sections
MORE

ഇഷ്ടമുള്ളയാൾക്കൊപ്പം പോകാം, അയാൾ വിവാഹിതനായാൽ കൂടി; യുവതിക്ക് അനുകൂല വിധിയുമായി കോടതി

Rajasthan HC allows woman to go with lover
പ്രതീകാത്മക ചിത്രം
SHARE

വിവാഹമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാനുള്ള പ്രായപൂര്‍ത്തിയായ സ്ത്രീയുടെ അവകാശത്തെ മാനിക്കുന്ന ഒരു വിധി കൂടി പുറത്തുവന്നിരിക്കുന്നു; രാജസ്ഥാന്‍ ഹൈക്കോടതിയില്‍നിന്ന്. പ്രത്യാഘാതത്തെക്കുറിച്ചുള്ള ചിന്തകള്‍ക്കപ്പുറം ഒരു സ്ത്രീക്ക് അവരുടെ ജീവിതത്തിലുള്ള സ്വയംനിര്‍ണയാവകാശത്തിനാണ് മുന്‍തൂക്കം കൊടുക്കേണ്ടതെന്നും കോടതി അഭിപ്രായപ്പട്ടു. ഒട്ടേറെത്തലത്തില്‍ പ്രസത്കിയുള്ള ഒരു കേസില്‍ വിധി പറഞ്ഞുകൊണ്ടും വിവാഹിതനായ ഒരു പുരുഷനൊപ്പം ജീവിക്കാനുള്ള യുവതിയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടുമുള്ള വിധിയിലാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍. 

താന്‍ സ്നേഹിക്കുന്ന യുവതിയെ മാതാപിതാക്കള്‍ തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് ആരോപിച്ചുകൊണ്ട് ഒരു യുവാവ് ഫയല്‍ചെയ്ത ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ തിങ്കളാഴ്ചയാണ് കോടതി വിധി പറഞ്ഞത്. ജസ്റ്റിസ് സന്ദീപ് മേഹ്ത, ജസ്റ്റിസ് വിനീത് കുമാര്‍ മാത്തൂര്‍ എന്നിവരാണ് വിധി പറഞ്ഞത്. മൊയ്നുദ്ദീന്‍ അബ്ബാസി എന്നയാളായിരുന്നു പരാതിക്കാരന്‍. 2018 ജൂലൈ 23 ന് രൂപല്‍ സോണി എന്ന യുവതിയെ താന്‍ വിവാഹം കഴിച്ചുവെന്നായാരുന്നു അബ്ബാസിയുടെ അവകാശവാദം. അബു റോഡിലുള്ള വിവാഹ റജിസ്ട്രേഷന്‍ ഓഫിസില്‍ വിവാഹം റജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. പക്ഷേ, തങ്ങളെ ഒരുമിച്ചു ജീവിക്കാനനുവദിക്കാതെ രൂപലിന്റെ മാതാപിതാക്കള്‍ യുവതിയെ വീട്ടുതടങ്കിലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് അബ്ബാസി ആരോപിച്ചു. 

കഴിഞ്ഞ 13 ന് യുവതിയെ കോടതിയില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. യുവതി ഹാജരായതോടെ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പരാതിക്കാരനായ അബ്ബാസി നേരത്തെതന്നെ വിവാഹിതനാണ്. രണ്ടു കുട്ടികളുടെ പിതാവുമാണ്. ആദ്യവിവാഹത്തിനുശേഷമാണ് വ്യത്യസ്തമതത്തില്‍പെട്ട രൂപല്‍ എന്ന യുവതിയുമായി അബ്ബാസി വിവാഹം റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേസിന്റെ സങ്കീര്‍ണസ്വഭാവം ഉള്‍ക്കൊണ്ട കോടതി യുവതിയെ ഉദയ്പൂരിലുള്ള സര്‍ക്കാര്‍ അഭയകേന്ദ്രത്തിലാക്കാന്‍ നിര്‍ദേശിച്ചു. വ്യക്തമായ ഒരു തീരുമാനത്തിലെത്താനും സ്വാധീനമില്ലാതെ സ്വതന്ത്രമായി തീരുമാനമെടുക്കാനും യുവതിയെ സഹായിക്കാന്‍വേണ്ടിയാണ് അഭയകേന്ദ്രത്തിലേക്ക് അയച്ചത്. മതപരമായ വിഷയം കൂടിയുള്ളിനാല്‍ വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും ഉറപ്പായിരുന്നു. ഒടുവില്‍ ഇന്നലെ യുവതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കി. 

അബ്ബാസിയുമായുള്ള വിവാഹത്തില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്നായിരുന്നു യുവതിയുടെ മറുപടി. വിവാഹബന്ധം തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും തീരുമാനത്തിന്റെ പ്രത്യാഘാതം എന്തുതന്നെയായാലും അനുഭവിക്കാന്‍ തയാറാണെന്നും യുവതി ബോധിപ്പിച്ചു. പ്രായപൂര്‍ത്തിയായ വ്യക്തിയാണ് യുവതിയെന്ന് കോടതി നിരീക്ഷിച്ചു. പക്വതയുള്ള തീരുമാനമെടുക്കാന്‍ പ്രാപ്തയുമാണ്.

അതുകൊണ്ടുതന്നെ സ്വന്തം തീരുമാനമനുസരിച്ച് ജീവിക്കാന്‍ രൂപല്‍ സോണിക്കുള്ള സ്വാതന്ത്ര്യം കോടതി അനുവദിച്ചു. ഇഷ്ടമുള്ള സ്ഥലത്ത്, ഇഷ്ടമുള്ളയാളിനൊപ്പം യുവതിക്ക് ജീവിക്കാം. കോടതിയില്‍നിന്ന് ഉദയ്പൂരിലെ അഭയകേന്ദ്രം വരെ എത്താന്‍ യുവതിക്ക് സുരക്ഷ നല്‍കണം. അവിടെനിന്ന് വസ്ത്രങ്ങളും മറ്റും എടുത്തതിനുശേഷം യുവതിക്ക് ആഗ്രഹിച്ച ജീവിതം തുടരാം- കോടതി ഉത്തരവിട്ടു. യുവതിയുടെ മാതാപിതാക്കളും സഹോദരനും വിധി കേള്‍ക്കാന്‍ കോടതിയില്‍ സന്നിഹിതരായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA