ADVERTISEMENT
137996569
പ്രതീകാത്മക ചിത്രം

കുഞ്ഞുണ്ടായിക്കഴിഞ്ഞാൽ യജമാനന്മാരായ ഭർത്താക്കന്മാർ ലൈംഗിക അടിമകളായ ഭാര്യമാർക്കു മുന്നിൽ രണ്ട് ഓപ്ഷൻസ്  വയ്ക്കും ഒന്ന് കുഞ്ഞിനെ അയാൾക്കു നൽകി ജന്മനാട്ടിലേക്കു മടങ്ങാം. അല്ലെങ്കിൽ അയാളുടെ അടിമയായി ജീവിതകാലം മുഴുവൻ കഴിയാം.  മ്യാൻമാറിലെ ന്യൂനപക്ഷ സമുദായമായ കച്ചിൻ സമുദായത്തിൽ ജനിക്കുന്ന പെൺകുട്ടികളുടെ തലേവര നിർണ്ണയിക്കുന്നത് അവരെ വിലയ്ക്കു വാങ്ങുന്ന ചൈനീസ് ഭർത്താക്കന്മാരാണ്.

ഹ്യൂമൻ റൈറ്റ്സ് വാച്ച് പുറത്തുവിട്ട ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടിലൂടെ ലോകം ഈ അന്യായത്തെയോർത്ത് പരിതപിക്കുമ്പോഴും ബർമയിലെയും ചൈനയിലെയും അധികാരികൾ ഈ അനീതിക്കു നേരെ കണ്ണടക്കുകയാണ്. ജോലി വാഗ്ദാനം ചെയ്ത് അതിർത്തി കടത്തപ്പെടുന്ന പെൺകുട്ടികളിൽ പലരും എത്തിപ്പെടുന്നത് ചൈനീസ് പുരുഷന്മാരുടെ കൈകളിലാണ്. ചന്തയിൽ നിന്ന് അവർ അടിമപ്പെണ്ണിനെ വാങ്ങുന്നത് ഭാര്യയായി ജീവിതകാലം മുഴുവൻ ഒപ്പം കൂട്ടാനല്ല. മറിച്ച് തന്നിൽ ഒരു കുഞ്ഞുണ്ടാകുന്നതുവരെ അവളെ അതിക്രൂരമായി മാനഭംഗം ചെയ്യാനാണ്. 

'ഞങ്ങൾക്കൊരു കുഞ്ഞിനെ തരൂ ഞങ്ങൾ നിന്നെ വെറുതെ വിടാം' (Give Us a Baby and We’ll Let You Go) എന്ന പേരിൽ ഹ്യൂമൻ റൈറ്റ് വാച്ച് പുറത്തുവിട്ട റിപ്പോർട്ടിൽ ലൈംഗിക അടിമകൾ തങ്ങളുടെ അനുഭവങ്ങൾ തുറന്നു പറയുന്നതിങ്ങനെ :-

'കുഞ്ഞു ജനിച്ചു കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ ചൈനക്കാരനായ ഭർത്താവ് ജീവിതത്തിൽ ഒരു തെരഞ്ഞെടുപ്പു നടത്താൻ എനിക്കൊരു അവസരം തന്നു. എനിക്കു വേണമെങ്കിൽ എന്നെന്നേക്കുമായി വീട്ടിലേക്ക് മടങ്ങിപ്പോകാം, പക്ഷേ കുഞ്ഞിനെ എന്റെയൊപ്പം അയയ്ക്കില്ല'.

1987 മുതലുള്ള ചൈനയിലെ ജനസംഖ്യ കണക്കിലെടുത്താൽ ഓരോ വർഷവും  പുരുഷന്മാരുടെ എണ്ണത്തെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണം വളരെ കുറവാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പെൺ ഭ്രൂണഹത്യയും, പെൺകുട്ടികളോടുള്ള അവഗണനയും ഒക്കെയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ വ്യത്യാസം ഏറെ ബാധിച്ചത് വിവാഹക്കമ്പോളത്തെയാണ്. ലക്ഷക്കണക്കിനു വരുന്ന ചൈനീസ് പുരുഷന്മാർക്ക് വധുക്കളെ ലഭിക്കാത്ത സാഹചര്യത്തിലാണ്  അവിടെ മനുഷ്യക്കടത്തും ലൈംഗിക വ്യാപാരവും അധികൃതരുടെ മൗനാനുവാദത്തോടെ അരങ്ങേറുന്നത്. 

മ്യാൻമാറിൽ നിന്ന് ചൈനയിലെത്തുന്ന പെൺകുട്ടികൾ പലരും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമൊരുക്കുന്ന ചതിയിൽപ്പെട്ടാണ് ലൈംഗിക അടിമകളാകുന്നത്. മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്ന ജോലിനൽകാം എന്ന മോഹന വാഗ്ദാനം നൽകിയാണ് പെൺകുട്ടികളെ അതിർത്തിയിലെത്തിക്കുന്നത്. അതിർത്തി കടക്കുമ്പോൾ മാത്രമാണ് തങ്ങളെ ലൈംഗിക അടിമകളാക്കാനാണ് കൊണ്ടു വന്നതെന്ന സത്യം അവരിൽ പലരും മനസ്സിലാക്കുന്നത്.

rape-02
പ്രതീകാത്മക ചിത്രം

'' എന്നെ വിറ്റത് എന്റെ ആന്റിയാണ്. അവരെന്നെ പറ്റിച്ച് പാട്ടിലാക്കിയാണ് കച്ചവടം ചെയ്തത്''. 17–ാം വയസ്സിൽ വിൽക്കപ്പെട്ട ഒരു ലൈംഗിക അടിമ ഹ്യൂമൻ റൈറ്റ്സ് വാച്ചിനോട് മനസ്സു തുറന്നതിങ്ങനെ. മൂന്നു വർഷം കൊണ്ട് നിരവധി ലൈംഗിക അടിമകളോട് അവർ അന്വേഷണത്തിന്റെ ഭാഗമായി സംസാരിച്ചു കഴിഞ്ഞു. 40 ഓളം പേർ ഇതുവരെ രക്ഷപെട്ടിട്ടുണ്ട്. അല്ലെങ്കിൽ അത്രത്തോളം പേർക്ക് രക്ഷപെട്ടു പോകാൻ അവരുടെ യജമാനന്മാരായ ഭർത്താക്കന്മാർ അനുവാദം നൽകിയിട്ടുണ്ട്. പക്ഷേ കുഞ്ഞുങ്ങളുമായുള്ള വൈകാരിക ബന്ധം മൂലം ആ ഊരാക്കുടുക്കിൽ നിന്ന് രക്ഷപെട്ടു പോരാൻ കഴിയാത്തവരും ഒരുപാടുണ്ട്.

സ്വന്തം കുടുംബങ്ങളെ നോക്കേണ്ട ഉത്തരവാദിത്തം പലപ്പോഴും സ്ത്രീകൾക്കായതിനാലാണ് വേതനം കൂടുതലുള്ള ജോലി തേടി സ്ത്രീകൾ ചൈനയിലെത്തുന്നത്. ഇത്തരത്തിലെത്തുന്ന സ്ത്രീകളെ ചൂഷണം ചെയ്യാനും അകപ്പെടുത്താനും എളുപ്പമാണെന്നത് വേട്ടക്കാരുടെ ജോലി ഭാരം കുറയ്ക്കുന്നു. 2017 ൽ 226 മനുഷ്യക്കടത്ത് കേസുകളാണ് മ്യാൻമാർ സർക്കാർ റിപ്പോർട്ട് ചെയ്തത് എന്നാൽ മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത് ശരിക്കുമുള്ള കണക്കുകൾ ഇതിലേറെയാണെന്നതാണ്. കാണാതാകുന്ന പെൺ‌കുട്ടികളെക്കുറിച്ച് വളരെക്കുറച്ചാളുകളേ പരാതി നൽകാറുള്ളൂവെന്നും അവർ പറയുന്നു.

പരാതികൾ കൂടുമ്പോഴോ ആരുടെയെങ്കിലും സമ്മർദ്ദത്താലോ അധികൃതർ ഈ വിഷയത്തിൽ ഇടപെടുമ്പോഴൊക്കെ അറസ്റ്റിലാകുന്നത് തുടക്കക്കാരായ ബ്രോക്കർമാർ മാത്രമാണ്. ചൈനയിലെ വൻ കണ്ണികളെ ഒന്നു തൊടാൻ പോലും അവർക്കു സാധിക്കുകയുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com