ADVERTISEMENT

സ്വപ്നം കണ്ട ജോലി സ്വന്തമാക്കി ദിവസങ്ങൾ കഴിയും മുൻപേ മാരകമായ ഒരസുഖം ബാധിച്ചാലോ?. അതാണ് കേരളത്തില്‍നിന്നു ഹൈദരാബാദിലേക്കും അവിടെനിന്ന് അമേരിക്കയിലേക്കും കുടിയേറിയ ഒരു കുടുംബത്തിലെ ഇളമുറക്കാരിയായ ലിയ്ന എന്ന പത്രപ്രവര്‍ത്തകയുടെ ജീവിതത്തിലും സംഭവിച്ചത്. പക്ഷേ ലിയ്നയ്ക്കു ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള അവസരമുണ്ട്. കനിവുള്ള മനസ്സുകള്‍ കൈകോര്‍ക്കുകയാണെങ്കില്‍. അമേരിക്കയില്‍നിന്നു തുടങ്ങിയ സ്നേഹപ്രവാഹം ഭൂഖണ്ഡങ്ങള്‍ പിന്നിട്ട് ഇങ്ങ് കേരളത്തിലേക്കും ഒരു ചങ്ങല പോലെ നീളുകയാണ്. സ്നേഹത്തിന്റെ അനന്തമായ പ്രവാഹമായി.  ആ കഥയില്‍ എല്ലാവര്‍ക്കും ഒരു പങ്കുണ്ട്. മനുഷ്യത്വത്തിന്റെ ഭാഗമാകാനുള്ള, സ്നേഹത്തിന്റെ ചങ്ങലയില്‍ അണിചേരാനുള്ള അവസരം. 

ലിയ്ന അന്‍വര്‍ എന്ന അമേരിക്കന്‍ മലയാളി യുവതിയുടെ ജീവിതത്തിലെ വഴിത്തിരിവ് സംഭവിക്കുന്നത് 2018 നവംബറില്‍. ലൊസാഞ്ചലസ് ടൈംസില്‍ പോഡ്കാസ്റ്റ് ഡിവിഷനില്‍ സീനിയര്‍ പ്രോഡ്യൂസറായി നിയമനം. തെക്കന്‍ കലിഫോര്‍ണിയയില്‍ ജോലി കിട്ടി ഏതാനും ആഴ്ചകള്‍ക്കകമാണ് താനൊരു രോഗിയാണെന്ന് അവൾ തിരിച്ചറിഞ്ഞത്. രക്താര്‍ബുദം എന്ന രോഗത്തിന് പക്ഷേ സമര്‍ഥയായ ആ പത്രപ്രവര്‍ത്തകയെ തളർത്താൻ കഴിഞ്ഞില്ല.

രണ്ടു രീതിയിലാണ് ലിയ്നയുടെ ചികില്‍സ.  കീമോതെറാപ്പിയും മൂലകോശം മാറ്റിവയ്ക്കലും. രണ്ടാമത്തെ മാര്‍ഗം വിജയിക്കണമെങ്കില്‍ അനുയോജമായ ദാതാവിനെ കണ്ടെത്തണം. അത് എവിടെനിന്നുമാകാം. ഏതു ദേശത്തുനിന്നും. അടുത്ത ബന്ധുക്കള്‍ എവിടെയാണോ അവിടെനിന്ന് ലഭിക്കാനാണ് സാധ്യത. ലിയ്നയുടെ വേരുകള്‍ കേരളത്തിലായതിനാല്‍ മലയാളികള്‍ക്കിടിയില്‍നിന്ന് ദാതാവ് ഉയര്‍ന്നുവന്നേക്കാം. അങ്ങനെയൊരാളെ കണ്ടെത്തണമെങ്കില്‍ ഒരു വലിയ പ്രക്രിയ കഴിയണം. അവിടെയാണ് ചെന്നൈ ആസ്ഥാനമായ DATRI എന്ന സന്നദ്ധസംഘടനയുടെയും പേഷ്യന്റ്സ് റിലേഷന്‍സ് മേധാവി  ഗായത്രി ഷെനോയിയുടെയും പ്രസക്തി. മൂലകോശ മാറ്റിവയ്ക്കലിനുവേണ്ടി അനുയോജ്യരായ ദാതാക്കളെ കണ്ടെത്താന്‍ ഇന്ത്യയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ഗായത്രിയുടെ നേതൃത്വത്തിലുള്ള സംഘടന. മെഡിക്കല്‍ ക്യാംപുകള്‍ നടത്തി വിപുലമായ ഒരു റജിസ്ട്രി ഉണ്ടാക്കുകയും. 

ലിയ്നയ്ക്ക് സഹായം എത്തിക്കുന്നതിനൊപ്പം റജിസ്ട്രിയില്‍ പേര് ചേര്‍ത്തവര്‍ക്ക് ഭാവിയില്‍ ആവശ്യം വന്നാല്‍ സഹായിക്കാനാകും എന്ന മെച്ചവുമുണ്ട്. ചെറിയൊരു പരിശോധനയിലൂടെ വായില്‍ നിന്നെടുക്കുന്ന സ്രവം പരിശോധിച്ചാണ് മൂലകോശമാറ്റത്തിനുവേണ്ടിയുള്ള റജിസ്ട്രി തയാറാക്കുന്നത്. വിവിധ നഗരങ്ങളിലായി നാലു ലക്ഷത്തോളം പേര്‍ ഇപ്പോള്‍തന്നെ ഈ റജിസ്ട്രിയില്‍ അംഗങ്ങളായിക്കഴിഞ്ഞു. ഇന്ത്യയിലെ നഗരങ്ങളില്‍ കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ റജിസ്റ്റര്‍ ചെയ്തത്- 1238 പേര്‍. റജിസ്ട്രിയില്‍ അംഗങ്ങളാകുന്നതുകൊണ്ടും പരിശോധനയ്ക്ക് വിധേയരാകുന്നതും കൊണ്ടുമാത്രം ആരുടെയും മൂലകോശം എടുക്കുന്നില്ല. ഒരുലക്ഷത്തില്‍ ഒരാളില്‍നിന്നായിരിക്കും ചിലപ്പോള്‍ അനുയോജ്യരായ ദാതാവിനെ കണ്ടെത്തുന്നത്. കേരളത്തില്‍ ഒരിക്കല്‍ക്കൂടി ഗായത്രിയും സംഘവും എത്തുന്നുണ്ട്- ഈ മാസം 31ന്. വടകര സെന്റ് ആന്റണീസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍. 

ലിയ്നയെ സഹായിക്കാന്‍ സുഹൃത്തുക്കളുടെ കൂട്ടായ്മ സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത് അമേരിക്കയിൽ നിന്നാണ്.അതിപ്പോള്‍ കേരളത്തിലേക്കും വ്യാപിച്ചിരിക്കുന്നു. സങ്കീര്‍ണതകളൊന്നുമില്ലാതെ ഒരു ജീവന്‍ രക്ഷിക്കാനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. ഇന്ന് ലിയ്നയുടെ ജീവിതമാണ് അപകടത്തിലെങ്കില്‍ നാളെ അത് നമ്മുടെതന്നെ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ പ്രിയപ്പെട്ടവരുടെയോ അകാം. സ്നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും അടിസ്ഥാനത്തില്‍ പരസ്പര വിശ്വാസത്തില്‍ അടിയുറച്ചുള്ള ഒരു കൂട്ടായമയുടെ പ്രസക്തി അടിയന്തര ഘട്ടത്തില്‍ മാത്രമാണ് പലരും തിരിച്ചറിയുന്നത്. ഇതൊരവസരമാണ്. മനുഷ്യത്വത്തിലുള്ള വിശ്വാസം ഉറച്ചുപ്രഖ്യാപിക്കാനുള്ള അവസരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com