thiruvalla-fire-death

ഇപ്പോഴും തിരികെ ലഭിക്കാത്ത മകളെ ഓർത്ത് അവർ നിലവിളിച്ചുകൊണ്ടേയിരിക്കുന്നു, ആരു കേൾക്കാൻ!. കുറ്റാരോപിതനായ യുവാവിന്റെ പിതാവ് ഒരു മലയാളം ചാനലിൽ പ്രതിഷേധിക്കുന്നതു കേട്ടു, തെറ്റു ചെയ്ത എന്റെ മകനെ ഞാൻ സംരക്ഷിക്കില്ല, പക്ഷേ അവർ തമ്മിൽ പ്രണയത്തിലായിരുന്നു. അവൾ വിളിച്ചിട്ടാണ് അവൻ പോയത് എന്ന്. പതിനഞ്ചു വയസ്സ് മാത്രമുള്ള ഒരു പെൺകുട്ടിയുടെ മേലാണ് ഒരു പിതാവ് ഈ ആരോപണം ഉയർത്തുന്നത്, പ്രായത്തിന്റെ ഭ്രമം അവളുടെ മനസ്സിൽ ഉണ്ടായിട്ടുണ്ടെങ്കിലും സ്വന്തം മകനു വേണ്ടി അത്തരമൊരു ന്യായീകരണം നടത്താൻ ആ പിതാവിന് എങ്ങനെ കഴിഞ്ഞു?.

കഴിഞ്ഞ കുറേ വർഷങ്ങളായി സംസ്ഥാനത്ത് ലഹരി വിപണിയുടെ കുതിച്ചു കയറ്റം ഞെട്ടിപ്പിക്കുന്ന തോതിലാണ്. അന്യസംസ്ഥാനങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നു പോലും ലഹരി ഒഴുകിയെത്തുന്നു. അതുപയോഗിക്കുന്ന ചെറുപ്പക്കാരുടെ എണ്ണവും വർധിക്കുന്നു. അതുതന്നെയല്ലേ സംസ്ഥാനത്ത് അക്രമങ്ങൾ പെരുകുന്നതിനുള്ള ഒരു കാരണം? ലഹരിയുടെ താളമില്ലായ്മയിൽ നില തെറ്റിപ്പോകുന്ന കൗമാര മനസ്സുകളിലേക്ക് സുഹൃത്തുക്കളുടെ വിഷം കുത്തിവയ്ക്കലുകൾ കൂടിയാകുമ്പോൾ പ്രതികാരചിന്ത പെരുകുന്നു, കൊലപാതകം പോലും ഒരു വിഷയമല്ലാതായി മാറുന്നു. പ്രണയം എന്നത് സ്വാർഥതയുടെ മാത്രം പേരാകുന്നു. 

ഈ അവസ്ഥയിൽ നടപടികൾ കർക്കശമാക്കേണ്ടത് സർക്കാർ തലത്തിൽ തന്നെയാണ്. പല വിധത്തിലും ഒഴുകിയെത്തി സംസ്ഥാനത്ത് വന്നടിയുന്ന ലഹരി വിപണിക്കു തടയിടാൻ നിയമപരമായി മാത്രമേ കഴിയൂ, അതിനെ ലാഘവത്തോടെ കാണുന്നതുകൊണ്ടുതന്നെ അതൊന്നും ചെറുപ്പക്കാർക്ക് ഒരു വിഷയമല്ലാതായി മാറുന്നു. ഇനി പലരും കൊല്ലപ്പെടാനും തട്ടിക്കൊണ്ടു പോകപ്പെടാനുമുള്ള സാധ്യതകൾ വർധിച്ചു കൊണ്ടുമിരിക്കുന്നു.

പ്രണയിക്കാൻ ഇനിയെങ്കിലും മനുഷ്യർ പഠിക്കേണ്ടിയിരിക്കുന്നു. അത് പ്രകടിപ്പിക്കാൻ കൂടി ഉള്ളതാണെന്നും ആ ഹൃദയം നിറഞ്ഞൊഴുകുന്ന സ്നേഹം നിങ്ങളുടെ മക്കൾക്കു വേണ്ടിയുള്ളതാണെന്നും മനസ്സിലുറപ്പിക്കുക. ഇനിയൊരു മകനും പ്രണയിക്കുന്നവളെ തട്ടിക്കൊണ്ടു പോകാതിരിക്കട്ടെ! ഇനിയൊരു മകനും പ്രണയിക്കുന്നവളെ ചുട്ടു കൊല്ലാതിരിക്കട്ടെ... പ്രണയം ആവശ്യപ്പെടുന്നത് പ്രണയിക്കാൻ മാത്രമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA