sections
MORE

ജയലളിതയുടെ അവസാന ദിനങ്ങളിങ്ങനെ; വെളിപ്പെടുത്തൽ

Jayalalithaa
ജയലളിത
SHARE

'നിങ്ങള്‍ ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കാം. ഈ നാട്ടിലെ ജനങ്ങളുടെ കാണപ്പെട്ട ദൈവവുമായിരിക്കാം. പക്ഷേ ഇവിടെ ഞാനാണ് നാഥന്‍. ഞാന്‍ പറയുന്നത് നിങ്ങള്‍ ചിട്ട തെറ്റിക്കാതെ അനുസരിക്കണം'. കടുത്ത അസുഖങ്ങളുണ്ടായിരുന്നപ്പോഴും കൃത്യമായി മരുന്നുകള്‍ കഴിക്കാത്ത, ചിട്ട തെറ്റിച്ചു ജീവിച്ച ജയലളിതയെ കടുത്ത സ്വരത്തില്‍തന്നെ ശാസിക്കേണ്ടിവന്നു ഡോ. റിച്ചാര്‍ഡ് ബീലിന്. ലണ്ടനില്‍നിന്ന് ജയലളിതയുടെ ചികില്‍സയ്ക്ക് മേല്‍നോട്ടം വഹിക്കാനെത്തിയ ഡോക്ടറായിരുന്നു അദ്ദേഹം.

അല്ല, ഇവിടെയും നിങ്ങളല്ല ഞാന്‍ തന്നെയാണ് ബോസ്സ്

ശ്വാസതടസ്സം രൂക്ഷമായിരുന്നെങ്കിലും പതറാത്ത വാക്കുകളില്‍ ജയലളിത മറുപടി പറഞ്ഞു: 'അല്ല, ഇവിടെയും നിങ്ങളല്ല ഞാന്‍ തന്നെയാണ് ബോസ്സ്'. തമിഴ്നാടിന്റെ കാണപ്പെട്ട അമ്മയും മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയ്ക്ക് 74 ദിവസം ചെന്നൈ അപ്പോളോ ആശുപത്രിയെ അഭയം പ്രാപിക്കേണ്ടിവന്നകാലത്തു നടന്നതാണ് ഈ സംഭാഷണം.

വര്‍ഷങ്ങളായി ജയലളിതയുടെ സ്വന്തം ഡോക്ടറായിരുന്ന കെ.എസ്. ശിവകുമാര്‍ വെളിപ്പെടുത്തിയത്. ഇതിനൊപ്പം ഇപ്പോഴും ദുരൂഹമായി അവശേഷിക്കുന്ന ജയലളിതയുടെ മരണത്തെക്കുറിച്ചും ആശുപത്രിവാസത്തെക്കുറിച്ചും അവരെ വേട്ടയാടിയ അസുഖങ്ങളെക്കുറിച്ചുമുള്ള രഹസ്യവിവരങ്ങളും പുറത്തായിരിക്കുന്നു.

jayalalitha-06

ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിഷന്റെ കാലാവധി പല തവണ നീട്ടിക്കൊടുത്തുകൊണ്ടിരിക്കെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. അതും പതിറ്റാണ്ടുകള്‍ക്ക്ശേഷം ജയലളിതയുടെ സാന്നിധ്യമില്ലാതെ ഒരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ തമിഴ്നാടും രാജ്യവും ഒരുങ്ങുമ്പോള്‍.

രോഗങ്ങളുടെ ഒരു പരമ്പര തന്നെ ജയലളിതയെ വേട്ടയാടിയിരുന്നു. 15 വര്‍ഷമായി വെര്‍ട്ടിഗോയ്ക്ക് അവര്‍ മരുന്നു കഴിച്ചിരുന്നു. 20 വര്‍ഷത്തിലധികമായി കടുത്ത പ്രമേഹവുമുണ്ടായിരുന്നു. ഇതിനു പുറമെയായിരുന്നു അമിതവണ്ണത്തിന്റെ അസ്വസ്ഥതകള്‍. ഹൃദയസംബന്ധമായ പ്രശ്നങ്ങളും ശ്വാസതടസ്സവും കൂടാതെ തൈറോയ്ഡുമായി ബന്ധപ്പെട്ട രോഗങ്ങളും അവരെ ബുദ്ധിമുട്ടിച്ചിരുന്നു. ത്വക്‌രോഗത്തെത്തുടര്‍ന്ന് വര്‍ഷങ്ങളോളം സ്റ്റിറോയ്ഡ് ചേര്‍ന്ന മരുന്നും ജയലളിത കഴിച്ചിരുന്നു.

ഇപ്പോഴും ദുരൂഹമായി അവശേഷിക്കുന്ന ജയലളിതയുടെ മരണത്തെക്കുറിച്ചും ആശുപത്രിവാസത്തെക്കുറിച്ചും അവരെ വേട്ടയാടിയ അസുഖങ്ങളെക്കുറിച്ചുമുള്ള രഹസ്യവിവരങ്ങളും പുറത്തായിരിക്കുന്നു

അപ്പോളോ ആശുപത്രിവാസക്കാലത്ത് ജയലളിതയെ സന്ദര്‍ശിച്ചതിനുശേഷം വിദഗ്ധ ചികിൽസയ്ക്ക് വിദേശത്ത് പോയാലോ എന്ന നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു ഡോ. റിച്ചാര്‍ഡ് ബില്‍. ജയലളിതയുമായി സംസാരിച്ചിട്ട് അവരുടെ മുറിയില്‍നിന്ന് പുറത്തുവന്നപ്പോഴാണ് ഡോക്ടര്‍ ഇക്കാര്യം തങ്ങളോടും പറഞ്ഞെതെന്നാണ് അപ്പോളോയിലെ ക്രിട്ടിക്കല്‍ കെയര്‍ കണ്‍സള്‍ട്ടന്റായ ഡോ. ബാബു കുരുവിള ഏബ്രഹാം പറയുന്നത്.

jayalalitha-02

'അപാരമായ മനക്കരുത്താണ് ജയലളിതയ്ക്ക്. ഞാന്‍ എന്തുതന്നെ പറഞ്ഞാലും അവര്‍ തീരുമാനിക്കുന്നതുപോലെയേ കാര്യങ്ങള്‍ നടക്കൂ. വിദേശത്തേക്ക് പോകേണ്ട എന്നവത് അവരുടെ തീരുമാനമാണ്'- ഡോ റിച്ചാര്‍ഡ് ബീല്‍ പറഞ്ഞ വാക്കുകള്‍ ഡോ.ബാബു കുരുവിളയുടെ ഓര്‍മയില്‍ ഇപ്പോഴുമുണ്ട്. വിദേശത്ത് ചികില്‍സയ്ക്കു പോയെങ്കിലും രോഗം ഭേഗമാകാതെ അന്ത്യശ്വാസം വലിക്കേണ്ടിവന്ന എംജിആറിന്റെ ഓര്‍മയും ഒരുപക്ഷേ അവരുടെ വിദേശയാത്രയില്‍നിന്ന് പിന്തിരിപ്പിച്ചിരിക്കാം.

കാര്‍ഡിയാക് അറസ്റ്റിനെത്തുടര്‍ന്ന് ജയലളിത മരിക്കുന്നത് 2016 ഡിസംബര്‍ 5 ന്. 68-ാം വയസ്സില്‍. മുഖ്യമന്ത്രിയെ വേട്ടയാടിയ രോഗങ്ങളെക്കുറിച്ചും ചികില്‍സയെക്കുറിച്ചും വിശദമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരാത്തതിനാല്‍ അവര്‍ക്ക് മതിയായ ചികില്‍സ നല്‍കിയില്ലെന്ന ആരോപണങ്ങളുണ്ടായി. ഡോക്ടര്‍മാരുടെ ഇടപെടലുകള്‍ രോഗാവസ്ഥ കൂട്ടിയെന്ന ആരോപണങ്ങളുമുണ്ടായി. ഇതേത്തുടര്‍ന്ന് ഡോ.ബീലിന്റെയും ഡോ ബാബു കുരുവിളയുടെയും നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തി ജയലളിതയ്ക്ക് നല്‍കിയത് ഏറ്റവും മികച്ച ചികില്‍സ തന്നെയാണെന്നും കഴിയാവുന്നതെല്ലാം തങ്ങള്‍ ചെയ്തെന്നു ബോധ്യപ്പെടുത്തുകയും ചെയ്തു.

ഇതിനുശേഷം സംസ്ഥാന സര്‍ക്കാര്‍ ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിഷനെ നിയോഗിക്കുകയും ചെയ്തു. സത്യം ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും ഡോക്ടര്‍മാരുടെ മൊഴികളും വിവിധ ചികില്‍സാരേഖകളും അപ്പോളോയിലെ ചികില്‍സാ രേഖകളും വിശദമായി പരിശോധിച്ച് ജയലളിതയുടെ ആശുപത്രിവാസക്കാലത്തിന്റെ അറിയാത്ത കഥ പുറത്തുകൊണ്ടുവന്നിരിക്കുകയാണ് ഇംഗ്ലിഷ് മാഗസിന്‍ ദ് വീക്ക്.

jayalalitha-03

ഐസ് ക്രീം ജയലളിതയ്ക്ക് ഏറെയിഷ്ടമായിരുന്നു. കൂടാതെ മുന്തിരിങ്ങ, ഏത്തപ്പഴം, കേക്ക്, മിഠായികള്‍ എന്നിവയും. എപ്പോഴും ഉന്മേഷത്തോടെയിരിക്കാന്‍ റിവൈവ് എന്ന എനര്‍ജി ഡ്രിങ്കും അവര്‍ കുടിച്ചിരുന്നു. ഇത് പലപ്പോഴും പ്രമേഹം വര്‍ധിപ്പിച്ചു. രാത്രിയില്‍ കിടക്കുന്നതിനുമുമ്പുപോലും അവര്‍ മിക്കപ്പോഴും ഐസ് ക്രീം കഴിച്ചിരുന്നതായും ഡോ.കെ.എസ്.ശിവകുമാര്‍ ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന റിട്ട. ജഡ്ജി എ.അറുമുഖസ്വാമി കമ്മിഷനു മുന്‍പില്‍ മൊഴി കൊടുത്തു. 

രോഗങ്ങളുടെ ഒരു പരമ്പര തന്നെ ജയലളിതയെ വേട്ടയാടിയിരുന്നു. 15 വര്‍ഷമായി വെര്‍ട്ടിഗോയ്ക്ക് അവര്‍ മരുന്നു കഴിച്ചിരുന്നു. 20 വര്‍ഷത്തിലധികമായി കടുത്ത പ്രമേഹവുമുണ്ടായിരുന്നു. ഇതിനു പുറമെയായിരുന്നു അമിതവണ്ണത്തിന്റെ അസ്വസ്ഥതകള്‍.

1998 മുതല്‍ ജയലളിതയുടെ മെഡിക്കല്‍ കണ്‍സള്‍ട്ടന്റായിരുന്നു ഡോ.കെ.എസ്.ശിവകുമാര്‍. ജയയുടെ തോഴി ശശികലയുടെ ബന്ധുവാണ് ഡോക്ടറുടെ ഭാര്യ. ജയയുടെ പോയസ് ഗാര്‍ഡനില്‍നിന്ന് വെറും 20 കിലോമിറ്റര്‍ ദൂരമേയുള്ളൂ ഡോക്ടറുടെ വീട്ടിലേക്ക്. എപ്പോള്‍ ആവശ്യം വന്നാലും ജയ ഡോക്ടറെ വിളിക്കും. ഉടന്‍തന്നെ അദ്ദേഹം എത്തും. ഇതായിരുന്നു പതിറ്റാണ്ടുകളായുള്ള പതിവ്. എല്ലാ ദിവസവും രാവിലെയും രാത്രിയിലും ജയലളിത ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് ഷുഗര്‍ ലെവല്‍ എടുക്കും. ഡയറിയില്‍ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യും.

പ്രമേഹത്തിന്റെ ലെവലില്‍ ഏറ്റക്കുറിച്ചില്‍ ഉണ്ടായിരുന്നെങ്കിലും അവരുടെ ആരോഗ്യം 2001 മുതല്‍ സ്റ്റെഡിയായിരുന്നെന്നു  ശിവകുമാര്‍ പറയുന്നു. ഇതിനു മാറ്റമുണ്ടാകുന്നത് 2014ല്‍- അനധികൃത സ്വത്തു സമ്പാദനക്കേസില്‍ കര്‍ണാടകയിലെ സ്പെഷല്‍ കോടതി ജയ കുറ്റക്കാരിയാണെന്നു വിധിക്കുന്നതുവരെ. അക്കാലത്ത് അവരുടെ തൈറോയ്ഡ് ലെവലില്‍ മാറ്റങ്ങളുണ്ടായി. തുടര്‍ന്ന് മറ്റ് അസ്വസ്ഥതകളും. നടപ്പിന്റെ വേഗത കുറഞ്ഞു. വെര്‍ട്ടിഗോയെത്തുടര്‍ന്ന് ക്ഷീണവും തലകറക്കവും കൂടി. ഇതേത്തുടര്‍ന്ന് ഇഎന്‍ടി, നെര്‍വ് സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ അഭിപ്രായങ്ങളും ജയ തേടിക്കൊണ്ടിരുന്നു.

jayalalitha-01

2016 മേയില്‍ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജയയുടെ അസുഖങ്ങളും വര്‍ധിച്ചു. ത്വക്‌രോഗവും കഠിനം. തൊലിപ്പുറമെ ചുവപ്പ് കാണപ്പെട്ടതിനുപുറമെ ചൊറിച്ചിലും ഉണ്ടായിരുന്നു. ത്വക്‌രോഗം വെളിപ്പെടാതിരിക്കാന്‍വേണ്ടിയാണ് അവര്‍ ശരീരം മൂഴുവന്‍ മൂടുന്ന രീതിയില്‍ സാരി ധരിക്കുന്നതും പതിവാക്കിയത്. ഈ അസുഖം കുറയാനാണ് സ്റ്റിറോയ്ഡ് ചേര്‍ന്ന മരുന്ന് 15 ദിവസം കഴിച്ചതും. മഷി ജയലളിതയ്ക്ക് അലര്‍ജിയായിരുന്നു. ഇതേത്തുടര്‍ന്ന് പേന ഉപയോഗിക്കുന്നത് അപൂര്‍വമായി. പത്രം വായനയും കുറഞ്ഞു.

2016 സെപ്റ്റംബര്‍ 21 നും ജയ ഒരു ചടങ്ങില്‍ പങ്കെടുത്തിരുന്നു. അശുപത്രി വാസം തുടങ്ങുന്നതിനു തലേന്ന്. ചെന്നൈ മെട്രോ റെയിലിന്റെ ഒരു പുതിയ ഇടനാഴിയുടെ ഉദ്ഘാടനം. ആ ചടങ്ങില്‍ ഉടനീളം അവര്‍ ക്ഷീണിതയായി കാണപ്പെട്ടു. പിറ്റേന്ന് രാവിലെ ശശികല ഡോക്ടര്‍ ശിവകുമാറിനെ വിളിച്ചു. അമ്മയ്ക്ക് ടെംപറേച്ചര്‍ കൂടിയെന്നു പറഞ്ഞു. 11 മണിക്ക് പോയസ് ഗാര്‍ഡനില്‍ ഡോക്ടര്‍ എത്തിയപ്പോഴേക്കും ടെംപറേച്ചര്‍ കുറയുകയും നോര്‍മലാകുകയും ചെയ്തു.

jayalalitha-sasikala-04
ശശികല, ജയലളിത

ജയയുടെ ടെംപറേച്ചര്‍ വീണ്ടും കൂടി. ശ്വാസതടസ്സവും ചുമയും വര്‍ധിച്ചു. ശുചിമുറിയില്‍ പോകണമെന്നു ജയ പറഞ്ഞു. ശശികല മുറിക്കു പുറത്തു കാവല്‍നിന്നു. മുറിയില്‍ തിരിച്ചെത്തിയ ജയ കഠിനമായി ചുമയ്ക്കാന്‍ തുടങ്ങി. പെട്ടെന്നുതന്നെ കിടക്കയിലേക്കു വീഴുകയും ചെയ്തു. ജയയെ താങ്ങിപ്പിടിച്ചുകൊണ്ട് ശശികല ഉറക്കെ നിലവിളിച്ചു. ഡോക്ടര്‍ ശിവകുമാര്‍ അപ്പോളോ ആശുപത്രി വൈസ് ചെയര്‍പഴ്സന്‍ പ്രീത റെഡ്ഡിയുടെ ഭര്‍ത്താവ് വിജയകുമാറിനെ വിളിച്ചു. സഹായികളായ രണ്ടു പെണ്‍കുട്ടികളും അപ്പോള്‍ മുറിയില്‍ ഉണ്ടായിരുന്നു. അവര്‍ ആകാംക്ഷയോടെ കാത്തിരുന്നു-അപ്പോളോയില്‍നിന്നുള്ള ആംബുലന്‍സിനുവേണ്ടി.

ജയലളിതയെ അപ്പോളോയിലേക്കു കൊണ്ടുവരുന്ന അറിയിപ്പ് ലഭിക്കുന്നത് രാത്രി 10 ന്. 10.20 ആയപ്പോഴേക്കും ജയലളിതയെ വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് ആശുപത്രിയുടെ താഴത്തെ നിലയില്‍ എത്തി- ക്രിട്ടിക്കല്‍ കെയര്‍ കണ്‍സള്‍ട്ടന്റ് ഡോ. റെയ്മണ്ട് ഡൊമിനിക് സാവിയോ പറയുന്നു. അരമണിക്കൂര്‍ പ്രഥമശുശ്രൂഷ കൊടുത്തു. അപ്പോഴേക്കും ജയയ്ക്കു ബോധം തിരിച്ചുകിട്ടി. പക്ഷേ ഓക്സിജന്‍ മാസ്ക് വച്ചിരുന്നതിനാല്‍ സംസാരിക്കുന്നുണ്ടായിരുന്നില്ല. പനിയും നിര്‍ജലീകരണവും ഉണ്ടായിരുന്നു. പെട്ടെന്നുതന്നെ രണ്ടാമത്തെ നിലയിലുള്ള മള്‍ട്ടിഡിസിപ്ലിനറി ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലേക്കു മാറ്റുകയും ചെയ്തു.

അപാരമായ മനക്കരുത്താണ് ജയലളിതയ്ക്ക്. ഞാന്‍ എന്തുതന്നെ പറഞ്ഞാലും അവര്‍ തീരുമാനിക്കുന്നതുപോലെയേ കാര്യങ്ങള്‍ നടക്കൂ. വിദേശത്തേക്ക് പോകേണ്ട എന്നവത് അവരുടെ തീരുമാനമാണ്- ഡോ റിച്ചാര്‍ഡ് ബീല്‍

ഹൃദയമിടിപ്പില്‍ വ്യത്യാസം ഉണ്ടായിരുന്നു. യൂറിനറി ഇന്‍ഫെക്‌ഷനുമുണ്ടായിരുന്നു. ശ്വാസകോശത്തിലെ നീര്‍ക്കെട്ട് മാറ്റാന്‍ രണ്ട് ഇന്‍ജംക്‌ഷന്‍ കൊടുത്തു. പേസ്മേക്കര്‍ തയാറാക്കിവച്ചു. ജയ ധരിച്ചിരുന്ന മുതിര്‍ന്നവരുടെ ഡയപറാണ് ഇന്‍ഫെക്‌ഷനു കാരണമായത്. എത്ര നാളായി അവര്‍ ‍ഡയപറുകള്‍ ധരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ക്ക് അറിയില്ലായിരുന്നു. പ്രമേഹവും ആസ്മയുമുള്‍പ്പെടെ വിവിധ അസുഖങ്ങള്‍ കണ്ടുപിടിച്ചു. ഒരാഴ്ചയായി ഉണ്ടായിരുന്ന വിട്ടുവിട്ടുവരുന്ന പനിയും.  18 വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ചികില്‍സയുടെ മേല്‍നോട്ടം ഏറ്റെടുത്തത്. വിവിധ മേഖലകളിലെ വിദഗ്ധരായിരുന്നു എല്ലാവരും. കൂടാതെ വിദേശത്തെ ഡോക്ടര്‍മാരുമായി അസുഖവിവരങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. 

സെപ്റ്റംബര്‍ 23. ജയയ്ക്കു ബോധം തിരിച്ചുകിട്ടി. ഡോക്ടര്‍മാരോടും ശശികല ഉള്‍പ്പെടെയുള്ളവരോടും അമ്മ സംസാരിച്ചു. പക്ഷേ, സന്തോഷത്തിന് അല്‍പായുസ്സായിരുന്നു. വിവിധ പരിശോധനാഫലങ്ങള്‍ എത്തിയതോടെ കൂടുതല്‍ പ്രശ്നങ്ങള്‍ ഡോക്ടര്‍മാര്‍ കണ്ടുപിടിച്ചതായി ക്രിട്ടിക്കല്‍ കെയര്‍ കണ്‍സള്‍ട്ടന്റ് ഡോ.രമേശ് വെങ്കിട്ടരാമന്‍ അന്വേഷണ കമ്മിഷനു മൊഴികൊടുത്തു. 

ഐസ് ക്രീം ജയലളിതയ്ക്ക് ഏറെയിഷ്ടമായിരുന്നു. കൂടാതെ മുന്തിരിങ്ങ, ഏത്തപ്പഴം, കേക്ക്, മിഠായികള്‍ എന്നിവയും. എപ്പോഴും ഉന്മേഷത്തോടെയിരിക്കാന്‍ റിവൈവ് എന്ന എനര്‍ജി ഡ്രിങ്കും അവര്‍ കുടിച്ചിരുന്നു.

രക്തസമ്മര്‍ദത്തില്‍ കുറവ് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജയ ദിവസവും കഴിച്ചുകൊണ്ടിരുന്ന അഞ്ച് ഗുളികകള്‍ കുറയ്ക്കുകയും പിന്നീട് ഓരോന്നായി വീണ്ടും തുടങ്ങിയെന്നും ഹൃദ്രോഗവിദഗ്ധന്‍ ഡോ. വൈ.വി.സി.റെഡ്ഡി പറഞ്ഞു. ഹൃദയ വാല്‍വ് സംബന്ധമായ പ്രശ്നങ്ങളും രൂക്ഷമായിക്കൊണ്ടിരുന്നു. സാധാരണ ഗതിയിലുള്ള ഒരു രോഗിക്ക് വേണ്ടിയിരുന്നത് ശസ്ത്രക്രിയ ആയിരുന്നു. പക്ഷേ ജയയ്ക്ക് ശസ്ത്രക്രിയ അസാധ്യമായിരുന്നു. അമിതവണ്ണം തന്നെ പ്രധാനകാരണം. അഞ്ചടി ഉയരവും 106 കിലോ ഭാരവും. രക്തത്തിലെ പഞ്ചസാരയുടെ അളവാകട്ടെ 400 നു മുകളിലൂം. 

ഒക്ടോബര്‍ 5. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കന്‍ സയന്‍സസില്‍നിന്നുള്ള മൂന്നു ഡോക്ടര്‍മാര്‍ ചൈന്നൈയില്‍ എത്തി. ഹൃദ്രോഗവിദഗ്ധന്‍ ഡോ.നിതീഷ് നായികും സംഘത്തിലുണ്ടായിരുന്നു. ശരിയായ തീരുമാനത്തിലെത്താന്‍ അവര്‍ അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് ആശുപത്രിയിലെ ഡോ.സ്റ്റുവര്‍ട്ട് റസ്സലുമായും സംസാരിച്ചു. നിഗമനങ്ങള്‍ അവര്‍ സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയെയും അറിയിച്ചു. 

ജയലളിതയെ അപ്പോളോയിലേക്കു കൊണ്ടുവരുന്ന അറിയിപ്പ് ലഭിക്കുന്നത് രാത്രി 10 ന്. 10.20 ആയപ്പോഴേക്കും ജയലളിതയെ വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് ആശുപത്രിയുടെ താഴത്തെ നിലയില്‍ എത്തി- ക്രിട്ടിക്കല്‍ കെയര്‍ കണ്‍സള്‍ട്ടന്റ് ഡോ. റെയ്മണ്ട് ഡൊമിനിക് സാവിയോ

മേജര്‍ ശസ്ത്രക്രിയ ഒഴിവാക്കിയെങ്കിലും ഒരു ചെറിയ ശസ്ത്രക്രിയ വേണ്ടിയിരുന്നു. കഴുത്തിലൂടെ ഒരു ട്യൂബ് ഇട്ട് ശ്വാസോച്ഛ്വാസം ക്രമപ്പെടുത്താന്‍വേണ്ടിയായിരുന്നു. അത് വിജയകരമായിരുന്നു. അതോടെ എയിംസില്‍നിന്നുള്ള ഡോക്ടര്‍മാര്‍ മടങ്ങി. കുറേസമയം കൊണ്ടു മാത്രമേ ജയയ്ക്ക് ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയൂ എന്നായിരുന്നു അവരുടെ നിഗമനം. യഥാര്‍ഥത്തില്‍ കുറേ സമയം എന്നത് ഒന്നരവര്‍ഷത്തോളം എടുക്കുമെന്ന് അപ്പോളോയിലെ ഡോക്ടര്‍മാരും നിഗമനത്തിലെത്തി. ഈ സമയത്ത് ജയ ഡോക്ടര്‍മാരോട് രോഗത്തിന്റെ യഥാര്‍ഥ അവസ്ഥകളെക്കുറിച്ച് അന്വേഷിച്ചു. രക്തത്തിലെ അണുബാധയുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ അവര്‍ അമ്മയെ അറിയിച്ചെങ്കിലും ഒരു കാര്യം മാത്രം മറച്ചുവച്ചു- പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത വെറും 40 ശതമാനം മാത്രം എന്ന ഞെട്ടിക്കുന്ന സത്യം. 

നവംബര്‍ 22. ജയയ്ക്ക് പൂര്‍ണ ബോധം തിരിച്ചുകിട്ടി. അവര്‍ സന്തോഷവതിയായിരുന്നു. സന്തോഷത്തിന് ഒരു കാരണം കൂടിയുണ്ടായിരുന്നു. മൂന്നു നിയമസഭാ സീറ്റുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ വിജയിച്ചു. സന്തോഷ നിമിഷം ഗുരുതരമായ പ്രമേഹംപോലും മറന്ന് അമ്മ അഘോഷിച്ചു- പ്രിയപ്പെട്ട മധുരം കഴിച്ചുകൊണ്ട്. രോഗം ഗുരുതരമായതിനുശേഷം രണ്ടുതവണ മാത്രമാണ് മധുരം കഴിക്കാന്‍ ജയയെ അനുവദിച്ചതെന്ന് അപ്പോളോയിലെ ഡയറ്റീഷ്യന്‍ ഡോ. ഭുവനേശ്വരി ശങ്കര്‍ പറയുന്നു.

മധുരം കഴിച്ചെങ്കിലും വളരെകുറഞ്ഞ അളവില്‍ മാത്രമായിരുന്നു കഴിച്ചത്. അതുകൊണ്ടുതന്നെ അതൊരിക്കലും രോഗം കൂട്ടുന്നതുമായിരുന്നില്ല. ആശുപത്രിയിലെത്തി ആദ്യത്തെ രണ്ടു ദിവസം ജയ കഴിച്ചത് ആശുപത്രിയിലെ ആഹാരം. പിന്നാട് സ്വന്തം പാചകക്കാരി തയാറാക്കുന്ന ആഹാരം അവര്‍ ആവശ്യപ്പെട്ടു. പാചകക്കാരിയെ ആശുപത്രിയിലേക്കു വരുത്തി. അവര്‍ തയാറാക്കിയ ആഹാരമാണ് പിന്നീട് അമ്മ കഴിച്ചത്. 

അന്വേഷണ കമ്മിഷനു മൊഴി കൊടുത്ത ഡോക്ടര്‍മാരില്‍ ഭൂരിപക്ഷവും ഒരുകാര്യത്തില്‍ ഏകാഭിപ്രായക്കാരായിരുന്നു. അമ്മ പലപ്പോഴും ഡോക്ടര്‍മാരുടെ നിര്‍ദേശം ലംഘിച്ച് ആഹാരം കഴിച്ചിട്ടുണ്ട്. 

സാധാരണ ഗതിയിലുള്ള ഒരു രോഗിക്ക് വേണ്ടിയിരുന്നത് ശസ്ത്രക്രിയ ആയിരുന്നു. പക്ഷേ ജയയ്ക്ക് ശസ്ത്രക്രിയ അസാധ്യമായിരുന്നു. അമിതവണ്ണം തന്നെ പ്രധാനകാരണം. അഞ്ചടി ഉയരവും 106 കിലോ ഭാരവും. രക്തത്തിലെ പഞ്ചസാരയുടെ അളവാകട്ടെ 400 നു മുകളിലും

ബോധമുള്ള സമയത്തൊക്കെ അമ്മ സ്വന്തം നിലയില്‍ പ്രവര്‍ത്തനനിരതയായിരുന്നു എന്നു പറയുന്നു ഡോ.കെ.എസ്. നരസിംഹന്‍. മാവോ സെ തുങ്ങിന്റെ സ്വകാര്യജീവിതത്തെക്കുറിച്ചുള്ള പുസ്തകവും അവര്‍ വായിച്ചു. ആ പുസ്തകം അവര്‍ നരസിംഹന് ശുപാര്‍ശ ചെയ്യുകയും ചെയ്തു. നേതൃത്വപരമായ ഗുണങ്ങള്‍ ആര്‍ജിക്കാന്‍ സഹായിക്കുന്ന പുസ്തകമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. മാവോയുടെ പേഴ്സണന്‍ ഫിസിഷ്യന്‍ എഴുതിയ പുസ്തകമായിരുന്നു അത്. ചൈനയുടെ വിപ്ലവനേതാവിന്റെ സ്വകാര്യജീവിതത്തിലെ അണിയറ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നത്. ചൈനയില്‍ നിരോധിക്കപ്പെട്ടത്. ഡോക്ടര്‍ക്ക് വായിക്കാന്‍ പുസ്തകം അയച്ചുതരാമെന്നു ജയ വാഗ്ദാനം ചെയ്തു. പക്ഷേ, പിന്നീട് അവരുടെ അവസ്ഥ മോശമായി. വീണ്ടും ബോധം തിരിച്ചുകിട്ടിയപ്പോള്‍ പുസ്തകം കിട്ടിയോ എന്ന് അവര്‍ അന്വേഷിച്ചു. ഇല്ലെന്നു പറഞ്ഞപ്പോള്‍ അപ്പോള്‍ തന്നെ അസിസ്റ്റന്റുമാരെ വിളിച്ച് പുസ്തകം അയയ്ക്കാന്‍ ഏര്‍പ്പാടു ചെയ്യുകയും ചെയ്തു. 

നവംബര്‍ 22. ജയയ്ക്ക് പൂര്‍ണ ബോധം തിരിച്ചുകിട്ടി. അവര്‍ സന്തോഷവതിയായിരുന്നു. സന്തോഷത്തിന് ഒരു കാരണം കൂടിയുണ്ടായിരുന്നു.

നവംബര്‍ 13. ജയയുടെ അരോഗ്യസ്ഥിതി മെച്ചപ്പെട്ടു. അമ്മ സ്വന്തം ഒപ്പുവച്ച ഒരു പ്രസ്താവന പുറത്തിറക്കി. ഞാനൊരു പുനര്‍ജന്‍മത്തിന്റെ പാതയിലാണ്. എത്രയും വേഗം ഞാന്‍ ഓഫിസിലേക്ക് തിരിച്ചെത്തും എന്നായിരുന്നു പ്രസ്താവനയുടെ ഉള്ളടക്കം. ആറുദിവസത്തിനുശേഷം മുറിയിലേക്ക് ജയലളിതയെ മാറ്റി. ഈ മുറിയില്‍ ജയ കിടക്കുന്ന ചിത്രങ്ങളാണ് പിന്നീട് പുറത്തുവന്നതും വൈറലായതും. വാസ്തു അനുസരിച്ച് ജയയുടെ മുറിയൂടെ പിന്നിലുണ്ടായിരുന്ന കതകുകള്‍ അടച്ചു. അവര്‍ക്കുമുന്നില്‍ ഒരു ടെലിവിഷന്‍ സ്ഥാപിച്ചു. കിടക്കയ്ക്കു പിന്നില്‍ ദൈവങ്ങളുടെ മൂന്നുചിത്രങ്ങളും സ്ഥാപിച്ചു. ജയലളിത ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും പുനര്‍ജന്‍മം ആയിരുന്നെങ്കിലും അതായിരുന്നില്ല സംഭവിച്ചത്. രണ്ടുമാസത്തോളം മരുന്നുകളുടെ മയക്കിലായിരുന്നു അമ്മ. 

നവംബറില്‍ ജയയുടെ ബന്ധുക്കള്‍ അമേരിക്കയില്‍നിന്നുള്ള ഒരു വിദഗ്ധ ഡോക്ടറുടെ സഹായവും തേടി. ശസ്ത്രക്രിയ വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. പക്ഷേ, ജയയെ ചികില്‍സിയ്ക്കുന്ന ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ വേണ്ടെന്ന നിലപാടില്‍ ഉറച്ചുനിന്നു. ആദ്യം ജയയുടെ ആരോഗ്യസ്ഥിതി സാധാരണ ഗതിയിലാകട്ടെ എന്നായിരുന്നു അവരുടെ അഭിപ്രായം. അതിനുവേണ്ടി  അവര്‍ കാത്തിരുന്നു. 

jayalalitha-07

ഡിസംബറിന്റെ ആദ്യദിവസങ്ങളില്‍ ജയയുടെ പ്രമേഹനില മാറിക്കൊണ്ടിരുന്നു. മൂന്നാം തീയതി ആയപ്പോഴേക്കും ജയയുടെ പൊട്ടാസിയം ലെവല്‍ ഉള്‍പ്പെടെ സാധാരണ ഗതിയിലായി. ദ്രവരൂപത്തിലുള്ള ഭക്ഷണം നിര്‍ത്തി ഖര രൂപത്തിലുള്ള ആഹാരവും തുടങ്ങി. പ്രതീക്ഷയ്ക്കു ജീവന്‍വച്ചുതുടങ്ങുകയായിരുന്നു. പക്ഷേ പെട്ടെന്നുതന്നെ പ്രതികാര സ്വാഭാവത്തോടെ ജയയുടെ അസുഖങ്ങള്‍ തിരിച്ചുവന്നു. മൂന്നാം തീയതി വൈകുന്നേരമായപ്പോഴേക്കും ജയ വീണ്ടും ചുമയ്ക്കാന്‍ തുടങ്ങി. വെന്റിലേറ്റര്‍ സഹായം തേടി. വീണ്ടും അണുബാധയുടെ സൂചനകള്‍. 

ഹൃദയമാറ്റ ശസ്ത്രക്രിയയില്‍ വിദഗ്ധനായ ഡോ.കെ. മധന്‍കുമാറിനെ വിളിച്ചുവരുത്തി. അഞ്ചുമണിയോടെ അദ്ദേഹം എത്തുമ്പോഴേക്കും ശശികല ജയയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാരോട് കേണപേക്ഷിക്കുന്ന കാഴ്ചയാണു കണ്ടത്. ജയയുടെ ഹൃദയം നിന്നിട്ട് അപ്പോള്‍ അരമണിക്കൂര്‍ കഴി‍ഞ്ഞിരുന്നു. വീണ്ടും ഹൃദയത്തിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഡോക്ടര്‍മാര്‍ തുടങ്ങി. എല്ലാം വിഫലമായി. ജയയുടെ വൃക്കകളും അതോടെ പ്രവര്‍ത്തനം മുടക്കി. രാത്രി 10.30 ആയപ്പോഴേക്കും ബ്ലീഡിങ്ങും തുടങ്ങി. 11.30 ആയപ്പോഴേക്കും അത്യാഹിത വിഭാഗത്തിലേക്കു ജയയെ മാറ്റി. 24 മണിക്കൂര്‍ കാത്തിരിക്കാന്‍ ഡോക്ടര്‍മാര്‍ തീരൂമാനിച്ചു. ഒരു ശതമാനം ചാന്‍സ് മാത്രമേയുള്ളുവെങ്കിലും എങ്ങനെയെങ്കിലും അമ്മയെ രക്ഷിക്കണമെന്ന് ശശികല കേണപേക്ഷിച്ചുകൊണ്ടിരുന്നു. 

രാത്രി 11.30. ചീഫ് സെക്രട്ടറിയെ വിവരം ധരിപ്പിച്ചു. മന്ത്രിമാരും ശശികലയുമുള്‍പ്പെടെയുള്ളവരുടെ യോഗം കൂടി. ആ മെഴുകുതിരി നാളം അണഞ്ഞു. തമിഴ്മക്കള്‍ക്ക് നഷ്ടപ്പെട്ടത് സ്വന്തം അമ്മയുടെ ജീവന്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA